Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പുലിക്കുന്നേലിന് ശാന്തി

ഡി. ബാബുപോൾ
josephpulikunnel

ജോസഫ് പുലിക്കുന്നേൽ അനന്ത നിശബ്ദതയുടെ ഭാഗമായി. സക്രിയവും സാർഥകവും ആയ ഒരു ജീവിതത്തിന് അന്ത്യമായി. ആ മരണത്തിൽ ദുഃഖിക്കുകയല്ല, ആ ജീവിതത്തിൽ പാഠങ്ങൾ തേടുകയാണ് മരണം കാത്തിരിക്കുന്നവർ ചെയ്യേണ്ടത്.

ശുദ്ധമാന കത്തോലിക്കാ സഭയുടെ വെന്തിങ്ങ ഇട്ട സൽപുത്രൻ ആയി വളർന്നുവന്ന്, സിഎംഐ സഭയുടെ ദേവഗിരി കോളജിൽ അധ്യാപകനായി, കെ.എം. മാണിക്ക് എത്രയോ മുൻപ് കെ.എം. ജോർജിന്റെയും ബാലകൃഷ്ണ പിള്ളയുടെയും കാലത്ത് കേരള കോൺഗ്രസിന്റെ സംഘാടകനായി, സാധാരണ മട്ടിലുള്ള ഒരു  കത്തോലിക്കാ വിദ്യാസമ്പന്നനായി ജീവിച്ച് പ്രഫസറോ മന്ത്രിയോ വൈസ്ചാൻസലറോ ആയി ഒതുങ്ങുമായിരുന്ന ജോസഫ് പുലിക്കുന്നേൽ വിപ്ലവകാരിയായി മാറിയത് അദ്ദേഹത്തിന്റെ  ഡിഎൻഎയും സാഹചര്യങ്ങളും  പരസ്പരപൂരകങ്ങൾ ആയപ്പോഴാണ്. ദേവഗിരി കോളജിൽനിന്ന് അദ്ദേഹത്തെ പിരിച്ചുവിടാതിരുന്നുവെങ്കിൽ ഒരുപക്ഷേ മാനേജ്മെന്റിന്റെ കാലിൽ കൊണ്ടുകയറിയ ഒരു മുള്ളായി ആ ജീവിതം അസ്തമിച്ചേനേ. തെരഞ്ഞെടുപ്പിൽ ജയിച്ച് എമ്മെല്ലേ ആയിരുന്നുവെങ്കിൽ ഒരുവേള ഒരു കേരള കോൺഗ്രസ് (പുലിക്കുന്നേൽ) ഗ്രൂപ്പ് ഉണ്ടായേനേ. അതൊന്നുമായിരുന്നില്ല ഈശ്വരഹിതം. 

കത്തോലിക്കാസഭയിലെ ആരാധനാ വിവാദങ്ങളിൽ വത്തിക്കാനുമായും വത്തിക്കാന്റെ മാനസപുത്രനായി വിവരിക്കപ്പെട്ട പൗവ്വത്തിൽ തിരുമേനിയുമായും കൊമ്പുകോർത്തതോടെ പുലിക്കുന്നേലിനെ മാർട്ടിൻ ലൂഥറെപ്പോലെ ഒരു പുലിയായി ജനം കുറെപ്പെരെങ്കിലും കാണാൻ തുടങ്ങി. മൂക്കറ്റം മുങ്ങിയവന്  കയത്തിന്റെ ആഴം പ്രധാനമല്ല എന്ന മട്ടിൽ പുലിക്കുന്നേൽ എഴുതാനും തുടങ്ങി. കർദ്ദിനാൾ പാറേക്കാട്ടിൽ ഭാരതീയതയ്ക്കായി നിലകൊണ്ടത് അദ്ദേഹത്തിന് ഊർജം പകർന്നു. വി.വി. ജോസഫ് ഐഎഎസ്,  ഡോക്ടർ എം.വി. പൈലി തുടങ്ങിയവരെപ്പോലുള്ളവരുടെ പിന്തുണ ധൈര്യം നൽകി.

സമാന്തരമായി, എവിടെ അൽമായന് നീതി നിഷേധിക്കപ്പെട്ടു എന്നു തോന്നിയോ അവിടെയൊക്കെ ഇടപെടുന്ന റിബൽ നേതാവായും ജനങ്ങൾ പുലിക്കുന്നേലിനെ കണ്ടു. അദ്ദേഹം ശവസംസ്കാരങ്ങൾക്കു കാർമികനായി. സ്വന്തം ഓശാന വഴി അതു മാലോകരൊക്കെ അറിഞ്ഞു. കത്തോലിക്കാ സഭയ്ക്കെ തിരെ ആര് എന്തെഴുതിയാലും പ്രോത്സാഹിപ്പിക്കുന്ന സ്വഭാവമുള്ള മാധ്യമങ്ങൾ വഴി പുലിക്കുന്നേൽ സഭയ്ക്കകത്തെ പ്രശ്നങ്ങൾ പൊതുവേദികളിൽ ചർച്ചാവിഷയമാക്കി. അവനവന്റെ പല്ലിട കുത്തി ആശാനെ മണപ്പിക്കുന്നതിലെ അഭംഗി ചൂണ്ടിക്കാണിച്ചവർ പുലിക്കുന്നേലിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിൻവലിഞ്ഞു.

ഞാൻ ഒരിക്കൽ ഒരു കല്യാണവും മറ്റൊരിക്കൽ ഒരു മാമ്മോദീസായും നടത്തി. കല്യാണം നടത്തിയത് ഒരു പെൺകുട്ടി ഒരു ഹിന്ദുവിനെ പ്രണയിക്കുകയും സഭയും ആറെസ്സെസും അപ്പുറമിപ്പുറം നിന്ന് ഹോഹ്വാ വിളിക്കും എന്ന് ഭയപ്പെടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തപ്പോഴാണ്. 

അൽപം സംസ്കൃതം ഉണ്ടെങ്കിൽ ഒരുക്കത്തിൽ സാധിക്കാവുന്നതേ ഉള്ളൂ സംഗതി.

ആദ്യം ഓം പിതാപുത്ര പവിത്രാത്മ സ്വരൂപായ പരമേശ്വരായ നമഃ,

ഒടുക്കം

ഓം ശാന്തിഃ  ശാന്തിഃ ശാന്തി, 

ഇടയ്ക്ക് പി.സി. ദേവസ്യയും ഐ.സി. ചാക്കോയും. കല്യാണം കഴിഞ്ഞു ! ശുഭം.

മാമ്മോദീസായും സാഹചര്യവശാൽ നടത്തേണ്ടി വന്നതാണ്. നവജാത ശിശുവിന്റെ  ആരോഗ്യം സന്നിഗ്ദ്ധാവസ്ഥയിലായതാണ് കാരണം. അങ്ങനെ വരുമ്പോൾ മാമ്മോദീസാ വയറ്റാട്ടിക്കും നടത്താം.

വിവാഹം പൗരസ്ത്യ പാരമ്പര്യത്തിൽ കൂദാശയാണ്. എങ്കിലും പാശ്ചാത്യ ക്രൈസ്തവർക്കും കൂദാശകളില്ലാത്ത ക്രൈസ്തവ വിഭാഗങ്ങൾക്കും ഈശ്വരസന്നിധിയിൽ മനുഷ്യർ നടത്തുന്ന ഉടമ്പടിയാണ്. അത് വധുവിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടാണ് വിവാഹം നടത്തിയത്.

അതായത്, പുലിക്കുന്നേൽ ശവസംസ്കാരത്തിനു മുഖ്യകാർമികനായതിൽ വലിയ അപാകതയൊന്നും ഇല്ല. ശവസംസ്കാരം കൂദാശയല്ല. എന്നാൽ പുലിക്കുന്നേൽ അത് ധീരമായി ചെയ്തതുകൊണ്ട് വീട്ടുകാർക്ക് മനഃസമാധാനം കിട്ടി, റിബലുകൾക്ക് ആത്മവിശ്വാസം കൂടി, കൊച്ചമ്മമ്മാരുടെ അഹങ്കാരത്തിന് ഒരു വെല്ലുവിളിയുമായി.

ജോസഫ് പുലിക്കുന്നേലിനോട് എനിക്കു വിയോജിപ്പുള്ള വിഷയമാണ് ചർച്ച് ആക്ട്. ഇടവക ജനങ്ങൾക്ക് പൈതൃകമായി കിട്ടിയതോ അവർ ആർജ്ജിച്ചതോ ആയ സ്വത്ത് ഭരിക്കേണ്ടതു സർക്കാരല്ല. മൺറോ ദേവസ്വം വകുപ്പ് ഉണ്ടാക്കിയത് ജന്മിമാർ ക്ഷേത്രസ്വത്തുക്കൾ ധൂർത്തടിക്കുകയും ക്ഷേത്രങ്ങൾ അധോഗതിയിലാവുകയും ചെയ്തപ്പോഴാണ്.

മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കൾ അവരുടെ ഇടവകകളുടെ  വകയല്ല. അതൊക്കെ അവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.  അതുപോകട്ടെ, മെത്രാൻ വിരുദ്ധമനസ്സ് സൃഷ്ടിച്ച ഇത്തരം  നിലപാടുകൾ മാധ്യമശ്രദ്ധ ആകർഷിച്ചേക്കാം. കാര്യം മുഴുവൻ അറിയാത്തവർ അത്ഭുതം കൂറി എന്നും വരാം.

ഇപ്പറഞ്ഞ ഒരു കാര്യവും ജോസഫ് പുലിക്കുന്നേലിനെ എന്റെ മനസ്സിൽ ഒരു വീരപുരഷനാക്കുന്നില്ല. എന്നാൽ അദ്ദേഹം എനിക്ക് വീരപുരുഷനാണു താനും. അതിന്റെ കാരണം ഓശാന ബൈബിൾ ആണ്. ഇതിനോടകം പത്തുലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ബൈബിൾ.

ഔപചാരികമായി ബൈബിളോ വേദശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത ഒരു അധ്യാപകന്റെ  ഉൽസാഹത്തിൽ ബൈബിൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് ചില്ലറക്കാര്യമല്ല. 1982 മെയ് അവസാനവാരമായിരുന്നു ആ ചരിത്രസംഭവം. അതിലേക്ക് നയിച്ചതാവട്ടെ, മലയാളത്തിന്റെ മഹാപ്രതിഭ മുണ്ടശ്ശേരിയുടെ നിർദേശവും. സി.ഡി. ദേശ്മുഖിനെപ്പോലെ സിവിൽ സർവീസിൽ തുടങ്ങി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാനായി  വിരമിച്ച യുഗപ്രഭാവനായ ജോർജ് ജേക്കബിന്റെ അഗ്രാസനാധിപത്യത്തിൽ, എൻ.വി. കൃഷ്ണവാര്യരുടെ ഭാഷാശുദ്ധിയുടെ ധൈര്യത്തിൽ, വേദപണ്ഡിതരായ ചില വൈദികരുടെ നിരീക്ഷണത്തിൽ, ബൈബിളിനെയും മലയാള ഭാഷയെയും സ്നേഹിച്ച ഒരു സംഘം അവൈദികരായിരുന്നു ഈ മഹായത്നത്തിനു പിന്നിൽ. കൊയ്നെ ഗ്രീക്കിൽനിന്നു മലയാളത്തിലേക്കു നേരിട്ടു പരിഭാഷപ്പെടുത്തിയ മൂളിയിൽ ബൈബിൾ എന്ന പുതിയ നിയമപരിഭാഷ നിർവഹിച്ച ഫ്രെഡറിക് മൂളിയിലിനെ ഒഴിച്ചാൽ അൽമായരാരും കൈവച്ചിട്ടില്ലാതിരുന്ന മേഖല. ഫ്രെഡറിക് മൂളിയിൽ തന്നെയും അവൈദികനെങ്കിലും  വൈദിക വിദ്യാർഥികളെ ഗ്രീക്ക് ഭാഷ പഠിപ്പിച്ചിരുന്നയാളാണ്. അത് വേദശബ്ദരത്നാകരം പോലെതന്നെ ഒരൊറ്റ വ്യക്തിയുടെ ആശയവും ഉത്സാഹവും സാക്ഷാത്കാരവുമാണ് എന്നതിനാൽ ഓശാന ബൈബിൾ എന്നറിയപ്പെടുന്ന മലയാളം ബൈബിൾ എന്ന പരിഭാഷയെക്കാൾ ആദരവ്  അർഹിക്കുന്ന പ്രയത്നം തന്നെയായിരുന്നു എങ്കിലും ഓശാന പോലെ ബൃഹത്തും സമഗ്രവുമായിരുന്നില്ല.

മലയാളത്തിലെ ആദ്യ പരിഭാഷ 1807 ൽ തയാറായി. 1811– ൽ അച്ചടിച്ചു. ക്ലോഡിയസ് ബുക്കാനന്റെ നിർദേശമനുസരിച്ച് ചേപ്പാട്ട് പീലിപ്പോസ് റമ്പാൻ തമിഴ് പണ്ഡിതനായ തിമ്മപ്പാ പിള്ളയുടെ സഹായത്തോടെ നിർവഹിച്ച ഭാഷാന്തരം സുറിയാനിയിൽ നിന്നായിരുന്നു. അത് പുതിയ നിയമം. അടുത്ത ഘട്ടമാണ് ബെഞ്ചമിൻ ബെയ്‌ലിയുടെ പരിശ്രമം. സുറിയാനി ഉപേക്ഷിച്ച് ഇംഗ്ലിഷ് ആധാരമാക്കി ആയിരുന്നു പരിപാടി. എട്ട് സുറിയാനി പണ്ഡിതർ, എബ്രായ– സംസ്കൃത പണ്ഡിതനായിരുന്ന  ഒരു വൈദ്യനാഥയ്യർ, ചുനങ്ങാട്ട് ചാത്തുമേനോൻ തുടങ്ങിയവരുടെ സഹകരണത്തോടെ 1842 ൽ പഴയ– പുതിയ നിയമങ്ങൾ മലയാളത്തിലെത്തി. വടക്കേ മലബാറിലെ മലയാളം അടിസ്ഥാനമാക്കിയാണ് ഗുണ്ടർട്ട് പുതിയ നിയമം വിവർത്തനം ചെയ്തത്. അത് മൂലഭാഷയായ ഗ്രീക്കിൽ നിന്നായിരുന്നു. തുടർന്ന് 1859 ൽ പഴയ നിയമവും മലയാളത്തിലായി. 1910 ൽ സത്യവേദപുസ്തകം എന്ന പരിഭാഷ വന്നു. കത്തോലിക്കരൊഴിച്ചുള്ളവരൊക്കെ അതു വായിച്ചുവന്നു. പിന്നീട് പരിഷ്കരണങ്ങളും പുതിയ പരിഭാഷകളും ഉണ്ടായി. വേദപുസ്തക വിവർത്തനത്തിലും  കൈയെഴുത്തു പ്രതികൾ പകർത്തുമ്പോഴും വരാവുന്ന തെറ്റുകളുണ്ട്. അവയെക്കുറിച്ചറിഞ്ഞ് ശുദ്ധപാഠം കണ്ടെത്താൻ സഹായിക്കുന്ന പഠനരീതിയാണ് വേദശാസ്ത്രത്തിൽ ടെക്സ്ച്വൽ ക്രിട്ടിസിസം എന്നറിയപ്പെടുന്നത്. വേദശബ്ദ രത്നാകരത്തിൽ വേദപുസ്തക വിവർത്തന സ്ഖലിതങ്ങൾ എന്ന ശീർഷകത്തിൽ  ഇക്കാര്യം വിവരിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടുകാലം വേദശബ്ദ രത്നാകരത്തിന്റെ പണിപ്പുരയിൽ കഴിയവെ, ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ഒട്ടേറെ പരിഭാഷകൾ പരിശോധിക്കേണ്ടി വന്ന എനിക്ക് ധൈര്യമായി പറയാൻ കഴിയും, ഓശാന ബൈബിളാണ് ഏറ്റവും നല്ല മലയാള പരിഭാഷ എന്ന്. ഒരു സഭയുടെയും ഔദ്യോഗികമായ അംഗീകാരം  അതിനൊട്ടില്ല താനും.

ഓശാന ബൈബിൾ – മലയാളം ബൈബിൾ എന്നാണ് കൃത്യമായ പേര്– സഭയുടെ അംഗീകാരത്തിനു പുറത്തായിരിക്കുന്നത് നിർഭാഗ്യകരമാണ്. ആ പരിപാടിക്കു നേതൃത്വം കൊടുത്ത ജോസഫ് പുലിക്കുന്നേൽ സഭയിലെ ഡെവിൾസ് അഡ്വക്കേറ്റ്– പിശാചിന്റെ വക്കീൽ – ആയി വാഴ്ത്തപ്പെടുന്നവനാണ്. തന്നെയുമല്ല, ഔദ്യോഗിക പരിഭാഷകൾ അംഗീകാരത്തോടെ പ്രചരിക്കുമ്പോൾ ഇനി പുലിക്കുന്നേലിനെ പുണ്യവാനാക്കുക എളുപ്പവുമല്ല.

വേദശബ്ദരത്നാകരം പ്രീപബ് വ്യവസ്ഥയിൽ (പ്രീപബ് എന്ന പേര് മലയാളത്തിന് ഡീസിയുടെ സംഭാവനയാണ്) ലഭ്യമാകുമെന്ന് അറിയിപ്പു വന്നപ്പോൾ ഒരു വൈദികൻ ചോദിച്ചുവത്രെ, ബൈബിൾ നിഘണ്ടു എഴുതാൻ ബാബുപോളിന് എന്തവകാശം, വാട്ടീസ് ഹിസ് ക്രെഡൻഷ്യൽ ? എന്നാൽ ഒരുപാടു വൈദികരുടെ സ്വകാര്യ ലൈബ്രറികളിൽ ഞാൻ ആ പുസ്തകം കണ്ടിട്ടുണ്ട്. ഓശാന ബൈബിളും അങ്ങനെ പ്രചരിക്കുന്നുണ്ട്, പിഒസി ബൈബിളിനെക്കാൾ ഏറെ.

ഇനി ചെയ്യാനുള്ളത് എല്ലാവരും ചേർന്ന് ഒരു വിവർത്തനമുണ്ടാക്കുകയാണ്. കത്തോലിക്കാ മെത്രാൻ സമിതി, അകത്തോലിക്കരുടെ ബൈബിൾ സൊസൈറ്റി, സാഹിത്യ അക്കാദമി, സർവകലാശാലകളുടെ മലയാള വിഭാഗങ്ങൾ എല്ലാം സഹകരിച്ച് സഭാഭേദമന്യേ ഉപയോഗിക്കാവുന്ന ഒരു വിവർത്തനം ഉണ്ടാകണം. ലൂക്കായും ലൂക്കോസും സക്കായിയും സക്കേവൂസും, സദൂക്യരും സദൂക്കായരും തുടങ്ങി തുടക്കക്കാരെ വിഷമിപ്പിക്കുന്ന ട്രാൻസ്‌ സ്ലിറ്ററേഷനുകൾ ഒഴിവാക്കി ഏകരൂപപ്പെടുത്തുകയും വേണം.

കത്തോലിക്കാ– ഓർത്തഡോക്സ് – മാർത്തോമ്മാ– പ്രൊട്ടസ്റ്റന്റ് സഭകൾ ഒത്തുചേർന്ന് വേണം അത് ചെയ്യുവാൻ. അതിൽ ജോസഫ് പുലിക്കുന്നേലിനെ ഉൾപ്പെടുത്തണം എന്ന് 2007 ൽ ഞാൻ എഴുതിയിരുന്നു.

പുലിക്കുന്നേൽ ഒരു റിബൽ ആയിരുന്നു എന്നതു ശരി. എന്നാൽ അദ്ദേഹം ഒരിക്കലും സഭ വിട്ടുപോയില്ല. സഭ അദ്ദേഹത്തെ മഹറോൻ ചൊല്ലി പുറത്താക്കിയതുമില്ല. വ്യക്തിതലത്തിൽ തികഞ്ഞ സത്യവിശ്വാസിയായിരുന്നു അദ്ദേഹം. പുലിക്കുന്നേലിന്റെ കലഹവും കലാപവും വിശ്വാസത്തിനെതിരെ ആയിരുന്നില്ല. സഭയുടെ ഘടന, അനുഷ്ഠാനങ്ങൾ, അച്ചടക്കനിയമങ്ങൾ, വൈദികരുടെ അഹങ്കാരം തുടങ്ങിയവയ്ക്കെതിരെ ആയിരുന്നു അത്. മാർട്ടിൻ ലൂഥറുടെ  വിപ്ലവത്തിന് അഞ്ഞൂറാണ്ട് പ്രായമാവുമ്പോൾ മാർപാപ്പയ്ക്ക് മുഖ്യാതിഥി ആവാമെങ്കിൽ ജോസഫ് പുലിക്കുന്നേലിന്റെ നന്മയും ദൗത്യവും തിരിച്ചറിയാൻ കേരളത്തിലെ തിരുസഭയ്ക്കും കഴിയണം.

ഒരു പുതിയ എക്യുമിനിക്കൽ ബൈബിൾ പരിഭാഷ ഉണ്ടാകട്ടെ. അത് സത്യവേദപുസ്തവും പിഒസി ബൈബിളും ഓശാനയുടെ പരിഭാഷയും ഒപ്പം ചേർത്തുവച്ച് പരിഷ്ക്കരിച്ചിട്ടാവട്ടെ. അന്തരിച്ച പുലിക്കുന്നേലിനെ റിബലായി കാണാതെ, വേദപുസ്തകം നല്ല മലയാളത്തിൽ ജനങ്ങളിലെത്തിച്ച അപ്പസ്തോലനായി കാണാൻ എല്ലാവർക്കും കഴിയുമെങ്കിൽ നമുക്ക് ഒരു നല്ല വിവർത്തനം കിട്ടും. ഓശാന ബൈബിളിനെ ഒഴിവാക്കിയാൽ അത് അപൂർണ്ണമാവും എന്നതു മറക്കണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.