Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോസഫും ടൂലോങും

ഡി. ബാബുപോൾ
yenkenaprakarena

കുറെക്കാലമായി ടൂലോങ് എന്ന പേര് എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ട്. ഒരു പുസ്തകത്തിന്റെ പേരിൽ അടങ്ങിയിരിക്കുന്നതാണ് ഈ വ്യക്തിനാമം. *മൈ ഡ്രൈവർ ടു ലോങ് ആന്റ് അതർ ടോൾ ടെയിത്സ് ഫ്രം എ പോസ്റ്റ് പോൾ പോട്ട് കണ്ടംപററി കംബോഡിയ എന്നാണ് ഗ്രന്ഥനാമം. പീപ്പിൾ ഹൂ ഡോണ്ട് നോ ദെ ആർ ഡെഡ് : ഹൗ ദെ അറ്റാച്ച് ദെംസെൽവ്സ് ടു അൺസസ്പെക്ടിങ് ബൈ സ്റ്റാൻഡേഴ്സ് ആന്റ് വാട്ട് ടു ഡു എബൗട്ട് ഇറ്റ് എന്നതാണ് അടുത്ത കാലത്ത് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഗ്രന്ഥനാമം. 2005 ൽ പുറത്തുവന്ന ഒരു നോവൽ ആണ് അത്. ഗാരി ലിയോൺ ഹിൽ എഴുതിയ ഈ പുസ്തകത്തിന്റെ ശീർഷകത്തിന് പുരസ്ക്കാരം ലഭിച്ചു. ഏറ്റവും അസാധാരണമായ ഗ്രന്ഥനാമത്തിന് നൽകപ്പെടുന്ന പുരസ്ക്കാരം.

‌ടൂ ലൊങിലെയ്ക്ക് വരുമുൻപെ ഈ കഥയുടെ കഥ പറയാതിരിക്കാൻ കഴിയുന്നില്ല. മരണാനന്തരം എന്ത് സംഭവിക്കുന്നു എന്നത് എക്കാലവും മനുഷ്യൻ ഉത്തരം തേടിയിട്ടുള്ള ചോദ്യമാണ്. ഒന്നും രണ്ടും മിനിട്ടുകൾ മൃതാവസ്ഥയിൽ കഴിഞ്ഞ ശേഷം ജീവിത്തിലേയ്ക്ക് മടങ്ങിയവരുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി ചിലർ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ലിയോൺ ഹിൽ പറയുന്ന കഥയിൽ അതല്ല ലൈൻ.

അപകടങ്ങളിലോ അതിക്രമങ്ങൾക്കിടയിലോ അകാലത്ത് മരിക്കുന്നവർ ജീവിച്ചിരിക്കുന്നവരുടെ ശരീരങ്ങളിൽ ഒളിച്ചുപാർക്കുന്നു.  അങ്ങനെ കുടിയേറുന്ന ആത്മാക്കളെ ഹിച്ച് ഹൈക്കർ എന്ന് വിളിക്കുന്നു. വാലി ജോൺസ്റ്റൺ എന്ന മനഃശാസ്ത്രജ്ഞനും റൂത്ത് ജോൺസ്റ്റൺ എന്ന നഴ്സും – ആങ്ങളയും പെങ്ങളും– ഇത്തരം ആത്മാക്കളെ കൈകാര്യം ചെയ്യുന്നതാണ് കഥ. മരണം വഴി എന്ത് മാറ്റമാണ് സംഭവിക്കുന്നത് എന്നാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്.

അതിരിക്കട്ടെ. ടൂലോങിലെയ്ക്ക് മടങ്ങാം. ഐഎഎസിൽ നിന്ന് രാജിവച്ച് പോയ  എം. പി. ജോസഫ് എഴുതിയ പുസ്തകമാണ് മൈ ഡ്രൈവർ ടൂലൊങ്...

എൺപതുകളുടെ അവസാനത്തിലോ മറ്റോ ആണ് ജോസഫ് ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഏതോ ഏജൻസിയുമായി ബന്ധപ്പെട്ട ജോലിയുമായി കേരളം വിട്ടത്. ആ യാത്രയുടെ നന്മതിന്മകൾ അതിനൊക്കെ വളരെ മുൻപ് ജോസഫിന്റെ  ശ്വശുരൻ ശ്രീമാൻ കെ. എം. മാണിയും ഞാനും ചർച്ച ചെയ്തിരുന്നു. ജോസഫ് അവിടെ എത്തി ഇരിപ്പുറപ്പിച്ച കാലത്ത് ആ യുവാവിന് കിട്ടുന്ന ശമ്പളം പതിനഞ്ച് വർഷം പ്രായക്കൂടുതൽ ഉള്ള എനിക്ക് അന്ന് കിട്ടിയിരുന്ന ശമ്പളത്തെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് എന്ന് ശ്രീ മാണി അഭിമാനത്തോടെ പറഞ്ഞു തന്നതും ഇപ്പോൾ ഓർമ്മ വരുന്നുണ്ട്. കരമനയാറ്റിൽ വെള്ളം അപകടകരമായി പൊങ്ങിയ ഒരു സായാഹ്നത്തിൽ ആയിരുന്നു അത്. ദൂരദർശൻ സംഘത്തിന്റെ അനുപേഷണീയമായ അകമ്പടിയോടെ അന്ന് ദുരന്തനിവാരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഞങ്ങൾ ആറ്റരികത്ത് നിൽക്കുകയായിരുന്നു എന്ന് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു.

പിന്നെ ജോസഫ് എന്റെ റാഡാറിൽ നിന്ന് മറഞ്ഞു കംബോഡിയയിൽ നിന്ന് മടങ്ങിയപ്പോഴാണെന്ന് തോന്നുന്നു, ഒരിക്കൽ കുറെ മിഠായിയുമായി വന്ന് ആദരവറിയിച്ചത് മാത്രമാണ് പിന്നെ ഒരു സന്ദർഭം പറയാനുള്ളത്.

കേരള കേഡറിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥൻ ആയിരുന്നു ജോസഫ്. എറണാകുളത്ത് കളക്ടറായും നഗരസഭയുടെ അഡ്മിനിസ്ട്രേറ്റർ ആയും ലേബർ കമ്മിഷണർ ആയും ശ്രദ്ധേയമായിരുന്നു ജോസഫിന്റെ പ്രവർത്തനങ്ങൾ. അന്നും ഐഎഎസിന്റെ ഇറുകിയ കുപ്പായത്തിൽ ഒതുങ്ങുന്നതായിരുന്നില്ല എം. പി. ജോസഫിന്റെ വ്യക്തിത്വം. അതുകൊണ്ട് തന്നെ ജോസഫ് ഇങ്ങനെ ഒരു കൃതി ചമച്ചത്  എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.

കംബൊഡിയയിൽ എങ്ങനെ എത്തിപ്പെട്ടു എന്ന കഥയാണ് ഉപോദ്ഘാടത്തിൽ.. പന്ത്രണ്ട് പേജുകളിൽ നീണ്ടു കിടക്കുന്ന ആ പശ്ചാത്തല വിവരണം ഈ കൃതിയുടെയും  ഗ്രന്ഥകർത്താവിന്റെ രചനാ സമ്പ്രദായത്തിന്റെയും ബലവും ബലഹീനതയും ഒരേ സമയം തെളിയിക്കുന്നുണ്ട്. ബലം പാരായണക്ഷമത തന്നെ. ഓരോ വാക്യവും വായിക്കുന്നത് സുഖം പകരുന്ന അനുഭവം ആണ് എന്ന് മാത്രം അല്ല അടുത്ത വാക്യം വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമാണ്. എന്നുവച്ചാൽ വായിച്ച് തുടങ്ങിയാൽ താഴെ വയ്ക്കാൻ തോന്നുകയില്ല എന്നർത്ഥം. സ്ഥൂലതയാണ് ബലഹീനത. ആറ് പേജിൽ ഒരുക്കിപ്പറയാവുന്നത് പന്ത്രണ്ട് പേജിൽ പരത്തിപ്പറയുന്നത്. പുസ്തകത്തിന് പേജും വിലയും കൂടും എന്നതാണ് ഫലം! ശയ്യാസുഖം ഈ പോരായ്മയെ ഒട്ടൊക്കെ പരിഹരിക്കുന്നുണ്ട് എന്നതിനാൽ വായനക്കാർ ഉണ്ടാകാതിരിക്കയില്ല എന്ന് ആശ്വസിക്കാം.

ടൂലൊങ് എന്ന ഡ്രൈവറാണ് ഒന്നാം അധ്യായത്തിൽ  നാം പരിചയപ്പെടുന്ന നാട്ടുകാരൻ. ടുലൊങിന്റെ നഖചിത്രം നമ്മുടെ മനസ്സിൽ വ്യക്തമായി പതിയും. ഉയരം കുറഞ്ഞ കൃശഗാത്രൻ. ദാരിദ്ര്യവും സഹനവും മുദ്ര പതിച്ച മുഖം. നിർവ്വീകാര പരബ്രഹ്മഭാവം. നിർജ്ജീവ നേത്രങ്ങൾ. അധരപുടങ്ങളിൽ നിന്ന് ബഹിർഗ്ഗമിക്കുന്ന പദങ്ങൾ പോൾപോട്ട് ക്രൂരമായി വധിച്ച ഏതോ ഖെമറിന്റെ വീദൂരശബ്ദം പോലെ. ഭൂതകാലം മരവിച്ച മട്ട്.

ഇത് ജോസഫിന്റെ ശൈലിയാണ്. രാജാകറി, ലക്കി പുഷ്ക്കരൻ, ദാമു പൊത്തിഫേറിന്റെ ഭാര്യയെ പോലെ ഒരു മേലധികാരി. എല്ലാവരെയും നാം എവിടെയോ കണ്ട് മറന്നത് പോലെ. വ്യക്തികളെ വിവരിക്കുമ്പോൾ മാത്രം അല്ല ഈ കൃതഹസ്തത തെളിയുന്നത്. റോമിലെ ഒരു ഇന്ത്യൻ കാപ്പി ശാപ്പാടിൽ പോയ കഥ ആനുഷങ്ഗികമായി വിവരിക്കുന്നുണ്ട് ഒരിടത്ത് ആ കാപ്പിക്കടയുടെ ആത്മാവ് മുഴുവൻ ആവാഹിച്ച് വാക്കുകളിൽ വിന്യസിക്കുന്നു അവിടെ ഗ്രന്ഥകാരൻ.

ജർമ്മനിയിൽ ഒരിക്കൽ ഇത്തരം അഹങ്കാരം നേരിൽ കണ്ടതാണ് ഞാൻ. 1976 ഞാൻ ടൈറ്റാനിയം കമ്പനിയുടെ മാനേജിങ് ഡയറക്ടർ. യൂറോപ്പിലെ റോഡുകളിൽ വരയിടാൻ നമ്മുടെ പിഗ് മെന്റ് കൊള്ളുമോ എന്നന്വേഷിക്കാനായിരുന്നു യാത്ര. യൂറോപ്പിലെ ഏജന്റ് സാൾസ്മാൻ എന്ന സായിപ്പും സായിപ്പിന്റെ സുഹൃത്ത് ബിലാനി എന്ന ഇന്ത്യാക്കാരനും പിന്നെ ഞാനും. സാൾസ്മാന്റെ ഓവർകോട്ട് അദ്ദേഹം ഊരിയപ്പോൾ സായിപ്പ് വാങ്ങി ഒരു കൊമ്പത്ത് തൂക്കി. ബിലാനി കോട്ടൂരിയപ്പോൾ അത് എവിടെ തൂക്കണം എന്ന് അലസമായി കാണിച്ചുകൊടുത്തു. എനിക്ക് ഓവർകോട്ട് ഉണ്ടായിരുന്നില്ലെ ങ്കിലും ആ ജർമ്മൻ അഹങ്കാരത്തോട് പ്രതിഷേധിക്കാൻ പറഞ്ഞു ഞാൻ. സാൾസ്മാൻ ഓവർകോട്ട് തിരിച്ചെടുത്ത് ധരിച്ചു. ബിലാനിക്ക് തിരിച്ചെടുക്കേണ്ടിയിരുന്നില്ലല്ലോ.

ജർമ്മൻകാരന്റെ വർണ്ണവെറി മനസ്സിലാക്കാം. ഇന്ത്യാക്കാരൻ ഇന്ത്യാക്കാരനോട് പെരുമാറുമ്പോൾ അത്  ഒരു ഉത്തരം ആകുന്നില്ല. ജോസഫ് ഇറ്റലിയിലെ ആ അനുഭവം വിവരിക്കുമ്പോൾ നാമും പണ്ട് ജോസഫിന്റെ കൂടെ അവിടെ പോയിരുന്നു എന്ന് തോന്നിപ്പോവും എന്നാണ് പറഞ്ഞുവരുന്നത്.

മറ്റൊരുദാഹരണം കുരുമുളകു കേന്ദ്രം ആയ കാമ്പോട്ടിൽ ദുറിയൻ എന്ന നാറ്റക്കേസ് വാങ്ങാൻ പോയവരുടെ കഥയാണ്. ആ ഭാഗം വായിച്ചപ്പോൾ ദുർഗന്ധം എനിക്കും അനുഭവമായി എന്ന് പറയാതെ വയ്യ. കഥാന്ത്യം ദുഃഖകരമാണ്. ജോസഫിന്റെ കീഴിൽ അപ്രന്റീസായി വന്ന യുവതി ജോസഫിന്റെ മേലധികാരി ആയി നിയമിതയായി. രണ്ട് മാസം കഴിഞ്ഞപ്പോൾ മൂന്ന് മാസത്തെ ശമ്പളവും കൊടുത്ത് ജോസഫിനെ പറഞ്ഞുവിട്ടു.

ഇത്തരം അനുഭവങ്ങൾക്ക് മനുഷ്യന് മനസ്സിലാകുന്ന കാരണങ്ങൾ ഉണ്ടാകമെങ്കിലും ന്യായീകരണങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. സിവിൽ സർവ്വീസിലും ഇത് പലപ്പോഴും സംഭവിക്കുന്നതാണ്. 1982 ലെ കരുണാകരൻ മന്ത്രിസഭ ചീഫ് സെക്രട്ടറി അനന്തകൃഷ്ണനെ ഒതുക്കിയത് ഒന്നരവർഷം സർവീസ്  ബാക്കി ഉള്ളപ്പോഴാണ്. പ്രഗത്ഭനായ എ. പി. വെങ്കടേശ്വരൻ എന്ന വിദേശകാര്യ സെക്രട്ടറിയെ രാജീവ് ഗാന്ധി പരസ്യമായി അപമാനിച്ചത് അക്കാലത്ത് വലിയ ചർച്ച ആയതാണ്.

എന്തിനവരുടെ  കഥ പറയണം ? എന്റെ അനുഭവം രാഷ്ട്രീയ വൈര നിര്യാതനത്തിന്റെയും പകപോക്കലിന്റെയും ആയിരുന്നു അവസാനകാലത്ത്.

ചീഫ് സെക്രട്ടറി തലത്തിൽ ഒരു കൊല്ലം സർവ്വീസ് ബാക്കി നിൽക്കവെ എന്നെ  ഓംബുഡ്സ്മാനാക്കി. അഞ്ച് വർഷത്തേയ്ക്കായിരുന്നു നിയമനം. ഒന്നര വർഷം കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടു. അപ്പോഴേയ്ക്കും പെൻഷൻ പ്രായം കഴിഞ്ഞ് ആറ് മാസം കൂടെ  പിന്നിട്ടിരുന്നതിനാൽ എനിക്ക് വലിയ പരാതി തോന്നിയില്ല. ജോസഫിനെ പോലെ രാജി വയ്ക്കുകയൊന്നും ചെയ്യാതിരുന്നതിനാൽ  ചീഫ് സെക്രട്ടറിയുടെ പെൻഷൻ മുടങ്ങാതെ കിട്ടുന്നുമുണ്ട്. 2001 ൽ എനിക്ക് സർക്കാർ സമ്മാനിച്ച അനുഭവം ആണ് പത്ത് വർഷം  കഴിഞ്ഞപ്പോൾ ജോസഫിനും ഉണ്ടായത്. ഇതൊക്കെ ഓരോ വിധിയാണ്. ഭാരതീയ വിവേകം പറഞ്ഞുതരുന്നത്.

ഗുണോ പി ദോഷതാം യാതി വക്രീ ഭൂതെ
                                                വിധാതരി
സാനുകൂലേ പുനസ്തസ്മിൻ ദോഷോ പി ച
                                                  ഗുണായതേ

എന്നാണല്ലോ. വിധാതരി വക്രീഭൂതെ, വിധാതാവ്
വിപരീതമായാൽ ; ഗുണഃ അപി ദോഷതാം യാതി,
ഗുണവും ദോഷമായി ത്തീരുന്നു ; പുനഃ തസ്മിൻ
സാനുകൂലേ, പിന്നെ അദ്ദേഹം അനുകൂലമായാൽ ;
ദോഷാ ഃ അപി ഗുണായതേ, ദോഷങ്ങളും ഗുണമായിത്തീരുന്നു.

* പാരായണക്ഷമമായ ഈ കൃതിയുടെ പ്രസാധകർ പാർട്രിജ് ബുക്സ് ആണ്. അവരുടെ മേൽവിലാസം ഗ്രന്ഥ കർത്താവിന് അറിയാം. ഗ്രന്ഥകർത്താവിന്റെ ഫോൺ –952 685 8024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.