Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചോളക്കഞ്ഞി പഠിപ്പിച്ചത്

Flower

ഒന്നോർത്താൽ അസാധാരണം എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ് എന്റെ ബാല്യം. എലീശാദീർഘദർശിയെ പരിഹസിച്ച ബാലന്മാരെ കരടികൾ നശിപ്പിച്ച കഥ അമ്മൂമ്മ പറഞ്ഞുതന്നിരുന്നു. അതിനാൽ മാതാപിതാക്കളെ അനുസരിക്കാതിരുന്നിട്ടില്ല. പഠിക്കാൻ മിടുക്കൻ, അഞ്ചു വയസ്സ് മുതൽ അൾത്താര ബാലൻ. (ഇപ്പോഴും ആണ്. എഴു‌പത് കൊല്ലം കഴിഞ്ഞതുകൊണ്ട് അൾത്താരക്കിളവൻ എന്നും പറയാം !) അങ്ങനെ പൊതുവേ മാനംമര്യാദയായി കഴിഞ്ഞ ഒരു ബാല്യകാലം. സ്വാഭാവികമായും എനിക്ക് അടിയൊന്നും കൊള്ളേണ്ടിവന്നില്ല. ഒരിക്കലൊഴിച്ച്.

അന്ന് ഏഴോ എട്ടോ വയസ്സ് പ്രായം. യുദ്ധം കഴിഞ്ഞ് ഏറെ ആയിട്ടില്ല. സ്വാതന്ത്ര്യം കിട്ടി. റിപ്പബ്ലിക് ആയില്ല. ദാരിദ്ര്യം നാട്ടിൽ നടമാടിയിരുന്നു. സർക്കാരിന്റെ നെല്ലെടുപ്പും പൊതുവിതരണവും ഉണ്ട്. അത്യാവശ്യക്കാർക്ക് സ്പെഷ്യൽ പെർമിറ്റ് കൊടുക്കാൻ നാട്ടിലെ മാന്യന്മാരെ സർക്കാർ അധികാരപ്പെടുത്തി. സർക്കാരിന് ശമ്പളം ലാഭം, എന്റെ അച്ഛന് ആ അധികാരം ഉണ്ടായിരുന്നു. അതുകൊണ്ട്, അച്ഛൻ ഞങ്ങളുടെ നെല്ല് സർക്കാരിലേക്ക് അളക്കുകയും സർക്കാരിന്റെ റേഷൻ കൊണ്ടുമാത്രം ജീവിക്കുകയും ചെയ്തുവന്നു. ഹൈസ്കൂൾ ഹെഡ് മാസ്റ്ററും വൈദികനും ആയിരുന്നതിനാൽ സ്വാഭാവികമായും ചുറ്റുവട്ടത്തുള്ളവർക്ക് മാതൃക ആകാൻ ശ്രമിച്ചു അച്ഛൻ.

ചോളക്കഞ്ഞി കുടിക്കേണ്ടി വന്നു ഒരിക്കൽ. ഇന്നത്തെപ്പോലെ യന്ത്രങ്ങളൊന്നുമില്ല ചോളം പൊടിച്ചെടുക്കാൻ. പുകയടുപ്പ് ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കാൻ പ്രയാസം. അതുകൊണ്ടാവണം കഞ്ഞിവച്ചത്. അച്ഛൻ ഒരറ്റത്ത് കസേരയിൽ. അനിയനും (കെ. റോയ് പോൾ ഐഎഎസ്) ഞാനും ഓരോ സ്റ്റൂളിൽ ഇരുവശത്തുമായി. അച്ഛന്റെ ഇടതുവശത്താണ് ഞാൻ. ചോളക്കഞ്ഞി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ ചിണുങ്ങി. കരഞ്ഞോ, പരാതിപ്പെട്ടോ ? ഓർമ്മയില്ല. അച്ഛന്റെ കൈ എന്റെ തലയുടെ പിൻഭാഗത്ത്, വടക്കൻ തിരുവിതാംകൂറിലെ വാക്ക്  കിഴുക്ക് എന്നാണ്. ഞാൻ പൊട്ടിക്കരഞ്ഞു. എനിക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛന് എന്നെയും ഇഷ്ടമായിരുന്നില്ലേ ? എന്നിട്ടും കിഴുക്ക്. വേദനയേക്കാൾ സങ്കടം ആയിരുന്നു കൂടുതൽ. ഈ നാട്ടിൽ എല്ലാവർക്കും കഴിക്കാം. നിനക്കുമാത്രം വയ്യ.  മിണ്ടാതിരുന്ന് കുടിച്ചിട്ട് എഴുന്നേറ്റ് പോടാ.

രുചികരമായ ഭക്ഷണം ഇഷ്ടമല്ലെങ്കിലും മുന്നിൽ കാണുന്നതെന്തും പിറുപിറുപ്പും, പരാതിയും ഇല്ലാതെ കഴിക്കാൻ ഞാൻ പഠിച്ചത് ഈ സംഭവം മൂലമാണ് എന്നു തോന്നുന്നു. മുപ്പത്തഞ്ച് വർഷം ഒരുമിച്ച് ജീവിച്ച സ്വർഗ്ഗസ്ഥ പത്നി ഒരിക്കൽപ്പോലും ഭക്ഷണത്തെക്കുറിച്ച് ഭർത്താവിന്റെ പരാതി കേട്ടിട്ടില്ല. പഴയ ചോളക്കഞ്ഞിയുടെ പാഠം ഇന്നും എനിക്ക് ഗുണം ചെയ്യുന്നുണ്ട്. അമ്മയോ സഹോദരിയോ വേലക്കാരിയോ (തുണ സഹോദരി എന്ന് വിളിക്കണം) എത്ര പാടുപെട്ടാണ് ഓരോന്ന് ഉണ്ടാക്കി വിളമ്പുന്നത്? നന്നായാൽ അനുമോദിക്കണം. മോശമായാൽ പരിഭവവും പരാതിയും പറയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.