Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയുടെ വീണ്ടെടുപ്പ്

Saudi Arabia Hajj

‘ഹജ്’ എന്ന വാക്കിലെ അക്ഷരമിശ്രണത്തിനു സൂഫി കാഴ്ചപ്പാടിൽ ഒരു വ്യാഖ്യാനമുണ്ട് – ഹലീം (ദയാലു) ആയ അല്ലാഹുവിന്റെ സമീപത്തേക്കു ജരീം (ധിക്കാരി) ആയ മനുഷ്യൻ നടത്തുന്ന യാത്ര. ദൈവികമാഹാത്മ്യത്തിനും പ്രപഞ്ചവിസ്‌മയങ്ങൾക്കും മുന്നിൽ മനുഷ്യൻ ഒരു മണൽത്തരിയോളം നിസ്സാരമെന്ന ബോധ്യപ്പെടുത്തലാണ് ഈ മരുഭൂമിയിലെ സംഗമം. വാചകക്കസർത്തിൽനിന്നു വാസ്‌തവത്തിലേക്കുള്ള ദൂരമാണത്. സമത്വം, ലാളിത്യം, ത്യാഗം എന്നിങ്ങനെ പറയാൻ എളുപ്പമുള്ള വാക്കുകൾ പ്രവൃത്തിപഥത്തിൽ യാഥാർഥ്യമാകുന്നതിന്റെ വെല്ലുവിളിയും അനുഭവവുമാണത്. 

വായിച്ചതോ കേട്ടതോ വിഡിയോ ദൃശ്യങ്ങളിൽ കണ്ടതോ ആയ ഹജ്‌ അല്ല ഓരോ വ്യക്‌തിയും നിർവഹിക്കുന്നത്. ഇരുപത്തഞ്ചു ലക്ഷത്തോളം പേർ ഒരുമിച്ചു നിർവഹിക്കുന്ന കർമം. പക്ഷേ, ഓരോരുത്തർക്കും അത് തികച്ചും വ്യക്‌തിപരമായ ആരാധന; അനുഭവം. ആൾക്കൂട്ടത്തിനിടയിലും ഓരോ മനുഷ്യനും ഏകാന്തനാകുന്നു. ചുറ്റുമുള്ള മനുഷ്യക്കടലിനെ മറക്കുന്നു– ‘ഞാനും അല്ലാഹുവും മാത്രം’. തിക്കിനും തിരക്കിനുമിടയിൽ ഞെരിഞ്ഞമരുമ്പോഴും അടുത്തുള്ളയാൾക്കു കൂടി ഇടം കൊടുക്കാനുള്ള ശ്രമം. അപ്പോഴും അത് ആരെന്നു നോക്കാതെയുള്ള ഒറ്റപ്പെടൽ. 

കഅബയുടെ ആദ്യ ദർശനമാണ് ഹജ് യാത്രയിലെ ധന്യതകളിൽ ഒന്നാമത്തേത്. കറുപ്പിനഴക്. മനസ്സിൽ സങ്കൽപിച്ചതിനെക്കാൾ വലുപ്പം. ഹജറുൽ അസ്‌വദ്, സ്വർണക്കവാടം, റുക്‌നു ഇറാഖ്, സ്വർണപ്പാത്തി, റുക്‌നുശാം, റുക്‌നു യമാനി, കിസ്‌വ... ഓരോന്നുമങ്ങനെ എത്രനേരം കണ്ടുനിന്നുവെന്ന് ആർക്കും ഓർമയുണ്ടാവില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകൾ. നന്ദിയുടെ വചനങ്ങൾ. ഒന്നു കാണാനാഗ്രഹിച്ചിട്ടും സാധിക്കാതെ എത്രകോടി ആളുകൾ. ഞങ്ങളെത്ര ധന്യർ. കഅബ കൺമുന്നിൽ ദൃശ്യമായ നിമിഷത്തിലെ പ്രാർഥന സ്വീകരിക്കപ്പെടുമെന്നാണ്. ആ നിമിഷം, ‘കഅബയ്ക്കരികിൽ ഞാൻ നടത്തുന്ന എല്ലാ പ്രാർഥനകളും സ്വീകരിക്കേണമേ’ എന്നു പ്രാർഥിക്കണമെന്നാണു പഴമക്കാർ പറയുക. 

ആദ്യദർശന ശേഷം ഖുദൂമിന്റെ ത്വവാഫ്. കഅബയെ കണ്ടതിന്റെ സന്തോഷസൂചകമായുള്ള അഭിവാദനപ്രദക്ഷിണം. ചിലർ ഒറ്റയ്ക്ക്, ചിലർ സംഘങ്ങളായി. ‘അല്ലാഹുമ്മ... ഇന്നക്ക...’ എന്നു തുടങ്ങിയുള്ള പ്രാർഥന, ഉച്ചത്തിൽ ഈണത്തിൽ ചൊല്ലിക്കൊടുക്കുന്ന മലേഷ്യൻ സംഘത്തലവൻ. കൈ കോർത്തുപിടിച്ച്, ഉറക്കെ ഏറ്റുചൊല്ലി നീങ്ങുന്ന സംഘം. പല ദേശത്തുനിന്നെത്തിയ, പല ഭാഷകൾ സംസാരിക്കുന്ന, പലനിറങ്ങളിലുള്ള മനുഷ്യർ. എല്ലാവർക്കും ഒരേപ്രാർഥന. മൈക്കൽ വൂൾഫിന്റെ ഹജ് യാത്രാവിവരണ ഗ്രന്ഥത്തിലെ ഒരു പരാമർശമുണ്ട് – ‘ഒരു ദൈവം, ധാരാളം നാവുകൾ’. 

നാട്ടിൽ നമസ്കാരം പള്ളിയിലോ വീട്ടിലെ ആരാധനാമുറിയിലോ ആണെങ്കിൽ മക്കയിൽ അത് എങ്ങുമാണ്. ബാങ്കുവിളി കേൾക്കുന്നനിമിഷം കച്ചവടക്കാർ കടയടച്ചു മുന്നിലൊരു മുസല്ല (നമസ്കാരപ്പായ) വിരിച്ചു നമസ്‌കാരം തുടങ്ങും. ഡ്രൈവർമാർ വാഹനം നിർത്തി റോഡരികിൽ നിന്നു തന്നെ നമസ്‌കരിക്കും. ഒരു നഗരം ഒന്നടങ്കം പ്രാർഥനാമുറിയാകുന്ന അനുഭവം. 

ഹറം പള്ളിക്കുള്ളിലെ മതാഫിൽ (പ്രദക്ഷിണമുറ്റത്ത്) കഅബയോട് ഏറ്റവുമടുത്തെത്താനാണ് എപ്പോഴും ആഗ്രഹം. പക്ഷേ, (പുലർച്ചെ നേരത്ത്) സുബ്‌ഹിക്കു മാത്രം ഓടുന്നത് ഹറം പള്ളിയുടെ മട്ടുപ്പാവിലേക്കാണ്. രാത്രിയുടെ നിശബ്‌ദതയിൽ ആ സുന്ദരമായ ബാങ്കുവിളിനാദം സമീപത്തെ പാറക്കുന്നുകളിലും കെട്ടിടങ്ങളിലും തട്ടി പ്രതിഫലിക്കുമ്പോഴുള്ള ശ്രാവ്യസുഖം. ഒന്നല്ല, രണ്ടുതവണ ആ ബാങ്കുവിളി കേൾക്കാം – സുബ്‌ഹിക്ക് ഒരു മണിക്കൂർ മുൻപ് തഹജ്‌ജുദ് ബാങ്കും പിന്നെ സുബ്‌ഹി ബാങ്കും. ഉച്ചഭാഷിണി രംഗത്ത് രാജ്യാന്തര തലത്തിലെ ഒന്നാമന്മാരായ ബോസ് എന്ന കമ്പനിയുടെ, ഏറ്റവും മികച്ചതെന്ന് അവർതന്നെ അഭിമാനിക്കുന്ന ശബ്‌ദസംവിധാനമാണ് മസ്ജിദുൽ ഹറമിൽ. 

മക്കയും ഹറം പള്ളിയും കഅബയും നൽകുന്നത് അദ്‌ഭുതവും ആത്മനിർവൃതിയുമാണെങ്കിൽ അനുഭവങ്ങൾ നൽകുന്നത് മിനായും അറഫയും മുസ്‌ദലിഫയുമാണ്. അവിടെയാണല്ലോ ഹജ്. അഹങ്കാരത്തിന്റെ ചിഹ്നങ്ങളെല്ലാം ഈ യാത്രാവഴിയിൽ ഉപേക്ഷിക്കണം. പദവിയും ദേശവും സാമ്പത്തികശേഷിയും പ്രതിഫലിപ്പിക്കുന്ന വസ്‌ത്രങ്ങൾ ഊരിമാറ്റി രണ്ടുതുണ്ടു തുണിയിൽ ശരീരത്തെ പൊതിയണം. മിനായിൽ കഷ്‌ടിച്ച് ഒന്നരയടി വീതിയും ആറടി നീളവുമുള്ള മെത്ത തറയിൽ വിരിച്ചാണു കിടപ്പ്. ഒരു വരിയിൽ ഇരുപതോളം മെത്തകൾ തൊട്ടുതൊട്ടു നിരത്തിയിട്ടുണ്ട്. ഇത്തരം നാലു വരികളാണ് കൂടാരത്തിലുള്ളത്. മൊത്തം എൺപതോളം പേർ. മക്കയിൽനിന്ന് ഒപ്പമെടുത്ത ബാഗാണു തലയിണ. തൊട്ടടുത്തു കിടക്കുന്ന മുഹമ്മദ് ഹാജിക്കു നാട്ടിൽ എട്ടു ബസുകളുണ്ട്. ഹാജിയുടെ ബെഡ്‌റൂം ഈ കൂടാരത്തിന്റെയത്ര ഉണ്ടാകില്ലേ എന്നു ചോദിച്ചു. ഇത്രയില്ലെങ്കിലും പകുതിയിലധികമുണ്ടെന്ന് ഹാജിയുടെ മറുപടി. പെരുന്നാൾ ദിവസം (നാട്ടിൽ അന്ന് ദുൽഹജ് ഒൻപതാണ്) അദ്ദേഹം വീട്ടിലേക്കു വിളിച്ച് ബസുകളിലെ നാൽപതോളം ജീവനക്കാർക്ക് 2500 രൂപ വീതം കൊടുക്കാൻ പറയുന്നതു കേട്ടു. അതുകഴിഞ്ഞ് ഒരു പാത്രവുമെടുത്ത് അദ്ദേഹവും ഒരു കപ്പ് കഞ്ഞിക്കായി വരിനിന്നു. പ്രാഥമികാവശ്യത്തിനും കുളിമുറിക്കുമുന്നിലും ഇതുപോലെ വരിനിൽക്കണം. 

‘ഞാൻ’ എന്ന ചിന്തയിൽനിന്ന് എല്ലാ അർഥത്തിലും വിടുതൽ നേടിയ തീർഥാടകർ, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യർ എന്ന സത്യമാണു മിനായിലും അറഫയിലും തിരിച്ചറിയുന്നത്. നടക്കുമ്പോൾ കാൽ തട്ടിയതിനും കിടക്കാൻ വേണ്ടത്ര സ്‌ഥലം ലഭിക്കാത്തതിനുമൊക്കെ പരസ്‌പരം ക്ഷമിക്കാൻ പഠിച്ചു. പ്രാഥമികാവശ്യങ്ങളും ഭക്ഷണവും മുതൽ പ്രാർഥന വരെ ഓരോന്നിനും ഊഴംകാത്തു ശാന്തരായി വരിനിന്നു. ഒടുവിൽ, അറഫയിലെ പൊരിവെയിലിൽ അല്ലാഹുവിനുമുന്നിൽ വിനീതദാസരായി നിന്നു പ്രാർഥിച്ചു; ചെയ്‌തുപോയ തെറ്റുകൾക്കു മാപ്പിരന്നു; കളങ്കമില്ലാത്ത ഭാവിജീവിതത്തിനു പ്രതിജ്‌ഞയെടുത്തു. ഒരേ ഒരു ദൈവത്തെ പല ഭാഷകളിൽ, പല വാക്കുകളിൽ വാഴ്‌ത്തി. 

മിനായിൽനിന്ന് അറഫയിലേക്ക്. അവിടെ പകൽ മുഴുവൻ പ്രാർഥന. രാത്രി മുസ്‌ദലിഫയിലേക്ക്. അവിടെ കൂടാരത്തിലോ വഴിയോരത്തോ ഉറങ്ങിയ ശേഷം വീണ്ടും മിനായിലൂടെ ജംറകളിലേക്ക്. തുടർന്നു കല്ലേറ് കർമം. നാൽപതു മണിക്കൂറോളം സജീവവും ശ്രമകരവുമായ കർത്തവ്യങ്ങൾ. കഠിനം തന്നെയെന്ന് ആരും പറഞ്ഞുപോകുന്ന നിമിഷം. ഇതാണ് ഹജ്ജിന്റെ പ്രധാന മണിക്കൂറുകൾ. അറഫ സംഗമത്തിനു ശേഷമുള്ള ദിനങ്ങളിൽ വീണ്ടും മിനായിൽ. ആ ദിവസങ്ങളിൽ കൂടാരത്തിനു മുന്നിൽ നിന്നാൽ കാണാം – അനന്തമായ മനുഷ്യപ്രവാഹം. കുത്തിയൊഴുകുന്ന നദി പോലെ, നിലയ്ക്കാതെ ജംറ പ്രയാണം. മണിക്കൂറുകൾ അങ്ങനെ നോക്കിനിന്നിട്ടുണ്ട്. കൂടാരങ്ങൾക്കിടയിലൂടെ രണ്ടുവരിപ്പാതയുടെ വീതിയുള്ള റോഡുകളാണ്. ഇത്തരം അഞ്ചോ ആറോ റോഡുകളാണ് ജംറയിലേക്കുള്ളത്. ഒരു സെക്കൻഡിൽ ഒരു പോയിന്റിൽ 20 പേർ കടന്നുപോകുന്നുവെന്നു കണക്കാക്കിയാൽതന്നെ 20 ലക്ഷത്തിലേറെ പേർ കടന്നുപോകാൻ എത്രമണിക്കൂർ വേണം! പ്രാർഥനയുമായി ജനം അങ്ങനെ ഒഴുകുന്നതു കാണുന്നതു തന്നെ ഒരു പ്രാർഥന. 

കഠിന കർമങ്ങൾ പൂർത്തിയാക്കി മക്കയോടു വിടപറയുമ്പോൾ മനസ്സിൽ ഉയരുന്നത്, ഹജ് ക്യാംപിലെത്തിയ ഒരു അപരിചിതൻ പറഞ്ഞ ഉപദേശം: ‘ഹജ് ചെയ്യാൻ ബുദ്ധിമുട്ടില്ല. പിന്നീട് ഹാജിയായി ജീവിക്കുകയാണു വെല്ലുവിളി. കഅബയെ കണ്ട കണ്ണുകൊണ്ട് ഇനി അരുതാത്തതൊന്നും കാണില്ലെന്നു തീരുമാനിക്കണം. ഹറമിലും സഫാമർവായിലും ചവിട്ടിയ കാലുകൊണ്ട് ഇനി ഹറാമിലേക്കു നടക്കില്ലെന്നു ശപഥം ചെയ്യണം. തൽബിയത്ത് ചൊല്ലിയ നാവ് നല്ലതല്ലാതെ ഒന്നും സംസാരിക്കില്ലെന്ന് പ്രതിജ്‌ഞയെടുക്കണം. സംസം കൊണ്ട് വിശപ്പടക്കിയ വയറ്റിൽ ഇനി നേരായ മാർഗത്തിൽ സ്വന്തമാക്കിയതല്ലാത്ത ഭക്ഷണം എത്തില്ലെന്ന് ഉറപ്പാക്കണം...’. അശരീരി പോലെ ആ ഉപദേശം മുഴങ്ങിക്കൊണ്ടിരുന്നു.മക്കയിൽനിന്നു മദീനയിലേക്കു നീങ്ങുമ്പോൾ സംഘത്തലവൻ പറഞ്ഞു: ‘നാം പ്രവാചകന്റെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്’. വല്ലാത്തൊരു വാചകമായിരുന്നു അത്. സ്‌നേഹവും ആദരവും സമന്വയിച്ച ഒരു മിന്നലിൽ ഹൃദയമൊന്നു പിടഞ്ഞുപോയ നേരം. മദീനയിലെ ബാങ്കുവിളിയിൽ ‘അശ്‌ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്’ (മുഹമ്മദ് നബി, അല്ലാഹുവിന്റെ സത്യദൂതനാണെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു) എന്ന വാചകം ഓരോ തവണ മുഴങ്ങുമ്പോഴും മനസ്സിൽ ഇതേ മിന്നൽ തന്നെ. ഈ സത്യസാക്ഷ്യം കേട്ട്, അണമുറിയാ പ്രവാഹമായി ജനങ്ങളിങ്ങനെ ഒഴുകുന്നതറിഞ്ഞ്, തൊട്ടപ്പുറത്ത് സംതൃപ്തിയോടെ ഉറങ്ങുകയാണല്ലോ പ്രവാചകൻ. 

ഇബ്രാഹിം നബിയുടെ സമർപ്പണം. ഇസ്‌മായീൽ നബിയുടെ അനുസരണ. ഹാജറ ബീവിയുടെ ത്യാഗം. ഹജ് യാത്രയിലുടനീളം ആവർത്തിക്കപ്പെട്ട വാക്കുകൾ. സൗകര്യങ്ങൾ ഏറെയുണ്ട്. എന്നിട്ടും, പ്രതീക്ഷിച്ചതിനെക്കാൾ പ്രയാസകരവും കഠിനവും തന്നെയാണ് ഹജ്. മൈക്കൽ വൂൾഫിന്റെ ഒരു വാചകം കൂടി കടമെടുക്കുന്നു – ‘എന്തുകൊണ്ടാണ് ഹജ്‌ജിനിത്ര കാഠിന്യമെന്നറിയാമോ? എന്തുകൊണ്ടെന്നാൽ, നിങ്ങൾ സ്വന്തം പാപങ്ങൾ കഴുകിക്കളയുകയാണ്’. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.