Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്വിറ്റിന്ത്യാദിനത്തിലെ മനോരഥങ്ങൾ

 ഡി. ബാബു പോൾ
quit-india

ഒരു ക്വിറ്റിന്ത്യാ ദിനം കൂടി കടന്നുപോയി. ക്വിറ്റ് ഇന്ത്യാ, കടക്ക് പുറത്ത് എന്ന മുദ്രാവാക്യം നിർമ്മിച്ച യൂസഫ് മെഹർ അലി എന്ന മഹാരാഷ്ട്രക്കാരന്റെ ഓർമ്മയ്ക്ക് മുന്നിൽ നമസ്ക്കരിക്കാതെ ഈ നാൾ എന്തെങ്കിലും കുറിക്കാനാവുകയില്ല. കേവലം 47 സംവത്സരങ്ങൾ മാത്രം ഈ ഭൂമിയിൽ ജീവിച്ചിരുന്ന മെഹറലി അന്ത്യശ്വാസം വലിച്ചത് ഭാരതം ഒരു റിപ്പബ്ലിക് ആയതിനുശേഷം ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 1950 ജൂലൈ മൂന്നിന്. ആ ദേശാഭിമാനിയുടെ വിയോഗത്തിൽ ബോംബെ നഗരം വിമൂകമായി. അന്ന്  അവിടുത്തെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു വ്യാപാരവും നടന്നില്ല. ദോങ്ഗ്രി കബറിസ്ഥാനിലേയ്ക്ക് ജനം ഒഴുകി. ഇന്ന് ആരും ആ ധീരനെ സ്മരിക്കുന്നില്ല എന്നത് തികച്ചും ഖേദകരമാണ്. പശു ചത്തെന്ന് കരുതി മോരിലെ പുളി പോകാൻ പാടുണ്ടോ ?

ഇക്കൂടെ ഞാൻ ഒരു മലയാളിയെയും ഓർക്കുന്നു. ചെമ്പകരാമൻ പിള്ള. ജർമനിയിൽ നിന്ന് ഭാരതീയ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയ തിരുവനന്തപുരത്തുകാരൻ. അദ്ദേഹത്തിന്റെ നിസ്തൂല സംഭാവനയും ഒരു മുദ്രാവാക്യം തന്നെ ആണ്. ജയ് ഹിന്ദ്.

‘ക്വിറ്റ് ഇന്ത്യ’ മഹാത്മജിയുടെയും  ‘ജയ്ഹിന്ദ്’ നേതാജിയുടെയും പേരിൽ അറിയപ്പെടുന്നത്  അതിസാധാരണമായ ഒരു  മനുഷ്യസ്വഭാവത്തെ സൂചിപ്പിക്കുന്നു എന്ന് കരുതിയാൽ മതി. ബി. എൻ. റാവു എന്ന ഐസിഎസുകാരനെ ആരും ഓർക്കാറില്ല. ഇന്ത്യയുടെ ഭരണഘടന കയ്യക്ഷരത്തിൽ എഴുതിയുണ്ടാക്കിയ റാവുവിനെയല്ല അത് ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ച അംബദ്ക്കറെയാണ് നാം ഭരണഘടനയുടെ ശില്പി എന്ന് വിളിക്കുന്നത്. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യയെ ആഫ്രിക്കനൈസേഷനിൽ നിന്ന് സംരക്ഷിച്ച വി. പി. മേനോൻ എന്ന കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിയെ മലയാളി പോലും ഓർക്കാറില്ല ; നാം ഓർക്കുന്നത് സർദാർ പട്ടേലിനെ ആണ്. കൊച്ചി വിമാനത്താവളത്തിന്റെ  പേരിൽ ആറ് മാസത്തോളം കസേരയും കാറും ഫോണും  ഇല്ലാതെ കഷ്ടപ്പെട്ടയാളെക്കാളേറെ  അന്ന് അതിനെ പുച്ഛിക്കുകയും  പിന്നെ ആ വാദ്യസംഘത്തിന്റെ  നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത രാഷ്ട്രീയ നേതാവിന് മഹത്വം ചാർത്താനാണ് നമുക്ക് വാസന.

ഇത്രയും കുറിച്ചപ്പോഴാണ് ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നിർമ്മിച്ച ഹസ്റത്ത് മൊഹാനിയുടെ പേര് ഓർമ്മയിൽ തെളിഞ്ഞത്. അത് മറ്റാർക്കും ചാർത്തപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. എങ്കിലും നമ്മുടെ ഓർമ്മ നമ്മുടെ ഇഷ്ടങ്ങളുടെ പ്രതിഫലനമാവുന്നു എന്ന് നിരീക്ഷിക്കാതെ വയ്യ. സിലക്ടീവ് മെമ്മറി എന്ന് പറയും സായിപ്പ്.

column--pic

അതിരിക്കട്ടെ. ക്വിറ്റിന്ത്യാസമരത്തിന് എഴുപത്തിയഞ്ചും സ്വാതന്ത്ര്യത്തിന് എഴുപതും തികയുന്ന മാസമാണല്ലൊ ഇത്.സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ 1947 ഓഗസ്റ്റ് 15നു രാവിലെ എന്റെ അച്ഛൻ എന്നോടു പറഞ്ഞ ഒരു വാക്യമാണ്: നീ ഉറങ്ങിയപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. അമ്മയും ഞാനും ആ സമയത്ത് പാതിരാപ്രാർഥന നിവർത്തിക്കുകയും രാജ്യത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും  ചെയ്തു. നീ നല്ല ഉറക്കമായിരുന്നു. പാതിരാത്രി ഉണർന്നെഴുന്നേറ്റു പ്രാർത്ഥിക്കുക എന്നുള്ളത് സന്ന്യാസാശ്രമങ്ങളിൽ മാത്രം പതിവുള്ള ഒരു ചര്യയാണ്. കുടുംബ ജീവിതം നയിക്കുന്നവർക്ക് ഏഴ് യാമങ്ങളിലെ പ്രാർത്ഥന രണ്ടായിത്തിരിച്ച് സന്ധ്യയ്ക്കും പ്രഭാതത്തിലും നടത്തുവാൻ ക്രൈസ്തവ സഭയിൽ അനുവാദമുണ്ട്. സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിലെ പ്രാർത്ഥന, അതുകൊണ്ട് ഒരു പ്രത്യേക പ്രവൃത്തി തന്നെയായിരുന്നു. അന്ന് ആറ് വയസ്സു പ്രായമുണ്ടായിരുന്ന എനിക്ക് എന്റെ രാജ്യത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും വളർത്തിയെടുക്കാനുള്ള അടിത്തറ അച്ഛന്റെ  ഈ വാക്യങ്ങളായിരുന്നു എന്ന് അരനൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ എനിക്കു തോന്നുന്നു. ഇന്നും ഞാൻ കോവിന്ദിനും മോദിക്കും പിണറായി വിജയനും വേണ്ടി നിത്യവും പ്രാർത്ഥിക്കുന്നത് അവരുടെ സദ്ബുദ്ധി എന്റെ നാടിന് നിർണ്ണായകമാണ് എന്ന് എനിക്ക് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ്. അതിന്റെ ഉറവിടമാകട്ടെ സ്വാതന്ത്ര്യത്തിന്റെ പാതിര നേരത്ത് എന്റെ മാതാപിതാക്കൾ എന്റെ മാതൃഭൂമിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന അറിവാണ് താനും.

അന്ന് എന്റെ നാട്ടിൽ ടാറിട്ട റോഡുണ്ടായിരുന്നില്ല.  വേനൽക്കാലത്ത് പൊടിപറക്കാതിരിക്കാൻ വീപ്പയിൽ വെള്ളം നിറച്ച് റോഡിൽ കോരിയൊഴിക്കാൻ കച്ചവടക്കാർ ഏർപ്പാടു ചെയ്യുമായിരുന്നു. ആലുവയിൽ നിന്നും മൂന്നാറിലേക്കു പോവുമായിരുന്ന ഒരു എക്സ്പ്രസ്സ് ബസ്സും പെരുമ്പാവൂർ കവലയിൽ നിന്ന് തെക്കോട്ടു തിരിഞ്ഞുപോകുന്ന സ്വകാര്യ ബസ്സും ഒന്നോ രണ്ടോ കരിവണ്ടികളും പിന്നെ സർ സിപി ഏർപ്പെടുത്തിയ സർക്കാർ കാർഗോ സർവ്വീസിന്റെ തേയില ലോറികളും ആയിരുന്നു ആ പ്രദേശത്ത് പൊടിപറത്തിയിരുന്ന വാഹനങ്ങൾ, വിദ്യുച്ഛക്തി ഞങ്ങളെ സംബന്ധിച്ചിടത്തോളം  പള്ളിവാസലിൽ നിന്ന് ആലുവയിലേക്ക് ആകാശത്തിലൂടെ വലിച്ച കമ്പികളായിരുന്നു. ആ കമ്പിയിൽ കൃത്യമായി കൊള്ളത്തക്കവണ്ണം കല്ലെറിയുന്നതിൽ മിടുക്കനായിരുന്ന പാപ്പച്ചൻ ഞങ്ങൾ കൊച്ചുകുട്ടികളുടെ ഒരു ഹീറോ ആയിരുന്നു. സന്ധ്യയടുക്കുമ്പോൾ മുന്നിരുട്ടാണ് വേഗം പോകണമെന്നു പറയുന്നത് പതിവായി കേട്ടു വന്നിരുന്ന ഒരു വാക്യമാണ് ; ഇന്ന് എന്റെ നാട്ടിലെ കുട്ടികൾക്ക് മുന്നിരുട്ട് എന്നു പറഞ്ഞാൽ എന്താണ് എന്നുപോലും അറിയാമെന്നു തോന്നുന്നില്ല. ആദ്യമായി വിദ്യുച്ഛക്തി എത്തിയത്,  ആദ്യമായി നാട്ടിൽ ഒരാൾ കാർ വാങ്ങിയത്, ആദ്യമായി നാട്ടിൽ ഒരു റേഡിയോ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയത്, ആദ്യമായി വണ്ടി സ്റ്റാർട്ടാക്കുന്ന കമ്പി കറക്കുന്നതുപോലെ കറക്കി വിളിക്കുന്ന ഒരു ടെലഫോൺ നാട്ടിൽ വന്നത് ഒക്കെ എന്റെ ബാല്യകാല സ്മരണകളുടെ ഭാഗമാണ്. ഈ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ ഇങ്ങനെ എന്തെല്ലാം മാറ്റങ്ങൾ നാട്ടിലുടനീളം വന്നിരിക്കുന്നു !

കൃഷിയുടെയും ഭക്ഷ്യോൽപാദനത്തിന്റെയും കാര്യം എടുക്കുക. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നമ്മുടെ ഉൽപാദനം അഞ്ചു കോടി ടൺ തികച്ചുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ കനക ജൂബിലിക്കാലത്ത് രണ്ടു കോടിയുടെ ഒരു കരുതൽ ശേഖരത്തോടുകൂടി  20 കോടിയിലധികം പ്രതിവർഷം ഉൽപാദിപ്പിക്കുന്ന ഒരു രാജ്യമായി നാം വളർന്നിരിക്കുന്നു. ഇത് ഭക്ഷ്യധാന്യങ്ങളുടെ കാര്യമാണെങ്കിൽ പഴവർഗ്ഗങ്ങൾ, പച്ചക്കറി, മുട്ട, മത്സ്യം എന്നിവയുടെ കാര്യത്തിലും നമുക്ക് വളരെയേറെ നേട്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഭൂപരിഷ്കരണ നിയമങ്ങൾ വഴി പല സംസ്ഥാനങ്ങളിലും യഥാർത്ഥ കർഷകർ ചൂഷണത്തിൽ നിന്ന് മോചനം നേടി. ജലസേചനം വർദ്ധിച്ചു. രാസവളങ്ങളുടെ ഉപയോഗവും കുതിച്ചുയർന്നു. എന്നാൽ ഇതിന്റെയൊക്കെ മറുവശവും കാണേണ്ടതുണ്ട്. രാസവളങ്ങൾ നമ്മുടെ മണ്ണിനെ ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവ് ഇന്ന് വ്യാപകമാണ്. കാർഷിക നിയമങ്ങളുടെ പരിഷ്കരണം പലയിടത്തും സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് യുക്തിപരമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഉൽപാദനക്ഷമത ഇനിയും വർദ്ധിക്കേണ്ടിയിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക പ്രശ്നം പരിസ്ഥിതിയെ ദോഷകരമായി ബാധി‌ക്കാത്ത രീതിയിൽ ഉയർന്ന ഉൽപാദനവും ഉൽപാദനക്ഷമതയും കൈവരിക്കുന്നത് എങ്ങനെ എന്നതായിരിക്കും.

ശരാശരി ആയൂർദൈർഘ്യം വളരെയേറെ കൂടി. അതുകൊണ്ട്  വൃദ്ധജനങ്ങളുടെ പ്രശ്നങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അതോടൊപ്പം ജനസംഖ്യ നിയന്ത്രിക്കുവാൻ നടത്തിയ പരിശ്രമങ്ങൾ കേരളം, തമിഴ്നാട് തുടങ്ങി ചുരുക്കം ചില സംസ്ഥാനങ്ങളിലല്ലാതെ വേണ്ടത്ര വിജയിച്ചിട്ടില്ല. ഇതൊക്കെ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇതിനെക്കാൾ പ്രധാനമായ സംഗതി വിദ്യാഭ്യാസ – സാംസ്കാരിക മേഖലക ളാണ്. നമ്മുടെ വിദ്യാഭ്യാസം സ്കൂൾ തലത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും സർവ്വകലാശാലാതലത്തിൽ താഴ്ന്ന നിലവാരത്തിൽ തുടരുകയാണ്.

കോടിക്കണക്കിനാണ് ഒരു ദിവസം പുറത്തുവരുന്ന ദിനപ്പത്രങ്ങൾ. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ പത്തിലൊന്നുമാത്രം നിവസിക്കുന്ന നഗരങ്ങളിലാണ് ഇതിൽ ഭൂരിപക്ഷവും ചെലവഴിക്കപ്പെടുന്നത്. അതേസമയം അതിലേറെ ജനങ്ങൾ ടെലിവിഷന്റെ സ്വാധീനവലയത്തിലാണ്. ഈ മേഖലയിലെ ഭീഷണി നമ്മുടെ സംസ്കാരത്തിന് അന്യമായ മൂല്യങ്ങൾ ഒരു തലമുറയെ ഒട്ടാകെ സ്വാധീനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നു എന്നുള്ളതാണ്. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വായ് നാറ്റവും യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് അടിയന്തിരമായി വേണ്ടത് ചൂയിങ്ഗം ഉപയോഗിച്ചുള്ള മുഖവ്യായാമവും ആണ് എന്നു ചിന്തിക്കുന്ന ഒരു ജനത ഇവിടെ വളർന്നു വരേണ്ടതുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാട്ടിൻപുറത്ത് കുടിക്കാൻ ശുദ്ധജലമില്ല. പ്രതിവർഷം അരലക്ഷം കുട്ടികൾ ഭക്ഷണത്തിന്റെ അസന്തുലിതാവസ്ഥകൊണ്ട് അന്ധരായിത്തീരുന്നു. നാൽപതു ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഈ രാജ്യത്ത് ഹോർലിക്സിനും ചോക്ളേറ്റിനും വാശിപിടിക്കുന്ന കുട്ടികളെയും അവരെ തൃപ്തിപ്പെടുത്തുന്ന അമ്മമാരുടെ പുഞ്ചിരിയും അവതരിപ്പിക്കുന്നതുവഴി  മധ്യവർഗ്ഗത്തിന്റെ മൂല്യബോധവും പാവപ്പെട്ടവരുടെ സ്വപ്നങ്ങളും എന്തു മാർഗ്ഗമുപയോഗിച്ചും ചോക്ളേറ്റും നൂഡിൽസും പ്രാപ്യമാകുന്ന സാമൂഹ്യാവസ്ഥയിലേക്ക് വളരണമെന്ന മോഹവും–പൊട്ടിത്തെറി പൊഖ്റാനിൽ ഒതുങ്ങുകയില്ല എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ഇന്നു നമുക്ക് മക്കളില്ല. ഉള്ളത് കോംപ്ലാൻ കുട്ടികളാണ്. ഇന്നു നമ്മുടെ കുഞ്ഞുങ്ങൾ സ്നേഹിക്കുന്നത് പ്രകൃതിയെയല്ല രസ്നയെയാണ്. ഇതൊന്നും വേണ്ടായെന്നു പറയുകയല്ല. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ  എഴുപതാം  വർഷത്തിൽ നാം നേരിടുന്ന ഒരു വലിയ വെല്ലുവിളി സാംസ്കാരിക മേഖലയിലൂടെ കടന്നുവരുന്നതാണ് എന്ന് ഓർത്തിരിക്കണം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ ഞാൻ എഴുതിയ പ്രളയങ്ങളുടെ പ്രളയം എന്ന കൃതിയിൽ നിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ.

‘‘നമുക്ക് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഈ പാരമ്പര്യത്തിൽ അഭിമാനിക്കാൻ നമുക്ക് കഴിയണം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനിൽ ഭൗതിക സുഖങ്ങൾക്കു പിറകെ ഓടിയ തലമുറ അദ്ഭുതകരമായ വിജയം കൈവരിച്ചു. എന്നാൽ ഭൗതിക സുഖങ്ങളുടെ ആധിക്യത്തിൽ അനിവാര്യമായ ആത്മീയ ശൂന്യത അസഹ്യമായപ്പോൾ അവർ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് ഓർത്തു. പക്ഷേ, വൈകിപ്പോയിരുന്നു. ജപ്പാനിലെ സമൂഹം ഇന്ന് ഒരു ഇരുനിലക്കെട്ടിടമാണ്. താഴെ ഉപഭോഗസംസ്കാരത്തിന്റെ കാഴ്ചബംഗ്ലാവു പോലെ ഒരു വാസസ്ഥാനം. മുകളിൽ ഗൃഹാതുരത്വത്തോടുകൂടെ ഓർമ്മിക്കുന്ന പൈതൃക സ്മരണകൾ. താഴെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഓടിയതിനിടയിൽ മുകളിലേക്കു കയറാനുള്ള ഗോവണി ദ്രവിച്ചില്ലാതെയായത് ഒരു തലമുറ അറിഞ്ഞില്ല. വില കൊടുക്കുന്നത് അടുത്ത തലമുറയാണ്. പെരുകുന്ന അക്രമത്തിലൂടെ, പെരുകുന്ന അഴിമതി– വഞ്ചനക്കേസുകളിലൂടെ, പെരുകുന്ന ആത്മഹത്യകളിലൂടെ. ഭാരത മാതാവിന് ഈ ദുര്യോഗം വന്നുകൂടാ. അതിനുവേണ്ടി ശ്രദ്ധാപൂർവ്വമായ നീക്കങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.’’ 

ചെറിയ കാര്യങ്ങളിൽ പിടിവാശി കാണിച്ച് വിഭാഗീയ സ്പർദ്ധകൾ വർദ്ധിപ്പിക്കുകയല്ല. മറിച്ച്, നൈതിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭാരതീയ സമൂഹം കെട്ടിപ്പടുക്കാൻ ഭാഷയുടെയും മതത്തിന്റെയും വംശത്തിന്റെയും അതിരുകളെ  ഉല്ലംഘിക്കുന്ന അർപ്പിത മനസ്കരുടെ ഒരു സംഘനിര സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ഈ സ്വാതന്ത്ര്യദിനത്തിന്റെ വെല്ലുവിളിയും പ്രത്യാശയും ഇപ്പറഞ്ഞതിൽ അടങ്ങിയിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. വന്ദേ മാതരം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.