Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓഖിയും ഉരുളും

ഡി. ബാബുപോൾ
Ockhi Cyclone

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി എന്നത് ഒരു അർധസത്യം മാത്രം ആണ്. ശ്രീലങ്കയ്ക്കപ്പുറം ന്യുനമർദമുണ്ടായി എന്ന അറിയിപ്പു കേട്ട് മത്സ്യത്തൊഴിലാളികളെ തടയാനാണെങ്കിൽ ആണ്ടിൽ പകുതി അങ്ങനെ പോകും. എന്നാൽ വലിയ കെടുതി ഉണ്ടായപ്പോൾ ജനങ്ങളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ സർക്കാരിനായില്ല. അതാണ് പ്രശ്നമായതും. ഇപ്പോൾ ഓർമ വരുന്നു, ഒരു പഴയ സമാന സംഭവം.

1974 ജൂലൈ 26–ാം തീയതി ഞാൻ മൂന്നാറിലായിരുന്നു. അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ ഞാൻ മൂന്നാറിൽനിന്നു തിരിച്ചു. ഇരുട്ടുകാനത്തിന് കുറെ മുകളിലോളം എത്തിയപ്പോൾ റോഡിൽ മണ്ണിടിഞ്ഞു കിടക്കുകയാണ് എന്നറിഞ്ഞു. ഇതു ഹൈറേഞ്ചിൽ ഒരു നിത്യസംഭവമാണ്. ശക്തിയായി ഒരു മഴ പെയ്താൽ എവിടെയെങ്കിലുമൊക്കെ മലയിടിയും. അതു ഞാൻ അത്ര കാര്യമാക്കിയില്ല. വെള്ളത്തൂവൽ– പനംകുട്ടി വഴി പോകാമെന്നു കരുതി കുറെ ദൂരം ചെന്നപ്പോൾ ഒരു കൂറ്റൻ മരം കടപുഴകിക്കിടക്കുന്നു. ആ വഴിയും മുടങ്ങി. പിന്നെ ഒരു വഴി ഉള്ളത് ഉടുമ്പഞ്ചോല വഴിയാണ്. തിരിച്ചു മൂന്നാറിലെത്തി ദേവികുളം, ശാന്തൻപാറ, ഉടുമ്പഞ്ചോല വഴി യാത്ര തുടർന്നു. ഇരുപുറവും സുന്ദരദൃശ്യങ്ങൾ, ഏലക്കാടുകൾ. ഇടതൂർന്ന വനങ്ങൾ, അവിടവിടെ മനുഷ്യവാസത്തിന്റെ ലക്ഷണങ്ങൾ. റോഡിന്റെ ഇരുപുറവും വനജ്വാലകൾ പോലെ പൂത്തു നില്ക്കുന്ന കാട്ടുമരങ്ങൾ, ഇടയ്ക്കിടെ തലേരാത്രിയിലെ കൊടുങ്കാറ്റാൽ മറിഞ്ഞു വീണ മരങ്ങൾ മാർഗതടസ്സം ഉണ്ടാക്കിയിരുന്നു. ഭാഗ്യവശാൽ അവിടെയൊക്കെ സഹായിക്കാൻ ആളുകളുണ്ടായി. ഉച്ചയ്ക്ക് ഒന്നരമണിയായപ്പോൾ ഇടുക്കിയിൽ എത്തിച്ചേർന്നു.

തലേന്നു ശക്തിയായി മഴ പെയ്തിരുന്നു. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയർന്നു. ചെറുതോണിയിലൂടെ വെള്ളം നേരത്തെ പുറത്തേക്ക് ഒഴുകിയിരുന്നു. ഔട്ട്‌ലെറ്റുകളിലൂടെ പെട്ടെന്നു വെള്ളം പൊങ്ങിയപ്പോൾ ചെറുതോണിയുടെ കിളരം കുറഞ്ഞ ബ്ലോക്കുകളുടെ മുകളിലൂടെയും വെള്ളം ഒഴുകാൻ തുടങ്ങി. ചെറുതോണിപ്പുഴയുടെ കരകൾക്കു താങ്ങാവുന്നതിലും ഏറെയായിരുന്നു വെള്ളം. ഇടുക്കി – കട്ടപ്പന റോഡിന്റെ അരികുപറ്റിയാണ് ചെറുതോണി കുറെയിടം ഒഴുകുന്നത്. റോഡിന്റെ ഒരു വശം ഇടിയാൻ തുടങ്ങി. ആകെ ഒരു ടെൻഷൻ. എൻജിനീയർ ജോസ് ശങ്കൂരിക്കലിന്റെ നേതൃത്വത്തിൽ തകൃതിയായ കരുതൽ നടപടികൾ നടക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലായിടവും ഒന്നോടി നോക്കി. ജോസിനും ആർഡിഒ വിജയചന്ദ്രനും ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇടുക്കിയിൽനിന്നു പാലായ്ക്കു പുറപ്പെടാൻ തുടങ്ങുമ്പോൾ രണ്ടുപേർ ഓടിക്കിതച്ചുവന്നു.  വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാം കണ്ടം എന്ന സ്ഥലത്ത് മലയിടിഞ്ഞിരിക്കുന്നു. ഉരുൾ പൊട്ടിയോ എന്നു സംശയം. രണ്ടു പേർ മരിച്ചു എന്നു ഭയപ്പാട്. ഉടനെ ആർഡിഒ. വിജയചന്ദ്രന് പതിനാറാംകണ്ടത്തേക്ക് പുറപ്പെടുവാൻ നിർദേശം നൽകി. രണ്ടു സെക്‌ഷൻ റിസർവ് പൊലീസിനെയും കൂട്ടിക്കൊള്ളുവാൻ പറഞ്ഞു.

തൊട്ടുപിറകെ വന്നു മറ്റൊരു വാർത്ത. നേരിയമംഗലം പവർഹൗസിൽ വെള്ളം കയറിയിരിക്കുന്നു. തൽക്കാലം ഒരു കിംവദന്തിയുടെ ഗൗരവമേ അതിന് ഉണ്ടായിരുന്നുള്ളൂ എങ്കിലും അവഗണിക്കാവുന്ന കാര്യമല്ല അതെന്ന് എനിക്കു തോന്നി. പവർഹൗസുമായി ഉണ്ടായിരുന്ന വാർത്താവിനിമയ ബന്ധങ്ങൾ അറ്റുപോയിരുന്നു. ഇടുക്കിയിൽനിന്നു നേരിയമംഗലം പവർഹൗസ് സ്ഥിതി ചെയ്യുന്ന പനംകുട്ടിയിലേക്കുള്ള വഴിയിൽ ഉടനീളം മലയിടിഞ്ഞു കിടക്കുന്നു. ഇലക്ട്രിസിറ്റി ബോർഡിലെ ഒരു സംഘം ഉദ്യോഗസ്ഥന്മാരെ അങ്ങോട്ടയച്ചു; കാൽനടയായി പോയി വിവരം അറിഞ്ഞുവരാൻ. കോതമംഗലത്തുനിന്നു ബോർഡിന്റെ പുതിയ റോഡിലൂടെ പനംകുട്ടിയിലെത്താൻ കഴിയുമോ എന്നു പരീക്ഷിക്കുവാനും ഏർപ്പാടു ചെയ്തു. (ആ റോഡിലും മലയിടിഞ്ഞിരുന്നു എന്നു പിന്നെയാണ് അറിഞ്ഞത്).

പിറ്റേന്നു രാവിലെ ഹൈറേഞ്ചിൽ ഉരുൾപൊട്ടിയതായി വിവരം കിട്ടി. പത്രഭാഷയിൽ, സ്ഥിരീകരിക്കപ്പെടാത്ത വാർത്ത. ഏതായാലും പോയി അന്വേഷിക്കുക എന്നുതന്നെ വച്ചു. കുറെ ചെന്നപ്പോൾ വണ്ടിയുടെ ആക്സിൽ  ഒടിഞ്ഞു. അതും ഒരു ഓണംകേറാമൂലയിൽ വച്ച്. വണ്ടി ശരിയാക്കിക്കിട്ടിയപ്പോഴേക്കും നേരം വൈകി. ഇനി ഹൈറേഞ്ചിലേക്ക് ഇന്നു പോകാൻ സാധ്യമല്ല. പോയിട്ടു വിശേഷവും ഇല്ല. അന്നു വഴിക്കു തങ്ങി. എന്റെ സ്വന്തം വീട്ടിൽ.

രാത്രി പതിനൊന്നര മണി ആയിക്കാണും. വീടിന്റെ മുൻവശത്തു വർത്തമാനവും ജീപ്പിന്റെ ഹോണും എല്ലാം കൂടെ ഒരു ബഹളം. ലൈറ്റിട്ട് നോക്കിയപ്പോഴുണ്ട് ഹൈറേഞ്ചിലെ നേതാക്കന്മാർ. ദേവികുളം എംഎൽഎ വരദൻ, മന്നാങ്കുണ്ടം പഞ്ചായത്തു പ്രസിഡന്റ് ഇട്ടൂപ്പ്, പിന്നെ കുറെ മുഖപരിചയമുള്ള പൊതുക്കാര്യപ്രസക്തർ. അവർ ഒരു ഭാഗ്യാന്വേഷണം എന്ന മട്ടിൽ വീട്ടിൽ കയറിയതാണ്; എന്നെ അന്വേഷിച്ചു കോട്ടയത്തിന് പോകുന്ന വഴി. വരദൻ പതിവുപോലെ കൈകൾ രണ്ടും തലയ്ക്കു മീതെ ഉയർത്തി വണക്കം ചൊല്ലി, എന്നാൽ മുഖത്തു തീരെ പ്രസാദമില്ല.

ഉരുൾ പൊട്ടിയിരിക്കുന്നു. റോഡിലൊക്കെ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. എട്ടുപത്തു മൈൽ നടന്നിറങ്ങിയാണ് അവർ ഒരു ജീപ്പ് വാടകയ്ക്കെടുത്ത് എത്തിയിരിക്കുന്നത്. നാശനഷ്ടങ്ങൾക്ക് കണക്കില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തെ മലയോര കർഷകന്റെ അധ്വാനം ഫലശൂന്യമായിരിക്കുന്നു. എത്ര പേർ മരിച്ചു എന്നുതന്നെ അറിഞ്ഞുകൂടാ. ആകെ സംഭ്രമജനകമാണ് അന്തരീക്ഷം. വികാര വൈവശ്യം കൊണ്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാൻ തന്നെ കഴിവില്ലാത്ത നിലയിലായിരുന്നു അവർ.

ഉടൻ തന്നെ മടങ്ങുവാനും ജനങ്ങളെ ശാന്തരാക്കാൻ പരിശ്രമിക്കാനും ഞാൻ അവരോടു പറഞ്ഞു. നേരം പുലരുമ്പോൾ ഞാൻ അവിടെ ഉണ്ടാകും. അവർ പോയി.

അതിരാവിലെ ഞാനും കിഴക്കോട്ടു തിരിച്ചു. നേരിയമംഗലം പാലത്തിൽ കാറു നിർത്തി. പെരിയാറിന്റെ ഒഴുക്കു കണ്ടാൽ സംഗതിയുടെ ഗൗരവത്തെക്കുറിച്ച് ഒരു ധാരണ കിട്ടുമല്ലോ എന്നു കരുതി ഞാൻ അവിടെ ഒന്നിറങ്ങി നോക്കി. ഒന്നേ നോക്കിയുള്ളു. കൂറ്റൻ തടികൾ ഒഴുകിപ്പോകുന്നു. ഭയാനകമായ ഗതിവേഗം. മുകളിൽ കാര്യങ്ങൾ വഷളായിരിക്കും എന്ന് എനിക്കു തോന്നി. ഞാൻ യാത്ര തുടർന്നു. റാണിക്കല്ലു കഴിഞ്ഞു. തൊണ്ണൂറ്റൊൻപതിലെ പ്രളയത്തിൽ പഴയ മൂന്നാർ റോഡ് ഒലിച്ചുപോയതിനെത്തുടർന്നു വെട്ടിയതാണ് ഈ റോഡ്. ഇതിന്റെ നിർമാണത്തിന്റെ കഥ കുറിച്ചിട്ട സ്മാരക ഫലകമാണ് റാണിക്കല്ല്. പിന്നെ വാളറയായി. അവിടുന്നങ്ങോട്ടു കാർ പോവുകയില്ല. റോഡിലാകെ മലയിടിഞ്ഞു മഴയിൽ കുതിർന്നു കിടക്കുകയാണ്. ഞാൻ ചെരുപ്പ് അഴിച്ചു പാന്റ്സ് മേലോട്ടു തെറുത്തുകയറ്റി ചെളിയിൽക്കൂടെ നടന്ന് അപ്പുറത്തെത്തി. റോഡിലെ ഗതാഗത തടസ്സം നീക്കാൻ ശ്രമങ്ങൾ നടക്കുകയായിരുന്നു. റോഡു ശരിയാകുന്ന മുറയ്ക്ക് കാർ  കൊണ്ടുവന്നേക്കാൻ ഡ്രൈവർ വിശ്വനാഥനോടു പറഞ്ഞു. അപ്പുറത്തു വരദനും ഇട്ടൂപ്പും ഒക്കെ ഉണ്ടായിരുന്നു. അന്നു മുഴുവൻ ആ പ്രദേശത്തെ നാശനഷ്ടങ്ങൾ ചുറ്റിക്കണ്ടു. എങ്ങും കദനകഥകളുടെ മൗനമുദ്ര പതിഞ്ഞ മുഖങ്ങൾ. വീടു തകർന്നവർ, വീടിരുന്ന സ്ഥലം പോലും നഷ്ടപ്പെട്ടവർ, ഉറ്റവരും ഉടയവരും മരിച്ചുപോയവർ, ആകെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി.

പഞ്ചായത്തിന്റെ ഉത്സാഹത്തിൽ റിലീഫ് ക്യാംപുകൾ തുറന്നു കഴിഞ്ഞിരുന്നു. അവിടെയൊക്കെ പോയി. കൂടുതൽ ക്യാംപുകൾ തുറക്കാൻ ഏർപ്പാടാക്കി. ഡോക്ടറെ വിളിച്ചു പ്രതിരോധ കുത്തിവയ്പുകൾ നടത്താൻ നിർദേശിച്ചു. അപകടത്തിൽപ്പെട്ട എല്ലാവർക്കും ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകാൻ ഉത്തരവു കൊടുത്തു. അതിന് അർഹരായവരുടെ കണക്ക് എടുക്കുമ്പോൾ വളരെ സൂക്ഷിക്കണം  എന്നു തഹസീൽദാരോടു പ്രത്യേകം നിർദേശിച്ചു. അതോടൊപ്പം, അനർഹരായ രണ്ടു പേർക്കു റേഷൻ കിട്ടുന്നതിനേക്കാൾ അപകടമുള്ളത് അർഹനായ ഒരാൾക്കു കിട്ടാതെ പോകുന്നതായിരിക്കും എന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഗവൺമെന്റിൽ ജനങ്ങൾക്കു വിശ്വാസം തോന്നേണ്ടതു വളരെ പ്രധാനമാണ് എന്നെനിക്കു തോന്നി. ആളുകളൊക്കെ ക്ഷോഭിച്ചിരുന്ന സമയം. പ്രകൃതി വരുത്തിയ നാശങ്ങൾക്കു മുഖ്യമന്ത്രിയും കലക്ടറും ഉത്തരം പറയണം എന്ന മട്ടായിരുന്നു അവർക്ക്. കുറെ ചെറുപ്പക്കാരുടെ ചുവന്നു കലങ്ങിയ കണ്ണുകൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. അടിമാലിയിൽ കിട്ടാനുണ്ടായിരുന്ന ഒരേയൊരു മൈക്ക് സെറ്റ് വരുത്തി ഞാൻ ജനങ്ങളോടു സംസാരിച്ചു. അത് എംഎൽഎ വരദന്റെ ആശയമായിരുന്നു. ഏതായാലും നന്നായി. ദൈവാധീനം എന്നേ പറയാനാവൂ, അടിമാലിയിലെ അന്തരീക്ഷം അതോടെ കുറെ ശാന്തമായി. ‍ഞാൻ അവരോടു പറഞ്ഞു: ഞാൻ വൈകുണ്ഠത്തുനിന്നു നൂലിൽ ഇറങ്ങി വന്ന ഐഎഎസ് രാജകുമാരനല്ല. ഇവിടെനിന്നു മുപ്പത്തഞ്ചു മൈൽ അകലെ ഇതിനെക്കാൾ  ചെറിയ ഒരു ഗ്രാമത്തിൽ ജനിച്ചവനാണ്. ഇവിടെ എന്റെ നാട്ടിൽനിന്നു കുടിയേറി പാർത്തവർ ധാരാളം ഉണ്ട്. ഇവരുടെ വസ്തുവകകൾ നഷ്ടപ്പെട്ടതു ഞാൻ കണ്ടു. ഇവിടെ എനിക്കു ബന്ധുക്കളുണ്ട്. എന്റെ  ഒരടുത്ത ബന്ധുവിന്റെ കുടിലിന്റെ മുറ്റത്ത് ഒരു വലിയ പാറ വീണു കിടപ്പുണ്ട്. നിങ്ങളുടെ ദുഃഖം എന്റെ ദുഃഖമാണ്. ഈ കണ്ണുനീർ ഞാൻ ഒപ്പിയെടുക്കും. അച്യുതമേനോനും ബേബി ജോണും ദുഃഖത്തിന്റെ ഭാഷ മനസ്സിലാകുന്നവരാണ്. അവർ നമ്മെ സഹായിക്കും. ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക വിരുദ്ധശക്തികൾ അഴിഞ്ഞാടാൻ ഇടയുണ്ട്. അതിനെതിരെ ജാഗ്രത പാലിക്കുക. കക്ഷിരാഷ്ട്രീയം മറക്കുക. നിങ്ങളുടെ എംഎൽഎ മാർക്സിസ്റ്റ് പാർട്ടിയിലെ അംഗമാണ്. നിങ്ങളുടെ പഞ്ചായത്തു പ്രസിഡന്റ് സിപിഐ അനുഭാവിയാണ് എന്നാണെന്റെ അറിവ്. ഇവിടെ അവർ കൈകോർത്ത് ജോലി ചെയ്യുന്നു. അതാവട്ടെ മാതൃക. ഇവിടെ ഇപ്പോൾ മതത്തിന്റെയും മാർക്സിസത്തിന്റെയും പൊതുവായ മുഖമേ കാണാവൂ–  ദുരിതാശ്വാസം. ദൈവം നമ്മോടുകൂടെ.

മാനം തൊട്ടുരുമ്മി നിൽക്കുന്ന കരിമലകളിൽ കുടിയിരുന്ന യക്ഷികൾ കോപിച്ചു. ആ കോപം ഉരുളുകളായി. ആ ഉരുളുകൾ കുന്നിനെ കുഴിയാക്കി.  കുഴിയെ കുന്നാക്കി. അധ്വാനത്തിന്റെ ഹരിത സൗന്ദര്യം കശക്കിയെറിഞ്ഞു. കരിമ്പാറകൾ  രാക്ഷസന്മാരെപ്പോലെ ഹൈറേഞ്ചിനു കാവൽ നിന്നു.

അടിമാലിയിൽനിന്നു കുറെക്കൂടെ കിഴക്കു മാറിയുള്ള ഒരു സ്ഥലമാണു കൂമ്പൻപാറ. ഉരുൾ ഉരുട്ടിയിട്ട ധാരാളം കുടുംബങ്ങൾ അവിടെയുണ്ട്. അതിലൊന്നാണ് കുന്നശ്ശേരി മഹമ്മദിന്റേത്. മല ഇടിഞ്ഞു വരുന്നതു കണ്ടു മഹമ്മദും കുടുംബവും അടുത്തുള്ള ഒരു വലിയ വീട്ടിലേക്ക് ഓടി. മരണം അവിടെ അവരെ പിൻചെന്നു. മഹമ്മദിന്റെ ഭാര്യ മരിച്ചു; രണ്ടു കുട്ടികളും. മഹമ്മദ് മലയുടെ അടുത്തുനിന്ന് ഓടി. മല മഹമ്മദിന്റെ പിറകെ ഓടി. മഹമ്മദ് നിസ്സഹായനായിരുന്നു.

പൊന്മുടിയിലെ ഹസ്സന്റെ കഥ പറയാം. ഹസ്സൻ ഇന്നില്ല. ജൂലൈ 26–ാം തീയതി വൈകിട്ട് പൊൻമുടി ഗർജ്ജിക്കുമ്പോൾ ഹസ്സനും ബീടരും കിഴുക്കാംതൂക്കായ മലയുടെ ചരിവിലുള്ള വീട്ടിനടുത്തുനിന്ന് അയൽക്കാരുമായി സംസാരിക്കയായിരുന്നു മഴ ചാറിക്കൊണ്ടിരുന്നു. പൊടുന്നനെ ഒരു ശബ്ദം, കതിന പൊട്ടുമ്പോലെ. നോക്കുമ്പോൾ മല ഉരുണ്ടു വരുന്നു. അവർ പേടിച്ചു മരവിച്ചു നിന്നു പോയി. സംഹാരരുദ്രയെപ്പോലെ പാഞ്ഞുവന്ന മല ആ അഞ്ചു പേരടങ്ങിയ കുടുംബത്തെ ആവാഹിച്ചുകൊണ്ടുപോയി. മൃതദേഹങ്ങൾ പോലും കണ്ടുകിട്ടിയില്ല. അങ്ങനെ എത്ര കഥകൾ !

ഹൈറേഞ്ചിൽ ഉണ്ടായതുപോലുള്ള പ്രകൃതിക്ഷോഭങ്ങളുടെ നടുവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരിക്കലും തൃപ്തികരമാവില്ല. സർക്കാരിന്റെ കഴിവുകൾക്കു പല പരിമിതികളും ഉണ്ട്. ദുഃഖം അനുഭവിക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയും എന്ന മനോഭാവത്തോടെ പ്രശ്നത്തെ സമീപിക്കുവാനാണു ഞാൻ ശ്രമിച്ചത്. അതാണു ശരി എന്ന് ഞാൻ വിശ്വസിക്കുന്നു. വില്ലേജ് ഓഫിസിലെ അക്കൗണ്ടുകളും തവണമുടക്കത്തിന്റെ  ഇതിഹാസങ്ങളും പഞ്ചായത്തിലെ വീട്ടുകരത്തിന്റെ  കണക്കുകളും ഒക്കെ നോക്കിയാണു ദുരിതാശ്വാസം നടത്തേണ്ടത് എന്ന് എനിക്ക് അഭിപ്രായമില്ല.

1974 ജൂലൈ 26 ഹൈറേഞ്ചിൽ ഒരു ദുഃഖവെള്ളിയാഴ്ച തന്നെ ആയിരുന്നു. അടിയന്തര ദുരിതാശ്വാസം പരാതികൾക്കതീതമായിരുന്നെന്ന് ഞാൻ അവകാശപ്പെടുന്നില്ലെങ്കിലും പരിമിതികൾക്കുള്ളിൽ തികച്ചും തൃപ്തികരമായിരുന്നു എന്നു ഞാൻ വിശ്വാസിക്കുന്നു. ഞാൻ ഇടുക്കിയിൽനിന്നു പോന്നത് ഉരുൾപൊട്ടി ഒരു വർഷത്തിലേറെ കഴിഞ്ഞാണ്. ഹൈറേഞ്ചിലെ ഒട്ടനേകം പേർ എന്നെ കണ്ട് യാത്ര പറയാൻ വന്നിരുന്നു. അവരൊക്കെ പറഞ്ഞ ഒരു കാര്യം ഉരുൾ പൊട്ടിയ കാലത്തു കലക്ടർ ചെയ്ത ജോലി ഞങ്ങൾക്കു മറക്കാനാവുകയില്ല എന്നായിരുന്നു. ഒരുദ്യോഗസ്ഥന് ഇതിനെക്കാൾ വലിയ പ്രതിഫലം വേണ്ട.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നതാണ് ഓഖിയിൽ സർക്കാരിന് തെറ്റിയത്. മുൻ കരുതലുകൾ എടുക്കാതിരുന്നതല്ല. ഒരു മുൻകരുതലും പ്രായോഗികമായി സാധ്യമായിരുന്നില്ല. രണ്ടു മൂന്നു കാര്യങ്ങൾ ഓർക്കണം.

ഒന്ന് : 1946 ലോ മറ്റോ ഉണ്ടായതൊഴിച്ചാൽ കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടായിട്ടില്ല.

രണ്ട് : കിഴക്കെ തീരത്ത് മൂന്നും നാലും ദിവസത്തെ മുന്നറിയിപ്പ് കിട്ടും. ബംഗാൾ ഉൾക്കടലിന് മുകളിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണത്. പശ്ചിമതീരത്ത് അതല്ല അവസ്ഥ.

മൂന്ന് : ശ്രീലങ്കയിൽനിന്ന് നേരെ പടിഞ്ഞാറോട്ട് പോകും എന്ന് വിചാരിച്ചിരുന്ന കാറ്റ് അപ്രതീക്ഷിതമായി ദിശ തിരിഞ്ഞ് നമ്മുടെ  തീരത്തിനു സമാന്തരമായി മാറി.

നാല്: ന്യൂനമർദം ഡിപ്രഷനും അത് ഡീപ് ഡിപ്രഷനും  അത് പിന്നെ ചുഴലിക്കാറ്റും ആയി മാറുകയാണല്ലോ. അതിൽ അവസാനത്തെ മാറ്റവും ദിശമാറ്റവും ഒക്കെ ഉണ്ടായത് നമ്മുടെ പ്രിയപ്പെട്ടവർ കടലിൽ പോയതിനുശേഷമാണ്.

സർക്കാരിനു തെറ്റിയത് ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ കഴിയാതെ പോയപ്പോഴാണ്. പിണറായി 30–ാം തീയതി വൈകിട്ട് ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും വിവിധ എഫ്എമ്മുകളിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്ത് അവരെ ധൈര്യപ്പെടുത്തണമായിരുന്നു. കടകംപള്ളി വിമാനത്തിൽ കയറാതെ തീരദേശത്തെ ജനങ്ങൾക്കിടയിൽ ഇറങ്ങണമായിരുന്നു. ജനങ്ങളുടെ വികാരത്തോടു സംവദിച്ചതാണ് 43 വർഷം മുൻപ് ഇടുക്കി കലക്ടറെയും  കഴിഞ്ഞ ദിവസം നിർമലാ സീതാരാമനെയും  ജനത്തിനു പ്രിയങ്കരരാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.