Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാമായണമാസ ചിന്തകൾ

ഡി. ബാബു പോൾ
Ramayanam

രാമായണമാസം വന്നു കഴിഞ്ഞു. കർക്കടകമാസം രാമായണം വായിച്ച് കഴിച്ചു കൂട്ടണം എന്ന സമ്പ്രദായം കേരളമൊട്ടുക്ക് പ്രചാരത്തിലായിട്ട് നാളേറെ ആയിട്ടില്ല. പാലക്കാട് ജില്ലയിലും വള്ളുവനാടൻ പ്രദേശങ്ങളിലും ഈ പതിവ് പണ്ടും ഉണ്ടായിരുന്നു. എന്നാൽ, തിരുവിതാംകൂറിൽ മണ്ഡല കാലമായിരുന്നു രാമായണകാലം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പരമേശ്വർജി എന്ന പി. പരമേശ്വരൻ അവർകളുടെ സമ്പന്ന മസ്തിഷ്കത്തിലാണ് വള്ളുവനാടൻ മാതൃക കേരളമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ആശയം ഉദിച്ചത്. അത് നന്നായി. മണ്ഡലകാലം വ്രതത്തിന്റെ നാളുകളാണ്. അത് തുടരുന്നവർ മുടക്കം വരുത്തുകയില്ല. എന്നാൽ ഒരു സംവൽസരം അവസാനിക്കുമ്പോൾ രാമകഥയിൽ വീണ്ടും ശ്രദ്ധയൂന്നുകയും ഈശ്വരാനുഗ്രഹത്തിൽ പ്രത്യാശ അർപ്പിച്ചു പുതിയ സംവൽസരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുക തീർച്ചയായും ശ്രീരാമഭക്തരായ ഈശ്വര വിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണുതാനും.

എത്ര പറഞ്ഞാലും പുതുമ ചോരാത്തതാണ് രാമകഥ. എത്ര പഠിച്ചാലും അത് പാഠങ്ങൾ ബാക്കി നിർത്തും. റോമൻ കത്തോലിക്കാ പണ്ഡിതനായ കാമിൽ ബുൽക്കെ ഒരു പുരുഷായുസ്സ് നീക്കിവെച്ചിട്ടും, ‘രാമകഥ’ എന്ന പണ്ഡിതോചിത രചന നിർവഹിച്ചിട്ടും രാമായണത്തെക്കുറിച്ചുള്ള ബൗദ്ധിക പഠനത്തിൽ കണ്ടെത്തിയ സംഗതികൾ കഥകളുടെ പൗരാണികതക്ക് വിശേഷണങ്ങൾ നിർമിക്കാതെ അംഗീകരിക്കാവുന്നതല്ല എന്ന് യുക്തി ഭദ്രമായി സൂചിപ്പിച്ചിട്ടും. ഒടുവിൽ ആദികവിയുടെയും ശ്രീരാമചന്ദ്രന്റെയും മുന്നിൽ മുകുളിത ഹസ്തനായി  വിനയപൂർവം നിൽക്കുന്ന ചിത്രമാണ് നമുക്കു മുന്നിൽ ബാക്കിയാവുന്നത്.

സത്യത്തിൽ പണ്ട് ബുൽക്കെയുടെ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ ഓർത്തുപോയത് ‘ഹനുമാൻ കഴിഞ്ഞാൽ പിന്നെ ഫാദർ ബുൽക്കെ’ എന്നായിരുന്നു എന്ന സംഗതിയും രേഖപ്പെടുത്താതെ വയ്യ. തൊണ്ണൂറുകളിലാണ് ശ്രീരാമന്റെ പ്രസക്തി ഞാൻ എഴുതിയത്. ഒരു ഭരണാധികാരിയുടെ മനസ്സോടെയാണ് അന്ന് രാമകഥ വിചാരണ ചെയ്തത് എന്ന് തോന്നുന്നു. എന്നാൽ, അവിടെയും ജയിക്കുന്നത് രാമൻ തന്നെ. പിതാവിനെ അനുസരിക്കുന്ന പുത്രൻ എന്ന രാമഭാവം പള്ളിയിൽ പ്രസംഗിക്കാൻ കൊള്ളാം. എന്നാൽ, രാജ്യത്തിന്റെ അഖണ്ഡത സൂക്ഷിക്കാൻ വേണ്ടി വനവാസം അംഗീകരിച്ച രാമനെയാണ് അന്ന് ഞാൻ ശ്രദ്ധിച്ചത്. സീതാപരിത്യാഗത്തിലും സ്വന്തം ഭാര്യയെക്കാൾ, സ്വന്തം കുടുംബ സുഖത്തെ ക്കാൾ ഒക്കെ മുകളിൽ രാജ്യത്തിന്റെ വിശാല താൽപര്യങ്ങൾക്ക് സ്ഥാനം കൽപിച്ച ഭരണാധികാരിയെ കാണാൻ സൂക്ഷ്മ ദൃക്കുകൾക്ക് ക്ലേശം ഉണ്ടാകേണ്ടതില്ല.

കൗസല്യയുടെ പ്രാർഥന എന്റെ അമ്മക്ക് ഹൃദിസ്ഥമായിരുന്നു. എന്നെ ചേർത്ത് നിർത്തി.

എൻമകനാശു നടക്കുന്ന നേരവും

കന്മഷം  തീർന്നിരുന്നീടുന്ന നേരവും

തൻമതി കെട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുക

തമ്പുരാനേ

എന്ന് എത്രയോ തവണ അമ്മ ചൊല്ലിയിരിക്കുന്നു (തമ്പുരാൻ എന്നത് അമ്മയുടെ എഡിറ്റിംഗ് ആയിരുന്നു എന്ന് രാമായണം വായിച്ചിട്ടുള്ളവർക്കറിയാം) ഇപ്പോൾ എന്റെ മകനുവേണ്ടി ഞാൻ നിത്യവും ഉരുക്കഴിക്കുന്ന പ്രാർഥനയും മറ്റൊന്നല്ല. ലക്ഷ്മണന് സുമിത്ര നൽകിയ ഉപദേശവും എന്നെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. വനവാസത്തെ രാജധാനിയിലെ ജീവിതമായി കാണാനുള്ള ആ ശാസന, രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ അയോധ്യയായും കാണാനുള്ള ആ ആഹ്വാനം എന്നും എവിടെയും പ്രസക്തമാണല്ലോ. ഇരുളടഞ്ഞ ഇടനാഴികളിലൂടെയും പ്രകാശപൂർണമായ ഹൈമവത ഭൂമികളിലൂടെയും മാറി മാറി കടന്നിട്ടല്ലാതെ ഒരു മനുഷ്യ ജീവിതം പൂർത്തിയാകുന്നില്ല. അപ്പോൾ മനസ്സ് തളരാതെ ഈശ്വരനിൽ വിശ്വാസപൂർവം ആശ്രയിക്കാൻ സുമിത്രയുടെ ഉപദേശം  സഹായിക്കും. 

രാമം ദശരഥം വിദ്ധി

മാം വിദ്ധി ജനകാത്മജാം

അയോധ്യാ അടവീം വിദ്ധി,  എന്ന വരികൾ എന്നെ എന്നും ധൈര്യപ്പെടുത്തിയിട്ടുണ്ട്.  

സാഹചര്യങ്ങളോടുള്ള നമ്മുടെ സമീപനമാണ് നിർണായകം എന്ന് തിരിച്ചറിയണമെന്നാണല്ലോ കവി പറഞ്ഞുതരുന്നത്. അന്ത്യോഖ്യൻ പാരമ്പര്യത്തിലുള്ള ഒരു പ്രാർഥന ഉണ്ട്. ‘ഞങ്ങൾക്ക് ദോഷവും നഷ്ടവും വരുത്തുന്നതിനെയെല്ലാം എളുപ്പത്തിലും വേഗത്തിലും നന്മയും ലാഭവും വരുത്തുന്നതാക്കി മാറ്റിത്തരണം’. ഇത് ബാലിശമായ ഒരു പ്രാർഥനയാണ് എന്ന ചിന്ത എന്നെ ദീർഘകാലം  അലോസരപ്പെടുത്തി. ഒടുവിൽ ഒരുനാൾ  പള്ളിയിൽ  ഇത് കേട്ടുനിൽക്കവെ പരിശുദ്ധാത്മാവ് പഠിപ്പിച്ചു: മാറുന്നത് സാഹചര്യങ്ങളല്ല, പ്രതികരണങ്ങളാണ്. അയോധ്യാ അടവീം വിദ്ധി എന്ന ഉപദേശത്തിലെ ആശയം തന്നെ. വനം മാറുന്നില്ല. വനത്തെ രാജധാനിയായി തിരിച്ചറിയുമാറ് മാറുന്നത് അനുഭവിക്കുന്നവന്റെ മനസ്സാണ്.

ഇങ്ങനെ എവിടെ നോക്കിയാലും വിലയേറിയ രത്നങ്ങളെ കാട്ടിത്തരുന്ന മഹാഖനിയാണ് രാമായണം. എല്ലാ വർഷവും രാമായണ മാസത്തിൽ മഹാഖനിയിൽ ഖനനം നടത്താറുള്ള എന്നെ അത് ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. വിഭീഷണനെ നോക്കുക. 

യുദ്ധകാണ്ഡത്തിലാണല്ലോ സംഭവം. രാവണന് നേർവഴി ഉപദേശിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വിഭീഷണൻ സന്മാർഗികളായ നാല് രാക്ഷസ സുഹൃത്തുക്കളോടൊത്ത് ആകാശമാർഗേണ രാമസന്നിധിയിൽ എത്തുന്നു. ഇവിടെ ആദ്യം പരിഗണിക്കേണ്ടത് വിഭീഷണൻ ചെയ്തത് ശരിയോ എന്നതാണ്. രാവണൻ ചെയ്തത് അപരാധമാണെന്ന് പറയാൻ തയാറായിട്ടും രാവണനുവേണ്ടി ജീവൻ ത്യജിക്കാൻ ഒരുങ്ങി നിന്ന കുംഭകർണന്റെ വഴി അല്ല വിഭീഷണൻ  തെരഞ്ഞെടുത്തത്.  നേർവഴിയിലേക്ക് മടങ്ങുന്നില്ലെങ്കിൽ തന്റെ വഴി വേറെയാണ് എന്ന് പറഞ്ഞു ആ കനിഷ്ഠ സഹോദരൻ.

രാജാജിയുടെ വ്യാഖ്യാനത്തിൽ ഇത് സാമാന്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. തെറ്റ് ആർക്കും പറ്റാം. തിന്മയുടെ കണിക മാത്രം മതി അപരാധം പ്രവർത്തിക്കാൻ. പക്ഷേ, പശ്ചാത്തപിക്കണമെങ്കിൽ  ഉദാത്തമായ മനസ്സിന്റെ ഗാഢമായ ധൈര്യം ആവശ്യമാണ്. മഹത്തായ ഈ ധീരതയാണ് രാവണന് ഇല്ലാതിരുന്നത് എന്ന് രാജാജി ചൂണ്ടിക്കാട്ടി. നീചവൃത്തിയിൽ ഏർപ്പെടുന്നവന്റെ സുഹൃത്തുക്കൾക്ക് വിഷമകരമായ സാഹചര്യങ്ങൾ ഉണ്ടാകാം. കുംഭകർണനും വിഭീഷണനും രാവണന്റെ അധർമത്തെക്കുറിച്ച് ഒരേ കാഴ്ചയാണ്. എന്നാൽ, അധർമത്തിൽ ഉറച്ചു നിൽക്കുന്ന രാവണനോടുള്ള സമീപനത്തിലാണ് വൈജാത്യം. വീരചരമം സ്വീകരിക്കാൻ തയാറായ കുംഭകർണന്റെ അപരാധം പൊറുക്കാവുന്നതാണ് എന്ന് അഭിപ്രായപ്പെടുന്ന രാജാജിയും അത് അനുകരണീയമാണ് എന്ന് പറയുന്നില്ല. പാപവിരോധിയായ വിഭീഷണൻ തന്നെയാണ് മാതൃക.

വിഭീഷണനെ വിശ്വാസവഞ്ചകൻ എന്ന് വിളിക്കുന്നവരോട് യോജിക്കാനാവുമോ ? സാധാരണ ധാർമികബോധം ആയിരുന്നു കുംഭകർണനെ  ഭരിച്ചതെങ്കിൽ അത്യുന്നതമായ ധാർമിക ധീരതയാണ് വിഭീഷണൻ പ്രകടിപ്പിച്ചത്. വാനരവ്യൂഹത്തിന് അത് മനസ്സിലായില്ല. ഹനുമാൻ മാത്രമാണല്ലോ മറിച്ചുള്ള സാധ്യത ഗ്രഹിച്ചത്. അതേ സമയം, സുഗ്രീവാദികളൊന്നും അബദ്ധമല്ല പറഞ്ഞതും. ആപദ്ഘട്ടത്തിൽ സ്വസഹോദരനെ ഉപേക്ഷിച്ച് ശത്രുപാളയത്തിലിടം തേടിയവനെ എങ്ങനെ  വിശ്വസിക്കും ? അധികാര മോഹമല്ലേ വിഭീഷണനെ രാമസവിധത്തിൽ എത്തിച്ചത് ?  ചുരുക്കിപ്പറഞ്ഞാൽ ഓരോ ഭാഗത്തും ന്യായവാദങ്ങൾ നിരത്താനാവുന്ന വിധം സങ്കീർണമാണ് ശ്രീരാമസന്നിധിയിലെ വിഭീഷണൻ ഉണർത്തുന്ന നൈതികപ്രശ്നങ്ങൾ. എന്നാൽ ഈ രാമായണ മാസത്തിൽ എന്റെ മനസ്സിൽ  ബാ‌ക്കിയാവുന്നത് ആശ്രയിക്കുന്നവനെ തിരസ്കരിക്കാത്ത ഈശ്വരന്റെ സ്നേഹത്തെക്കുറിച്ചുള്ള അവബോധമാണ്.

എന്നെശ്ശരണം ഗമിക്കുന്നവർക്കു ഞാ–

നെന്നുമഭയം കൊടുക്കുമതിദ്രുതം

പിന്നെയവർക്കൊരു സംസാര ദുഃഖവും

വന്നുകൂടാ നൂനമെന്നുമറിക നീ

എന്നാണ് തുഞ്ചത്തെഴുത്തച്ഛൻ ശ്രീരാമസുഭാഷിതം രേഖപ്പെടുത്തിയിട്ടുള്ളത്. പണ്ട് എന്ത് ചെയ്തു എന്നതിലേറെ ഇനി എന്ത് ചെയ്യും എന്നതാണ് പ്രധാനം. രാമന്റെ ഈ വചസ്സുകൾ അർജുനന് ശ്രീകൃഷ്ണൻ ഗീതയിൽ നൽകുന്ന വാഗ്ദാനങ്ങളുമായി താരതമ്യപ്പെടു ത്തിയിട്ടുണ്ട് വിദ്വജ്ജനങ്ങൾ. ഇതിഹാസത്തിന്റെ പൊരുൾ എന്നാണ് ഈ ചേർത്തുവായനയെക്കുറിച്ച് പറയേണ്ടത്. പാപവും അന്ധകാരവും ആഗ്രഹവും കൊണ്ട്  പൂരിതമാകുന്ന ഈ പ്രപഞ്ചത്തിൽ പ്രാണനും പ്രകാശവുമുണ്ടാകുന്നത് ദിവ്യമായ ഈ വാഗ്ദാനങ്ങളിലാണ് എന്ന് സി. രാജഗോപാലാചാരി പറഞ്ഞിട്ടുള്ളതിൽ അടങ്ങിയിരിക്കുന്ന ആശയവും ഈ പൊരുൾ തന്നെയാണ് സൂചിപ്പിക്കുന്നത്.

ശരണാഗതി എന്ന ആശയം മതാതീതമായ ഈശ്വരബോധത്തെയാണ് നമുക്ക് വെളിപ്പെടുത്തുന്നത്. എന്റെ അടുക്കൽ വരുന്നവനെ ഞാൻ  ഒരുനാളും ഉപേക്ഷിക്കയില്ല എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. ഖുർആനിലാകട്ടെ പരമകാരുണികനും ദയാപരനും എന്നാണ് അല്ലാഹുവിന്റെ വിശേഷണം. ഈശ്വരൻ മതാതീതനാണ്. വേലിക്കെട്ടില്ലാത്ത കരുണയാണ് അവിടത്തെ മതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.