Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആൺ മക്കളുള്ള അമ്മമാർ അറിയാൻ

ഡി. ബാബുപോൾ
man

ടൈറ്റസ് ഒന്നാമൻ കാലം ചെയ്തു.  ഈ ടൈറ്റസ് ഒരു സഭയിലെയും മെത്രാനല്ല. ഞാൻ കുടുംബ ജീവിതം ആരംഭിച്ചപ്പോൾ മുതൽ ഏഴു കൊല്ലം ഒപ്പമുണ്ടായിരുന്ന വിശ്വസ്ത ഭൃത്യൻ. ഞാനറിയുന്ന മെത്രാന്മാരിൽ ഭൂരിപക്ഷവും സ്വർഗപ്രവേശനത്തിനുള്ള ക്യൂവിൽ ടൈറ്റസിന് പിറകിൽ ആയിരിക്കും എന്നാണ് തോന്നുന്നത്. അത്ര ശുദ്ധനും നന്മ നിറഞ്ഞവനും ആയിരുന്നു ടൈറ്റസ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന (ഏഴ് പതിപ്പ്) ‘കഥ ഇതുവരെ’ എന്ന സർവീസ് സ്റ്റോറിയിലെ ഒരു കഥാപാത്രമാണ് ഇയാൾ. ടൈറ്റസിന് നല്ല ജോലി ഉണ്ടായിരുന്നു. മക്കളുമൊക്കെ നല്ല നിലയിൽത്തന്നെ. ടെറ്റസിന്റെ മരണം പഴയ ചില ഓർമകൾ ഉണർത്തി.

ഒരു ഇടത്തരം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഉണ്ണാനുള്ള നെല്ലും അരയ്ക്കാനുള്ള തേങ്ങയും കിട്ടും. അച്ഛൻ  സ്വകാര്യ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും അമ്മ സർക്കാർ സ്കൂൾ അധ്യാപികയും ആയിരുന്നു. അമ്മ ഏകാവകാശി ആയിരുന്നതിനാൽ ആ വഴിയിലും അൽപ സ്വൽപം സ്വത്ത് ഉണ്ടായിരുന്നു. എന്നാൽ, എല്ലാം കൂട്ടിക്കിഴിച്ചാലും മധ്യവർഗവലയത്തിനുമേൽ പോകുമായിരുന്നില്ല.

അന്നും ഞങ്ങൾക്ക് ജോലിക്കാർ ഉണ്ടായിരുന്നു. വെള്ളം കോരാനും അടുക്കളയിൽ സഹായിക്കാനും ഒരു മറിയച്ചേടത്തി, ഒരു പയ്യൻ (മത്തായി, യാക്കോബ്, ഉലഹന്നാൻ, കൃഷ്ണൻ, കുമാരൻ ഇത്രയും പേരുകൾ ഓർമയിലുണ്ട്). പുറത്തെ ജോലികൾക്കും അടുക്കളപ്പാത്രങ്ങൾ ഒഴിച്ചുള്ളവ കഴുകാനും തുളുവപ്പുലക്കള്ളി എന്ന് ഞങ്ങൾ സ്നേഹ ബഹുമാനങ്ങളോടെ വിളിച്ചിരുന്ന അർധനഗ്നയായ ഒരു ദലിത്‌വൃദ്ധയും അവരുടെ മകൾ പുത്തൻകാവിയും പേരക്കുട്ടി എന്റെ പ്രായം ഉണ്ടായിരുന്ന മുണ്ടിമുളച്ചിയും. തൊഴുത്തിലെ പണികൾക്ക് അവരുടെ മകൻ കിളിയൻ. എത്രയായി ആൾ ! എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞു. ദലിതരെ അന്ന് സുറിയാനി ക്രിസ്ത്യാനികൾ വീട്ടിനകത്തു കയറ്റുകയില്ല. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ കഴുകാൻ അനുവദിക്കുകയുമില്ല. എന്നാൽ, അത് അക്കാലത്തെ സാമൂഹികാചാരം എന്നല്ലാതെ അവരുടെ പോരായ്മ കൊണ്ടാണ് എന്ന ചിന്ത കൊണ്ടായിരുന്നില്ല.

ഇന്ന് ഇപ്പോൾ പുലയൻ, പുലക്കള്ളി എന്നൊക്കെ സംബോധന ചെയ്യുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എന്റെ അമ്മൂമ്മയുടെ പ്രായം ഉണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് ഇന്നും വെറുതെ ശ്രീമതി തുളുവ എന്ന് എഴുതാൻ എന്റെ  പേന തയാറല്ല. തുളുവപ്പുലക്കള്ളി എന്ന് എഴുതുമ്പോൾ ഏലിക്കുട്ടിയമ്മായി, മറിയാമ്മ കൊച്ചമ്മ എന്നൊക്കെ പറയുമ്പോലെ തന്നെ  ഉള്ള സ്നേഹ സങ്കൽപമാണ് എന്റെ മനസ്സിൽ നിറയുന്നത്.

എന്റെ അമ്മ പോലും അവരെ വല്യോലക്കള്ളി (വലിയ പുലക്കള്ളി) എന്നല്ലാതെ തുളുവേ എന്നു വിളിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. ഞാൻ കലക്ടർ ആയിരിക്കെ എവിടെയോ പോകുന്ന വഴി വീട്ടിൽ കയറി. പൊലീസും ‍ഡഫേദാരും ഉണ്ട് കൂടെ. അടുക്കളയിൽ ചെന്ന് അമ്മയോടു കുശലം പറഞ്ഞപ്പോൾ അമ്മയ്ക്ക് ചിരി : വല്യോലക്കള്ളി  പിൻഭാഗത്ത് ഒളിച്ചു നിൽക്കുകയാണ്. പൊലീസിനെ പേടി ! നിങ്ങളുടെ കൊച്ചമ്പ്രാന്റെ പൊലീസാ വല്യോലക്കള്ളി എന്ന് അമ്മ പറഞ്ഞിട്ട് ധൈര്യം വന്നില്ല. പിന്നെ ഞാൻ തന്നെ പുറത്തിറങ്ങി. ആ സാധ്വിയെ വിളിച്ച് മുൻവശത്തു കൊണ്ടു വന്ന് പൊലീസുകാരനെയും ഡഫേദാരെയും – ഒരു നായരും ഒരു നമ്പൂരിയും– പരിയപ്പെടുത്തി. എന്നിട്ടും പിന്നെ പലപ്പോഴും അവർ അമ്മയോടു പരിഭവിച്ചിരുന്നു- ‘എന്നാ പണിയാ കൊച്ചമ്പ്രാട്ടി കാട്ടിയേ, എന്നെ കിലുകിലാ വിറച്ചത് ഇപ്പോഴും പോയില്ല !’

ഗ്രാമജീവിതത്തിന്റെ ചാരുതയാർന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ സ്നേഹബന്ധം. മറിയച്ചേടത്തിയും ഒപ്പം ഇരിക്കയില്ല. പിള്ളേ എന്നല്ലാതെ ബാബു എന്നു വിളിക്കില്ല. മത്തായിച്ചേട്ടൻ (ഈയിടെ മരിച്ചു) പിൽക്കാലത്ത് ഇമ്പൾ (നമ്മൾ) എന്ന് സംബോധന ചെയ്തിരുന്നു. അതിലൊന്നും ഒരു വലിപ്പച്ചെറുപ്പം– ചുരുങ്ങിയത് ഞങ്ങളുടെ വീട്ടിൽ എങ്കിലും– ആരും കണ്ടിരുന്നില്ല.  സമൂഹത്തിലെ സാമാന്യ രീതികൾ പാലിച്ചു; അത്ര തന്നെ.

ഇന്ന് ആ നാട്ടിൻപുറത്തുപോലും ജോലിക്ക് ആളെ കിട്ടാനില്ല. വീട്ടുജോലിക്കു പോകുന്നത് മോശമായിരിക്കുന്നു. കുറെയെങ്കിലും ജോലിക്കാരെ കിട്ടുന്നത് പട്ടണങ്ങളിലാണ്.

പട്ടണങ്ങളിലെ രീതിയിൽതന്നെ മാറ്റം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ കുടുംബ ജീവിതം തുടങ്ങിയത് 1965 ലായിരുന്നു. കേശവദാസപുരത്ത് ഒരു ഫ്ലാറ്റിൽ. തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലാറ്റ് ജീവികൾ ! ബഹുനില ഒന്നും അല്ല. ഡോ. ഓമന മാത്യുവിന്റെ വീട്. അവർ താഴെ. ഞങ്ങൾ ഒന്നാംനിലയിൽ. മാസം നൂറു രൂപ വാടക. ഒരു സ്ത്രീ വരുമായിരുന്നു. തൂക്കാനും തുടയ്ക്കാനും തുണി അലക്കാനും മറ്റും. ഒരു യുവാവ്– കുശിനിക്കാരൻ– മുഴുസമയം. അയാൾക്ക് ഇരുപത്തഞ്ച് രൂപയും ചെലവും ! രണ്ടു പേരെയും ഏതോ പരിചയക്കാർ വഴി കിട്ടിയതാണ്. ആ സ്ത്രീ മരിച്ചു. അന്നത്തെ ആ യുവാവാണ് നേരത്തെ പറഞ്ഞ ടൈറ്റസ്.

അയാൾക്ക് ഞാൻ പാലക്കാട്ട് ഒരു ജോലി തരപ്പെടുത്തിയിരുന്നു. പെൻഷനായി അവിടെത്തന്നെ താമസമായിരുന്നു. ഇടയ്ക്കിടെ ഫോണിൽ വിളിക്കും. ഇവിടത്തെ ആവശ്യങ്ങൾക്കൊക്കെ ഹാജർ. അളവറ്റ സ്നേഹം. പിന്നീട് വന്നവരും അതുപോലെ തന്നെ. ഈ വീട്ടിൽ മുറ്റം അടിച്ചിരുന്ന സ്ത്രീ മുപ്പത് വർഷമായിരുന്നു ഞങ്ങൾക്കൊപ്പം ജോലി ചെയ്തത്.

എന്നാൽ പുതിയ തലമുറയിൽ സ്ഥിതി ഭിന്നമാണ്. ഒന്നാമത് നേരിട്ടു ബന്ധം ഉണ്ടാകാത്തവണ്ണം. ഏജൻസികൾ വഴിയായിരിക്കുന്നു നിയമനം. അതോടെ വ്യക്തിബന്ധം ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. ഓഫിസിലുള്ള യാന്ത്രികബന്ധം തന്നെയായി വീട്ടുജോലിക്കാരുമായുള്ള ബന്ധവും ! ശമ്പളം കൂടി. എന്നാൽ പലയിടത്തും നാം കൊടുക്കുന്ന തുക നമ്മുടെ ജോലിക്കാരിൽ എത്തുന്നില്ല. ഇവിടെ പിണങ്ങിയാൽ പിന്നെയും ആശ്രയം ഏജൻസി തന്നെ എന്നതിനാൽ അവരുടെ വിധേയത്വവും ഏജൻസിയോടു തന്നെ.

അടുത്ത തലമുറയിൽ വീട്ടുജോലിക്കാർതന്നെ ഉണ്ടാകാൻ ഇടയില്ല. യന്ത്രങ്ങൾ, ഇൻസ്റ്റന്റ് ശാപ്പാടുകൾ, തട്ടുകടകൾ, പുറത്തുപോയി ഭക്ഷണം കഴിക്കുന്ന രീതി പടർന്നു പിടിച്ചതിന്റെ അനന്തരഫലം, മറ്റു ജോലികളുടെ ലഭ്യത, സേവന മേഖലയുടെ വികാസം (പല വീട്ടിൽ പോയി തുണി ഇസ്തിരിയിട്ട് കൊടുക്കുന്നവർ, ആഴ്ചയിലൊരിക്കൽ ഒരാഴ്ചത്തെ പാചകം ചെയ്ത് ഡീപ് ഫ്രീസറിലാക്കി കൊടുക്കുന്നവർ, മൊബൈൽഫോൺ വരെ ഉപയോഗിച്ച് വീടുകളിൽ തൂത്തുതുടയ്ക്കാനും പൂക്കൾ വയ്ക്കാനും ഏർപ്പാടുണ്ടാക്കുന്നവർ ഇത്യാദി) തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഉണ്ടാവാം ഈ മാറ്റത്തിന്.

ഇത് മോശമല്ല. എന്നാൽ നമ്മുടെ നാട്ടിൽ ഇതോടൊപ്പം ഉണ്ടാകേണ്ട മറ്റൊരു സംഗതി ഉണ്ടാകുന്നില്ല. വീട്ടുജോലികളിൽ പുരുഷന്മാർ ഇന്നും വേണ്ടത്ര സഹകരിക്കുന്നില്ല. ആ മാനസിക ഭാവത്തിനും മാറ്റം ഉണ്ടാകാതിരുന്നാൽ നമ്മുടെ പെൺമക്കൾ കുഴയും. ഒരേ ഓഫിസിൽനിന്ന് ഒരേ വാഹനത്തിൽ മടങ്ങിയെത്തുന്നവരിൽ സ്ത്രീ നേരെ പോയി ചായയിടണം. പുരുഷൻ ചാരുകസാലയിൽ ഇരുന്ന് ആ ചായ കുടിച്ച് സഹായിക്കും എന്ന അവസ്ഥ മാറണം.

ഗ്രാമീണജീവിതം ഗൃഹാതുരത്വം ഉണർത്തുന്ന ഒരു സ്വപ്നം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ നാഗരികതയുടെ സംസ്കൃതഭാവങ്ങളെ അന്യമാക്കി ഫ്യൂഡലിസ്റ്റ് പുരുഷമേധാവിത്വ ചിന്തകൾ താലോലിക്കുന്നവരായി നമ്മിൽ പലരും തുടരുകയും ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാകണം; അമ്മമാർ ആൺമക്കളെ ബോധവത്കരിക്കുകയാണ് അതിനുള്ള ഒറ്റമൂലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.