Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജസ്റ്റിസ് മൂർ പഠിപ്പിക്കുന്നത്

ഡി. ബാബു പോൾ
bible-faq-does-the-bible-promote-racism

ഹിന്ദുത്വം ഒരു അജൻഡയായി അവതരിപ്പിക്കപ്പെടുകയും ആരോപിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് ഭാരതത്തിൽ എങ്കിൽ ക്രിസ്തുമതവും ബൈബിളും സർക്കാരിൽനിന്നു  മാറ്റി നിർത്തണം എന്നും അങ്ങനെ ചെയ്യരുത് എന്നും രണ്ടു വശങ്ങൾ ശക്തിയായി വാദിക്കപ്പെടുന്ന കാലമാണ് ഇപ്പോൾ അമേരിക്കയിൽ.

അമേരിക്കയിൽ ആദ്യം കുടിയേറിയ യൂറോപ്യന്മാർ ബൈബിളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി പാലിക്കുന്നതിനു സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഭൂമി ആയിട്ടാണ് ആ പുതിയ ഭൂഖണ്ഡത്തെ കണ്ടത്. പിന്നെ വന്ന രണ്ടു നൂറ്റാണ്ടുകൾ അതിന് ഒരുപാടു മാറ്റം വരുത്തി.

ഇന്ന് അമേരിക്കൻ ഐക്യനാടുകൾ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ബൈബിളിൽ തൊട്ടാണ് സത്യപ്രതിജ്ഞ എന്നതു ശരി തന്നെ. എന്നാൽ ഒരു അക്രൈസ്തവൻ അമേരിക്കയിൽ പ്രസിഡന്റ് ആയാൽ ആ ചടങ്ങ് മാറി എന്നു വരും. ഇനി ഒരു യഹൂദനാവാം പ്രസിഡന്റ്. അപ്പോൾ സത്യപ്രതിജ്ഞ ന്യായപ്രമാണം അഥവാ തോറ ഉപയോഗിച്ച് ആവുമോ? ആവുമായിരിക്കാം.

അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ ബൈബിൾ ബെൽറ്റ് എന്ന് അറിയപ്പെടുന്നു. നമ്മുടെ ഗംഗാസമതലത്തെക്കുറിച്ച് ചിലർ കൗബെൽറ്റ് എന്ന് പറയാറുള്ളതുപോലെ.

ബൈബിൾ ബെൽറ്റിലാണ് ക്രൈസ്തവ മൗലികവാദം ശക്തമായിരിക്കുന്നത്. മറ്റു മതങ്ങളിൽപെട്ട ആളുകൾ അവിടെ താരതമ്യേന കുറവാണു താനും.

അലബാമ എന്ന സംസ്ഥാനം ഈ പ്രദേശത്താണ്. അവിടുത്തെ സുപ്രീം കോടതിയിൽ – നമ്മുടെ ഹൈക്കോടതി എന്ന് ധരിക്കുക – റോയ് മൂർ എന്ന ബൈബിൾ ഭ്രാന്തനാണ് ചീഫ് ജസ്റ്റിസ്. മറ്റ് ജഡ്ജിമാർ മൂറിന്റെ ഭ്രാന്ത് അംഗീകരിച്ചില്ല.

പത്തു കൽപനകൾ ആണ് വിഷയം. മോണ്ട്ഗോമറി നഗരത്തിലെ സുപ്രീം കോടതി ആസ്ഥാനത്ത് രണ്ടു ടൺ ഭാരമുള്ള ഒരു ശിൽപം സ്ഥാപിച്ചിരുന്നു. മോശ വഴി ദൈവം ഇസ്രയേലിനും തദ്വാരാ ലോകത്തിനും നൽകിയ പത്തു കൽപനകൾ രേഖപ്പെടുത്തിയിരുന്ന ആ ശിൽപമാണു മാറ്റിയത്. അത് മാറ്റരുത്, അവ വെറും ഉപദേശങ്ങളോ മാർഗനിർദേശങ്ങളോ അല്ല, നിയമത്തിനടിസ്ഥാനമായിരിക്കേണ്ട ഈശ്വരാജ്ഞകളാണ് എന്നാണ് മൂറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും  വിശ്വസിക്കുന്നത്.

ഈ കൽപനകൾ എത്രത്തോളം പ്രധാനമാണെന്നത് ക്രൈസ്തവ വേദശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്ന വിഷയമാണെന്ന് ക്രൈസ്തവരിൽതന്നെ പലർക്കും അറിഞ്ഞുകൂടാ.

ബൈബിളിൽ പഴയ നിയമത്തിലെ രണ്ട് കൃതികളിലാണ് ഈ കൽപനകൾ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഭാഷ്യങ്ങളും ഒന്നല്ല എന്നതാണ് ഈ ആജ്ഞാ സമുച്ചയത്തിന്റെ ബലം കുറയ്ക്കുന്ന പ്രധാന ഘടകം. ക്രമത്തിൽ മാറ്റം, ന്യായത്തിൽ മാറ്റം, ശൈലിയിൽ മാറ്റം ഒക്കെ കാണാം പഠിതാക്കൾക്ക്. യഹൂദരും ഗ്രീക്ക് ഓർത്തഡോക്സുകാരും ലൂഥറിന്ശേഷം വന്ന മറ്റു നവീകരണവാദികളും അംഗീകരിക്കുന്നതല്ല മധ്യകാല റോമാസഭയും ലൂഥറും അംഗീകരിച്ചിരുന്നത്. കാലനിർണയവും തർക്കത്തിലാണ്. മോശ എന്ന മഹാനായകനാണ് കൽപനകൾ നൽകിയതെങ്കിൽ കാലം ക്രിസ്തുവിന് പതിനാറോ പതിമൂന്നോ നൂറ്റാണ്ടുകൾക്കപ്പുറം ആയിരുന്നിരിക്കണം. പ്രവാചക വചസ്സുകളുടെ സത്ത വാചികഭാവം കൈവരിച്ചതാണെങ്കിൽ എട്ടാം നൂറ്റാണ്ടെന്നു പറയേണ്ടി വരും. ഇസ്രയേലിലെ ധാർമിക പാരമ്പര്യങ്ങളുടെ സംഗ്രഹം എന്ന് കരുതിയാൽ കാലപ്പഴക്കം പിന്നെയും കുറയും. ഓരോന്നിനും അനുകൂലവും പ്രതികൂലവുമായ വാദങ്ങളുണ്ട്. പുതിയ നിയമത്തിൽ കൽപനകൾ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും പത്ത് എന്നൊരു സംഖ്യാനിർണയം കാണുന്നില്ല. യേശു അതിപ്രധാനമായി അവതരിപ്പിച്ച കൽപന– നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക– ലേവ്യ പുസ്തകം എന്ന പഴയ നിയമകൃതിയിൽ നിന്നാണ് ഉദ്ധരിച്ചത്. പത്തു കൽപനകളിൽ അങ്ങനെയൊന്ന് ഇല്ല ! ഒരു പ്രാകൃത സമൂഹത്തിന് ലഭിച്ച പ്രാഥമിക നിർദേശങ്ങളായി ഇവയെ കാണുന്നതാണ് യുക്തിഭദ്രം. പത്തിൽ എട്ടും അരുതെന്നാണ് കൽപിക്കുന്നത്. ക്രിസ്തു ജനിച്ചതിനുശേഷം നൽകിയ വിശദീകരണങ്ങളിലൂടെയാണ് പത്തു കൽപനകളിൽ ഒരു സർഗോന്മുഖ ധർമസംഹിത സന്നിവേശിപ്പിച്ചത്. നിഷേധാത്മകത അവസാനിപ്പിച്ച് രണ്ട് ധനാത്മക (പോസിറ്റീവ്) കൽപനകളാക്കി ക്രിസ്തു അവയെ പരാവർത്തനം ചെയ്തു.

പറഞ്ഞു പറഞ്ഞ് വിഷയം മാറി. ഈ കാര്യം വേദശബ്ദരത്നാകരം എന്ന മലയാള കൃതിയിൽ ഉണ്ട്. എവിടൊക്കെയോ ആയി പതിനായിരത്തോളം കോപ്പികൾ ഉള്ള കൃതിയാണ്; വല്ല വായനശാലയിലുംനിന്ന് തപ്പിയെടുത്താൽ മതി.

പതിമൂന്നാം നൂറ്റാണ്ടു വരെ സഭ വലിയ പ്രാധാന്യമൊന്നും ഈ കൽപനകൾക്ക് നൽകിയില്ല. ആ നൂറ്റാണ്ടിൽ ഒരു കുമ്പസാരക്രമം സഭ അംഗീകരിച്ചു. അതിൽ പാപനിർണയത്തിനു വേണ്ടി പത്തു കൽപനകൾ രേഖപ്പെടുത്തി. എന്നാൽ പ്രൊട്ടസ്റ്റന്റുകാരാണ് ഇവയ്ക്ക് ഒരു മൗലിക ഭാവവും പൂർണതാ പരിവേഷവു മൊക്കെ നൽകിയത്.

ഏതായാലും ഒരു മതനിരപേക്ഷ രാഷ്ട്രത്തിൽ ഈ കൽപനകൾ രേഖപ്പെടുത്തിവയ്ക്കണമായിരുന്നോ എന്നതാണ് പ്രശ്നം. മൂർ പണ്ട് ഗാഡ്സൻ എന്ന സ്ഥലത്ത് ജില്ലാ ജഡ്ജി– സർക്യൂട്ട് ജഡ്ജ്– ആയിരുന്നു. അന്ന് ഇത് കോടതി മുറിയിൽ സ്ഥാപിച്ചു. പത്തു കൽപനക്കാരൻ ജഡ്ജി എന്നു മൂപ്പർക്ക് പേരും ഉറച്ചു. അന്ന് അതു മാറ്റാൻ കോടതി ഉത്തരവിട്ടതാണ്. മൂർ വഴങ്ങിയില്ല.

മൂർ ചീഫ് ജസ്റ്റിസ് ആയപ്പോഴും നിലപാട് മാറ്റിയില്ല. മറ്റ് ജഡ്ജിമാർ ഏകകണ്ഠമായി വിധിച്ച് പാലം കുലുക്കിയിട്ടും കുലുങ്ങിയില്ല മൂർ എന്ന കേളൻ.

ജോലി രാജിവച്ചിട്ട് പറയേണ്ട സംഗതികൾ നമ്മുടെ ചില ഉദ്യോഗസ്ഥർ കസേരയിൽ ചടഞ്ഞിരുന്നുകൊണ്ട് ഗീർവാണങ്ങളായി പ്രഖ്യാപിക്കുമ്പോലെ ആണ് മൂർ പെരുമാറിയത്. അമേരിക്കയിലെ പൊതുജനാഭിപ്രായം അത് അംഗീകരിച്ചില്ല. If he had resigned.. we could admire him for the courage of conviction. But he wants to cling to convictions and to power at the same time എന്നാണ് ഒരു നിയമജ്ഞൻ പ്രതികരിച്ചത്.

നമ്മുടെ നാട്ടിൽ പൊതുവേ മതചിഹ്നങ്ങൾ ഔദ്യോഗികമായി പ്രദർശിപ്പിക്കുന്നില്ല. എന്റെ മേശപ്പുറത്ത് കന്യാസ്ത്രീയമ്മ– സെ. മേരിയുടെ വല്ലാർപ്പാടം – കുറുപ്പംപടി ചിത്രങ്ങളും പരുമലത്തിരുമേനിയുടെ തൃക്കൈയ്യൊപ്പും ചേർത്ത് എടുത്ത ഒരു ചെറിയ ഫോട്ടോസ്റ്റാറ്റ് ഉണ്ടായിരുന്നു. എന്റെ കസേരയിലിരുന്നാൽ മാത്രം കാണാവുന്ന മട്ടിൽ. പഴയ ചീഫ് സെക്രട്ടറി ഭാസ്കരൻനായർ ഗുരുവായൂരപ്പന്റെ ഒരു ചിത്രം സൂക്ഷിച്ചിരുന്നതായിരുന്നു ഞാൻ സ്വീകരിച്ച മാതൃക.

അവനവന്റെ വിശ്വാസത്തിൽ ഒരു ലജ്ജയും തോന്നേണ്ടതില്ല. എന്നാൽ അത് ഫാലപ്രദേശത്ത് വരച്ചു വയ്ക്കരുത്. അയ്യങ്കാരുടെ ഭസ്മത്തെക്കുറിച്ചല്ല; ആലങ്കാരികമായി പറഞ്ഞുപോയതാണ്. ഞാൻ ക്രിസ്ത്യാനി ആണ്. അതുകൊണ്ട് എന്നിൽനിന്ന് മറ്റുള്ളവർ നീതി പ്രതീക്ഷിക്കേണ്ട എന്നു പ്രവൃത്തിയോ വാക്കോ കൊണ്ടു പ്രഖ്യാപിക്കുന്നയാൾ ക്രിസ്തുവിന്റെ അനുയായിയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.