Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒപ്പുകളുടെ അക്ഷരശ്ലോക സദസ്

 ഡി. ബാബു പോൾ
504686591

തെക്കൻ കേരളത്തിൽ, വിശേഷിച്ചും തലസ്ഥാനത്ത്, അക്ഷരശ്ലോക സദസ്സുകളിലും ചിരിയരങ്ങുകളിലും സുപരിചിതനാണ് കൊട്ടാരക്കര ശിവശങ്കരൻ നായർ. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിലെ അധികസചിവനായി നടുത്തൂൺ വാങ്ങിയ വ്യക്തി എന്ന നിലയിൽ സർക്കാരിന്റെ അയൽക്കൂട്ടങ്ങളിലും ശിവശങ്കരന് മുഖവുര വേണ്ട. മൂന്നു വ്യാഴവട്ടങ്ങൾക്കപ്പുറം ഒരു പയ്യൻ ഫിനാൻസ് സെക്രട്ടറി – അന്ന് ഭാരതീയ സംസ്ഥാനങ്ങളിലെ ധനകാര്യസചിവന്മാരിൽ ഏറ്റവും ഇളയ ആൾ നാൽപതുകാരനായ ഞാൻ ആയിരുന്നു – ആയിരിക്കുമ്പോൾ അദ്ദേഹം  എന്റെ കൂടെ ഡപ്യൂട്ടി സെക്രട്ടറി ആയിരുന്നു. ധനകാര്യത്തിൽ എന്നിലേറെയും സാഹിത്യാദി മേഖലകളിൽ എനിക്കൊപ്പവും വിവരം അദ്ദേഹത്തിനു ഞാൻ അനുവദിച്ചിരുന്നു.

അന്നു തന്നെ കൊട്ടാരക്കരയ്ക്ക് മറ്റുള്ളവരുടെ കയ്യക്ഷരം സൂക്ഷിച്ചുവയ്ക്കുന്ന ഒരു രീതി ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ പിന്നീടാണ് അറിഞ്ഞത്. ആ സ്വഭാവത്തിനു പിറകിൽ ഉണ്ടായിരുന്നത് ഒരു ഫൊറൻസിക് മനസ്സ് ആയിരുന്നില്ല. സാഹിത്യ കുതുകിയുടെ വിനയവും ഒപ്പ് വ്യക്തിയെ നിർവ്വചിക്കുന്നു എന്ന വിവരവും ആയിരുന്നു.

തൊണ്ണൂറിലൊ തൊണ്ണൂറുകളിലൊ ആണ് കൊട്ടാരക്കരയുടെ ജീവഗ്രന്ഥത്തിൽ – ഭാരതീയ രീതിയിൽ പറഞ്ഞാൽ ചിത്രഗുപ്തന്റെ പേരേടിൽ –എഴുതാനുള്ള യോഗ്യത ശിവശങ്കരൻ എനിക്ക് അനുവദിച്ചത്.

അന്ന് ഈ എഴുത്തുമുറിയിൽ ഒരു അത്ഭുതം നടന്നു. ഈ കുറിപ്പു പോലെതന്നെ ആവശ്യം അറിഞ്ഞ് കാലമേറെ കഴിഞ്ഞിട്ടാണ് ഞാൻ ആ ഒപ്പു പുസ്തകം തിരിച്ചു കൊടുത്തത്. അതിനിടെ, അങ്ങനെ ഒരു പുസ്തകം ശിവശങ്കരൻ എന്നെ ഏല്പിച്ച കഥ തന്നെ ഓർമയുടെ താഴത്തെ അടരുകളിൽ എവിടെയോ ഒതുങ്ങിപ്പോയിരുന്നു. ശിവശങ്കരൻ ആ പുസ്തകം തിരികെ വാങ്ങാൻ ഹാജരായപ്പോഴാണ് പിന്നെ അക്കാര്യം ഓർമിച്ചത്. രണ്ടു ദിവസത്തെ സാവകാശം ചോദിച്ചു; തപ്പിയെടുക്കാൻ. കുടത്തിലും തപ്പിയിട്ടും കുന്തം കിട്ടിയില്ല. എന്തുചെയ്യും ? ഒരാൾ നാലു പതിറ്റാണ്ടായി നിധി പോലെ കരുതുന്നതാണ് എന്റെ അശ്രദ്ധ കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നത്. പിന്നെ, ഓർമ വച്ചനാൾ മുതൽ പൗലോസ് കോറെപ്പിസ്കോപ്പയും മേരി പോളും പരിചയപ്പെടുത്തിയിരുന്ന ചക്രായുധം തന്നെ എടുത്തു. ഒരു സായാഹ്നം മുഴുവൻ പ്രാർഥനയ്ക്കായി ചെലവഴിച്ചു. പരിശുദ്ധനായ പരുമലത്തിരുമേനിയുടെ ഒപ്പ് ഈ മേശപ്പുറത്തുണ്ട് ! തിരുമേനി വഴി സർവശക്തനോട് അപേക്ഷിച്ചു: ശിവശങ്കരന്റെ കൊച്ചുപുസ്തകം കാണിച്ചു തരണേ. തുടർന്ന് ശിശുതുല്യമായ വിശ്വാസത്തോടെ  ഉറങ്ങി. ബ്രാഹ്മുഹൂർത്തത്തിൽ ഈ മുറിയിൽ തിരിച്ചെത്തിയപ്പോൾ ഇതാ കൺമുന്നിലിരിക്കുന്നു സാധനം. തേടിയവള്ളി കാലിൽ ചുറ്റി എന്ന് അതുവരെ കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടോടെ അസ്തപ്രഭമായ ഒരുതരം  സമകാല ചരിത്രരേഖ എന്നാണ് ഓട്ടോഗ്രാഫുകളെ നിർവചിക്കേണ്ടത് എന്നു തോന്നുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ നേതാവായിരുന്ന ജോൺ കാൽവിന്റെ കാലം മുതൽക്കാണ് ഈ പരിപാടി തുടങ്ങിയത്. കാൽവിന്റെ സുഹൃത്തായിരുന്ന സെനാർക്ളെൻസ് തന്റെ സഹപ്രവർത്തകരുടെ പേരുകൾ ഒരു പുസ്തകത്തിൽ കുറിച്ചുവച്ചു. ആൽബം അമിക്കോറം എന്ന് ആ പുസ്തകത്തിനു പേരും നൽകി.

ഇതിന് കുറെക്കൂടെ പഴയ ഒരു രൂപം ഉണ്ടായിരുന്നു. ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചതോടെ പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങിയല്ലോ. ആദ്യം ബൈബിൾ മാത്രമാണ് അച്ചടിച്ചിരുന്നത്. ജർമനിയിലെ പ്രൊട്ടസ്റ്റന്റ് വിദ്യാലയങ്ങളിൽ അവരവരുടെ ബൈബിളിന്റെ ആദ്യത്തെ പേജിൽ അടുത്ത സുഹൃത്തുക്കളായ സതീർഥ്യരുടെ ഒപ്പുകൾ ശേഖരിക്കുന്ന സമ്പ്രദായം ആരോ തുടങ്ങി. പിന്നെപ്പിന്നെ ചിലർ അവരവർക്കിഷ്ടമുള്ള വേദവാക്യങ്ങൾ ഒപ്പിനൊപ്പം സൂചിപ്പിക്കുന്ന രീതി ഉണ്ടായി. സങ്കീ. 19:1 എന്നുകൂടെ എഴുതും, ബൈബിളിലെ സങ്കീർത്തനം എന്ന കവിതാസമാഹാരം, അധ്യായം 19, വാക്യം 1. അടുത്ത ഘട്ടത്തിൽ ആ വാക്യം തന്നെ ചെറിയ അക്ഷരങ്ങളിൽ ഉദ്ധരിക്കാൻ തുടങ്ങി. ‘ആകാശം ദൈവത്തിന്റെ മഹത്വം വിളിച്ചോതുന്നു. ആകാശവിതാനം അവിടുത്തെ കരവിരുത് പ്രസിദ്ധമാക്കുന്നു’. അതോടെ പ്രത്യേകം പുസ്തകങ്ങൾ നിർമിക്കാതെ ഇടം തികയുകയില്ല എന്നായി. അങ്ങനെയാണ് പത്തുമുന്നൂറു കൊല്ലം അരങ്ങു വാണ ഓട്ടോഗ്രാഫുകൾ ഉണ്ടായത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ യൂറോപ്പിൽ ഇവ അപ്രത്യക്ഷമായിത്തുടങ്ങിയെങ്കിലും നമ്മുടെ നാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ കോളജുകളിൽ ഈ സമ്പ്രദായം ഉണ്ടായിരുന്നെന്നു തോന്നുന്നു.

പ്രശസ്തരുടെ ഒപ്പുകൾ ശേഖരിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ട്. എന്റെ ബാല്യകാലത്ത് ഞാൻ സൂക്ഷിച്ചിരുന്ന അത്തരം ഒരു പുസ്തകം എന്റെ കൈവശം എവിടെയോ ഉണ്ട്. മഹാകവി ശങ്കരക്കുറുപ്പിന്റെയും പനമ്പള്ളിയുടെയും ഒക്കെ ഒപ്പുകൾ അതിലുണ്ട്.

ശ്രീമാൻ കൊട്ടാരക്കര ശിവശങ്കരൻ നായരുടെ ഈ സമാഹാരം അത്തരത്തിലുള്ള ഒന്നാണ്. ഇത്രയും ദീർഘമായ ഒരു കാലയളവിൽ ഇത്രയും ഗൗരവ ബുദ്ധിയോടെ ഈ വിനോദം കൊണ്ടുനടന്ന മലയാളികൾ വേറെ ഉണ്ടാകാനിടയില്ല. പുല്ലാഞ്ഞിയോട്ട് ശിവശങ്കരൻ 1951 ഫെബ്രുവരിയിൽ തുടങ്ങിയത് 2016 ഒക്ടോബറിൽ സന്ധ്യാദീപമായി തെളിഞ്ഞിരിക്കുകയാണ് ഈ താളുകളിൽ; 2016 ഒക്ടോബർ ഒന്ന് കവിയും ഒപ്പം കുറ്റാന്വേഷകയുമായ ബി. സന്ധ്യ ഇതിൽ തുല്യം ചാർത്തിയ നാൾ. അറുപത്തിയഞ്ചു കൊല്ലം ! ഇതിന്റെ പിറകിലുള്ള ഉത്സാഹവും ഏകാഗ്രതയും പ്രശംസനീയം തന്നെ.

കേശവദേവ്, തകഴി, വള്ളത്തോൾ, അച്ചുവേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന അച്യുതക്കുറുപ്പ്, സി.കെ. പരമേശ്വരൻ പിള്ള, പി.കെ. പരമേശ്വരൻ നായർ, ഗുപ്തൻ നായർ, ഇ.എം. കോവൂർ, ആനന്ദക്കുട്ടൻ, ഒഎൻവി, തിക്കുറിശ്ശി, കെ. ബാലകൃഷ്ണൻ, കുട്ടിക്കൃഷ്ണമാരാർ എന്നിങ്ങനെയുള്ള മഹാപ്രതിഭകളുടെ ഒപ്പ് കാണാൻ ഒരു കൈപ്പുസ്തകം എന്നു മാത്രം കണക്കെഴുതിയാലും ഈ സമാഹാരം പ്രശംസനീയമായ ഒരു പ്രവൃത്തിയുടെ തിരുശേഷിപ്പാണ്.

കൊട്ടാരക്കരയുടെ മൗലികഭാവം നർമരസമാണ്. അത് തിരിച്ചറിയുന്നവരാണ് ഈ ഹസ്താക്ഷര സമാഹാരത്തിൽ ഒപ്പിട്ടിട്ടുള്ള പലരും എന്ന് അവരുടെ കുറിപ്പുകൾ വായിച്ചാൽ ഗ്രഹിക്കാം.

ഒപ്പം, മഹാന്മാരുടെ മനസ്സിനെ മഥിച്ചിരുന്ന ചില ആശയങ്ങൾ അവരുടെ ഒറ്റവരിച്ചിന്തകളിലൂടെ തെളിഞ്ഞുവരുന്നതും ശ്രദ്ധേയമാണ്. കേരളീയ സമൂഹത്തിലെ ജാതി– മത ചിന്തകളാണ് അച്യുതമേനോനു വേവലാതി സൃഷ്ടിച്ചതെങ്കിൽ, തന്റെ സർഗ്ഗചേതനയുടെ ശോഷണമാണ് മലയാറ്റൂർ ഭയപ്പെട്ടിരുന്നത്. മഹാകവി ശങ്കരക്കുറുപ്പ് നിയമത്തെ നിർവചിക്കുമ്പോൾ ലളിതാംബിക അന്തർജനം സ്നേഹത്തെയാണ് സകല നന്മകളുടെയും അടിസ്ഥാനമായി കാണുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, ഓരോ താളും വിലപ്പെട്ടതാണ് എന്ന് നിരീക്ഷിക്കാതെ വയ്യ. വെറും ഒരൊപ്പിൽ സ്വന്തം നഖചിത്രം വരയ്ക്കുകയാണ് കേശവദേവും തകഴിയും ചെയ്തിട്ടുള്ളതെങ്കിൽ ഒരൊറ്റവാക്കിൽ തന്റെ ഹൃദയത്തിന്റെ രേഖാചിത്രം കോറിയിടുകയാണ് ജി. കുമാരപിള്ള. ഒരായിരം വാക്യങ്ങളിൽ വ്യാഖ്യാനിച്ചാലും തീരാത്തവിധം തന്റെ ദർശനവും നർമവും നിരാശയും ഇത്ര ഭംഗിയായി ഒരൊറ്റവാക്യത്തിൽ ദ്യോതിപ്പിക്കാൻ ബഷീറിനല്ലാതെ മറ്റാർക്കാണ് കഴിയുക, ഭൂമി മലയാളത്തിൽ !

എങ്ങനെ നോക്കിയാലും ഒരു മഹായത്നം. എങ്ങനെ വിലയിരുത്തിയാലും ഒരു മഹാവിജയം.

പണ്ഡിതൈഃ സഹസാംഗത്യം
പണ്ഡിതൈഃ സഹസങ്കഥാം
പണ്ഡിതൈഃ സഹമിത്രത്വം
കുർവ്വാണോ നാവസീദതി

എന്ന ആചാര്യമതമാണ് ശ്രീ ശിവശങ്കരൻ നായർ ഈ സമാഹാരത്തിനായി അനുഷ്ഠിച്ച ബകവ്രതം ശ്രദ്ധിക്കുമ്പോൾ എന്റെ ഓർമയിൽ തെളിയുന്നത്.

ശുഭമസ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.