Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
padmakumar

പത്മകുമാർസാർ യാത്രയായി. കഴിഞ്ഞ അൻപത്തിയെട്ട് സംവത്സരക്കാലം എന്നിൽ ഭ്രാതൃനിർവ്വിശേഷ സ്നേഹം ചൊരിഞ്ഞ എന്റെ ജേഷ്ഠൻ ഓർമ്മയായി. ഐഎഎസിലെ വലിയ ദിവാൻജി പ്രപഞ്ചനിശബ്ദതയുടെ ഭാഗമായി. വലിയ ദിവാൻജി എന്ന് ഭംഗി പറഞ്ഞതല്ല. കഴിഞ്ഞ നാൽപത്തിനാലു വർഷത്തിനിടെ ഞാൻ കണ്ട ഐഎഎസ്കാരിൽ പ്രഗത്ഭരായി  വിവരിക്കപ്പെടാവുന്ന നാലോ അഞ്ചോ പേരുടെ ഇടയിലെ ഗുരുവായൂർ കേശവൻ ആയിരുന്നു പത്മകുമാർ.

വലിയ ദിവാൻജി എന്ന പ്രയോഗത്തിന് മറ്റൊരു അർത്ഥവിവക്ഷ കൂടെ ഉണ്ട്. തിരുവിതാംകൂർ കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ അഗ്രഗണ്യൻ ആയിരുന്ന രാജാ കേശവദാസനെ ആണ് തിരുവിതാംകൂർ ചരിത്രം വലിയ ദിവാൻജി എന്ന് കിരീടം അണിയിക്കുന്നത്. ഇരുന്നൂറ് സംവത്സരങ്ങൾക്കപ്പുറം സർക്കാരുദ്യോഗസ്ഥന്മാർക്ക് നടപടിച്ചട്ടം എഴുതിയുണ്ടാക്കിയ സ്ത്രീസുരക്ഷയെ മുൻനിർത്തി കുറ്റവാളികളായ സ്ത്രീകളെ രാത്രി ഠാണാവുകളിൽ പാർപ്പിക്കരുതെന്ന് നിഷ്ക്കർഷിച്ച, പ്രകൃതി ദുരന്തസാധ്യത മീനമാസത്തിൽ വിലയിരുത്തി മുൻകൂറായി കരുതൽ നടപടികൾ സ്വീകരിക്കണം എന്ന് നിഷ്ക്കർഷിച്ച, ഭരണാധികാരി. ആലപ്പുഴയും വിഴിഞ്ഞവും തിരുവിതാംകൂറിന്റെ തുറമുഖങ്ങളായി തെരഞ്ഞെടുക്കുകയും ആലപ്പുഴ നഗരം സ്ഥാപിക്കുകയും ചെയ്ത ദീർഘദർശി. ഹൈദരുടെയും ടിപ്പുവിന്റെയും പടയോട്ടത്തിന് ശേഷം മലബാറിൽ തല ഉയർത്തി നാട്ടുപ്രഭുക്കന്മാരുടെ അവകാശ നിർണ്ണയത്തിന് മദ്രാസ് ഗവർണർ നിയമിച്ച പതിനെട്ടാം നൂറ്റാണ്ടിലെ വി. പി. മേനോൻ. ഇതു ഇതിലേറെയും ആയിരുന്നു.

തിരുവിതാംകൂർ കൃതജ്ഞതാലെശമെന്യേ വിസ്മരിച്ചുകളഞ്ഞ രാജാ കേശവദാസൻ. ഈ രാജാ കേശവദാസന് മൂന്ന് സഹോദരിമാർ ഉണ്ടായിരുന്നു. അതിൽ ഒരു തായ് വഴി അന്യം നിന്ന് പോയി. മറ്റ് രണ്ട് സഹോദരിമാരുടെ മക്കളിൽ കൽക്കുറിശ്ശി വഴിയിൽ ആണ് ഭരണാധികാരികൾ ഉണ്ടായത്. തിരുവിതാംകൂറിൽ  പൊലീസ് കമ്മീഷണർ (ഇപ്പോഴത്തെ ഡിജിപി) ആയിരുന്ന പത്മനാഭൻതമ്പി രാജാ കേശവദാസന്റെ സഹോദരി തൊട്ട് ആറാം തലമുറ ആണ്. അദ്ദേഹത്തിന്റെ മകൻ ആയിരുന്നു പത്മകുമാറിന്റെ അച്ഛൻ അഡ്വക്കേറ്റ് സി. പി. ശങ്കരപ്പിള്ള. തന്റെ തലമുറയിൽ വലിയ ദിവാൻജിയുടെ ഭരണപാരമ്പര്യം കാക്കുവാൻ നിയതി തന്നെയാണ് തെരഞ്ഞെടുത്തത് എന്ന് പത്മകുമാർ ഒരിക്കൽ എന്നോട് പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു. ഡോക്ടർ രാമൻ തമ്പിയും ഡോക്ടർ കേശവൻ നായരും ഒക്കെ പ്രഗത്ഭരായ അനന്തര തലമുറകളിൽ പെടുമെങ്കിലും ഹജൂരിൽ ദിവാൻജിയെ പോലെ ഭരിച്ചത് പത്മകുമാർ ആയിരുന്നുവല്ലോ.

സത്യത്തിൽ അദ്ദേഹം ദിവാൻജിയും ആയി ഒരു ഇടവേളയിൽ. കരുണാകരൻ അപകടത്തിൽ പെട്ട് അബോധാവസ്ഥയിലോ അർദ്ധ ബോധാവസ്ഥയിലോ ആയിരുന്ന കാലത്ത് പത്മകുമാർ ആയിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി ഉത്തരവുകൾ നൽകിയത്. കരുണാകരന്റെ ആശുപത്രി മുറിയിൽ, പത്മകുമാർ ഒഴികെ ആർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അന്നത്തെ കരുത്തനായ ഒരു മന്ത്രി പത്മകുമാറിന്റെ ഉത്തരവിനായി എന്റെ വകുപ്പിലെ ഫയലുകൾ അയയ്ക്കേണ്ടതില്ല എന്നു നിർദ്ദേശിച്ചു. മറ്റ് മന്ത്രിമാരൊക്കെ പത്മകുമാറിനോട് ശിപാർശ പറഞ്ഞു. അതുകൊണ്ടാണ് വലിയ ദിവാൻജിയുടെ എട്ടാം തലമുറയിലെ പിൻഗാമി ദിവാനുമായി എന്ന് കുറിച്ചത്.

പത്മകുമാർ ബിഎയും എംഎയും റാങ്കോട് കൂടെ ജയിച്ച ശേഷം 23–ാം മത്തെ വയസ്സിൽ ഐഎഎസിൽ പ്രവേശിച്ചു എന്നത് എല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹം പഠിക്കുന്ന കാലത്ത് ടെന്നിസ് ചാമ്പ്യൻ ആയിരുന്നു എന്നത് പലർക്കും അറിഞ്ഞുകൂടാ. അതുപോലെയാണ് അദ്ദേഹത്തിന്റെ പുസ്തക ഭ്രാന്ത്. ഐഎഎസ്കാരിൽ പലരും പരിശീലനകാലം കഴിഞ്ഞാൽ പുസ്തകപാരായണം അവസാനിപ്പിക്കുന്നവരാണ്. പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ തെരയുന്ന പത്മകുമാറിനെ അറുപതുകളിൽ തന്നെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം യാത്രകളിൽ വാങ്ങി എത്തിച്ചിട്ടുള്ളതാണ്. കായിക രംഗത്തും അക്ഷര ലോകത്തും ഭരണനിർവ്വഹണ മേഖലയിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ബഹുമുഖ പ്രതിഭ ആയിരുന്നു പത്മകുമാർ.

തന്നിലിളയ ഐഎഎസ്കാരെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുമ്പോലെ പത്മകുമാർ സംരക്ഷിച്ചിരുന്നു. എന്നെ ഒതുക്കാൻ നോക്കിയ ഒരു ഐസിഎസ്കാരൻ ചീഫ് സെക്രട്ടറിയെ അന്ന് വെറും ഒരു പയ്യൻ ജോയിന്റ് സെക്രട്ടറി ആയിരുന്ന പത്മകുമാർ കൈകാര്യം ചെയ്ത വിധം ഇപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി പരത്തുന്നുണ്ട്. അച്യുതാനന്ദൻ വേട്ടയാടിയ ജി. ഗോപാലകൃഷ്ണപിള്ളയെ സർവ്വീസിൽ തിരിച്ചെത്തിച്ചതും കേന്ദ്രത്തിൽ ഗോപാലകൃഷ്ണപിള്ളയ്ക്കായി സുരക്ഷാകവചം ഒരുക്കിയതും എനിക്ക് നേരിട്ടറിയുന്ന സംഗതിയാണ്.

ഗോപാലകൃഷ്ണ പിള്ളയ്ക്കും എനിക്കും മാത്രം അല്ല ഇത്തരം അനുഭവങ്ങൾ പറയാനുണ്ടാവുക. കേരളത്തിലെ ഐഎഎസ് / ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ട്. പത്മകുമാറിന്റെ വിയോഗ വാർത്ത അവിടെ അറിയിക്കാനുള്ള നിർഭാഗ്യം എനിക്കായിരുന്നു. പിന്നെ കണ്ട സന്ദേശങ്ങളുടെ പ്രളയം ആറ് പതിറ്റാണ്ടായി പത്മകുമാറിന്റെ അടുത്തറിയുന്ന എന്നെ പോലും അത്ഭുതപ്പെട്ടുത്തി. ഞാൻ തന്നെ അദ്ദേഹത്തെക്കാൾ ഏഴ് വർഷം ഇളപ്പമാണ്. എന്നെക്കാൾ ഇരുപതും ഇരുപത്തഞ്ചും വർഷം ഇളയവർക്കും പത്മകുമാറിനെക്കുറിച്ച് പറയാനുള്ളത് എനിക്ക് പറയാനുള്ളത് തന്നെ ആയിരുന്നു. അതായിരുന്നു പത്മകുമാർ. തലമുറകൾ അദ്ദേഹത്തിന് അകലം സൃഷ്ടിച്ചില്ല.

വ്യക്തി ബന്ധങ്ങൾ ഊഷ്മളമായി സംരക്ഷിച്ചിരുന്നു പത്മകുമാർ. പുറം കഠോരം പരിശുഷ്ക്കമൊട്ടുക്കുള്ളാ രസാനുവിദ്ധം എന്ന് കുറ്റിപ്പുറത്ത് കേശവൻ നായർ കുറിച്ച പത്മകുമാറിനെക്കുറിച്ചാണോ എന്ന് നാം  സന്ദേശിച്ചുപോകും.

തികഞ്ഞ സംതൃപ്തിയോടെയാണ് അദ്ദേഹം ഈ ലോകം വിട്ടത്. രണ്ടു മൂന്നു മാസങ്ങൾക്കപ്പുറമാണ് അവസാനമായി ഞങ്ങൾ കുറെ നേരം സംസാരിച്ചത്. പിന്നെ ഈയിടെ കണ്ടപ്പോൾ പരിക്ഷീണനായിരുന്നതുകൊണ്ട് സംഭാഷണം ഒന്നും ഉണ്ടായില്ല. എന്നാൽ, ഒടുവിൽ സംസാരിച്ച നേരം പറഞ്ഞ ഒരു കാര്യം ഇങ്ങനെ: ‘എടോ ബാബൂ, എനിക്ക് പരാതിക്ക് കാര്യമില്ല. വിമല ഹാസ് ബീൻ എ ഗുഡ് വൈഫ്. ചിൽഡ്രൻ ഹാവ് ഡൺ വെൽ. ദെയർ ചിൽഡ്രൻ വർഷിപ്പ് മി. പോറലേൽക്കാതെ സർവീസ് കഴിഞ്ഞ ചീഫ് സെക്രട്ടറി ആയി ഒരു കൊല്ലം ഇരുന്നു. കുത്തിപ്പൊക്കിയ കള്ളക്കേസും പൊളിഞ്ഞു. വൈ ഷുഡ് ഐ കംപ്ലെയിൻ?’

മഹത്വം പൊയ്പ്പോയി, സൂര്യൻ അസ്തമിച്ചു എന്ന് പറഞ്ഞത് നെഹ്റുവാണ്. മഹാത്മജി മരിച്ചപ്പോൾ. പത്മകുമാറിന്റെ വിയോഗ വേളയിൽ അത് ഉദ്ധരിക്കുന്നത് അതിശയോത്തിയാവാം. എന്നാൽ, അതേ വിഖ്യാത പ്രസംഗത്തിലെ ഒരാശയം ഞാൻ പരാവർത്തനം ചെയ്തു കൊള്ളട്ടെ. ഈ ഉജ്വലവ്യക്തിത്വം തന്റെ ആയുഷ്ക്കാലത്ത് ഇളമുറക്കാരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടി. അദ്ദേഹത്തെ ഓർക്കുമ്പോൾ ഞങ്ങൾ വിനയാന്വിതരാകുന്നു. ഈ വിരഹ സ്മരണ ഞങ്ങൾ എന്ന് അതിജീവിക്കും എന്ന് ഇപ്പോൾ പറയുക വയ്യ. എന്നാൽ ഞങ്ങൾ അഭിമാനിക്കുന്നു ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും ആയതിൽ. ദാറ്റ് ഇറ്റ് ഹാസ് ബീൻ ഗിവൺ ടു അസ് ഓഫ് ദിസ് ജനറേഷൻ ടു ബി അസൊഷിയേറ്റഡ് വിത്ത് ദിസ് മൈറ്റി പേഴ്സൺ ഷുഡ് ഗിവ് അസ് ഏ പ്രൗഡ് താങ്ക്ഫുൾ നെസ്.

കഠോപനിഷത്തിൽ പറയുന്നത് ഓർക്കുക. ആത്മാവ് അനശ്വരമാണ്. അത് ന  ഹന്യതേ ഹന്യമാനേ ശരീരേ. എരിഞ്ഞു തീരുന്ന ശരീരം ആത്മാവിനെ നശിപ്പിക്കുന്നില്ല. രാജസദസ്യരായ ഭാരതീയ നിർവ്വചനം സ്വജീവിതത്തിൽ സാക്ഷാത്ക്കരിച്ച പത്മകുമാറിന്റെ മാതൃക പുതിയ ഉദ്യോഗസ്ഥർക്ക് മാതൃകയും വെല്ലുവിളിയും ആയിരിക്കട്ടെ. തീരത്തിരുന്ന ബകസഹസ്രത്തിന് അന്യമായ മഹത്വത്തോടെ സരസ്സിൽ വിരാജിച്ച് വെള്ളം ചേർത്ത പാലിൽ നിന്ന് പാൽ വേർതിരിച്ചെടുത്ത് കുടിക്കാനറിയാമായിരുന്ന ആ രാജഹംസത്തെ നമസ്ക്കരിക്കട്ടെ ഞാൻ,  ശാന്തികവാടത്തിൽ നിന്ന് തിരിച്ചെത്തിയ ഈ നേരത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.