Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായകളുടെ സ്വന്തം ഗ്ലോബൽ വില്ലേജ്

Ethiopian-Tea

ദുബായ് ∙ നല്ല തണുത്ത കാലാവസ്ഥ; അടിപൊളി സ്ഥലം–ഗ്ലോബൽ വില്ലേജിലെത്തിയാൽ ഒരു ചൂടു ചായ ഉൗതിക്കുടിക്കാൻ തോന്നുക സ്വാഭാവികം. ഏറ്റവും വലിയ ചായക്കോപ്പ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ‍് റെക്കോർഡ്സിൽ കയറിയതിന്റെ ഇത്തിരി ''അഹങ്കാര''വും ചായക്കാര്യത്തിൽ ആഗോളഗ്രാമത്തിനുണ്ട്. എന്നാൽപ്പിന്നെ, ഒരു ചായ കുടിച്ചുകളയാം. അപ്പോഴാണ് അറിയുക– ലോകത്തെ എല്ലായിടത്തേയും ചായകളുടെ സംഗമ കേന്ദ്രമാണ് ഇതെന്ന്.

Turkish-Tea-1

എവിടെ കറങ്ങിയാലും അവിടെ ''കറക്''

ഗ്ലോബൽ വില്ലേജിൽ എവിടെ കറങ്ങിത്തിരിഞ്ഞാലും അവിടെ ഒരു ‘കറക്’ ചായപ്പീടിക കാണാം. ഒാരോ അമ്പത് മീറ്റർ ദൂരത്തും ഒരു കറക് ചായ സ്റ്റാൾ എന്നതാണ് കണക്ക്. ആഗോള ഗ്രാമത്തിന്റെ സ്വന്തം ചായയാണ് കറക്. മലയാളികളാണ് കറക് ചായയുടെ ശിൽപികൾ. മസാല ചായ എന്നും കറക്കിന് പേരുണ്ട്. കേരളത്തിലടക്കം ലഭ്യമായ സാദാ ചായയുടെ ഇത്തിരി പരിഷ്കരിച്ച വകഭേദമാണിത്. മട്ക എന്ന പരമ്പരാഗത പാത്രത്തിൽ പാക്കിസ്ഥാൻ പവലിയനിലും സമോവാറിൽ ഇന്ത്യൻ പവലിയന് മുൻപിലും കറക്കിനെ കാണാം. സൗദി പവലിയനിലെത്തുമ്പോൾ, ഇത്തിരി കൂടി പരിഷ്കരിച്ച കറക്കാണ് ലഭിക്കുക–ഇഞ്ചി കൂടി ചേർത്ത കറക്.

Karak-Kiosks-2

സുലൈമാനികൾ

വ്യത്യസ്ത രുചികളിലുള്ള സുലൈമാനികളും ഗ്ലോബൽ വില്ലേജിലെ താരമാണ്. തുര്‍ക്കി പവലിയനിലാണ് സുലൈമാനിയുടെ ഏറ്റവും സവിശേഷതയാർന്ന സ്വാദ്. തുർക്കിയിൽ നിന്നു നേരിട്ട് കൊണ്ടുവന്ന റിസാ എന്ന തേയില ഉപയോഗിച്ചുള്ള കാലിച്ചായക്ക് അപാര രുചിയാണ്. തുർക്കിയുടെ തന്നെ തോസ് സെകർ എന്ന പഞ്ചസാര ഉപയോഗിച്ചാണ് ഇവിടെ സുലൈമാനി ഉണ്ടാക്കുന്നത്. തുർക്കിയുടെ സ്വന്തം ലഘു മധുരപ്പലഹാരങ്ങളോടൊപ്പം സുലൈമാനി നുണയുന്നതിന്റെ ഹരം ഒന്നു വേറെ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. ശ്രീലങ്കയിലെ സിലോണിൽ നിന്നെത്തുന്ന തേയിലയാണ് മറ്റൊരു വിശേഷ താരം. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ പവലിയനുകളിലും ഇൗ തേയിലച്ചായ കാണാം. ജാസ്മിൻ, ലെമൺ, കാർഡമെൻ, ജിഞ്ചർ സ്വാദുകളിലും ശ്രീലങ്കൻ സുലൈമാനി നുകരാം.

Ceylon-Tea-1

കുങ്കുമപ്പൂ ചായ

യുഎഇ, ഇറാൻ പവലിയനുകളിൽ കുങ്കുമപ്പൂ ചായയുടെ രുചിഭേദങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സൺഷൈൻ സ്പൈസ് എന്ന പേരിലുമറിയപ്പെടുന്ന കുങ്കുമപ്പൂ ചായ കഴിച്ചാൽ മുഖസൗന്ദര്യം കൂടും എന്നാണ് വിശ്വാസം. കൂടാതെ, രക്തസമ്മർദം കുറച്ച് ഹൃദ്രോഗം തടയുമെന്നും പറയുന്നു. മൊറോക്കൻ പവലിയനിലും ചായയുടെ യഥാർഥ സ്വാദ് നുകരാനാകും.

Karak-Kiosks-1

ആഫ്രിക്കയുടെ അപ്പുസ്റ്റൊ

വ്യത്യസ്ത ചായ രുചികളന്വേഷിച്ച് കറങ്ങുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ആഫ്രിക്കൻ പവലിയനുകളിൽ ചെല്ലണം. അപ്പുസ്റ്റൊ എന്ന പരമ്പരാഗത ആഫ്രിക്കൻ ചായയാണ് ഇവിടുത്തെ പ്രത്യേകത. ആശ്ചര്യപ്പെടുത്തുന്നത് എന്നാണ് അപ്പുസ്റ്റൊയുടെ അർഥം. തീർച്ചയായും ഇൗ ചായ നമ്മെ ആശ്ചര്യപ്പെടത്തുക തന്നെ ചെയ്യുമെന്ന് ഇൗ സ്റ്റാളുകളിലെ ചുള്ളന്മാരായ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. താത്പര്യമുണ്ടെങ്കിൽ ഉപഭോക്താക്കളുടെ പേരും ചായയുടെ പ്രതലത്തിലെഴുതിത്തരുന്നു. ജെർക്ക എന്നൊരു പ്രത്യേക കറക് ചായയും ഇവിടെ ലഭ്യമാണ്. ജബ്ന എന്ന ഇത്യോപ്യൻ മൺകുടത്തിലാണ് ഇൗ ചായയുണ്ടാക്കുന്നത്.

Jarak-Tea-1

മുകുളങ്ങുള്ള ചായ

മുകുളങ്ങൾ നിറഞ്ഞ ചായയും ഗ്ലോബൽ വില്ലേജിലെ പ്രത്യേകതയാണ്. ചോക്കലേറ്റ്, മോച്ച, വനില എന്നീ സ്വാദിലുള്ള ബബ്ൾ ചായ കുട്ടികൾക്കാണ് ഏറെ പ്രിയങ്കരമാകുന്നത്. ചൈനീസ് പവലിയനിൽ ഇത്തരം ചായകളുടെ വൈവിധ്യം കാണാം. പ്രശസ്തമായ മച്ചാ ഗ്രീൻ ടീ മുതൽ വിവിധ സ്വാദിലുള്ള ചായകൾ ചൈനയിലെത്തുന്ന ചായ പ്രേമികളെ സന്തോഷിപ്പിക്കുന്നു. ഏത് രാജ്യക്കാർക്കും ഭാഷക്കാർക്കും ചായ ഒരു വീക്ക്നെസ്സാണെന്നിരിക്കെ, ഗ്ലോബൽ വില്ലേജ് അപൂർവാവസരങ്ങളാണ് ഒരുക്കുന്നത്. അതും ഇൗ തണുത്ത സായാഹ്നങ്ങളിൽ.

Bubble-Tea-
Karak-in-Pakistan
Ceylon-Tea-2
Turkish-Tea-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.