Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൊതുസമൂഹം സുന്ദരമാകാൻ

 ഡി. ബാബുപോൾ
flag

അഞ്ചരലക്ഷം കട്ടവനല്ലേ നിങ്ങടെ മന്ത്രി പനമ്പിള്ളി എന്ന മുദ്രാവാക്യം എന്റെ ബാല്യകാലത്ത് കേട്ടതാണ്. പിൽകാലത്ത് ഞാൻ പാലക്കാട് കലക്ടർ ആയി ജോലി ചെയ്യുമ്പോൾ കൊച്ചിയിൽ പണ്ട് ദിവാൻജി ആയിരുന്ന സി.പി. കരുണാകര മേനോനെ പരിചയപ്പെട്ടു. ചിറ്റൂർ താലൂക്കിലെ ഒരു ഭൂസ്വാമി എന്ന നിലയിലല്ല. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും കേന്ദ്രത്തിലെ പഴയ സെക്രട്ടറിയും എന്ന നിലയിലായിരുന്നു പരിചയം. കൊച്ചിയിലെ വെളിച്ചെണ്ണക്കേസിന്റെ കാലത്ത് കരുണാകര മേനോൻ ദിവാൻജി ആയിരുന്നു. പനമ്പിള്ളി പണം പറ്റി എന്നായിരുന്നു ദിവാന്റെ പക്ഷം.

പനമ്പിള്ളിയും ഒരു സുഹൃത്തും കാറിൽ യാത്ര. എവിടെയോ വണ്ടി നിർത്തേണ്ടി വന്നു. ആരോ ഒട്ട് ആത്മഗതവും ഒട്ട് പ്രകാശമായും എന്ന മട്ടിൽ അഞ്ചര ലക്ഷം എന്ന് പറ‍ഞ്ഞു. പനമ്പിള്ളി കൂട്ടുകാരനോട് ചോദിച്ചു നിങ്ങൾക്ക് സംശയമുണ്ടോ ? കൂട്ടുകാരന്റെ മറുപടി സുവിദിതമാണ്. വക്കീൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് ഉറപ്പാണ്. അങ്ങ് വാങ്ങിയിരുന്നെങ്കിൽ ഇരു ചെവി അറിയുമായിരുന്നില്ല എന്ന് തീർച്ചയല്ലേ ?

ടി. എം. വർഗീസ് മന്ത്രി ആയിരുന്നപ്പോൾ മന്ത്രി മന്ദിരത്തിന്റെ പിന്നാമ്പുറത്തെ ഒരു മഹാഗണിമരം വെട്ടി വിറ്റതായിരുന്നു ആരോപണത്തിന് വഴിവച്ചത്. വെട്ടിയതോ വിറ്റതോ മന്ത്രി ആയിരുന്നില്ല. വീഴാറായ മരം വെട്ടിയതും ലേലം ചെയ്തതും മുറപ്രകാരം തന്നെ. ആ തടി മന്ത്രിയുടെ ഒരു ബന്ധു ലേലത്തിൽ പിടിച്ചു. ആ വില കുറഞ്ഞുപോയി എന്നായിരുന്നു പരാതി.

ഇ. ജോൺ ഫിലിപ്പോസിനെതിരേ ആനി മസ്ക്രീൻ ആരോപണം ഉന്നയിച്ചു. ഫിലിപ്പോസ് രാജിവച്ചു. കേസ് തിരുവിതാംകൂർ കൊച്ചിയിൽ നടത്തിയാൽ നീതി കിട്ടുകയില്ല എന്ന് മസ്ക്രീൻ ഭയപ്പെട്ടു. മദ്രാസ് പ്രസിഡൻസിയിലാണ് കേസ് നടന്നത്. ആരോപണം തള്ളി. മസ്ക്രീൻ ശിക്ഷിക്കപ്പെട്ടു. ഫിലിപ്പോസ് നിരപരാധിത്വം തെളിയിച്ചെങ്കിലും രാഷ്ട്രീയം മതിയാക്കി. പിന്നെ മന്ത്രിപ്പണി തേടിയില്ല. ആദ്യത്തെ ഇഎംഎസ് മന്ത്രി സഭയുടെ മേൽ ആന്ധ്ര അരി കുംഭകോണം എന്ന കേസാണ് ഉണ്ടായത്. ആരോപണം ശരിവച്ചു. എന്നാൽ, ഏതെങ്കിലും മന്ത്രി പണം വാങ്ങി എന്ന് ആരോപണം പോലും ഉണ്ടായില്ല. പാർട്ടി പണം വാങ്ങിയാൽ തെറ്റുണ്ടാവില്ല എന്ന് ധരിക്കാൻ വഴിവച്ച ആദ്യത്തെ സംഭവം അതായിരുന്നു എന്ന് തോന്നുന്നു നമ്മുടെ സംസ്ഥാനത്ത്.

പി. ടി. ചാക്കോ പ.സ.ക വഴി  നിയമാനുസൃതം ലഭിച്ച ജോലി സ്വീകരിക്കാൻ അനിയന് അനുവാദം കൊടുത്തില്ല. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നായിരുന്നു വാശി. ആർ. ശങ്കറുടെ പേരിൽ ആരോപിതമായ അഴിമതി, അക്കാലത്ത് നിലവിലിരുന്ന സമ്പ്രദായം ലംഘിച്ച് നേരത്തെ പേരെഴുതി വച്ചവരെ മാറ്റി നിർത്തി പിന്നെ കാശുമായി വന്ന ആർക്കോ മുൻഗണ തെറ്റിച്ച് ലോറിയുടെ ചാസി കൊടുത്താൻ കുളത്തുങ്കൽ പോത്തൻ എന്ന മുതലാളിയോട് അഭ്യർഥിച്ചു എന്നതാണ്. രാജീവ് ഗാന്ധിയുടെ പേരിൽ ബോഫോഴ്സ് പീരങ്കി വാങ്ങിയത് സംബന്ധിച്ച് ആരോപണം ഉയർന്നു. കാർഗിൽ യുദ്ധത്തിൽ ബോഫോഴ്സിന്റെ മേന്മ തെളിഞ്ഞപ്പോൾ ആരോപണം അസ്തപ്രഭമായി. സാധനം കൊള്ളാമെങ്കിൽ കൈക്കൂലി അവഗണിക്കാമെന്ന് ചുരുക്കം ! ഏതായാലും കിക്ക് ബാക്ക് ഉണ്ടാകും. പിന്നെ നാം വിചാരിച്ചാൽ നാട് നന്നാവുമോ എന്ന നിസംഗത.

പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. മെത്രാന്റെ നടത്തുപടി. തിരുമേനി പ്രഗത്ഭൻ. നല്ല സ്ഥലം കണ്ടാൽ സമുദായത്തിന് വേണ്ടി വാങ്ങിക്കാൻ ഏർപ്പാടാക്കും. കാര്യസ്ഥൻ പൈലിസാറാണ് കച്ചവടം ഉറപ്പിക്കുക. തിരുമേനി പറയും ഡ പൈലീ പതിനായിരം രൂപയ്ക്ക് കിട്ടണം. അന്നത്തെ രീതിയിൽ പൈലി സാർ അടിയൻ എന്ന് പറഞ്ഞ് ഇറങ്ങും. എണ്ണായിരും രൂപയ്ക്ക് ഉറപ്പിക്കും. രണ്ടായിരം രൂപ കീശയിൽ വീഴും. തിരുമേനി പറഞ്ഞ വിലയിൽ നിന്ന് കുറച്ചുകൊണ്ട് വന്നതിന്റെ കൂലി ! അത് തെറ്റാണെന്ന് പൈലിസാറിന്റെ മനസ്സാക്ഷി വിധിച്ചില്ല. ആ മനോഭാവം ഇന്ന് ഭാരതീയ സമൂഹം അംഗീകരിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആന്റണി പറയുന്നു ഞാനാണ് ഹരിശ്ചന്ദ്രൻ. വേറെ ഏതുണ്ട് ഹരിശ്ചന്ദ്രൻ ! പണം നേടി പണികളഞ്ഞ മുൻ മന്ത്രിക്കു പണം ദൈവത്തെപ്പോലെ ആണ്. കൈക്കൂലി വാങ്ങിച്ച് കുഴപ്പത്തിലായി തള്ളിപ്പറയുമ്പോൾ മറ്റൊരു പ്രഗത്ഭ സചിവൻ പറയുന്നു: പണം വേണം, പക്ഷേ മന്ത്രിമാർ ഹോട്ടലിൽ പോയി നേരിട്ട് പറ്റരുത് ! ഇനി നമുക്ക് നോക്കാം. 

ഇപ്പറഞ്ഞതിന്റെ ആകെത്തുക പരിശോധിച്ചാൽ നാം കാണുന്ന പാഠം എന്താണ് ? ഒന്ന് കൈക്കൂലി വാങ്ങുന്നതല്ല വാങ്ങുന്ന വിവരം മാലോകർ അറിയുന്നതാണ് പ്രശ്നം. നോട്ടെണ്ണണം യന്ത്രം രഹസ്യമായി സൂക്ഷിക്കണം. സമർഥൻ കൈക്കൂലി വാങ്ങിയാൽ ഇരുചെവി അറിയുന്നില്ല എന്നാണ് പൊതുധാരണ. രണ്ട് പൊതുജീവിതത്തിൽ സ്ഥാനത്തിരിക്കുന്നവർ ദീക്ഷിക്കേണ്ട ഔചിത്യം ശ്രദ്ധിക്കാതിരുന്നാൽ ചെറിയ സ്ഖലിതവും വലിയ അപരാധമായി ചിത്രീകരിക്കപ്പെടും. മൂന്ന് നട്ടെല്ലിന് വളവില്ല എന്ന് തെളിയിക്കാൻ ഞെളിഞ്ഞു നിൽക്കുന്നവരും ഉണ്ട്. നാല് കൈക്കൂലി നാട്ടു നടപ്പാണെങ്കിൽ വാങ്ങാതിരിക്കേണ്ടതില്ല എന്നാണ് പലരും ചിന്തിക്കുന്നത്. ഇപ്പറഞ്ഞ സംഗതികളിൽ സ്വീകാര്യമായത് പൊതുജീവിതത്തിന്റെ നായക സ്ഥാനത്തുള്ളവർ ഔചിത്യം ദീക്ഷിക്കേണ്ടതുണ്ട് എന്നത് മാത്രം ആണ്. ഇതാകട്ടെ അവരവർ തിരിച്ചറിഞ്ഞ് പ്രയോഗത്തിൽ വരുത്തേണ്ടതാണ് താനും.

പിണറായി കേരള സ്റ്റേറ്റ് 1 എന്ന കാറിൽ കമലയെ കയറ്റാതിരിക്കുന്നത് ഭാര്യ അങ്ങനെ ഞെളിയേണ്ട എന്ന ഭർതൃനയത്തിന്റെ ഭാഗമായിട്ടാണെങ്കിൽ മാത്രമേ ന്യായം ഉള്ളൂ. മന്ത്രിക്ക് അവകാശപ്പെട്ടതാണ് ആ കാറിന്റെ ഉപയോഗം. മന്ത്രിയാണ് വണ്ടിക്ക് ഡീസൽ അടിക്കുന്നത് ഏഴ് കാറിന്റെ പത്രാസിൽ നന്തൻകോട് നിന്ന് പുത്തൻചന്തയിലേക്ക് പോകാം, ഭാര്യയെയും മക്കളെയും അതിലൊരു വണ്ടിയിൽ കയറ്റുകയില്ല എന്ന് പറയുന്നതിൽ ഫരിസേയ ധാർമികത മാത്രമാണ് ഉള്ളത്. ആത്യന്തികമായി ഇത് വിപരീത ഫലം  ആണ് സൃഷ്ടിക്കുക : കൗണ്ടർ പ്രൊഡക്ടീവ് എന്നർഥം.

അതേ സമയം ആന്റണി ഒരിക്കലും പണം കൈനീട്ടി വാങ്ങുകയില്ല എന്ന് നമുക്കറിയാം. ആന്റണി മാത്രം അല്ല. സുധീരനും ഉമ്മൻചാണ്ടിയും അച്യുതാനന്ദനും തെന്നലയും ഒന്നും അങ്ങനെ ചെയ്കയില്ല. ഇങ്ങനെ ചില വ്യക്തികൾ കേരളത്തിലെ പൊതു ജീവിതത്തിൽ ബാക്കി നിൽക്കുന്നു എന്നതാണ് നമ്മുടെ ബലം.

എന്നാൽ, പണം കൈയ്യിൽ വാങ്ങുന്നത് മാത്രം അല്ല അഴിമതി, ആന്റണി വാച്ച് കെട്ടാറില്ല. എ. സി. ജോസ് ഒരിക്കൽ എന്നോട് പറഞ്ഞു. അതിന്റെ ബുദ്ധി മുട്ട് മറ്റുള്ളവർക്കാണ്. എപ്പോഴും മണി എത്രയായി എന്നു ചോദിച്ചുകൊണ്ടിരിക്കും. മോഹൻലാൽ ഒരു സിനിമയിൽ പറയുമ്പോഴെ ചോദിച്ച് ചോദിച്ച്... പോവുന്ന പരിപാടി ! പണ്ട് ചില മന്ത്രിമാർ അംബാസിഡർ കാർ മാത്രമേ ഉപയോഗിക്കൂ. അതായത് സർക്കാർ ഉണ്ടാക്കുന്ന മാരുതി ബലേനോ വേണ്ട. കുത്തക മുതലാളി ബിർള ഉണ്ടാക്കുന്ന കാർ മതി എന്ന് ! ഇത്തരം പരിപാടികൾ പ്രതിഛായ കൃഷിക്ക് ഫലം വർധിപ്പിക്കുകമായിരിക്കാം ! അതിന്  പൊതുജീവിതത്തിലെ വിശുദ്ധിയുമായോ അഴിമതി തീണ്ടാത്ത രാഷ്ട്രീയ ശൈലിയുമായോ ഒന്നും ബന്ധം ഇല്ല. അതായത് മാണിയായാലും പിണറായിയാലും സ്വയം ചോദിക്കേണ്ടത് കരയാത്ത കുഞ്ഞിനും പാല് ലഭ്യമാക്കുന്നതാണോ തന്റെ നടപടികൾ എന്നാണ്.

അവനവന്റെ പ്രതിഛായയെക്കാൾ ഉന്നതമായി പൊതുതാൽപര്യങ്ങൾ പ്രതിഷ്ഠിക്കപ്പെടണം. എന്നാൽ, നമ്മുടെ യുവതലമുറ വിജയം മാത്രം വിജയത്തിന്റെ മാനദണ്ഡമായി കണ്ട് വളരുകയാണ്. മത്സരപ്രധാനമായ സമ്പദ് വ്യവസ്ഥയും ഉപഭോഗതൃഷ്ണകളും ആണ് ഈ മാനസികാവസ്ഥ സൃഷ്ടിക്കുന്നത്.

സദ് പ്രേരണയായി നിന്ന് നമ്മുടെ പൗരാണിക മൂല്യങ്ങളെയും എല്ലാ മതങ്ങളും ഉയർത്തിപ്പിടിക്കുന്ന ധാർമിക ചിന്തകളെയും യുവതലമുറയിൽ സന്നിവേശിപ്പിക്കാൻ ബാധ്യസ്ഥമായ നേതൃനിരയാവട്ടെ തങ്ങളുടെ നടപടികൾ കൊണ്ട് മറിച്ചൊരു മാതൃക കാട്ടുന്നുമില്ല. അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരുന്ന ചരിത്രം ഉള്ള നേതാവിന്റെ ആദർശ പരിവേഷം യുവതലമുറയുടെ എക്സറേ പരിശോധനയെ അതിജീവിക്കയില്ല.

പണ്ട് ഏതോ ഒരു സംസ്ഥാനത്ത്  ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു സക്കായി. ക്രിസ്തുവിനെ കാണണമെങ്കിൽ സിക്കമോർ മരത്തിൽ വലിഞ്ഞു കയറണം. അധ്യക്ഷ പദവിയിൽ തനിക്ക് വലിയ കസേര കണ്ടാൽ എടുത്തുമാറ്റാൻ കൽപിക്കും. അളവുകളുടെ അനുപാതം അനുകൂലമല്ല എന്ന് ധരിച്ചിട്ടല്ല. തന്റെ വിനയം തെളിയിക്കാൻ സത്യത്തിൽ കസേരയുടെ വലിപ്പം ശ്രദ്ധിച്ചു. എന്നാണ് ആ കസേരകളി തെളിയിക്കുന്നത്. ഇത് നാട്യമാണ് എന്ന് തിരിച്ചറിയാൻ നേരം ഏറെ വേണ്ട.

നമുക്ക് വേണ്ടത് ലാളിത്യം നടിക്കുന്നവരെയല്ല, പാലിക്കുന്നവരെയാണ്. ലാളിത്യത്തിലേക്ക് മടങ്ങുന്ന മതാധ്യക്ഷന്മാരുണ്ടാവണം. മാതൃക കാട്ടുന്ന ഗുരുശ്രേഷ്ഠന്മാർ ഉണ്ടാവണം. നായനാരെയും അച്യുതാനന്ദനെയും പോലെ വ്യക്തിപരമായ സത്യസന്ധത പുലർത്തുന്ന നേതാക്കൾക്ക് രാഷ്ട്രീയാതി പ്രസരത്തിന്റെ അൽപത്വ പരിപ്രേക്ഷ്യങ്ങളെ അതിജീവിക്കാൻ കഴിയണം. അപ്പോൾ മാത്രം ആണ് പൊതുജീവിതം സുന്ദരമാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.