Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒരു ഭാരതീയതത്വം: അവിരാമപരിണാമഗാഥ

ഡി. ബാബുപോൾ
India Maghi Purnima ത്രിവേണി സംഗമം. ഗംഗയ്ക്കും യമുനയ്ക്കുമൊപ്പം സരസ്വതി നദിയും ചേരുന്നുവെന്നാണ് വിശ്വാസം. (ഫയൽ ചിത്രം)

ഭാരതം വിഭജിച്ച ബ്രിട്ടീഷുകാരാണ് ഭാരതം ആക്രമിച്ച ഗസ്നിമാരെയും  അടക്കിഭരിച്ച ഖിൽജിമാരെയും അപേക്ഷിച്ച് ഏറിയ ദ്രോഹം നമ്മുടെ നാടിനു ചെയ്തത് എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവ് ഇന്ത്യ ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് എന്നതത്രെ. തിരുവനന്തപുരത്ത് ഉള്ളതിനെക്കാൾ ഏറെ മലയാളികൾ മുംബൈയിൽ ഉണ്ട് എന്നതുപോലെ പ്രഥമ ശ്രവണത്തിൽ അവിശ്വസനീയമായി തോന്നാമെങ്കിലും പാക്കിസ്ഥാനിൽ ഉള്ളതിലേറെ മുസ്‌ലിംകൾ ഉണ്ട് ഈ ഭാരതത്തിൽ. വിഭജനം സാധാരണ മുസ്‌ലിമിന്റെ ആവശ്യം ആയിരുന്നില്ല എന്നും വിഭജിച്ചതുകൊണ്ട് പ്രശ്നങ്ങൾ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല എന്നും പറയേണ്ടിയിരിക്കുന്നു. ജിന്ന ഗവർണർ ജനറലും ജവഹർലാൽ പ്രധാനമന്ത്രിയും സർദാർ പട്ടേലും ലിയാക്കത്തും ഉപ പ്രധാനമന്ത്രിമാരും ആയ ഒരു അവിഭക്തഭാരതം ആയിരുന്നു 1947 ൽ സ്വാതന്ത്ര്യത്തിന്റെ അരുണോദയം കണ്ടതെങ്കിൽ അന്ന് നമ്മുടെ തെരുവുകൾ രക്തരൂഷിതമാവുകയില്ലായിരുന്നു. ഇന്ന് നമ്മുടെ നാട്ടിൽ വർഗീയ കലാപങ്ങൾ അത്ര രൂക്ഷമാവുകയില്ലായിരുന്നു. സമ്പദ് വ്യവസ്ഥ ഇതിനെക്കാൾ ഭേദമാവുമായിരുന്നു. ലോകത്തിൽ ഇന്ത്യയുടെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നൊക്കെ ചിന്തിക്കുന്നത് യുക്തിഭദ്രം തന്നെ. പറഞ്ഞിട്ടെന്തു കാര്യം? അടുത്ത അരനൂറ്റാണ്ടിനകം യൂറോപ്യൻ യൂണിയൻ കണക്കെ ഒരു ഫെഡറേഷൻ ആയി സാർക്ക് രൂപഭേദപ്പെടും എന്ന് ആശിക്കുക.

ഭാരതം നിർവചിച്ചത് ഒരു കേരളീയനാണ് എന്ന് നാം പലപ്പോഴും ഓർമിക്കാറില്ല. ആദിശങ്കരൻ കാലടിയിൽനിന്നു തുടങ്ങിയ യാത്ര അവസാനിച്ചപ്പോഴേക്കും അദ്ദേഹം സ്ഥാപിച്ച പീഠങ്ങളും ക്ഷേത്രങ്ങളും ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തി അവയെല്ലാം ഉൾക്കൊള്ളുന്ന ഒരു വൃത്തം വരച്ചാൽ ഭാരതം ആയി.

കുറെക്കൂടി വിശാലമായിട്ടാണ് ഇന്ത്യ വീക്ഷിക്കപ്പെട്ടിരുന്നത് എന്നതു മറക്കുന്നില്ല. പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളൊക്കെ ഉൾപ്പെടുന്നതും ക്രിസ്തുവിനു മുൻപുതന്നെ ബൈബിളിൽ സ്ഥാനം പിടിച്ചതുമായ ഇന്ത്യയും ആനയും ആനകളെ ഉപയോഗിച്ചുള്ള യുദ്ധവും ഒക്കെ ഭാരതം എട്ടാം നൂറ്റാണ്ടിലേതിനെക്കാൾ വിശാലമായിരുന്നു ആയിരം സംവത്സരങ്ങൾക്ക് മുൻപ് എന്നാണല്ലോ തെളിയിക്കുന്നത്.

മോഹൻജൊദാരോ, ഹാരപ്പ സംസ്കാരങ്ങളും ഋഗ്വേദാദി കൃതികളിലെ സൂചനകളും ആര്യന്മാർ, കേസരി ബാലകൃഷ്ണപിള്ള അടക്കമുള്ളവർ പറഞ്ഞതുപോലെ വന്നുകയറിയവരാണോ ഇവിടെ സ്വയം വളർന്ന ഒരു ഗോത്ര സംസ്കൃതിയുടെ പരിഷ്കൃത ഭാവമാണോ എന്ന തർക്കവുമൊക്കെ ഇവിടെ പ്രസക്തമാണ്. പക്ഷം പിടിക്കാതെ പറയാവുന്ന ഒരു കാര്യം, ഭാരതം മൂവായിരം വർഷങ്ങൾക്കപ്പുറം ഇന്ന് നമുക്ക് സങ്കല്പിക്കാവുന്നതിനെക്കാൾ കൂടുതൽ വിശാലമായിരുന്നു എന്നതത്രെ.

എന്നിരുന്നാലും ആദിശങ്കരന്റെ യാത്രാപഥം നിർവചിക്കുന്ന ബിന്ദുക്കളിൽ നമുക്ക് ഒതുങ്ങാം. അലക്സാണ്ടറുടെ അതിരുകൾ ഗ്രീസിനും മാർക്ക് ആന്റണിയുടേയും സീസറിന്റെയും അതിരുകൾ ഇറ്റലിക്കും അന്യമാണല്ലൊ.

ഈ പരിമിതമായ അർഥത്തിൽപ്പോലും പണ്ഡിതർ എത്ര നിഗമനങ്ങളാണ് അവതരിപ്പിക്കുന്നത് എന്ന് ആലോചിക്കുമ്പോൾത്തന്നെ തല കറങ്ങും. ഋഗ്വേദാദികൾക്ക് സമുദ്രം പരിചയമുണ്ടായിരുന്നോ എന്ന ചോദ്യത്തെക്കുറിച്ച് ചിലതു പറഞ്ഞാൽ ഇതു വ്യക്തമായേക്കും. ഒരു വിഭാഗം വാദിക്കുന്നത് ഋഗ്വേദത്തിലെ സമുദ്രം കടലല്ല ആകാശമാണ് എന്നാകുന്നു. മറുഭാഗം മറുപടി പറയുന്നത് ‘അഗ്നിക്ക് ദേവലോകത്തും (സ്വർഗം) ആകാശത്തിലും (അന്തരീക്ഷം) സ്ഥാനം കല്പിക്കുന്ന വേദ സംസ്കാരത്തിന് ഭൂമിയിലെ തീ അന്യമല്ല’ എന്നും. ആദ്യത്തെ കൂട്ടർ പറയും - ഋഗ്വേദത്തിൽ ഉപ്പിന്റെ കാര്യം പറയുന്നില്ല. മറുഭാഗം മൊഴിയും -വസിഷ്ഠന് ജലമധ്യത്തിൽ  ദാഹിച്ചു എന്നു പറയുന്നത് അത് ഉപ്പുരസമുള്ള വെള്ളം ആയതിനാലാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്. ഇങ്ങനെ പോകും തർക്കങ്ങൾ. അടിസ്ഥാന പ്രശ്നം ഹാരപ്പൻ സംസ്കാരവും ഋഗ്വേദവും തമ്മിൽ ബന്ധമുണ്ടോ എന്നതാണ് എന്ന കാര്യം ഇരുകൂട്ടരും മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്നു. ഋഗ്വേദം നിർമിച്ചത് മധ്യേഷ്യയിൽ നിന്ന് കുടിയേറിയവരാണ് എന്നു വാദിക്കുന്നവരാണ് സമുദ്രവിരോധികൾ. കുറെക്കാലമായി പണ്ഡിതർ മാത്രം വായിക്കുന്ന പുസ്തകങ്ങളിലും ലേഖനങ്ങളിലും നിറഞ്ഞു നിന്ന ഈ ചർച്ച ഹാരപ്പൻ കുതിരയുടെ അസ്ഥിപഞ്ജരം വരെ തർക്കവിഷയമാക്കി.

ഇതിനിടെ സരസ്വതീ നദിയുടെ കാര്യത്തിൽ ഉണ്ടായ പുതിയ നിഗമനങ്ങളും ആശയങ്ങളും ചർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് ഇപ്പോൾ. സരസ്വതി ഗംഗയോടും യമുനയോടും ചേരുന്നതാണല്ലോ ത്രിവേണി. സരസ്വതി എന്ന അദൃശ്യനദി ഗംഗാനദിയുടെ സപ്തശാഖകളിൽ ഒന്നാണെന്നും ഇത് പ്ലക്ഷ വൃക്ഷത്തിന്റെ ചുവട്ടിൽനിന്ന് ഉദ്ഭവിക്കുന്നു എന്നും മഹാഭാരതം സൂചിപ്പിക്കുന്നുണ്ട്. സരസ്വതി  സിർസാ നദിയാണ് എന്ന് ഇർഫാൻ ഹബീബിനെപ്പോലെ ചില ചരിത്രകാരന്മാർ പറയുന്നു. ഷിംലയ്ക്കടുത്തുദ്ഭവിച്ച് ശീവാലിക്കുന്നുകളുടെയും ഹിമവൽസാനുക്കളുടെയും മധ്യേ വടക്കുപടിഞ്ഞാറോട്ട് ഒഴുകുന്ന നദിയാണ് സിർസ. വേറൊരു സരസ്വതിയെ തേടേണ്ടതില്ല എന്നാണ് ഈ വിഭാഗം പണ്ഡിതന്മാർ പറയുന്നത്. ബഡവാഗ്നിയെ സമുദ്രത്തിൽ എത്തിച്ച സരസ്വതീദേവി നദിയായി ഭവിച്ചു എന്ന് പത്മപുരാണം. ഇത് പടിഞ്ഞാറാണെങ്കിലും ഗംഗയോടുള്ള വാഗ്ദാനം പാലിച്ച് സരസ്വതി പ്ലക്ഷവൃക്ഷ പരിസരത്ത് നദിയായി ആവിർഭവിച്ചു എന്നുമുണ്ട് കഥ. സരസ്വതീസാഗരസംഗമം മറ്റൊരു പുരാണകഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത്രയും പറഞ്ഞത് സരസ്വതി എന്ന നദി ഈ മഹാസംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി ജനഹൃദയങ്ങളിൽ പണ്ടു മുതൽ തന്നെ ഉണ്ട് എന്ന‌ു സൂചിപ്പിക്കാനാണ്. എന്നാൽ ഇപ്പോൾ ഇതും തർക്കവിഷയമായിരിക്കുന്നു.

സരസ്വതിയെക്കുറിച്ച് ആധുനിക ഗവേഷകർ അന്വേഷിക്കാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് രണ്ടു ശതകങ്ങൾ ആയിക്കാണണം. മേജർ മക്കൻസൺ, അലക്സ് റോഗ് (അതേ, Rogue!!) ഓൾഡാം, സർ മോർട്ടിമർ, സർ ഓറൽ സ്റ്റെയ്ൻ തുടങ്ങിയവരൊക്കെ ഇതുമായി ബന്ധപ്പെട്ടവരാണ്. വീലറുടെ മോഹൻജൊദാരോ, ഹാരപ്പ ഉൽഖനനങ്ങളാണ് ഇക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നത്. ആര്യാധിനിവേശത്തിനു മുമ്പ് നിലനിന്ന ദ്രാവിഡ നഗരങ്ങളായിരുന്നു ആര്യപൂർവ സിന്ധു തട സംസ്കൃതിയുടെ കേന്ദ്രങ്ങൾ എന്ന് വീലർ പറഞ്ഞപ്പോൾ അത് പാഠപുസ്തകങ്ങൾ എഴുതിയവർ അംഗീകരിച്ചു. എങ്കിലും സംശയാലുക്കൾ അന്നും ഉണ്ടായിരുന്നു.

ഇപ്പോഴത്തെ തർക്കം സരസ്വതിയുടെ പുനർജനിയോടു ബന്ധപ്പെട്ടതാണ്. തർക്കമില്ലാത്ത ചില കാര്യങ്ങൾ പറയാം. 

(ക) ഒരു നദി പെട്ടെന്ന് അപ്രത്യക്ഷമാവുകയും പിന്നെ മറ്റെവിടെയെങ്കിലും ഉറവു പൊട്ടുകയും ചെയ്യുന്നത് ഭൂമിശാസ്ത്രം അംഗീകരിക്കുന്നു. 

(ഖ) സിന്ധിൽനിന്ന് ദർഹിയിലേക്കു വഴി തേടിയ മേജർ  മക്കൻസൺ വരണ്ടുപോയ ഒരു നദിയുടെ പാത കണ്ടു. 

(ഗ) കാംബെ ഉൾക്കടലിൽ ഹിമാലയൻ മണ്ണ് ഉണ്ടാവണമെങ്കിൽ സബർമതിയോ നർമദയോ വഴി വരില്ല

(ഘ) ഗുജറാത്തിലും രാജസ്ഥാനിലും ഉള്ള വരണ്ട നദീതടങ്ങളിൽ ഹാരപ്പൻ കാലത്തെ ജനാധിവാസത്തിന്റെ ചിത്രം ഉണ്ട്. 

(ങ) ഈ വരണ്ട നദീതടത്തിൽ കുഴിച്ച കിണറുകളിൽ ശുദ്ധജലം കിട്ടി 

(ച) പൊക്രാനുശേഷം ഭൂഗർഭ ജലത്തിൽ  അണുപ്രസരണം ഉണ്ടോയെന്ന് അന്വേഷിച്ച ശാസ്ത്രജ്ഞൻ പതിനയ്യായിരത്തോളം വർഷം പഴക്കമുള്ള ഹിമാലയഹിമപാളീജലം (Himalayan Glacial Water) കണ്ടെത്തി.

പറഞ്ഞുപറഞ്ഞ് പഴയ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ കൗതുകങ്ങളുടെ പത്മവ്യൂഹത്തിലായിപ്പോയി. പറയാൻ ഉദ്ദേശിച്ച കാര്യം ഇത്തരം ബൗദ്ധിക യജ്ഞങ്ങളെപ്പോലും രാഷ്ട്രീയമായി ഇനം തിരിക്കാനുള്ള ആധുനിക പ്രവണത അക്ഷന്തവ്യമാണ് എന്നതത്രെ.

സരസ്വതി കണ്ടെത്താനുള്ള ശ്രമം ശാസ്ത്ര കുതുകിയുടേതാണ്. അതിൽ ഹിന്ദുത്വത്തിന്റെ ഹിഡൻ അജൻഡ എന്തിനു കാണണം ? ഭൂതകാലത്തെ മഹത്ത്വീകരിക്കാനുള്ള വാസന ഏതു നവോത്ഥാന കാലഘട്ടത്തിന്റെയും ചരിത്രപരമായ അഭിവാഞ്ഛയാണ്. അതിനെ അതിജീവിക്കാൻ നമുക്കു കടപ്പാടുണ്ട്. ഒരു സുവർണ തന്തു ആദിമവനവാസികൾ മുതൽ നമ്മോളം എത്തുന്നുവെന്ന് തിരിച്ചറിയണം. തിരുവനന്തപുരത്തുകാരായാണ് എന്റെ മക്കൾ വളർന്നത്. ഞാൻ പെരുമ്പാവൂർകാരൻ. എന്റെ പിതാമഹൻ മൂവാറ്റുപുഴയ്ക്ക് കിഴക്കുള്ള കാട്ടുപ്രദേശത്ത് കൃഷി ചെയ്തവൻ. അദ്ദേഹത്തിന്റെ പ്രപിതമഹൻ മൂവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഉദയംപേരൂരിനും ഇടയ്ക്കുള്ള ഏതോ ഒരു  ചീരക്കാട്ട്  നമ്പൂതിരിയുടെ  മാർഗഭ്രംശം. അതിനുമപ്പുറത്തെ ഐതിഹ്യങ്ങൾ വടക്കേ മലബാറിലേക്കു നീളും. പെരുമ്പാവൂർ മുതൽ കവടിയാർവരെയാണ് എന്റെയും മക്കളുടെയും ഓർമ. അതേസമയം അതിനപ്പുറത്തുള്ള പൂർവസൂരികളുടെ സ്വാധീനത്തിൽനിന്ന് എനിക്കു മുക്തി ഇല്ല എന്നത് പ്രകൃതിനിയമം.

ഭാരതീയത നമ്മുടെ പൈതൃകമാണ്. ആദിവാസികൾ മുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ സായിപ്പുമാർ വരെ ഉള്ള എല്ലാവരും ചേർന്നാണ് ഈ ഭാരതീയതയ്ക്ക് രൂപവും ഭാവവും പൂർണമാക്കുന്നത്. ബൈബിളാണ് എന്റെ മതഗ്രന്ഥം. ഇസ്‌ലാമിന്റെ അനുയായികളായ ഭാരതീയർക്കും മതഗ്രന്ഥം ഖുർ– ആൻ തന്നെ. എന്നാൽ വേദങ്ങളിലും ഉപനിഷത്തുകളിലും രാമായണത്തിലും മഹാഭാരതത്തിലും ഭാരതീയരായ എല്ലാവർക്കും അവകാശവും അഭിമാനവും ഉണ്ടാകണം. മറിച്ചും ഈ തത്ത്വം ബാധകം തന്നെ. ഭാരതീയത്വത്തിന്റെ അവസാനരൂപത്തിൽ സെമിറ്റിക് – യൂറോപ്യൻ സ്വാധീനങ്ങൾ ഉണ്ട് എന്ന് സമ്മതിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ഒരു നദി ഒരിക്കൽ മാത്രമേ കുറുകെ കടക്കാൻ കഴിയൂ.  ഭാരതീയത്വവും അങ്ങനെ തന്നെ. നിരന്തരമായ ഭാവപരിണാമത്തിനു വിധേയമാണ് അത്. ഇന്നു രാത്രി വരെ ഉരുത്തിരിയുന്നതാണ് നാളെ പുലർച്ചെ കാണുന്ന ഭാരതീയത്വം. അതു തിരിച്ചറിയാനുള്ള  പക്വതയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.