Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശകുനം, രാഹു, പതിമൂന്ന്

ഡി. ബാബുപോൾ
Planet Deep in Space

നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഓർമ. എവിടെയോ കുറിക്കുകയോ പറയുകയോ ചെയ്തിട്ടുള്ളതാണ്. ആവർത്തന വിരസത അനുഭവപ്പെടുന്നവർ ക്ഷമിക്കണം.

അന്ന് ഞാൻ തിരുവനന്തപുരത്ത് സബ് കലക്ടർ. എന്റെ തലതൊട്ടപ്പൻ ഒരു കേസുകെട്ടുമായി തലസ്ഥാനത്തെത്തി. രാവിലെ ഞാൻ ഓഫിസിൽ പോകാനിറങ്ങിയപ്പോൾ കൂടെ ഇറങ്ങി. അപ്പോഴുണ്ട് ശകുനം വരുന്നു വീട്ടുവേലക്കാരി. അവരുടെ ഭർത്താവ്, കുടുംബം ഒക്കെ അന്വേഷിക്കാൻ തുടങ്ങി കാരണവർ. വിധവയാണെന്നറിഞ്ഞപ്പോൾ അർധ മന്ദഹാസത്തോടെ അപ്പച്ചൻ പറഞ്ഞു: അവരുടെ സ്വഭാവം നല്ലതാണോയെന്ന് വൈകിട്ടു പറയാം. വൈകുന്നേരം ഞാൻ വന്നപ്പോൾ വൈകി. വന്നപാടെ ചോദ്യത്തിനു കാത്തു നിൽക്കാതെ വല്യപ്പച്ചൻ കല്യാണിയമ്മയ്ക്കു സ്വഭാവ സർട്ടിഫിക്കറ്റ് നൽകി: അവർ തോന്നിയവാസം നടക്കുന്നവരല്ല. എന്നിട്ട് വിശദീകരിച്ചു: വിധവ ദുശ്ശകുനമാണ്. വേശ്യ നല്ല ശകുനവും. ഇന്നു പോയ കാര്യം നടന്നില്ല. നിനക്ക് മനസ്സിലായല്ലോ.

ഒരു സമൂഹം നല്ലത് എന്നു കരുതുന്ന സംഗതികൾ മറ്റു ചില സമൂഹങ്ങൾക്ക് അറുവഷളായിരിക്കും. കറുത്ത പൂച്ച കുറുകെ ചാടിയാൽ യാത്ര മതിയാക്കുന്നവരുണ്ട്. എന്നാൽ അത് ചില സമൂഹങ്ങളിൽ ശുഭലക്ഷണമാണ്. ഭാരതീയ പാരമ്പര്യത്തിലെ ശകുനങ്ങൾ തന്നെ തമ്മിൽ മിക്കവർക്കും അറിവില്ല. ഉദാഹരണം മന്ത്രി സുധാകരന്റെ ഇഷ്ടമൃഗം– പട്ടി. മന്ത്രി മന്ദിരത്തിനകത്ത് കയറി കുരച്ചാൽ മന്ത്രി മരിക്കും. മന്ത്രിയുടെ ഇടതുകാൽ പട്ടി മണത്താൽ ശുഭം, വലതുകാൽ മണത്താൽ അശുഭം. യാത്രക്കിറങ്ങുമ്പോൾ സ്റ്റേറ്റ് കാറിനു നേരെ വന്നാൽ സൂക്ഷിക്കുക: ആലപ്പുഴയ്ക്ക് തിരിച്ചാൽ കായംകുളം വരെയേ എത്തൂ. യാത്രാവിഘ്നം ഫലം. പട്ടി കുറുകെ നിന്നാൽ വഴിയിൽ തോമസ് ഐസക്കിനെ കാണും. അസ്ഥി കടിച്ചോണ്ടാണ് പട്ടി മന്ത്രിയുടെ നേർക്കു വരുന്നതെങ്കിൽ വെള്ളാപ്പള്ളി നടേശൻ മന്ത്രി സുധാകരനെ കടത്തിവെട്ടും. കയർ കടിച്ചു കൊണ്ടു വന്നാൽ വകുപ്പ് മന്ത്രിയാണെന്ന് പറഞ്ഞിട്ടു കാര്യമില്ല, വിഘ്നം തന്നെ. ചെരിപ്പ് ആവാം, ഇറച്ചിക്കഷ്ണവും ആവാം. അതു ശുഭം. സുധാകരൻ ജയിക്കും. ഇനി പട്ടി സുധാകരന്റെ മുന്നിൽ മൂത്രം ഒഴിച്ചിട്ട് ഓടിയാലോ ? സുധാകരനും പേടിച്ച് മൂത്രം ഒഴിച്ചുപോവും. എന്നാൽ ഓടുന്നത് എകെജി സെന്റിലേക്കോ (ശുഭമായ സ്ഥലം) അമ്പലപ്പുഴയിലേക്കോ (ശുഭമായ ദേശം) ബാഡ്ജ്, കല്യാണക്കുറി തുടങ്ങിയവ (മംഗള പദാർഥങ്ങൾ) ശേഖരിച്ച സ്ഥാനത്തേക്കോ ആയാൽ ഏതു ശത്രുവിനെയും ഉടനെ പരാജയപ്പെടുത്താൻ കഴിയും. ഒരൊറ്റ മന്ത്രി, ഒരൊറ്റ മൃഗം, ഫല വിചാരത്തിലെ സാധ്യതകളോ അനവധി.

ശകുനം മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പു വരുത്തുന്നവരുമുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹത്തിന് വധുവിനെയോ വരനെയോ പ്രാർഥിച്ച് അനുഗ്രഹിക്കാൻ വൈദികനെ ക്ഷണിക്കും. പ്രാർഥന കഴിഞ്ഞാൽ വൈദികൻ സ്ഥലം വിട്ടുകൊള്ളണം. പുരോഹിതൻ ദുശ്ശകുനമാണ്. ആ ശകുനപ്പിശക് ഒഴിവാക്കിയിട്ടാണ് ഗുരുദക്ഷിണ, കാരണവന്മാരുടെ ആശീർവാദം, പെൺമക്കൾക്ക് പ്രത്യേകം കിട്ടുന്ന യാത്രാവന്ദനം തുടങ്ങിയ ചടങ്ങുകൾ. സുമംഗലിയായ ഒരു അമ്മായി – പിതൃസഹോദരി– ആദ്യ ഉമ്മ കൊടുത്ത് പുറത്തു കടക്കും. കത്തിച്ച കോൽവിളക്കുമായി ശകുനം വരാൻ.

രാഹുകാലം നോക്കുന്ന സമ്പ്രദായവുമുണ്ട്. സുറിയാനിക്കാർക്ക്. പണ്ട് വടക്കൻ തിരുവിതാംകൂറിൽ ഈ പരിപാടി ഉണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ കുറുപ്പംപടി പള്ളിയുടെ ആയിരാമാണ്ട് ചരിത്രത്തിൽ തിങ്കളാഴ്ച ഉച്ച തിരിഞ്ഞു നടന്ന ആദ്യത്തെ കല്യാണം എന്റേതായിരുന്നു. രാഹുകാലത്തു വിവാഹം ചെയ്ത മാതാപിതാക്കൾക്കു പിറന്നവൻ രാഹുകാലം ഒഴിവാക്കിയത് ഭാര്യവീട്ടുകാർ മധ്യതിരുവിതാംകൂറിൽനിന്ന് ആയിരുന്നതിനാലാണ്. രാഹുകാലം നോക്കുന്നവർ പോലും അംഗീകരിക്കുന്നതാണ് വിവാഹം ക്ഷേത്ര സന്നിധിയിലായാൽ ഏത് മുഹൂർത്തവും ശുഭമാണെന്ന്. ക്രിസ്തീയ വിവാഹങ്ങൾ പള്ളിയിലാണ് നടക്കുന്നത്. അതുകൊണ്ട് രാഹു അക്കണക്കിൽത്തന്നെ അപ്രസക്തമാണ്. എങ്കിലും ഒരു പരീക്ഷണത്തിന് ആരും തയാറല്ല ഇക്കാലത്ത്.

ഇതുപോലെ ഒരു പരിപാടിയാണ് പതിമൂന്നുപേടി. നമ്മുടെ സുറിയാനികൾക്ക് ആ വിവരം അറിവില്ലായിരുന്നു അടുത്തകാലം വരെ. പാശ്ചാത്യ രീതി പരിചയമുള്ളവരുടെ ഇറക്കുമതിയാണ് അത്. ക്രിസ്തീയ വേദശാസ്ത്രം അനുസരിച്ച് ആ വിശ്വാസം പാഷണ്ഡതയും വേദ വിപരീതവുമാണ് എന്ന് ഈ ഇറക്കുമതിക്കാർ തിരിച്ചറിയുന്നില്ല. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴമേശയിൽ പതിമൂന്നു പേരാണ് ഭക്ഷണത്തിനിരുന്നത്. ഗുരുവും പന്ത്രണ്ട് ശിഷ്യന്മാരും. പിറ്റേന്ന് ഗുരു വധിക്കപ്പെട്ടു. അതുകൊണ്ട് പതിമൂന്ന് അശുഭ സംഖ്യ ആകുന്നു എന്ന് സത്യ ക്രിസ്ത്യാനികൾക്ക് പറയാൻ കൊള്ളാമോ ? പതിമൂന്ന് പേർ ഉണ്ടായിരുന്നപ്പോഴാണ് വിനയത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃക ഗുരു പഠിപ്പിച്ചത്. അവിടെ വെച്ചാണ് തന്റെ ഇഹലോക ജീവിതം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി കുർബാന എന്ന കൂദാശ  സ്ഥാപിച്ചത്. രക്ഷയുടെ ആ പ്രക്രിയയിലെ ഒഴിവാക്കാനാവാത്ത സംഭവമായിരുന്നു. പതിമൂന്നു പേർ പങ്കെടുത്ത അത്താഴം.  വിവരമില്ലാത്ത ഏതോ സായിപ്പ് പറഞ്ഞു അത് അശുഭ സൂചനയാണെന്ന്; ഏറ്റുപിടിക്കാൻ നമ്മളും.

ഒരു തീപ്പെട്ടിക്കോലിൽനിന്ന് മൂന്നു പേർ സിഗററ്റ് കത്തിക്കരുത് എന്നതു സായിപ്പിന്റെ മറ്റൊരു പ്രമാണമാണ്. യുദ്ധഭൂമിയിൽ രാത്രി തീക്കൊള്ളി കണ്ടാൽ ശത്രു ശ്രദ്ധിക്കും, രണ്ടാമന്റെ ഊഴം കണ്ടാൽ തോക്കെടുക്കും, മൂന്നാമന്റെ തലയ്ക്കു വെടി. ഇതിനു പറയാവുന്ന ന്യായം പോലും പതിമൂന്നുപേടിക്ക് ഇല്ല.

കൊച്ചിയിൽ ഇപ്പോൾ കാണുന്ന തുറമുഖത്തിനു തുടക്കം കുറിച്ച ബ്രിസ്റ്റോ സായ്പ് പതിമൂന്നിനെ ഭാഗ്യനമ്പറായാണു കണ്ടിരുന്നത്.  ബ്രിസ്റ്റോ ജനിച്ചത് ഒരു 13 ന്, വിവാഹം മറ്റൊരു 13 ന്. കൊച്ചിയിലെ ജോലിയുടെ ആദ്യഘട്ടം തീർന്നത് 1929 മാർച്ച് 13 ന് ഉച്ചക്ക് ഒരു മണിക്ക് (13.00). ആ വിവരം മദ്രാസിൽ സർക്കാരിനെ അറിയിച്ച ടെലിഗ്രാമിന്റെ ക്രമനമ്പർ 13. മദ്രാസ് മെയിലിൽ വാർത്ത വന്നത് പതിമൂന്നാം പേജിൽ.  ബ്രിസ്റ്റോ കൊച്ചി വിട്ടത് 1941 മാർച്ച് 13ന്. കൊച്ചിയിൽ ബ്രിസ്റ്റോ തൊട്ട് പതിമൂന്നാമത്തെ തുറമുഖ മേധാവി ആയിരുന്നു ഞാൻ. കൊച്ചിയെക്കുറിച്ച് എഴുതിയ ‘എ ക്വീൻസ് സ്റ്റോറി’ എന്ന കൃതിയെ ഞാൻ 13 അധ്യായങ്ങളായി തിരിച്ചു. എന്റെ വിവാഹവും ഒരു 13 നായിരുന്നു. ഈ വീടിരിക്കുന്ന സ്ഥലം 1966 ൽ വാങ്ങിയപ്പോൾ വിസ്തൃതി 13 സെന്റ്, വീടിന് ഇട്ടപേര് കുടുംബപ്പേരാണ്: ചീരോത്തോട്ടം. ഇംഗ്ലിഷിൽ പതിമൂന്നക്ഷരം. രണ്ടാമതൊരു  പേര് വേണ്ടി വന്നു, ഒരു ഫ്ളാറ്റിന്. ആ ഗേറ്റിൽ എഴുതിയത് നിർമലസ്മൃതി; ഇംഗ്ലിഷിൽ പതിമൂന്നക്ഷരം. പതിമൂന്നിനെ ഭയപ്പെടാതിരുന്ന ബ്രിസ്റ്റോ നിർമിച്ച തുറമുഖത്തിന്റെ രണ്ടാംഘട്ടം വല്ലാർപാടം പദ്ധതി നിർദേശിച്ചത് പതിമൂന്നാമത്തെ തുറമുഖ മേധാവി; അത് വിവരിച്ചിരിക്കുന്നത് ‘എ ക്വീൻസ് സ്റ്റോറി’ എന്ന കൃതിയുടെ പതിമൂന്നാം അധ്യായത്തിൽ.

രാഹുകാലത്ത് ഫയലുകളിൽ ഒപ്പു വെക്കാത്ത ബ്രാഹ്മണർ ഐഎഎസിൽ ഉണ്ടായിട്ടുണ്ട്. അത്തരക്കാരാണ് പതിമൂന്നിനെയും ഭയപ്പെടുന്നത്. കേരള ഹൈക്കോടതിയുടെ പതിമൂന്നു വിരുദ്ധ തീരുമാനം അനുചിതമായി എന്നു പറഞ്ഞ സുപ്രീം കോടതിയുടെ നിരീക്ഷണവും ഇവിടെ സ്മർത്തവ്യമാണ്. അമേരിക്കയിൽ പത്തുകൽപനകൾ മുതുകിലേറ്റി നടന്ന ജസ്റ്റിസ് മൂറിനെ അവിടത്തെ സുപ്രിം കോടതി ശാസിച്ചല്ലോ. ഹൈക്കോടതി ജഡ്ജിമാരുടെ സംഘം പതിമൂന്നിനെ ഭയപ്പെട്ടാൽ ജഡ്ജിപട്ടികയിലെ പതിമൂന്നാമനെ എന്തു ചെയ്യും? 2018 ലെ സർക്കാർ ഡയറി അനുസരിച്ച് അത് ജസ്റ്റിസ് ഹരിപ്രസാദ് ആണ്. മൂപ്പുള്ള ആരെങ്കിലും അതിനുശേഷം പിരിഞ്ഞെങ്കിൽ കുറേക്കൂടി ഇളയവർ ആവാം പതിമൂന്നിന്റെ അവകാശി. ആരായാലും പന്ത്രണ്ട് എ എന്ന് പറയാനാവുമോ : ഏ, ഹേ എന്നൊക്കെ ജ‍ഡ്ജിമാരെ വിളിക്കയില്ലല്ലോ ആരും.

എനിക്ക് ജ്യോതിഷത്തിൽ അൽപസ്വല്പം വിശ്വാസം ഉണ്ട്. എന്നാൽ ജ്യോതിഷത്തെയും നിയന്ത്രിക്കുന്ന സർവശക്തനിലാണ് അതിലേറെ വിശ്വാസം. നല്ല കാലം എന്ന് ജ്യോത്സ്യൻ പറഞ്ഞാൽ പ്രെയ്സ് ദ് ലോഡ്. കണ്ടകശനി എന്നാണ് പറയുന്നതെങ്കിൽ ദ് ലോഡ് ഈസ് മൈ ഷെപ്പേർഡ്. ജ്യോതിഷം സ്റ്റാറ്റിസ്റ്റിക്സ് വഴി ഉരുത്തിരിഞ്ഞു വന്ന ഒരു പാതിശാസ്ത്രം ആണ്. എന്റെ അച്ഛന് പരമ പുച്ഛമായിരുന്നു ജ്യോതിഷികളെ. എനിക്ക് മറിച്ചും. ആ കഥ മറ്റൊരിക്കൽ എഴുതാം.

ഏതായാലും രാഹു, ഗുളികൻ, ശകുനം തുടങ്ങിയവയ്ക്കനുവദിക്കാൻ പോന്ന ഒരു കേസ് പോലും ഇല്ല. ഈശ്വര വിശ്വാസം മതി. അതുണ്ടെങ്കിൽ മറ്റൊന്നും നോക്കണ്ട, വാസ്തുവും ജ്യോതിഷവും പോലും. ശകുനവും രാഹുവും ഏതായാലും വേണ്ടേ വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.