Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജീവിതത്തെ സ്വർഗ്ഗത്തിലേയ്ക്കുള്ള പാതയാക്കിയ മഹാൻ

ഡി. ബാബുപോൾ
C_Thomas

1951 മാർച്ച് 15. തിരു– കൊച്ചിയിലെ പുതിയ മുഖ്യമന്ത്രി സി. കേശവൻ ഞങ്ങളുടെ നാട്ടിൽ വന്നു. പുൽത്തൈല ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് വന്നത്. മുഖ്യമന്ത്രിയെ കണ്ടത് ഒന്നും ഓർമ്മയില്ല. സ്വാഗതം പറയുന്നയാൾ  ഞങ്ങളാരും കണ്ടിട്ടില്ലാത്ത ഒരു കഴുത്തടപ്പൻ കോട്ട് ആണ് ഇട്ടിരുന്നത്. സുമുഖൻ. അന്ന് എനിക്ക് ഒരു ഓട്ടോഗ്രാഫ് ബുക്ക് ഉണ്ടായിരുന്നു. അത് ധൈര്യമായി വച്ചു നീട്ടി. കഴുത്തടപ്പൻ ധരിച്ച സുമുഖൻ ഒപ്പിട്ടു തന്നു. അപ്പോഴാണ് അത് ആരാണ് എന്ന് തിരിഞ്ഞത്. സി. തോമസ് ഐഎഎസ്, കൃഷി ഡയറക്ടർ.

അങ്ങനെ നാട്ടിൻ പുറത്തെ ആ ചെറു‌ബാല്യക്കാരൻ ആയുസ്സിലാദ്യമായി ഒരു ഐഎഎസ് കാരനെ കണ്ടു. അന്നറിഞ്ഞില്ല. പിൽക്കാലത്ത് അദ്ദേഹം എന്റെ മേലുദ്യോഗസ്ഥനും അയൽക്കാരനും ഗുണകാംക്ഷിയും എന്റെ പുസ്തകങ്ങൾ ഒന്നൊഴിയാതെ വായിക്കുന്നയാളും ഒക്കെ ആകുമെന്ന്. ആ മഹാത്മാവിന്റെ നിര്യാണം 1987 ൽ എന്റെ അച്ഛൻ മരിച്ചതിന് സമാനമായ ഒരു നഷ്ടബോധം ആണ് എനിക്ക് നൽകിയിരിക്കുന്നത്.

സി. തോമസ് നൂറ്റിനാലാം വയസ്സിൽ ആശുപത്രിയിലായിട്ട് കുറച്ചു ദിവസങ്ങളായി. എന്റെ നേരിയ ജലദോഷം ഐസിയുവിൽ എത്തിക്കേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു ഞാൻ. കഴിഞ്ഞ രാത്രി എന്റെ സ്വപ്നങ്ങളിൽ സി. തോമസും പത്നിയും നിറഞ്ഞു നിന്നു. എന്തുവന്നാലും പോയി കാണണം, ഇനി സമയം ഏറെയില്ല എന്ന് നിശ്ചയിച്ചാണ് ദിവസം തുടങ്ങിയത്. ഉച്ചയ്ക്ക് മുൻപ്, അഭിജിത് മുഹൂർത്തത്തിൽ, സ്വർഗ്ഗ പ്രവേശനത്തിന് ഉത്തമമായ നേരത്ത് സി. തോമസിന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിഞ്ഞു എന്ന വർത്തമാനം പഴയ ചീഫ് സെക്രട്ടറി പോൾ ആന്റണി വിളിച്ചറിയിച്ചു. സുകൃതികൾ സ്വർഗ്ഗം പൂകുന്ന നേരം.

ഒന്നാം ലോക മഹായുദ്ധകാലത്ത് ജനിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്ത് തിരുവിതാംകൂറിന്റെ റൈസ് സ്പെഷ്യൽ ഓഫീസറായി കറാച്ചിയിൽ ജോലി ചെയ്ത്, വിഭജനകാലത്ത് ഭാര്യയും മകനും വേലക്കാരിയും ഒത്ത് കപ്പൽ മാർഗ്ഗം ഇന്ത്യയിലെത്തി. തിരുവിതാംകൂർ ഭാരതത്തിന്റെ ഭാഗം ആയതിനെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥനായി, 1973 ൽ റവന്യൂ ബോർഡ് ഒന്നാം മെമ്പറായി വിരമിച്ച്, ജോലി ചെയ്ത മൂന്നു വ്യാഴവട്ടത്തിലേറെ കാലം ഞങ്ങൾക്കൊക്കെ ഗുരുവും പിതാവും ആയി ജീവിച്ച സി. തോമസ് അവിസ്മരണീയനാകുന്നത് ആയുസിന്റെ ദൈർഘ്യം കൊണ്ടല്ല.

തിരുവിതാംകൂറിലെ അതിപ്രശസ്തനായ ഹെഡ്മാസ്റ്റർ ആയിരുന്നു സി. തോമസിന്റെ പിതാവ് എം.സി. തോമസ്. മൂവാറ്റുപുഴയിലും കൊല്ലത്തും മോഡൽ സ്കൂളിലും എല്ലാം അനേകരെ പഠനത്തിലും അതിനൊപ്പം കായിക മേഖലയിലും കൈ പിടിച്ച് ഉയർത്തിയ പ്രഗത്ഭനായ അധ്യാപകൻ. ആ ശിക്ഷണത്തിൽ വളർന്ന സി.തോമസ് ഓണേഴ്സ് ജയിച്ച് വൈകാതെ പൊലീസ് ഇൻസ്പെക്ടർ ആയി. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരത്തിന്റെ ഭാഗമായി രൂപപ്പെട്ട് ടി.സി.എസ് (ട്രാവൻകൂർ സിവിൽ സർവ്വീസ്) ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടവരെ സർക്കിൾ ഇൻസ്പെക്ടർ, തഹശീൽദാർ തുടങ്ങിയ തസ്തികകളിലായിരുന്നു ആദ്യം നിയമിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയെ തുടർന്ന് തിരുവാതംകൂറിൽ ഐഎഎസ് തുടങ്ങിയപ്പോൾ അവരൊക്കെ ആ സർവ്വീസിൽ നിയമിതരായി. എസ്. ഗോവിന്ദ മേനോൻ, ജോർജ് തോമസ്, പി. എം. മാത്യു, കെ. കെ. രാമൻകുട്ടി തുടങ്ങിയ പ്രഗത്ഭരായ പ്രതിഭകളെ ഇവിടെ ഓർക്കണം. ആ മഹത്തുക്കളിൽ ഒരാളായിരുന്നു സി. തോമസ്.

സി. തോമസിനെ കറാച്ചിയിൽ അയച്ചത് തിരുവിതാംകൂറിന് വേണ്ടി അരി വാങ്ങി അയയ്ക്കാനാണ്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ടും ക്ഷാമം ഒടുങ്ങിയില്ല. അതുകൊണ്ടാണ് വിഭജനകാലം വരെ അദ്ദേഹത്തിന് അവിടെ കഴിയേണ്ടി വന്നത്. ഒരു പരിഭവവും കൂടാതെ അക്കാലത്തെ പരിമിത സൗകര്യങ്ങളിൽ അവിടെ ഒരുങ്ങിയ കഥ അദ്ദേഹം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച തന്റെ സർവ്വീസ് സ്റ്റോറിയിൽ എഴുതിയിട്ടുണ്ട്. ആ രചനയെ സവിശേഷമാക്കുന്നത് അദ്ദേഹത്തിന്റെ രചനാ സൗഷ്ഠവം അല്ല. സി. തോമസ് നല്ല വായനക്കാരൻ ആയിരുന്നെങ്കിലും ഒരിക്കലും ഒരു എഴുത്തുകാരൻ ആയിരുന്നില്ല. അദ്ദേഹം കറാച്ചിയിൽ കഴിച്ചു കൂട്ടിയ കാലത്തെ അനുഭവങ്ങൾ ഒരു എഴുത്തുകാരൻ ആവിഷ്ക്കരിച്ചെങ്കിൽ മറ്റൊരു തരത്തിൽ എഴുതപ്പെടുമായിരുന്നു.

എന്നാൽ കേരള ചരിത്രത്തിലെ ഒരു വലിയ സംഭവത്തെക്കുറിച്ച് സി. തോമസ് എഴുതിയത് കമ്യൂണിസ്റ്റുകാർ പോലും വായിച്ച മട്ടില്ല. ആന്ധ്രയിൽ നിന്ന് ഈയെമ്മെസ് അരി വാങ്ങിയ കാലത്ത് സി. തോമസ് ആയിരുന്നു ഭക്ഷ്യ വകുപ്പ് സെക്രട്ടറി. ആ സംഭവം അദ്ദേഹം വിശദീകരിക്കുന്നത്, ചുരുക്കിപ്പറയുന്നത്  ചരിത്രത്തെയും വ്യക്തിയെയും അടയാളപ്പെടുത്താനാണ്.

ഭക്ഷ്യക്ഷാമം. ഓണത്തിന് അരിയില്ലാതെ കേരളം വിഷമിക്കും എന്ന് ഭയന്ന കാലം. നിയമ സഭയിലെ ഒരു ചർച്ചയെ തുടർന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും സി. തോമസിനെ വിളിപ്പിക്കുന്നു. നിയമ സഭയുടെ റിട്ടയറിങ് റൂമിൽ ആ നേരം എകെജിയും ഉണ്ടായിരുന്നു. എവിടെ നിന്നായാലും എന്ത് വിലയ്ക്കായാലും ഓണത്തിന് അരി കിട്ടണം. സി. തോമസ് കർമ്മനിരതനായി. ഇതിനിടെ എകെജി യാദൃശ്ചികമായി ട്രെയിനിൽ പരിചയപ്പെട്ട ഒരാൾ ഉൾപ്പെടെ ധാരാളം അരിക്കച്ചവടക്കാരും രംഗത്തെത്തി. ടെൻഡർ വിളിച്ചാണല്ലൊ സാധാരണഗതിയിൽ  ഇത്തരം ഇടപാടുകൾ നടത്തുക. അത് വേണ്ട എന്ന് നിശ്ചയിച്ചത് ബോധപൂർവ്വമാണ്. ഒന്നാമത് കാലതാമസം. രണ്ടാമത് കച്ചവടക്കാർ ഒത്തുചേർന്ന് ഒരു കാർട്ടലുണ്ടാക്കിയാൽ സർക്കാർ നിസ്സഹായമാവും. പിന്നെ ആര് വില നിശ്ചയിക്കും? ആന്ധ്രയിൽ അതാത് ദിവസത്തെ ന്യായവില പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. തടപ്പള്ളി ഗുഡം മാർക്കറ്റ് അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ അരി വിപണിയാണ്. ഓരോ ദിവസവും രാവിലെ അവിടുത്തെ മില്ലുടമയുടെ സംഘം അരിവില പരസ്യപ്പെടുത്തും. അരിയുടെ ഇനവും മില്ലുടമയുടെ മനവും അനുസരിച്ചുള്ള വിലയാണ് പട്ടികയിൽ ഉണ്ടാവുക. അതിൽ നമുക്ക് വേണ്ട ഇനം അരി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന മില്ലിൽ നിന്ന് വാങ്ങാം. ഒരാൾ അവിടെ ഉണ്ടാകണം, ആ ആൾ സത്യസന്ധനായിരിക്കണം. ഇത്രയും ഉറപ്പ് വരുത്താമെങ്കിൽ ഇതിനെക്കാൾ സുതാര്യമായ ഒരു സംവിധാനം ആകുമായിരുന്നില്ല അന്നത്തെ നിലയിൽ മറ്റൊന്നും.

ഇനിയാണ് സി. തോമസിന്റെ മഹത്വം അറിയേണ്ടത്. അന്ന് എനിക്ക് ചെറുപ്പം ആയിരുന്നു. സംഗതി കൃത്യമായി മന്ത്രിസഭയെ– അവിടെ ആരും ചില്ലറക്കാരായിരുന്നില്ല. അച്യുതമേനോൻ ധനകാര്യമന്ത്രി, കൃഷ്ണയ്യർ നിയമമന്ത്രി, ടിവിയും ഗൗരിയും ഉൾപ്പെടെ പ്രഗത്ഭർ മാത്രം അടങ്ങുന്ന മന്ത്രിസഭ ആയിരുന്നുവല്ലോ അത്. ബോധ്യപ്പെടുത്താനായെങ്കിലും എന്റെ പരിചയക്കുറവ് കൊണ്ട് ന്യായങ്ങൾ ഫയലിൽ വേണ്ടവണ്ണം  വിവരിച്ചെഴുതിയില്ല. അത് എന്റെ പിഴവാണ്. ഈയെമ്മസ് മന്ത്രിസഭ ഒരഴിമതിയും നടത്തിയിട്ടില്ല. പാവങ്ങൾക്ക് ഓണം മുടങ്ങരുത് എന്ന് മാത്രമേ സർക്കാരിന് ഉണ്ടായിരുന്നുള്ളൂ. മിയാ കുൾപ്പാ, മിയാ കുൾപ്പാ, മിയാ മാക്സിമാ കുൾപ്പാ, ഇതാണ് മഹാനായ സി. തോമസ് സാർ എഴുതിയതിന്റെ ചുരുക്കം.

ഏത് വിഷയവും കൂലംകഷമായി പഠിക്കും.  ഒരു ഡയറിയുണ്ട്. തന്റെ വകുപ്പിന്റെ സകല വിവരങ്ങളും കുഞ്ഞക്ഷരങ്ങളിൽ അതിൽ കുറിച്ചിരിക്കും. റവന്യൂ ബോർഡ് ഒന്നാം മെമ്പർ ആയിട്ടാണ് സി. തോമസ് 1973 ൽ വിരമിച്ചത്. അന്ന് ഞാൻ കളക്ടറായിരുന്നു എന്ന് ഓർമ്മിക്കുന്നു.

സൗമ്യ പ്രകൃതി ആയിരുന്നു സി. തോമസ്. കോപിച്ചു കണ്ടിട്ടില്ല. അതേ സമയം കണിശക്കാരനും കർക്കശക്കാരനും ആയിരുന്നുതാനും. അലസതയും അഴിമതിയും അദ്ദേഹത്തിന് അരോചകമായിരുന്നു. പെൻഷനായതിനുശേഷവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അദ്ദേഹ ത്തിന്റെ സേവനം ഉപയോഗപ്പെടുത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറായി കേന്ദ്രവും 1983 ലെ ശമ്പളക്കമ്മീഷൻ അംഗമായി സംസ്ഥാനവും. ചെറുപ്പക്കാരായ ഉദ്യോഗസ്ഥന്മാരോട് തോമസ് സാറിന് എന്നും വാത്സല്യം ഉണ്ടായിരുന്നു.1958 ബാച്ചിലെ  പി. ജി. മുരളീധരനോടും 2014 ലെ ദിവ്യാ അയ്യരോടും ഒരേ വാത്സല്യം.

ഉറച്ച ഈശ്വര വിശ്വാസി ആയിരുന്നു അദ്ദേഹം. അത് ഉപരിപ്ലവമായ വിശ്വാസമോ കാമ്പില്ലാത്ത നാട്യമോ, ആയിരുന്നില്ല. ഈശ്വരന് നിരക്കാത്ത ഒന്നും ആയുസിൽ അദ്ദേഹം ചെയ്തിട്ടുണ്ടാവുകയില്ല. ഇതാ സാക്ഷാൽ നിഷ്ക്കപടനായ ഇസ്രായേല്യൻ എന്നാക്കുമായിരുന്നു യേശു ക്രിസ്തു സി. തോമസ് സാറിനെക്കുറിച്ച് പറയുക.

ഇത് രാമായണമാസം ആണല്ലൊ. വാത്മീകി രാമായണത്തിൽ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി നിർവ്വചിച്ചിട്ടുണ്ട്. 

സത്യം ച ധർമ്മം ച പരാക്രമം ച  

ഭൂതാനുകമ്പാം പ്രിയവാദിതാം ച ബ്രഹ്മജ്ഞ ദേവാതിഥി പൂജനം ച

പന്ഥാനമാഹുസ്  ത്രി  ദിവസ്യ സന്ത : 

എന്നാണ് കവി വാക്യം.

അതായത്, സത്യം, ധർമ്മം, ധീരത, ഭൂതാനുകമ്പ, പ്രിയഭാഷണം, ബ്രഹ്മജ്ഞാനികളെയും ദേവന്മാരെയും അതിഥികളെയും പൂജിക്കുന്ന സ്വഭാവം ഇത്രയും ചേർന്നാൽ സ്വർഗ്ഗത്തിലേയ്ക്കുള്ള പാത ആയി. സി. തോമസ് സാറിന്റെ ജീവിതം ആദ്യന്തം ഒരു സ്വർഗ്ഗയാത്ര ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.