Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രിസ്മസ്, മറിയം, കെ. പി. അപ്പൻ

 ഡി. ബാബുപോൾ
chirstmas1n

ക്രിസ്തുവിന്റെ ജനനം ലോകം ആഘോഷിക്കുന്ന കാലം വരവായി. ഡിസംബർ 25 ആണല്ലോ നാം ചാർത്തിക്കൊടുത്തിട്ടുള്ള തീയതി. അത് ശരിയെങ്കിൽ ബൈബിളിലെ വിവരണങ്ങൾ തെറ്റാണ് എന്നു പറയേണ്ടി വരും. ഡിസംബറിൽ കടുത്ത തണുപ്പാണ് പലസ്തീനിൽ. അക്കാലത്ത് ഇടയന്മാർ ആടുകളുമായി വെളിമ്പ്രദേശത്തിരുന്നു തീ കായുകയില്ല. അങ്ങനെ ഒരു കാലം ഉണ്ട്.

തണുപ്പ് തുടങ്ങുന്നകാലം. അത് നവംബർ പകുതിയോടെ തീരും. ബൈബിൾ പറയുന്ന മറ്റേ സംഗതി കാനേഷുമാരി ആണ്. അവരവർ താമസിക്കുന്ന ഇടത്ത് ഇരുന്ന് ആധാർ കാർഡ് എടുക്കണം എന്നല്ല ചക്രവർത്തി പറഞ്ഞത്. താന്താന്റെ പട്ടണത്തിൽ ചെന്ന് ഹാജർ വയ്ക്കണം എന്നായിരുന്നു വിളംബരം. സാമാന്യബുദ്ധിയുള്ള ഒരു ഭരണാധികാരിയും കടുത്ത ശൈത്യകാലത്ത് മനുഷ്യരെ ഇങ്ങനെ തലങ്ങും വിലങ്ങും ഓടിക്കയില്ല. അതുകൊണ്ട് ക്രിസ്തു ജനിച്ചത് നവംബർ മധ്യത്തിന് മുൻപോ ഫെബ്രുവരി പകുതി കഴിഞ്ഞിട്ടോ ആവണം.

ഇത്രയും പറഞ്ഞ സ്ഥിതിക്ക്, ഡിസംബർ 25 എങ്ങനെ ഈ പുരാണത്തിൽ കടന്നുവന്നു എന്നുകൂടെ പറയണമല്ലോ. റോമാ സാമ്രാജ്യത്തിൽ ആ നാളിൽ ഒരു സൂര്യോത്സവം ഉണ്ടായിരുന്നു. ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചിട്ടും ജനം ആ ആഘോഷം കൈവിട്ടില്ല. ഇത് ചക്രവർത്തിക്കും സഭയ്ക്കും അസ്വീകാര്യമായിരുന്നു എന്ന് പറയേണ്ടതില്ല. അപ്പോഴാണ്. ക്രിസോസ്തം എന്ന സ്വർണ്ണ നാവുകാരൻ ഒരു പുതിയ വെളിപാടുമായി രംഗത്തെത്തിയത്. ക്രിസ്തുവാണ് മനുഷ്യജാതിയുടെ സൂര്യൻ. അതുകൊണ്ട് സൂര്യോത്സവം ക്രിസ്തു ജയന്തി ആയി കരുതിയാൽ മതി. അടിച്ച വഴി പോകാത്ത കന്നിനെ പോയ വഴി അടിക്കുക !

ഈ കാലം സഭയുടെ പഞ്ചാംഗത്തിൽ ആഗമനകാലം എന്നു വിളിക്കപ്പെടുന്നു. ആഗമനകാലത്തിന് സായിപ്പ് വിളിക്കുന്ന പേര് ദ് ആഡ് വന്റ് എന്നാണ്. ക്രിസ്മസിന് മുന്നുള്ള ഒരുക്കക്കാലത്തെയാണ് ഓൾഡിംഗ്ലിഷ് അങ്ങനെ വിളിച്ചത്. കാലം 963. കൃതി : ദ് ആംഗ്ലോ സാക്സൺ ക്രോണിക്കൾ. ലത്തീനിലെ അദ് വന്തൂസ് ആണ് ആഡ് വെന്റ് ആയത്. 1400 ആയതോടെ ക്രിസ്തുവിന്റെ രണ്ടാംവരവും 1700 മുതൽ ഏതു പ്രധാനപ്പെട്ട ജനമുന്നേറ്റവും ആഡ് വന്റ് എന്ന് വിവരിക്കാൻ മതിയായ ധൈര്യം ഇംഗ്ലിഷ് ഭാഷ നേടി. എങ്കിലും ആദ്യ നൂറ്റാണ്ടുകളിലെ അർഥകല്പന തന്നെ ആണ് ആഡ് വന്റ് വേദപണ്ഡിതരിൽ ഉണർത്തുന്നത്.

ആഗമനകാലത്തെ ദൃശ്യ മുഖം പതിമൂന്നു വയസ്സായ മറിയ എന്ന പെൺകുട്ടിയുടെ നിഷ്ക്കളങ്കമുഖം ആണ്. ആഗമിച്ചു കഴിഞ്ഞാലൊ, അവളിൽ സുരക്ഷിതത്വം കാണുന്ന ഒരു ശിശുവാകും മുഖം ഒന്ന്. ആദ്യം കണ്ട മുഖം അൽപം പിന്നിലായി രണ്ടാം മുഖമായി മാറും.

ഇത് പാശ്ചാത്യർ ഗ്രഹിക്കാൻ കാലമേറെ എടുത്തു. അമ്മയും കുഞ്ഞും മാത്രം ഉള്ളതിനെ അവർ സിംഗിൾ പേരന്റ് യൂണിറ്റായി കണ്ടു. എന്നാൽ പൗരസ്ത്യർ തുടക്കം മുതൽ അത് തൊട്ടറിഞ്ഞവരാണ്. അതേ, തൊട്ട്, എലിശ്ബ മറിയത്തെ സ്പർശിച്ചപ്പോൾ ഗർഭത്തിലെ ശിശുവിനെ തൊട്ടതിനാലാണ് ‘എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം’ എന്ന് ആവേശത്തോടെ വാങ്മയം വരച്ചത്.

പതിമൂന്നുകാരി  ഒന്നും ഗ്രഹിച്ചില്ല എന്നു പറയരുത്. മൂന്നാമത്തെ വയസ്സ് മുതൽ ദേവാലയത്തിൽ പുരോഹിതന്മാരുടെ ശിക്ഷണത്തിൽ പഠിച്ചും പ്രാർഥിച്ചും ഉപവസിച്ചും കഴിഞ്ഞവളാണ് മറിയം. സങ്കീർത്തനങ്ങൾ അവൾക്ക് ഹൃദിസ്ഥമായിരുന്നു. സദൃശ്യവാക്യങ്ങൾ അവൾ അറിഞ്ഞിരുന്നു. ഉത്തമഗീതവും ഹന്നായുടെ കീർത്തനവും അവൾക്ക് അപരിചിതമായിരുന്നില്ല. അതുകൊണ്ട് അവൾ ഗ്രഹിച്ചു. എല്ലാം. അതേ, എല്ലാം.

എഴുന്നൂറ് കൊല്ലം മുൻപാണ് യെശയ്യ എന്ന പ്രവാചകൻ കന്യക ഗർഭം ധരിക്കും എന്ന് കോറിയിട്ടത്. അതറിയാത്ത കന്യകമാർ യഹൂദ സമൂഹത്തിൽ ഉണ്ടായിരുന്നില്ല.  പത്തും പതിനൊന്നും വയസ്സിൽ ദേവാലയോന്മുഖമായും ഈശ്വരോന്മുഖമായും ചിന്തിച്ചിരുന്ന വര്യേണ കുടുംബങ്ങളിലെ സുന്ദരികളായ പെൺകുട്ടികൾ കണ്ണാടിയിലെ പ്രതിഫലനത്തോട് എത്ര വട്ടം ചോദിച്ചിട്ടുണ്ടാവണം, ആശയോടെയും പ്രതീക്ഷയോടെയും ചോദിച്ചിട്ടുണ്ടാവണം, അത് ഞാനാണോ ? അതുകൊണ്ട് മറിയത്തിനു കാര്യം മനസ്സിലായി.

ഒരു വലിയ കെണിയാണ് അതു സൃഷ്ടിച്ചത് എന്ന് മാത്രം. വിവാഹം നിശ്ചയിക്കപ്പെട്ട കന്യക ഭർതൃഗൃഹത്തിലാണ് താമസിക്കുക ഒരു വർഷം. ആ കാലത്ത് അവൾ ഭർത്താവിന് ഭാര്യയല്ല. എന്നാൽ അമ്മായിയമ്മയ്ക്ക് മരുമകളാണ്. ഭർത്തൃ സഹോദരിക്ക് നാത്തൂനാണ്. നാത്തൂന്റെ മക്കൾക്ക് അമ്മായിയാണ്. ഭർത്താവിന്റെ ജ്യേഷ്ഠന്റെ മക്കൾക്ക് കുഞ്ഞമ്മയാണ്. അവർക്കൊക്കെ ഒപ്പം കളിച്ചു മറിയാം. ഭർത്താവുമായി മാത്രം തൊട്ടുകൂടായ്മ. ദൂരെനിന്നു കാണാം. ചുറ്റുവട്ടത്ത് മറ്റാളുകൾ ഉള്ളപ്പോൾ പരസ്പരം സംസാരിക്കാം.

ചിലപ്പോൾ ഈ നിയമം തെറ്റും. പ്രകൃതി നിയമങ്ങൾ ശരിയാവും. പ്രതിശ്രുത വധു ഗർഭിണിയാവും. അത് മുൻകണ്ട ശാസ്ത്രിമാർ അതിനും നിയമം ഉണ്ടാക്കിയിരുന്നു. പ്രതിശ്രുതവരനിൽനിന്ന് പ്രതിശ്രുത വധുവിൽ ജനിക്കുന്ന ശിശു കടിഞ്ഞൂലായി എണ്ണപ്പെടും. ഒരു ഊനമില്ലാത്ത ആട്ടിൻകുട്ടി, ഇരുപത്തിയഞ്ച് ജോഡി പ്രാവുകൾ, അമ്പത് ചോദന എണ്ണ, മറ്റു വല്ല പ്രായശ്ചിത്തവും മഹാപുരോഹിതൻ നിശ്ചയിച്ചാൽ അതു പുറമേ. പ്രായശ്ചിത്തം മതി സത്യം അംഗീകരിക്കപ്പെടാൻ.

അപ്പോൾ ഗർഭം  യൗസേഫിൽനിന്നല്ലെങ്കിൽ പ്രശ്നമാവും. മറ്റൊരു പുരുഷന്റേതാണ് ഭ്രൂണമായ ശിശു എങ്കിൽ വിവാഹനിശ്ചയം കഴിഞ്ഞ യൂദ യുവാക്കളുടെ കയ്യബദ്ധം ഗുരുതര സ്ഖലിതമായ വ്യഭിചാരമായി മാറും. പിന്നെ അപമാനവും മരണവും മാത്രം ആണ് മുന്നിൽ.

ഇവിടെ അങ്ങനെ അതിക്രമിച്ചുകടന്ന  ഒരു പുരുഷൻ ഇല്ല. ക്ഷന്തവ്യമായോ ശിക്ഷാർഹമായോ ഒരു ആക്രമണമില്ല. പതിമൂന്നു വയസ്സുള്ള പെൺകുട്ടി എന്തു ചെയ്യും, ആരോട് പറയും ? അതിനുള്ള സൂചന മാലാഖ തന്നെ കൊടുത്തിരുന്നത് തുണയായി. ഈ രഹസ്യം ഗ്രഹിക്കാവുന്ന മട്ടിൽ അനുഭവം കൊണ്ട് മനസ്സു പാകപ്പെട്ട വൃദ്ധയായ ഒരു ബന്ധു ഉണ്ട്, യഹൂദ്യ മലനാട്ടിൽ. പെട്ടെന്നാണ് മറിയത്തിന് അതു കത്തിയത്. അവൾ ഇറങ്ങി. ബദ്ധപ്പെട്ട് പോയി എന്നാണ് സുവിശേഷം പറയുന്നത്. ഈ ഗർഭത്തെ നിയമ വിധേയമാക്കാൻ ഒരേയൊരു വഴി. ജോസഫ് നുണ പറയണം. വൃദ്ധനായ യൗസേഫ് എങ്ങനെ നുണ പറയും ? അടുത്തറിഞ്ഞ സമൂഹം വിളിച്ചിരുന്നത് കീനൊ എന്നാണ്. നീതിമാൻ. ഒരു തെറ്റും ചെയ്യാത്തവൻ.

ജോസഫിനോട് നേരിട്ട് ഇക്കാര്യം പറയാൻ മറിയ ത്സാൻസി റാണിയോ ഇന്ദിരാഗാന്ധിയോ ഒന്നും അല്ല താനും. പാവം നാടൻ കന്യക. അതുകൊണ്ട് ആ ചുമതലയും ദൈവം ഏറ്റെടുത്തു. ജോസഫിന് ദർശനം ഉണ്ടായി. ‘ദാവീദിന്റെ മകനായ യൗസേഫേ, മറിയയെ ചേർത്തുകൊള്ളുവാൻ ശങ്കിക്കേണ്ട. കർത്താവ്  പ്രവാചകൻ മുഖാന്തിരം അറിയിച്ചത് നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.’- മത്തായിയുടെ സുവിശേഷം, അധ്യായം 1, 20: 23.  മറിയ പ്രസവിക്കാൻ പോകുന്നത് ഇസ്രയേലിന്റെ രക്ഷകനെയാണ് എന്ന് തിരിച്ചറിഞ്ഞ ജോസഫ് തിരുഹിതത്തിന് വഴങ്ങി. ആഗമനകാലത്ത് ആഗമിക്കുന്നത് മനുഷ്യാവതാരം സ്വീകരിക്കുന്ന ദൈവം തന്നെ. എന്നാൽ അതിന് വഴിയൊരുക്കുന്നവളുടെ ആഗമനകാലവും ആണല്ലോ ഈ ഒമ്പത് മാസവും.

പൗരസ്ത്യ സഭകൾ ഈ മഹാസത്യം ആദ്യം തന്നെ തിരിച്ചറിഞ്ഞു. യേശുവിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും മറിയത്തിന്റെ മാതൃസാന്നിധ്യം ഉണ്ടായിരുന്നു. പ്രസവം, ആട്ടിടയന്മാരിലൂടെ അധഃസ്ഥിതരും പൂജരാജാക്കന്മാരിലൂടെ അധികാരവും പാണ്ഡിത്യവും ളള്ള ആളുകളും  പൂവിട്ടു പൂജിക്കാൻ വന്നപ്പോൾ, ചേലാ കർമവേളയിൽ, ദേവാലയ പ്രവേശനത്തിൽ, അവളുടെ ഹൃദയത്തിലൂടെ  കടക്കാനുള്ള വാൾ പ്രവചിക്കപ്പെട്ടപ്പോൾ തെളിഞ്ഞ വിവിധ ജീവിതാനുഭവങ്ങളിൽ പെസഹാ മാളികയുടെ അന്തഃപുരങ്ങളിൽ ഒന്നാം ഹവ്വായുടെ പാപം പരിഹരിക്കാനുള്ള ബലിക്കായി ഒരുക്കാനുള്ള അപ്പം നിർമിക്കാൻ നേതൃത്വം കൊടുക്കുന്ന രണ്ടാം ഹവ്വയായി. പിന്നെ കുരിശ് വഹിച്ച് നടക്കുന്നവന്റെ പിറകെ വിലപിച്ചു നടക്കുന്നവർക്ക് ഒരമ്മയായി, കുരിശിൻ ചുവട്ടിൽ എല്ലാം ഉള്ളിൽ  സംഗ്രഹിച്ച് അകന്നു നിന്നപ്പോൾ മകന്റെ വിളി കേൾക്കാൻ കഴിഞ്ഞ പുണ്യപ്പെട്ട മാതാവായി, സ്വർഗ്ഗാരോഹണത്തിനുശേഷം തന്റെ മകന്റെ കല്പന അനുസരിച്ച് പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്ന ശിഷ്യസമൂഹത്തിലെ വിശുദ്ധ സാന്നിദ്ധ്യമായി. ഒടുവിൽ അവളുടെ ഭൗതികമരണം സംഭവിച്ചപ്പോൾ മകന്റെ അടുക്കലേക്ക് മാലാഖമാർ വഴി അവളുടെ ശരീരം ആരോപിക്കപ്പെട്ടപ്പോൾ. ആരോഹണം മകനുള്ളതാണ്. അമ്മ ദൈവം അല്ല. അമ്മയുടേത് ആരോപണം. - ആരാനും എടുത്തു കയറ്റുന്നത് ആരോപണം. സ്വയം കയറുന്നത് ആരോഹണം. മലയാള ഭാഷയ്ക്ക് ഈ പുതിയ വാക്ക് നൽകിയത് സംസ്കൃത പണ്ഡിതനായ ഐ. സി. ചാക്കോ പണ്ട് മറിയത്തിന്റെ മരണത്തിന് മലയാളത്തിൽ പറഞ്ഞിരുന്നത് വാങ്ങിപ്പ് എന്നായിരുന്നു. വാങ്ങുക എന്നതിന് രണ്ടർഥം. പീടികയിൽനിന്ന് വാങ്ങുക. അടുപ്പിൽനിന്ന് വാങ്ങുക. രണ്ടായാലും വാങ്ങപ്പെടുന്നത് ഇരുന്ന സ്ഥാനത്തിനോട് യാത്ര പറയുകയാണ്. അതാണ്  വാങ്ങിപ്പ്. കേരളത്തിലെ പഴയ വിശ്വാസികൾ ഉപയോഗിച്ച പഴയ മലയാള പദം. 1950 ൽ ആണ് പാശ്ചാത്യസഭ– മാർപാപ്പ– ഈ വിശ്വാസം പ്രഖ്
യാപിച്ചത്. അപ്പോൾ വാങ്ങിപ്പിന് ഗമ പോരെന്നായി. വാങ്ങിപ്പ് എന്ന പദം ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിൽ ഏതാണ്ട് അന്യവുമായിരുന്നു അപ്പോഴേക്കും. അങ്ങനെയാണ് പാണിനീയ പ്രദ്യോതകാരൻ  സ്വർഗ്ഗാരോപണം എന്ന പുതിയ പദം സൃഷ്ടിച്ചെടുത്തത്.

അതിരിക്കട്ടെ, ആഗമനകാലം മറിയയുടെ കാലമാണ് എന്ന പൗരസ്ത്യധാരണയ്ക്ക് ന്യായം നിരത്തുകയായിരുന്നു ഞാൻ.

ഭാരതത്തിലെ യാക്കോബായ ഓർത്തഡോക്സ് സഭയോട് ചേർന്നു നിൽക്കുന്ന കോപ്റ്റിക് സഭയിൽ ഈ ആഗമനകാലത്തിന് പ്രത്യേകം ഒരു പേര് ഉണ്ട്. കിയാ ഹ്ക്  KIAHK. സത്യത്തിൽ ഈ പദത്തിന്റെ ഉത്ഭവം പേഗൻ ഐതിഹ്യങ്ങളിലാണ്. ക–ഹ–ക എന്നത് ഓപിസ് എന്ന വിശുദ്ധവൃഷഭമാണ്. അത് ഉർവ്വരതയുടെ ചിഹ്നം. മറ്റൊന്ന് ഒസിരിസ്. ശൈത്യകാലത്ത് ആരാധിക്കപ്പെട്ടിരുന്ന മരണാനന്തര ജീവന്റെ ദേവത.  ബാർലിയുടെയും ഗോതമ്പിന്റെയും വിത്തുകൾ കുതിർത്ത് മൂടി വച്ച് നാമ്പെടുക്കുമ്പോൾ ഒസിരിസിനെ അതിൽ കണ്ട പേഗൻമതത്തിന്റെ സ്ഥാനത്ത് കിയാ ഹ്ക് മാസത്തിൽ ഗോതമ്പ് മുളപൊട്ടുമ്പോൾ സഭ കാണുന്നത് നിത്യകർത്താവായ യേശുവിനെയാണ്. ഈ മാസം മരിയമാസം എന്നും വിളിക്കപ്പെടാറുണ്ട് ഈജിപ്തിൽ. സൂര്യനായാണ് ക്രിസോസ്തം ക്രിസ്തുവിനെ കണ്ടത്. കോപ്റ്റിക് ക്രൈസ്തവർ ഒസിരിസിനെ ക്രിസ്തുവായി പരിവർത്തനം ചെയ്തു.

അതേ, ആഗമനകാലം ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ ആഗമനമാണ്. എന്നാൽ ആഗമനകാലത്ത് ആരാധനയുടെ കേന്ദ്രബിന്ദു ആ വരവിന് വഴിയൊരുക്കിയ പെൺകുട്ടിയാണ്- മറിയ.

മറിയയെക്കുറിച്ച് പഠിക്കുന്ന ഒരു വേദവിജ്ഞാനശാഖ ഉണ്ട്. മരിയ വിജ്ഞാനീയം എന്ന് മലയാളത്തിൽ പറയും. മേരിയോളജി എന്ന് സായിപ്പ്. ഈ ചിന്ത ഇഷ്ടപ്പെടാത്ത  പ്രൊട്ടസ്റ്റന്റുകാർ അതിനെ മേരിയോളട്രി എന്ന് പരിഹസിക്കും. വിഗ്രഹാരാധനയെ ഐഡോളട്രി  എന്ന് പറയുമ്പോലെ.

മേരിയോളജി വിപുലമായ ഒരു മേഖലയാണ്. മലയാളത്തിൽ മേരിയോളജിയിൽ പെടുത്താവുന്ന ആദ്യകൃതി ‘മറിയം പ്രാർഥിച്ചു എന്ന മത്തായിശ്ലീഹായുടെ നമസ്ക്കാരം’ എന്നതാണെന്ന് തോന്നുന്നു. കയ്യെഴുത്തു പ്രതിയാണ് ഞാൻ കണ്ടിട്ടുള്ളത്. വേദശബ്ദ രത്നാകരത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട് എന്നാണ് ഓർമ. അത് വിവർത്തനം. അർണോസ് പാതിരി (1681– 1732) യുടെ ഉമ്മാടെ ദുഃഖം ആണ് മലയാളത്തിൽ വിരചിതമായ ആദ്യത്തെ മേരിയോളജി രചന. ചാവറപ്പിതാവിന്റെ രചനയും സ്മർത്തവ്യം. ടി. ടി. ഏബ്രഹാം രചിച്ച ‘മ്ശിഹായുടെ മാതാവ്’ ആണ് ആദ്യകാല ഗദ്യ രചനകളിൽ പ്രധാനം. കെ. പി. അപ്പന്റെ ‘മധുരം നിന്റെ ജീവിതം’ മലയാളത്തിലെ ആദ്യ മേരി വിജ്ഞാനീയ കൃതി എന്ന് ആ പുസ്തകത്തിന്റെ തുടക്കത്തിൽ പ്രസാധകർ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയല്ല എങ്കിലും ഏറ്റവും മനോഹരമായ മേരി വിജ്ഞാനീയകൃതി അപ്പൻ രചിച്ചതുതന്നെയാണ്. ആ പുസ്തകത്തിൽ സ്ഖലിതങ്ങൾ ഉണ്ട്. അബിയാക്കൂർ ഒരു സ്ഥലം ആണ് എന്ന പ്രസ്താവന ഉദാഹരണം. എന്നാൽ അവ നിസ്സാരമായി തള്ളാം. മറിയയെക്കുറിച്ചുള്ള മനോഹരമായ കവിതയാണ് ഗദ്യത്തിൽ രചിച്ചിട്ടുള്ള ഈ കൃതി.

ആഗമനകാലം അവസാനിക്കുന്നത് ക്രിസ്മസിലാണ്. അതിന് മുൻപുള്ള ഇരുപത്തിയഞ്ച് ദിവസങ്ങൾ നോമ്പുകാലമാണ്. കോപ്റ്റിക്ക് ക്രൈസ്തവർ ഈ നോമ്പിന് മറിയയുടെ നോമ്പ് എന്നാണ് പേര് നൽകിയിട്ടുള്ളത്. അവിവാഹിതയായ കന്യക ഗർഭകാലത്ത് അനുഭവിച്ച ഉൽക്കണ്ഠകൾക്കും വിഹ്വലതകൾക്കും നോമ്പിലൂടെ പരിഹാരം തേടിയിരിക്കണം എന്ന ധാരണയാണ് ഇതിന്  പിന്നിൽ എന്ന് മരിയ പനാജിയ മിയോള എന്ന കന്യാസ്ത്രി ഒസർവത്തോരെ റൊമാനോയിൽ (ഡിസംബർ 8, 2017) എഴുതിയിരിക്കുന്നു. കോപ്റ്റിക് ആരാധനയിൽ ഈ കാലത്തെ അടയാളപ്പെടുത്തുന്നത് തിയോട്ടോക്കിയൻ ചിന്തകളാണ് എന്നും അവർ പറഞ്ഞു തരുന്നുണ്ട്.

ക്രിസ്മസ് കാലത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രശസ്ത ചിത്രവും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഈജിപ്തിലെ പള്ളികളിലാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. മരിയ ലക്താൻസ എന്ന് പറയും ലത്തീനിൽ. മുലയൂട്ടുന്ന മറിയം. ഗ്രീക്കിൽ മറിയ ഗാലക്ടോ ട്രോഫൂസ. പാൽ കൊണ്ട് പോഷിപ്പിക്കുന്ന മറിയം.

അലക്സാൻഡ്രിയയിലെ അത്താനാസിയോസ് ആണ് നിഖ്യാസുന്നഹദോസിൽ (എ. ഡി. 325) മനുഷ്യാവതാരത്തിന്റെ വിശ്വാസ പ്രമാണം രൂപപ്പെടുത്തിയത്. മറിയത്തെക്കുറിച്ച് അത്താനാസിയോസ് നാലാം നൂറ്റാണ്ടിൽ നടത്തിയ ഒരു വചന പ്രഘോഷണം മേരിയോളജിയിലെ ഒരു പ്രശസ്ത ഭാവനയാണ്. മാലാഖമാരും പ്രധാന മാലാഖമാരും ആരുടെ സന്നിധിയിൽ വിറയാർന്നുവോ, അവനെ മറിയം ഗർഭത്തിൽ വഹിച്ചു, ആരുടെ സന്നിധിയിൽ അവർ നിശ്ശബ്ദത വരിക്കുന്നുവോ അവനോട് അവൾ മുഖാമുഖം സംവദിച്ചു എന്നിങ്ങനെ പോകുന്നു ആ ഭാഷണം.

ഭാഗ്യ സ്മരണാർഹനായ സഖാ ബാവാ 1982 ൽ ചെയ്ത ഒരു പ്രഭാഷണത്തിൽ, മറിയ ഇല്ലെങ്കിൽ സുവിശേഷം ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് അവളെ സുവിശേഷരുടെ രാജ്ഞി എന്ന് വിശേഷിപ്പിച്ചത്.

മറിയയെക്കുറിച്ച് മനോഹരമായ ഗദ്യകവിത രചിച്ച കെ. പി. അപ്പൻ – മധുരം നിന്റെ ജീവിതം എന്ന അപ്പൻകൃതി 2008 ൽ കേന്ദ്ര സാഹിത്യ  അക്കാദമി അവാർഡ് നേടി- അന്തരിച്ചതും ഒരു ആഗമനകാലത്തായിരുന്നു എന്ന വസ്തുതയും ഇപ്പോൾ ഓർത്തുപോകുന്നു. അപ്പൻ മാരാരുടെയും സി.ജെ. യുടെയും അനന്തരവൻ ആയിരുന്നു എന്ന് ഒരു സ്മാരക പ്രഭാഷണത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ‘ബൈബിൾ വെളിച്ചത്തിന്റെ കവചം’  ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് അവതാരിക എഴുതാനും എനിക്ക് ഭാഗ്യം ലഭിച്ചു. ‘‘ബൈബിൾ ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ. ഇതുവരെയുള്ള കാലം മുഴുവൻ ഞാൻ ബൈബിളിന്റെ സാക്ഷിയും വായനക്കാരനും ആണ്. ആ സത്യകൂടാരത്തിന്റെ ശുശ്രൂഷകനാകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും മനുഷ്യ ഭാഗധേയത്തിന്റെയും പ്രശ്നങ്ങളെ ഉപമകളാക്കി പ്രസ്താവിക്കുന്ന ബൈബിൾ എന്റെ ബുദ്ധിപരമായ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ശക്തിയാണ്’ എന്ന് ഏറ്റുപറഞ്ഞ കെ.പി. അപ്പൻ ബീഡിനും പ്രഭവാനന്ദയ്ക്കും പരമ ഹംസർക്കും വിവേകാനന്ദനും രംഗനാഥാനന്ദനും ഒപ്പം ചേർന്നു നിൽക്കുന്ന ക്രിസ്തു ഭക്തനാകയാൽ അപ്പനെ ആണ്ടോടാണ്ട് ക്രിസ്മസ് കാലത്ത് ഓർക്കുന്നതിൽ ഒരു കാവ്യനീതി ഉണ്ട് എന്നും പറയാതെ വയ്യ. കലഹത്തെയും ക്ഷോഭത്തെയും  സർഗാത്മകചാരുത കൊണ്ട് അലങ്കരിച്ച നിരൂപകനായിരുന്നു അപ്പൻ.

കലഹവും ക്ഷോഭവും സർഗചേതനയുടെ ഭാഗമാക്കി അവതരിപ്പിച്ച മനുഷ്യ പുത്രൻ പിറവിയെടുത്ത കഥ പറയുന്ന കാലത്ത് അപ്പനെ ഓർത്തു പോവുന്നത് എത്ര സ്വാഭാവികം !

ക്രിസ്മസ്, മറിയം, കെ.പി. അപ്പൻ. ഒത്തുപോവുന്ന ഒരു ത്രിത്വം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.