Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓണപ്പൂക്കൾ വാടുന്നില്ല

ഡി. ബാബുപോൾ
Athapookkalam

ഒരിക്കൽക്കൂടി ഓണം വന്നുപോയി.

മലയാളി ജാതിഭേദം മതദ്വേഷം ഏതും ഇല്ലാതെ സോദരത്വേന ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

മനസ്സ് ഏഴ് പതിറ്റാണ്ടുകൾ പിറകോട്ടു പായുന്നു. വടക്കൻ തിരുവിതാംകൂറിലെ നാട്ടിൻപുറത്ത് ഓണം ഉത്സവച്ഛായ പ്രദാനം ചെയ്തിരുന്നു. കൂട്ടുമഠം അമ്പലത്തിനടുത്തും  ഇരിങ്ങോൾകാവിന്റെ ചുറ്റുവട്ടത്തും അശമന്നൂർ, പുല്ലുവഴി തുടങ്ങിയ പരിസരപ്രദേശങ്ങളിലുമായിരുന്നു ഹിന്ദുക്കൾ കൂടുതലെന്ന് ഇപ്പോൾ ഓർമ വരുന്നു. അന്ന്  അതൊന്നും അറിഞ്ഞുകൂടായിരുന്നു. ഇപ്പോൾ ഓർത്തതുതന്നെ ഓണാഘോഷം മതാതീതമാണെന്നു പറയാനാണ്.

എന്റെ വീടിനടുത്ത് അടിയാളരായ ദല‌ിതരും ചെത്തുകാരും മറ്റു വിവിധ തൊഴിൽ മേഖലകളിൽ വർത്തിച്ചിരുന്നവരും  മാത്രമാണ് ഒരു കിലോമീറ്റർ വ്യാസാർധത്തിൽ ഉണ്ടായിരുന്ന അക്രൈസ്തവർ. എന്നാൽ, എല്ലാ വീടുകളിലും ചില ചിട്ടകൾ  പാലിച്ചുവന്നു. തിരുവോണനാൾ മത്സ്യമാംസാദികൾ ഉപയോഗിച്ചിരുന്നില്ല. ചെറുബാല്യക്കാരുള്ള  കുടുംബങ്ങളിൽ പൂക്കളവും ഊഞ്ഞാലും ഉണ്ടാവും. ഉച്ചതിരിഞ്ഞ് മയക്കം വിട്ടുണരുന്ന ഗ്രാമത്തിൽ പള്ളിക്കു മുന്നിലെ ആൽത്തറയിലും ടൗൺ എന്നു ഗ്രാമീണർ വിളിച്ചിരുന്ന കവലയിലും പതിവിലേറെ ആളുകൾ സൊറ പറയാൻ കൂടും. സന്ധ്യ കഴിഞ്ഞാൽ അൽപ്പം മിനുങ്ങുന്നവരുടെ ബഹളം നാട്ടുവഴിയിലൂടെ നിരങ്ങുന്ന കാളവണ്ടികളുടെ ശബ്ദത്തിനുമേൽ കേട്ടു എന്നും വരാം.

മരങ്ങാട്ട് കാരണവർ – എന്റെ പിതാമഹിയുടെ സഹോദരൻ – ആയിരുന്നു ഓണക്കോടി തന്നിരുന്നത്. അത് തലേന്നു വൈകിട്ട് തരും. ഒരു കേമ്പിരി മുണ്ടോ ഒരു നിക്കറിനുള്ള തുണിയോ ആയിരുന്നു കോടി.

ഓണനാൾ പൂക്കൾ പറിക്കാൻ ഇറങ്ങും. കുറെ കൂട്ടുകാർ കാണും. കുരിശുമലയിലും പുലിമലയിലും പോയി എന്തൊക്കെയോ പൂക്കൾ  പറിക്കും. ഇന്നത്തെ മാതിരി ഗാർഡനിങ് അന്നില്ല. എന്നാൽ, പുരയിടങ്ങളിൽ പൂക്കൾ ഉണ്ടാവും. എല്ലാം കൂടെ ചേർത്താണ് പൂക്കളം. ഏതെങ്കിലും ഒന്നോ രണ്ടോ വീടുകളിലായിരുന്നു അവ ഒരുക്കിയിരുന്നത്. നിഴൽ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങുമ്പോൾ കൂട്ടുകാർ പിരിയും. അവരവരുടെ വീട്ടിൽ തന്നെയാണ് ഊണ്. ഇന്നത്തെ ക്ലബ്ബുകളിലെ ഓണസദ്യകളുടെ  കൃത്രിമത്വം  ഒന്നും അക്കാലത്തില്ല. വഴിയെ കാണുന്നവരോടൊക്കെ ‘നിനക്ക് ഞാൻ വച്ചിട്ടുണ്ട്’ എന്ന് ആത്മഗതമായും ‘ഹാപ്പി ഓണം’ എന്ന്  പുറമേയും പറയുന്ന സമ്പ്രദായവും അന്നില്ല.

കൊച്ചിയിലും ചേന്ദമംഗലത്തും യോം കിപ്പൂർ ആചരിക്കുന്ന യഹൂദർ മറ്റു മതങ്ങളിൽപെട്ടവരെ ആഘോഷത്തിനു ക്ഷണിക്കാറുണ്ട്. എന്നാൽ, ക്രിസ്മസ്, വിഷു, ഈദ് എന്നീ പെരുന്നാളുകൾ അതത് സമുദായക്കാർതന്നെ ആചരിക്കുന്നതായാണ് കാണുന്നത്. മുംബൈ പോലെ ചില സ്ഥലങ്ങളിൽ പ്രാദേശിക പാരമ്പര്യങ്ങൾ മലയാളികൾ വളർത്തിയെടുത്തിട്ടുണ്ടെങ്കിലും കേരളത്തിൽ ഈ വിശേഷ ദിവസങ്ങൾക്ക് മതപരമായ പ്രാധാന്യം മാത്രമാണ് കൽപ്പിക്കപ്പെട്ടുവരുന്നത് എന്നു തോന്നുന്നു. ഓണമാകട്ടെ, മതപരമായ അടിസ്ഥാനമില്ലാത്തതിനാൽ സമൂഹം ഒന്നാകെ ഘോഷിച്ചു കൂട്ടുന്നു.

ഓണത്തോടു ബന്ധപ്പെട്ട ഐതിഹ്യത്തിൽ മതചിഹ്നങ്ങൾ കാണാമെങ്കിലും അതു മലയാളി ഗൗരവമായി എടുത്തിട്ടില്ല എന്നതു വ്യക്തമാണ്. സ്വർഗീയമായ സന്തോഷം ഭൂമിയിൽ ഉണ്ടാകുന്നതിൽ ഈശ്വരന് അസഹിഷ്ണുത ഉണ്ടാവുക വയ്യ. പരശുരാമൻ സൃഷ്ടിച്ച ഭൃഗുഭൂമി  വാണ അരചനെ വാമനൻ നേരിടുന്നതിൽ  കാലനിർണയപ്രമാദം എന്ന ദോഷവും ഉണ്ട്. തമിഴ് ബ്രാഹ്മണരുടെ മേൽക്കോയ്മയെ കൊയ്ത്തു കഴിഞ്ഞ പാടത്തു പരന്നുകിടക്കുന്ന നിലാവിനെ സാക്ഷിയാക്കി പരിഹസിക്കുകയായിരുന്നിരിക്കണം നമ്മുടെ പൂർവികർ.

പതിനഞ്ചു വയസ്സായതോടെ ഓണത്തിന്റെ അകൻമഷഭംഗി എനിക്കു കൈമോശം വന്നു. ആലുവായിലാണ് കോളജ്. വലിയ ദൂരം ഇല്ല. എന്നാൽ, വാഹനസൗകര്യവും ഇല്ല. അതുകൊണ്ട് താമസം ഹോസ്റ്റലിലാണ്. ഓണത്തിനു വീട്ടിൽ വരുമ്പോൾ പഴയപടി ആഘോഷിക്കാനൊന്നും തോന്നുമായിരുന്നില്ല. കോളജിൽ വിട്ടിട്ടുപോന്ന രണ്ടു കണ്ണുകൾ ആയിരുന്നു മനസ്സിലെ ഓണപ്പൂക്കൾ. മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരുന്ന് മുട്ടത്തുവർക്കിയുടെ കൃതികൾ വായിക്കുമ്പോൾ ആ കണ്ണുകൾ താളുകളിൽ തെളിയും.

1958 മുതൽ തിരുവനന്തപുരത്ത് വന്നൊട്ടി. അന്നൊക്കെ പരീക്ഷയും അവധിയുമെല്ലാം നേരത്തും കാലത്തും ആയിരുന്നു. അതുകൊണ്ട് ഓണം നാട്ടിൽ തന്നെ. അവധി തുടങ്ങുന്ന നാൾ ആലുവാ എക്സ്പ്രസിൽ നിറയെ ഞങ്ങൾ എൻജിനീയറിങ്– മെഡിക്കൽ വിദ്യാർഥികൾ. നാട്ടിൽ വലിയ ഗമയാണ്. എൻജിനീയറിങ് പഠിക്കയല്ലേ ?

ഗമ വന്നപ്പോൾ ഓണം നഷ്ടമായി. അമ്മ ഒരുക്കിയിരുന്ന വിഭവങ്ങൾ കൃത്യമായി ഓർക്കുന്നില്ല. എരിശേരി, കാളൻ, ചേന, മെഴുക്കുപുരട്ടി, ഉപ്പേരി, തേങ്ങാ ഇടിച്ചുണ്ടാക്കിയ ചമ്മന്തി, ഉപ്പുമാങ്ങ ഒക്കെ മാറിയും മറിഞ്ഞു കിട്ടിയിരുന്ന വിഭവങ്ങളായിരുന്നു സസ്യഭുക്കായിരുന്ന എനിക്ക്. ഞാനും അനിയനും എന്തോ ജനിതകവാസനകൊണ്ട് സസ്യഭുക്കുകളായതാണ്. വീട്ടിൽ മറ്റുള്ളവരൊക്കെ മൽസ്യമാംസാദികൾ കഴിക്കും. എന്നാൽ, ഓണത്തിന്റെയന്ന് എല്ലാവർക്കും പച്ചക്കറി തന്നെ.

1960 മുതൽ ആ പതിവും തെറ്റി. ഓണക്കാലത്തും തിരുവനന്തപുരത്തു തങ്ങേണ്ടി വന്നു. ആദ്യം വിദ്യാർഥി നേതാവായി ഒരു വിദേശയാത്രയും രണ്ടാം കൊല്ലം യൂണിയൻ തെരഞ്ഞെടുപ്പും മൂന്നാം തവണ ഐഎഎസ് ജ്വരവും ആയിരുന്നു കാരണങ്ങൾ. ദാമോദരൻ പോറ്റിയാണ് സർക്കാർ ഓണാഘോഷം തുടങ്ങിയത്. അത് ഏതാണ്ട് അക്കാലത്താണ്. പോറ്റി പോയി, ഓണാഘോഷവും പോയി.

പോയ മാവേലി വക്കത്തായിരുന്നു ഒളിച്ചിരുന്നത് എന്നു തോന്നുന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞ് വക്കം പുരുഷോത്തമൻ വീണ്ടും ഓണാഘോഷം തുടങ്ങി. എന്നാൽ, മാതാപിതാക്കൾ ജീവിച്ചിരുന്ന കാലത്തോളം ആ ആഘോഷമൊന്നും കാണാൻ നിൽക്കാതെ എന്റെ വീട്ടിലും ഭാര്യവീട്ടിലും ഒക്കെ പോവും. 1989 ൽ വീണ്ടും ടൂറിസത്തിന്റെ ചുമതല വന്നു. ചെന്നുപാർക്കാൻ വീടും ഇല്ലാതായി.

1999 ലെ ഓണം ആയിരുന്നു എല്ലാവരും ചേർന്ന് ഈ വീട്ടിൽ ആഘോഷിച്ച അവസാനത്തെ ഓണം. അടുത്ത ഓണം വന്നപ്പോൾ ഒരു കസേര ഒഴിഞ്ഞു. എന്നിട്ടും ഓണം വരാതിരിക്കുന്നില്ല. മക്കളും  കൊച്ചുമക്കളും അന്തരീക്ഷത്തിൽ ശബ്ദകോലാഹലം സൃഷ്ടിക്കുന്നുമുണ്ട്. ലോകം അവസാനിച്ചിട്ടൊന്നുമില്ല.

ഓണം ചില ഗതകാലതരളസ്മൃതികൾ ഉണർത്തിയേക്കാമെങ്കിലും അതിന്റെ മൗലികഭാവം ആഹ്ലാദവും സ്നേഹവും തന്നെയാണ്. സ്നേഹത്തിന്റെ അക്ഷയനിധി ഒപ്പമുണ്ടായാൽ ഓണപ്പൂ വാടുകയില്ല. ആ ഉറപ്പാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.  ആ നിധിയെ അക്ഷയമാക്കുന്നതാവട്ടെ കിട്ടുന്ന സ്നേഹവും കൊടുക്കുന്ന സ്നേഹവും ആണുതാനും.

ഇത്തവണയും ഞാൻ ഓണം ഉണ്ടു, തികഞ്ഞ സംതൃപ്തിയോടെ. ഓണപ്പൂക്കൾ വാടുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.