Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശിവരാത്രിയുടെ കാതൽ

ഡി. ബാബുപോൾ
INDIA-RELIGION-HINDU-FESTIVAL

ശിവരാത്രിയാണ് ഈ പക്ഷത്തിലെ വിശേഷം. ഫെബ്രുവരി 13 ന്. വീടിനോട് ഏറ്റവും അടുത്തുണ്ടായിരുന്നത് സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു. കുറേ മാറിയാൽ ദേവീക്ഷേത്രം. തൊട്ടടുത്തെന്നു പറയാൻ ശിവക്ഷേത്രം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ശിവരാത്രി മാഹാത്മ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് ആലുവാ യൂണിയൻ ക്രിസ്ത്യൻ കോളജിൽ എത്തിയതിനുശേഷമാണ്.

ശിവരാത്രി പൂർവസൂരികളെ അനുസ്മരിക്കുന്ന ദിവസങ്ങളിൽ ഒന്നാണ്. ഞാൻ ഉൾപ്പെടുന്ന സഭാവിഭാഗത്തിൽ ആണ്ടിൽ രണ്ടു ദിവസം ഇങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. പല മതങ്ങളിലുമുണ്ട്  ഇത്തരം പ്രത്യേക ദിനങ്ങൾ. മരിച്ചവരെ പാടേ മറക്കുന്നവരുമുണ്ട്  ഈശ്വര വിശ്വാസികളിൽ. ശിവരാത്രി വ്രതം ശിവൻ പാശുപതാസ്ത്രം ഉപസംഹരിച്ച് ലോകത്തെ ഒരു വലിയ ദുരന്തസാധ്യതയിൽനിന്ന് ഒഴിവാക്കിയതിന്റെ സ്മരണയ്ക്കുവേണ്ടി ശിവൻ തന്നെ നിശ്ചയിച്ചതാണെന്നാണ് പുരാവൃത്തം. മാഘമാസത്തിന്റെയും ഫാൽഗുനമാസത്തിന്റെയും മധ്യത്തിലുള്ള കൃഷ്ണപക്ഷ ചതുർദശി രാത്രിയാണ് ശിവരാത്രി. ആ രാത്രി ഉറങ്ങാതെയിരുന്ന്, ഉപവസിച്ച്, ശിവനെ പൂജിക്കണം. ഈ പൂജയുടെ പ്രാർഥനകൾ ധർമം, ധനം, കാമഭോഗങ്ങൾ, ഗുണം, സദ് യശസ്സ്, സുഖം, മോക്ഷം, സ്വർഗം എന്നിവ നൽകണമെന്നാണ്.

ശിവരാത്രിയുടെ ആരംഭം എങ്ങനെയെന്നു വിവരിക്കുന്ന ഈ കഥയിൽത്തന്നെ ഒരു വലിയ സത്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷ സാധിച്ചതിന്റെ ഓർമയാണല്ലോ ശിവരാത്രി. മനുഷ്യന്റെ നന്മയാണ്  സർവശക്തന്റെ ലക്ഷ്യം എന്നതാണു പാഠം.

ശിവലീലകളെക്കുറിച്ചു വായിക്കുമ്പോൾ, പ്രപഞ്ചത്തിന്റെയും ചരാചരങ്ങളുടെയും എല്ലാ ഭാവങ്ങളിലും ഈശ്വരൻ എങ്ങനെ ഫലപ്രദമായി ഇടപെടുന്നുവെന്നു പഠിപ്പിക്കുകയാണ് ഈ ലീലാവിവരണത്തിന്റെ ലക്ഷ്യമെന്നു കാണാം. പാപമോചനം, ശാപമോക്ഷം എന്നിവയിൽ തുടങ്ങുന്നുണ്ടെങ്കിലും ഭാര്യയെ പ്രീണിപ്പിക്കുന്ന ഭർത്താവും സദ്പുത്ര ദാതാവായ ദൈവവും വേദങ്ങൾ ഓതുന്ന ജ്ഞാനസ്രോതസ്സും രാജാക്കന്മാർക്കു കിരീടം നിർമിച്ചു കൊടുക്കുന്ന ലോകാധിപതിയും ആഭിചാരക്രിയകളെ പ്രതിക്രിയകൊണ്ടു നിഷ്ഫലമാക്കുന്നവനും ആനന്ദനൃത്തം, കുറ്റാന്വേഷണം എന്നു തുടങ്ങിയ മാനുഷിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്നവനും പന്നിക്കുട്ടികളെ രക്ഷിക്കുകയും പക്ഷികൾക്കു മൃത്യുഞ്ജയമന്ത്രം പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ജന്തുസ്നേഹിയും എന്നിത്യാദി നിരവധി വ്യാഖ്യാനങ്ങൾക്കു വഴങ്ങുന്നതാണ് ഹാലാസ്യമാഹാത്മ്യത്തിൽ വിവരിക്കുന്ന  അറുപത്തിനാലു ലീലകൾ.

ശിവലിംഗപൂജ പ്രത്യക്ഷത്തിൽ ഒരു അനാചാരമാണെന്നു മറ്റുള്ള മതങ്ങളിൽപ്പെട്ടവർക്കും വൈഷ്ണവർക്കുമൊക്കെ തോന്നാം. എന്നാൽ വാമനപുരാണപ്രകാരമായാലും മഹാഭാരതം വിവരിക്കുന്ന രീതിയനുസരിച്ചായാലും സർവൈശ്വര്യദാതാവും മാനുഷിക പരിമിതികളെ ഉല്ലംഘിക്കാൻ പ്രാപ്തി നൽകുന്നവനും ഈശ്വരനാണെന്ന പ്രമാണമാണ് ശിവലിംഗപൂജയുടെ പിന്നിലുള്ളത്. ഇത്തരം പൂജാവിധികൾക്ക് ഗുണവും ദോഷവും പറയാൻ കഴിയും. യഥാർഥ പശ്ചാത്തലം ഗ്രഹിക്കാതെ കേവലം അനുഷ്ഠാനമെന്ന നിലയിൽ അന്ധമായ ആരാധനയാകുമെന്നതാണ് ദോഷം. അത്രയെങ്കിലും ഉണ്ടാകുമല്ലോയെന്നത് ഗുണവും.

ശിവകഥയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാവം പ്രത്യക്ഷപ്പെടുന്നത് ശിവൻ നീലകണ്ഠനാവുന്ന സന്ദർഭത്തിലാണ്. പാലാഴിമഥന കഥയിലാണ് ഈ സന്ദർഭം. ദുർവാസാവിന്റെ ശാപം ദേവന്മാരെ മനുഷ്യസമാനം ജരാനരകൾക്ക് വിധേയരാക്കി. അതിനു പരിഹാരം തേടിയതാണ് അമൃതിനുവേണ്ടിയുള്ള പാലാഴിമഥനം. പാലാഴി മഥനത്തിൽ കടയാൻ ഉപയോഗിച്ച മത്ത് മന്ദരപർവതമായിരുന്നു. വാസുകിയെന്ന നാഗത്തിന്റെ ഓരോ അഗ്രം ദേവാസുരന്മാർ പിടിച്ച് നാഗത്തെ കയർപോലെ ഉപയോഗിച്ചു. കടയുന്നതിന്റെ വേഗം കൂടിയപ്പോൾ വാസുകി കാളകൂടം ഛർദ്ദിച്ചു. അല്ല, പാലാഴിയിൽനിന്ന് ഉയർന്നുവന്നതാണെങ്കിൽ അങ്ങനെ. ഏതായാലും കാളകൂടവിഷം മനുഷ്യരെക്കാൾ ദേവാസുരന്മാരെയാണ് ഭയപ്പെടുത്തിയത്. ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന വിഷമാണ് പുറത്തുവന്നിരിക്കുന്നത്. ലോകത്തിന്റെ രക്ഷക്കായി ആ വിഷം സ്വയം ഏറ്റുവാങ്ങാൻ ശിവൻ നിശ്ചയിച്ചു. കാളകൂടം വിഴുങ്ങിയ ശിവൻ കാളകണ്ഠനായത് ആ വിഷം ഉദരത്തിൽ എത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ചപ്പോഴാണ്. പുറത്തേക്ക് വരാതിരിക്കാൻ മഹാവിഷ്ണു വായ്പൊത്തിപ്പിടിച്ചു. അപ്പോൾ മേലോട്ടും കീഴോട്ടും പോകാൻ വയ്യാത്ത അവസ്ഥയിൽ ശിവകണ്ഠത്തെ കാളകൂടം നീല നിറമാക്കി. അങ്ങനെ ശിവൻ നീലകണ്ഠനായി.

മനുഷ്യനുവേണ്ടി ഈശ്വരൻ സഹിക്കുന്ന ത്യാഗത്തിന്റെ കഥയാണ് ശിവരാത്രിയുടെ സന്ദേശം. ഓരോ സമൂഹത്തിനും മനസ്സിലാവുന്ന രീതിയിൽ ഈ സന്ദേശം ഈശ്വരൻ വെളിപ്പെടുത്തുകയാണ്.

യേശുക്രിസ്തു ചരിത്രപുരുഷനല്ല എന്നു പറയുന്ന ഇടമറുകുമാർ പണ്ടും ഉണ്ടായിട്ടുണ്ട്. ടൂബിൻഗൺ സർവകലാശാലയിലെ ക്രൈസ്തവ പണ്ഡിതന്മാർതന്നെ ഇത് അറുത്തുകീറി പരിശോധിച്ചിട്ടുണ്ട്. ജോസഫസിന്റെ കൃതിയിൽ ക്രിസ്ത്യാനികൾ തിരുകിക്കയറ്റിയതായി ആരോപിക്കപ്പെട്ട ഭാഗങ്ങൾ മാറ്റിയാലും യേശുവിനെക്കുറിച്ചുള്ള പരാമർശമുണ്ട് എന്നത് ആധുനിക യഹൂദ പാണ്ഡിത്യം അംഗീകരിക്കുന്നുണ്ട്. പ്ലിനിയുടെ റിപ്പോർട്ട് മുതലായവ വേറെ. അതല്ല വിഷയം. പറഞ്ഞുവരുന്നത്, ദൈവം ചരിത്രത്തിൽ ഇടപെട്ടു, സത്യദൈവത്തിൽ നിന്നുള്ള സത്യ ദൈവം മനുഷ്യനായി, മനുഷ്യനുവേണ്ടി സ്വയം ബലിയായി എന്നൊക്കെയാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതെന്നാണ്. ദൈവം സ്വയം ശൂന്യനാക്കി മനുഷ്യന്റെ പാപഭാരം പേറിയതാണ് ക്രിസ്തുവിജ്ഞാനീയം – ക്രിസ്റ്റോളജി– എന്ന വേദശാസ്ത്ര ശാഖയുടെ കാതൽ.

അബ്രഹാമിന്റെ ബലി മൂന്ന് സെമിറ്റിക് മതങ്ങളും ആദരവോടെ അനുസ്മരിക്കുന്നതാണ്. അവിടെ പ്രത്യക്ഷപ്പെടുന്ന കൊറ്റനാട് ദൈവം മനുഷ്യനെ രക്ഷിക്കുന്നതിന്റെ പ്രതീകമാണ്. ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് സ്നാപക യോഹന്നാൻ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞത് യഹൂദമതമോ ഇസ്‌ലാമോ അംഗീകരിക്കില്ലെങ്കിലും മനുഷ്യനുവേണ്ടി അപകടസന്ധിയിൽ നേരിട്ട് ഇടപെടുന്നവനാണ് ദൈവം എന്നതിൽ ആ മതങ്ങൾക്കും സംശയമില്ല.

ശിവരാത്രിയും ദുഃഖവെള്ളിയും ബലിപെരുന്നാളും സംഗമിക്കുന്ന ബിന്ദുവാണ് ഈശ്വരസ്നേഹമെന്ന ആശയം. ലോകത്തിന്റെ നന്മയാണ് ഈശ്വരൻ അഭിലഷിക്കുന്നത്. ആ നന്മ ഉറപ്പുവരുത്താൻ ഏതു പരിധി വരെയും ഈശ്വരൻ പോകും. കാളകൂടവിഷം സ്വന്തം തൊണ്ടയിൽ സൂക്ഷിക്കും, മനുഷ്യന്റെ പാപഭാരം ഏറ്റുവാങ്ങി കാൽവരിയിൽ ബലിയായി ഭവിക്കും. വിശ്വാസികളുടെ പിതാവ് തന്റെ അനുസരണം പ്രഖ്യാപിക്കാൻ മകന്റെ നേർക്ക് കത്തിയെടുത്താൽ അരുത് എന്നു കൽപിച്ച് മരച്ചില്ലകളിൽ കുരുങ്ങിയ പകരക്കാരനെ കാട്ടിക്കൊടുക്കും.

ഈ സ്നേഹം നാം സഹജീവികളോടു കാണിക്കണം. ആയിരം പവൻ കടം ഇളവ് കിട്ടിയവരാണ് ഈശ്വര വിശ്വാസികൾ. പരസ്പരം പത്തു പവന്റെ കടം ഇളവു ചെയ്യാൻ അവർ മടിക്കുന്നു. ഇവിടെ മനുഷ്യൻ ദൈവത്തെ തോൽപിക്കുന്നു. ഇതു മാറ്റാനുള്ള വിവേകം നമുക്കുണ്ടാകണം- അതാണ് ശിവരാത്രിയുടെ സന്ദേശം. കാളകൂടം മനുഷ്യനുവേണ്ടി വിഴുങ്ങിയ ഈശ്വരൻ, മനുഷ്യൻ സഹജീവികൾക്ക് ത്യാഗപൂർണ്ണമായ സ്നേഹം നൽകുമെന്നു പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. ദൈവത്തെ തോൽപിക്കാതിരിക്കുക നാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.