Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സഹോദരനു കാവൽക്കാരനാവുക

ഡി. ബാബുപോൾ
926235560

ആത്മഹത്യയുടെ സ്വന്തം നാട് എന്ന് അറിയപ്പെടാൻ പോവുകയാണോ കേരളം? വ്യക്തികൾ ആത്മഹത്യ ചെയ്യുന്നു, കുടുംബങ്ങൾ ആത്മഹത്യ ചെയ്യുന്നു, കമിതാക്കൾ ആത്മഹത്യ ചെയ്യുന്നു, കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്തു കൊന്നിട്ട് മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്നു. ഇത്തരം വാർത്തകൾ കാണാതെ വർത്തമാനപ്പത്രങ്ങൾ മടക്കിവയ്ക്കാൻ വയ്യാതായിരിക്കുന്നു.

സ്വന്തം ജീവൻ ബോധപൂർവം സ്വയം നശിപ്പിക്കുന്നതാണ് ആത്മഹത്യ. പ്രഥമ ശ്രവണത്തിൽ സ്ഖലിതമെന്നു സംശയിച്ചേക്കാമെങ്കിലും മരണകരമായ ആത്മഹത്യ, മരണത്തിലെത്താത്ത ആത്മഹത്യ എന്നിങ്ങനെ രണ്ടു വിഭാഗമായി ആത്മഹത്യയെ തരംതിരിക്കുന്നുണ്ട് വിദ്വാന്മാർ. കാര്യം നടക്കാതെ ജീവിതം തുടരുന്ന ഹതഭാഗ്യരുടെ അഭ്യാസമാണു രണ്ടാമത് സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ നാട്ടിൽ ഇന്നും ശിക്ഷാർഹമായ അവസ്ഥയാണ്.

വിജയകരമായി പൂർത്തിയാക്കിയാൽ ശിക്ഷ ഇല്ലാത്ത തെറ്റ്, പൂർത്തിയാകാതെ വന്നാൽ ശിക്ഷ കൊടുക്കുന്ന ഒരേയൊരു കുറ്റകൃത്യം ആത്മഹത്യാ ശ്രമം ആണ്. ഇത് എല്ലാ നാട്ടിലും ശിക്ഷാർഹമല്ല. ഫ്രഞ്ച് വിപ്ലവത്തിനുശേഷം ആത്മഹത്യ ചെയ്യാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് ആത്മഹത്യാശ്രമം കുറ്റങ്ങളുടെ പട്ടികയിൽനിന്ന് ഫ്രാൻസ് ഒഴിവാക്കി. പിന്നെ പല പാശ്ചാത്യ രാജ്യങ്ങളും അത് അനുകരിച്ചു. ബാക്കി ഉണ്ടായിരുന്നത് ഇംഗ്ലണ്ടാണ്. അവിടെയും 1961 ൽ നിയമം ഭേദഗതി ചെയ്തു.

ആത്മഹത്യ പുതിയ കാര്യമല്ല. സെമിറ്റിക് മതങ്ങൾ ഗർഹണീയമായ പാതകം എന്ന നിലയിലാണ് ആത്മഹത്യയെ കണക്കാക്കിയത്. ക്രിസ്തുമതത്തിലാകട്ടെ ഗുരുവിനെ ഒറ്റുകൊടുത്ത ശിഷ്യന്റെ ദാരുണമായ അന്ത്യം എന്ന നിലയിൽ കടുത്ത ദൈവനിഷേധമായി ആത്മഹത്യ വിലയിരുത്തപ്പെട്ടു. അടുത്തകാലം വരെ സ്വയം മരണം വരിക്കുന്നവർക്ക് ക്രൈസ്തവ സഭകൾ ഔപചാരികമായ ശവസംസ്കാരം അനുവദിച്ചിരുന്നില്ല. (എന്റെ വന്ദ്യപിതാവ് മലങ്കര സഭയിലെ വൈദികൻ ആയിരുന്നു. കഴുത്തിൽ കുരുക്കിട്ടശേഷം മരണം സംഭവിക്കുവോളം വരുന്ന ആ നിമിഷാർദ്ധത്തിൽ ‘വേണ്ടായിരുന്നു. കർത്താവേ, മാപ്പ്’ എന്ന ചിന്ത ഉണ്ടായാൽ സ്വർഗം പ്രാപിക്കാമെന്നിരിക്കെ ഇക്കാര്യത്തിൽ മനുഷ്യൻ വിധി പറയുന്നത് ശരിയല്ലെന്ന് അച്ഛൻ കരുതി വന്നു. ആലുവായിലെ വലിയ തിരുമേനിയുടെ അനുവാദത്തോടെ ആത്മഹത്യക്കാർക്കും അച്ചൻ ശവസംസ്കാര ശുശ്രൂഷ നടത്തിക്കൊടുത്തിരുന്നു. മുൻപേ പറക്കുന്ന പക്ഷി ആയിരുന്നു അച്ഛൻ എന്നും.)

എന്നാൽ എല്ലാ സംസ്കാരങ്ങളിലും ഇതായിരുന്നില്ല സ്ഥിതി. ഭർത്താവ് മരിക്കുമ്പോൾ ഭാര്യ ആത്മാഹുതി ചെയ്യുന്ന സമ്പ്രദായം നമ്മുടെ രാജ്യത്ത്– വടക്കേ ഇന്ത്യയിൽ– ഉണ്ടായിരുന്നുവല്ലോ. സതി അനുഷ്ഠിക്കുന്നവർ ദേവീതുല്യരാവും എന്നു പഠിപ്പിച്ചിരുന്നതിനാൽ വിധവകളെ സംരക്ഷിക്കേണ്ട ഭാരം ഒഴിഞ്ഞു കിട്ടി! ബ്രാഹ്മണരും ക്ഷത്രിയരും വിദ്വാന്മാരും ആത്മഹത്യ ചെയ്യുന്നതാണ് പ്രായോപവേശം. എല്ലാ കാര്യങ്ങളിലും ഉചിതമായ നടപടികൾ സ്വീകരിച്ചശേഷം ഭക്ഷണം വെടിഞ്ഞ് മരണത്തെ പുൽകുന്നതാണ് പ്രായോപവേശം. സ്വാതിതിരുനാളിന്റെ അന്ത്യം ഇങ്ങനെയായിരുന്നു. വിനോബഭാവെയും ഒടുവിൽ ചെയ്തത് പ്രായോപവേശം തന്നെ. ആത്മഹത്യ എന്നു പറയുമോ എന്ന ഭയം കൊണ്ടാവാം മരുന്നും ഭക്ഷണവും ഉപേക്ഷിച്ച് സമാധിയെ സ്വാഗതം ചെയ്ത വിനോബജി നിർവഹിച്ചത് പ്രസിദ്ധമായ പ്രായോപവേശകർമം ആണ് എന്ന് ആരും പറയാതിരുന്നത് എന്നു വരാം.

ഗ്രീക്ക് സംസ്കാരം ആത്മഹത്യ അനുവദിച്ചിരുന്നു. ശിക്ഷയ്ക്കു വിധിക്കപ്പെടുന്ന അടിമകൾക്ക് ശിക്ഷ അനുഭവിക്കാൻ ക്ലേശിക്കാതെ ആത്മഹത്യ ചെയ്യാം എന്നതായിരുന്നു ഔദാര്യം. റോമൻ സംസ്കാരം ഇതു നിർത്തലാക്കി. വിലപിടിച്ച സമ്പാദ്യമായ അടിമ അങ്ങനെ നഷ്ടപ്പെടരുത് എന്നതായിരുന്നു അവരുടെ ന്യായം.

ആത്മഹത്യ അംഗീകരിച്ചില്ലെങ്കിലും യഹൂദ സമൂഹം റോമാക്കാരുടെ അധീശത്വം അംഗീകരിക്കാത്തവരുടെ ആത്മഹത്യ ധീരതയുടെയും ആത്മാഭിമാനത്തിന്റെയും പ്രസ്ഫുരണമായി കണ്ടു. ബുദ്ധമതത്തിൽ സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്യുന്നത് നിഷിദ്ധമല്ല. ജപ്പാനിലെ സമുറായികൾ സെപ്പുക്കു അഥവാ ഹരാകിരി നടത്തി സ്വയം ജീവൻ ബലി കഴിച്ചിരുന്നു. ആ സമുറായി പാരമ്പര്യം രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യകാലത്ത് പാലിച്ച രണവീരന്മാരും ഉണ്ടെന്നു നമുക്കറിയാമല്ലോ. യുദ്ധത്തിൽത്തന്നെ ചാവേറുകളെ ആദ്യം ഇറക്കിയത് ജപ്പാനാണ്. കമിക്കാസെ എന്ന അവരുടെ യുദ്ധവിമാനം തകരാനായി പറന്നതായിരുന്നു. ഇപ്പോഴത്തെ ചാവേറാക്രമണങ്ങൾ അതിന്റെ മറ്റൊരു രൂപം മാത്രം.

നീറോ ആത്മഹത്യ ചെയ്തു. ഗ്രീക്ക് ദാർശനികൻ മെന്തേമൂസും അന്ത്യം കണ്ടത് ആത്മഹത്യയിലാണ്. സിനിസിസത്തിന്റെ പ്രവാചകനായിരുന്ന ചിന്തകൻ പ്രോത്തേവൂസ് എ ഡി 165– ൽ ഒളിംപിക്സിന്റെ അന്ത്യത്തിൽ അഗ്നിയിൽ ആത്മാഹൂതി ചെയ്തു.

എന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത്? ഏതു ജീവിക്കും ജീവൻ നിലനിർത്താനാണ് സഹജവാസന എന്നിരിക്കെ മനുഷ്യൻ ഈ അപഭ്രംശത്തിൽ ചെന്നുപതിക്കുന്നത് എന്തുകൊണ്ടാവാം? മനഃശാസ്ത്രജ്ഞന്മാർ പറയുന്നത് വ്യക്തിത്വത്തിന്റെയും വൈകാരികതയുടെയും പ്രശ്നമാണിതെന്നാണ്. എന്നാൽ എമിലി ദുർഷാമിനെപ്പോലെ ഉള്ള സാമൂഹിക ശാസ്ത്രജ്ഞർ സാമൂഹികവും സാംസ്കാരികവും ആയ സമ്മർദങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നത് എന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. വൈധവ്യം, അനപത്യത, വൻ നഗരങ്ങളിലെ ജീവിതം സൃഷ്ടിക്കുന്ന പിരിമുറുക്കം, ഉയർന്ന ജീവിത നിലവാരം മൂലം ഉണ്ടാവുന്ന വിരസത തുടങ്ങിയവയാണ് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. 

യുദ്ധകാലത്ത് വ്യക്തികളുടെ ആത്മഹത്യ കുറയും. ഇതിനു രണ്ടു കാരണങ്ങളാണ് പറയാറുള്ളത്. ഒന്നാമത് പൊതുശത്രുവിനെ നേരിടുമ്പോൾ ആക്രമണോന്മുഖത അവനവനിൽനിന്നു വഴി മാറുന്നു. രണ്ടാമത് യുദ്ധകാലത്ത് സമൂഹത്തിൽ അനിതരസാധാരണമായ ഐക്യം നിലവിലുണ്ടാകും.

കേരളത്തിൽ എന്തുകൊണ്ടാണ് ആത്മഹത്യാനിരക്ക് കൂടുന്നത്? സാമൂഹികമായ കാരണങ്ങൾ സുവ്യക്തമാണ്. കൂട്ടുകുടുംബങ്ങളുടെ പരിരക്ഷ അന്യമായിരിക്കുന്നു. ചാഞ്ഞു നിന്ന് കരയാൻ ചുമലുകൾ കുറവായിരിക്കുന്നു ഇപ്പോൾ. ലോകം ഒരു ഗ്രാമം ആയിട്ടുണ്ടാവാം. എന്നാൽ ഗ്രാമം ബാഹ്യാകാശം പോലെ ആയിരിക്കുന്നു. ബാഹ്യാകാശത്തിൽ ഭൂഗുരുത്വം അനുഭവിക്കുന്നില്ല. അതുകൊണ്ട് അന്യമായ ഏതോ ആകർഷണത്തിന്റെ അഭൗമവും അജ്ഞേയവും ആയ നിയന്ത്രണത്തിൽ സ്വയം നിയന്ത്രിക്കാനാവാത്ത ഉപഗ്രഹങ്ങളാണ് അവിടെ ഭൂമിയെ വലം വയ്ക്കുന്നത്. അനന്തമായി ചാക്രികപാതയിൽ ചരിച്ചുകൊണ്ടിരിക്കയോ ഭൂമിയിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ കത്തിനശിക്കുകയോ മാത്രമാണ് അവയുടെ വിധിയുടെ നാൾവഴിയിൽ ഉള്ളത്. ആ അന്യഥാത്വം ഇന്ന് മലയാളി അനുഭവിക്കുന്നു. ജീവിതസൗകര്യങ്ങൾ വർധിക്കുകയും അപ്പോഴും അതിലേറെ സൗകര്യങ്ങൾ മാടിവിളിക്കുകയും സ്വപ്നങ്ങൾ വിൽക്കുന്നവർ കടക്കെണികൾ ഒരുക്കുകയും ചെയ്യുമ്പോൾ മലയാളി പത്മവ്യൂഹത്തിലെ അഭിമന്യു ആയി ഭവിക്കാൻ ശപിക്കപ്പെടുന്നു. ഈ ആത്മഹത്യ പ്രായോപവേശമല്ല. ചെയ്യേണ്ടതൊന്നും ചെയ്തുവച്ചിട്ടല്ലല്ലോ യാത്ര. ഇത് ഹരാകിരിയും അല്ല; ഒരു ഗോത്രത്തിന്റെയും അഭിമാനം രക്ഷിക്കപ്പെടുന്നില്ല ഇവിടെ; മറിച്ച്, ഭയപ്പെടുന്ന അപമാനത്തിന്റെ പേരേടുകൾ അടച്ചു മുദ്രവച്ചു രക്ഷപ്പെടാനാണല്ലോ ശ്രമം.

ഉപഭോഗസംസ്കാരത്തിന്റെ ജീർണതയിലെവിടെയോ നിന്നു രൂപംകൊള്ളുന്ന ഈ അന്യഥാത്വത്തിന്റെ ഇരകൾ മാത്രമല്ല ആത്മഹത്യ ചെയ്യുന്നത്. വിജയം ഏകലക്ഷ്യമെന്നു കരുതുന്ന തലമുറ മക്കളെ പോരിനുള്ള കോഴികളെപ്പോലെയാണ് വളർത്തുന്നത്. പോരിൽ തോറ്റാൽ പുണ്യാളച്ചനു പൊങ്കാല എന്നതാണ് പോരുകോഴിയുടെ വിധി. അതു തിരിച്ചറിയുന്ന പത്താം ക്ലാസുകാരി മാർക്ക് പത്തു കുറഞ്ഞാൽ പാഷാണത്തിൽ അമൃത് തേടി ഈ പോരിന്റെ ലോകത്തിൽ നിന്നു യാത്രയാകാൻ തുനിയുന്നു.

നീ പോയി ചാകെടാ എന്നു പറയുന്നവരുടേതാണ് മുതിർന്ന തലമുറ എങ്കിൽ ചത്തിട്ടെങ്കിലും നിങ്ങളോട് പകരം വീട്ടും എന്ന് പ്രഖ്യാപിക്കുന്നതാവും ഇളം തലമുറ. ഇനി മരിക്കുയാണ് ഭേദം എന്ന് പറയുന്ന നിരാശ അടുത്ത തലമുറയിലേക്കു സംക്രമിക്കുന്നത് ഇനി ജീവിക്കുന്നതിൽ അർഥം തെല്ലുമില്ല എന്ന ദൃഢനിശ്ചയമായിട്ടാണ്.

മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ദുരന്തവും ഓരോ ഉത്സവം ആക്കിയാൽ വരിക്കാർ കൂടിയേക്കാം. ദുരന്ത ചിത്രങ്ങൾ ആകർഷകമാക്കി പുറത്തിറങ്ങുന്ന പത്രത്തിന്റെ പേജ് രൂപകല്പന ചെയ്യുന്ന വ്യക്തി തന്റെ കർമത്തിൽ പൂർണത തേടുന്നവനും ആയിരിക്കാം. എന്നാൽ  ഈ പരിച്ഛിന്ന വീക്ഷണങ്ങൾക്കപ്പുറം ഒരു സമഗ്ര പരിപ്രേക്ഷ്യം മാധ്യമലോകത്തിനു നൽകാൻ കൃതഹസ്തരും പക്വമതികളും ആയ ഗുരുസ്ഥാനീയർക്കും കുലപതികൾക്കും കഴിയണം. 

ഇത് സമൂഹത്തിനു മൊത്തം ഉത്തരവാദിത്തമുള്ള മേഖലയാണ്. ആത്മഹത്യകൾ പിന്നെയും ഉണ്ടാവും. എങ്കിലും കുറയും, തീർച്ച. പല ആത്മഹത്യകളും ഒരു പരിശ്രമം പാളിയാൽ ഒരിക്കലും നടക്കാതെ പോവുന്നവയാണ്. 1969 ൽ കണ്ണൂരിലെ ഒരു ഓഫിസിൽനിന്ന്  ക്ലർക്ക് തീവണ്ടിക്കു തല വയ്ക്കാൻ ഓടി. വിവരം അറിഞ്ഞ മേലധികാരിക്ക് അന്ന് ഇരുപത്തെട്ടു വയസ്സാണ് പ്രായം. കാറെടുത്ത് സ്വയം ഓടിച്ച് പാഞ്ഞു പിറകെ. ആത്മഹത്യ നടന്നില്ല. 1980 ൽ അയാൾ ഹജൂരിലെത്തി, അപ്പോഴേയ്ക്കും ഗവൺമെന്റ് സെക്രട്ടറി ആയിക്കഴിഞ്ഞിരുന്ന പഴയ മേലാളനെ കാണാൻ. ഒപ്പം ഭാര്യ. പൂർണ ഗർഭിണി. ‘അങ്ങാണ് രക്ഷിച്ചത് എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ഇവൾക്ക് ആശുപത്രിയിൽ കയറും മുമ്പേ അങ്ങയുടെ അനുഗ്രഹം വേണമെന്ന് ഒരേ നിർബന്ധം’. ആ കുടുംബം ഇപ്പോൾ എവിടെയോ എന്തോ. ഒരു നിമിഷത്തിലെ ഭ്രാന്തിന് ഒരു നിമിഷത്തിലെ ചികിത്സ; ഒരു ജീവിതം വീണ്ടും തളിരിടാൻ വേണ്ടിവന്നത് ഒരു ചെറിയ പരിശ്രമം മാത്രം. ഇത്തരം സംഭവങ്ങൾ വിരളങ്ങളാവാം. എങ്കിലും തക്കസമയത്ത് ഇടപെടാൻ ആരെങ്കിലും ഉണ്ടായാൽ എത്രയോ ജീവിതങ്ങൾ ആത്മഹത്യാചിന്തയിൽ നിന്നു തിരിഞ്ഞുനടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.