Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റമദാൻ ചിന്തകൾ; മുസ്ലിമുകളും അമുസ്ലിമുകളും ഓർക്കേണ്ട സത്യം

ഡി. ബാബുപോൾ
ramadan-babupaul

ഒരിക്കൽക്കൂടെ നോമ്പ് വന്നു. നോമ്പ് തീർന്നു. പെരുനാൾ വന്നു. പെരുനാളുപോയി. ഈ പെരുനാളിൽ ഓർക്കുന്നതും ഓർപ്പിക്കാനാഗ്രഹിക്കുന്നതും ഒന്ന് മാത്രം: മുസ്ലിമുകളും അമുസ്ലിമുകളും ഒപ്പം ഓർക്കേണ്ട സത്യം. ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭാരതീയനായ ഒരു അമുസ്ലിമിന്റെ മനസ്സിൽ വരുന്നത് അക്ബറും ഔറംഗസീബും അടങ്ങുന്ന രാജവംശം, കബീർക്കവിതകൾ, ഔത്തരാഹ സംഗീതത്തിന്റെ വിശ്രുതഘരാനകൾ, സൂഫിസം ഒക്കെ ആണ്.

അക്ബർ മഹത്വത്തിന്റെ പരിവേഷത്തോടെയാണ് ചരിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത് എങ്കിലും അങ്ങനെ അധികം മുസ്ലീം ഭരണാധികാരികളെ നാം ചരിത്രകൃതികളിൽ കണ്ടുമുട്ടുന്നില്ല. ഇതിന് രണ്ട് കാരണങ്ങൾ പറയാറുണ്ട്. ഒന്ന് അക്ബർ സമാനരുടെ സംഖ്യ കുറവാണ് എന്നതുതന്നെ. ആദ്യമൊക്കെ വന്ന ആക്രമണകാരികളുടെ മതം ഇസ്ലാമായിരുന്നു എന്നത് കേവലം ഒരു ആനുഷങ്ഗിക വസ്തുത മാത്രം ആണ്. അവർ വന്നത് കൊള്ളയടിക്കാനാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് തോന്നുമ്പോലെ നിഷിദ്ധമോ നീചമോ ആയിരുന്നില്ല അവരുടെ പ്രവൃത്തി അന്നത്തെ ആളുകളുടെ കണ്ണിൽ. ഈ സത്യം തിരിച്ചറിയാത്തത് വളരെ ദോഷം ചെയ്യുന്നുണ്ട്. 

ഗസ്നിമാരെയും ഗോറിമാരെയും ആദർശനായകന്മാരായി അവതരിപ്പിക്കാനുള്ള ബാദ്ധ്യത ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുസ്ലീമിന് ഇല്ല. അവർ അങ്ങനെ കരുതുന്നു എന്ന് മറ്റുള്ളവർ കരുതുകയും ആവശ്യമില്ലാത്ത ബാദ്ധ്യത അവർ തലയിലേറ്റുകയും  ചെയ്യുമ്പോഴാണ് ദോഷഫലങ്ങൾ ജനിക്കുന്നത്. ഗസ്നിയും ഗോറിയും കൊള്ളയടിച്ചത് മറ്റൊരു മതത്തിൽപെട്ടവരെയും  അവരുടെ ആരാധനാലയങ്ങളെയും കൊട്ടാരങ്ങളെയും ആയിരുന്നു എന്നതുകൊണ്ട് മാത്രം അവർ ഇതരമതദ്വേഷികൾ ആയിരുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മറ്റ് പല സ്ഥലങ്ങളിലും മുസ്ലീമുകൾ തന്നെ ആയിരുന്നിരിക്കാം അത്തരക്കാരുടെ ശത്രുക്കൾ. കുവൈറ്റിന് ശത്രു സദ്ദാം എന്നതുപോലെ. എന്നാൽ ഗസ്നിയെയും ഗോറിയെയും അക്ബറിന്റെ മുൻഗാമികളായി കാണാൻ ചരിത്രമോ ചരിത്രപരിപ്രേക്ഷ്യമോ ചിലപ്പോഴെങ്കിലും പ്രേരിപ്പിക്കുന്നുണ്ട് എന്ന വസ്തുത നാം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ല. ഇസ്ലാമിനെ അർഹിക്കാത്ത വിദ്വേഷത്തോടെ കാണാൻ പലരെയും  പ്രേരിപ്പിക്കുന്നതാണ് ഈ ചിന്താഗതി.

ഇവിടെ കാലത്തിൽ നിന്ന് സംഭവത്തെ അടർത്തിമാറ്റുന്നതാണ് പ്രശ്നം. പോർച്ചുഗീസുകാർ കേരളത്തിൽ വന്നു. അവർ കണ്ട പഴയ നസ്രാണികൾ, സുറിയാനി ക്രിസ്ത്യാനികൾ– അവരെ അത്ഭുതപ്പെടുത്തി. സുറിയാനി ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്ഥാനത്ത് സെന്റ് തോമസിനെ പ്രതിഷ്ഠിച്ചിരിക്കുന്ന വേദ വിപരീതികളും പാഷണ്ഡോപദേശക്കാരും ആയി  വിലയിരുത്തപ്പെട്ടു. എന്നാൽ നാലഞ്ച് നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇപ്പോൾ, എന്താണ് സ്ഥിതി ? പോർച്ചുഗീസുകാരുടെ സമ്പ്രദായം മാത്രമല്ല ക്രിസ്ത്യാനികൾക്കുള്ളത് എന്ന് പഴയകാലത്ത് പോർച്ചുഗീസുകാരെ അന്ധമായി പിന്തുണച്ച റോം തിരിച്ചറിഞ്ഞിരിക്കുന്നു.

ഭാരതീയ സമൂഹത്തിലെ ചാതുർവർണ്ണ്യം മറ്റൊരു ഉദാഹരണം  ആണ്. മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ ഒരു ഇടവേളയിൽ സമൂഹത്തിൽ സുസ്ഥിരത പ്രദാനം ചെയ്ത ഒരു വ്യവസ്ഥ ആയിരുന്നു ചാതുർവർണ്ണ്യം. കർത്തവ്യങ്ങളും കർമ്മങ്ങളും കൃത്യമായി നിർവ്വചിക്കപ്പെട്ടു. ആശാരിയുടെ മകൻ മൂശാരിയുടെ മകന് ഭീഷണിയാവില്ല. ക്ഷത്രിയൻ പൂജ ചെയ്യാനോ ബ്രാഹ്മണൻ വ്യാപാരമേഖലയിൽ കടന്നുകയറാനോ പഴുതില്ല. നല്ല വേലിക്കെട്ടുകൾ നല്ല അയൽക്കാരെ സൃഷ്ടിക്കുന്നു എന്ന് ഇംഗ്ലീഷിൽ ആരോ പറഞ്ഞിട്ടുണ്ടല്ലോ.  "Good fences make good neighbours". അതുപോലെ ഒരു സ്ഥിതി. എന്നാൽ ആ സ്ഥിതി ഉറപ്പിക്കാൻവേണ്ടി ഉണ്ടായ പല ചട്ടങ്ങളും ചട്ടംകെട്ടുകളും ഇന്നത്തെ രീതിയിൽ അസ്വീകാര്യങ്ങളാണ്.

രണ്ടാമത്തെ കാരണം ചരിത്രം രേഖപ്പെടുത്തിയ ബ്രിട്ടീഷുകാർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളെ സഹായിക്കുന്ന സമീപനത്തിൽ നിന്ന് മുക്തി തേടുകയോ, നേടുകയോ, ചെയ്തില്ല എന്നതാണ്. ഭാരതത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളും മറ്റും മലിനപ്പെടുത്തി കൊള്ളയടിച്ച മതഭ്രാന്തന്മാരായി മുസ്ലീം ആക്രമണകാരികളെ ചിത്രീകരിച്ചുകൊണ്ട് ഭാരതീയരുടെ സുഹൃത്തുക്കളായി സ്വയം വിവരിക്കാൻ ആണ് അവർ ശ്രമിച്ചത്. ഇത് അമുസ്ലീമുകൾ വിശ്വസിച്ചു. മുസ്ലീംമുകളാവട്ടെ അത് നിഷേധിച്ചില്ലെന്ന് മാത്രം അല്ല പലപ്പോഴും മുസ്ലീം ഭരണാധികാരികളെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.

മലയാളികളായ നമുക്ക് എളുപ്പം മനസ്സിലാകുന്ന ഉദാഹരണം ടിപ്പു സുൽത്താന്റേതാണ്. ടിപ്പു ആക്രമിച്ചത് അക്കാലത്തെ ഏതൊരു രാജാവും ചെയ്യുമായിരുന്നത് തന്നെ അല്ലേ ? എന്നാൽ ടിപ്പുവിന്റെ ഭാഗം വാദിക്കാൻ മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ മുന്നോട്ടു  വരുമ്പോൾ ബ്രിട്ടീഷുകാരൻ ഒരുക്കിവെച്ച കെണിയിൽ നാം വീണ്ടും മുറുക്കിവലിക്കപ്പെടുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആദർശവൽക്കരിക്കപ്പെടുന്ന മൂല്യങ്ങളുടെ അവതീർണ്ണ ഭാവം ആയിരുന്നു ടിപ്പു എന്ന് തെളിയിക്കാൻ നമുക്ക് എന്താണ് ബാദ്ധ്യത? ടിപ്പു കുറെ നല്ല കാര്യങ്ങൾ ചെയ്തു.  കുറെ തെറ്റുകളും ചെയ്തു. രണ്ടും വസ്തുനിഷ്ഠമായി വിലയിരുത്താനാണ് നാം ശ്രമിക്കേണ്ടത്. മലബാറിൽ ടിപ്പു തെറ്റ് ചെയ്തില്ല എന്ന് സ്ഥാപിക്കാനായി ശ്രീരംഗപട്ടണത്ത്  ടിപ്പു ശരി ചെയ്തു എന്ന് പറയുകയല്ല വേണ്ടത്. ചരിത്രത്തിൽ ആഖ്യാനം ഇല്ല.  വ്യാഖ്യാനമേ ഉള്ളു എന്നത്  ശരിയായിരിക്കാം. എങ്കിലും വളരെയേറെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇത്തരം കാര്യങ്ങൾ.

സൂഫിസവും ഇതുപോലെ തന്നെ രണ്ടുതരത്തിൽ സമീപിക്കപ്പെടുന്ന ഒരു  പ്രസ്ഥാനം ആണ്. യാഥാസ്ഥിതിക മതാചാര്യന്മാർ നിയമാധിഷ്ഠിതമായ ഇസ്ലാമിനെ മുന്നിൽ നിർത്തുമ്പോൾ സൂഫിസത്തിലെ ഇസ്ലാം കുറെക്കൂടെ സ്നേഹാധിഷ്ഠിതമായിട്ടാണ് കാണപ്പെടുന്നത്. സൂഫികൾ ലിബറൽ ചിന്താഗതി പുലർത്തുന്നവർ ആണെന്ന് ഏകദേശമായി പറയാമെന്ന് തോന്നുന്നു. സൂഫികൾ ശരീഅത്ത് നിയമങ്ങളെ എതിർക്കുന്നവരാവണമെന്നില്ല. തികച്ചും യാഥാസ്ഥികമായി ആ നിയമങ്ങൾ വ്യാഖ്യാനിക്കുന്ന സൂഫി ശാഖകളും ഉള്ളതായി വായിച്ചിട്ടുണ്ട്. അവയെ തീരെ അവഗണിക്കുന്നവരും ഉണ്ട്. ഭൂരിപക്ഷവും ഇടനിലക്കാരാണ് എന്ന് തോന്നുന്നു.

ഇന്ത്യയിലെ സൂഫികൾ ചിഷ്തി ചിന്താഗതി പുലർത്തുന്നവരാണ്. ഇബ്നു ഇഅറബി എന്ന മഹാത്മാവിന്റെ ആശയങ്ങളാണ് ഈ ചിന്താഗതിയുടെ മുഖ്യധാര. അള്ളാഹു മാത്രം  ആണ് സത്യം, എല്ലാ മനുഷ്യരും ആ സത്യത്തിന്റെ ദൃശ്യഭാവം എന്ന് പറയുന്നവരും ഒരു പടി കൂടെ കടന്ന് സർവ്വ സൃഷ്ടിയും ഈശ്വരന്റെ അവതാരാത്മക സാന്നിദ്ധ്യം ഉൾക്കൊള്ളുന്നു എന്ന് പറയുന്നവരും  ഇക്കൂട്ടത്തിൽ ഉണ്ട്.

ഭാരതത്തിൽ ഹിന്ദുക്കളെയും മുസ്ലീമുകളെയും സമവായപാതയിൽ എത്തിച്ച് സാംസ്കാരികമായ ഒരു  ഏകതാഭാവം സൃഷ്ടിക്കുവാൻ സൂഫിസത്തിന് കുറെയെങ്കിലും കഴിഞ്ഞതിൽ അത്ഭുതം വേണ്ട. ‘‘എല്ലാവർക്കും സ്വസ്തി’’ എന്നതാണ് ചിഷ്തി സൂഫിസത്തിന്റെ ആണിക്കല്ല്,  സ്നേഹം, സൗഹൃദം, സാന്ത്വനം, സമാധാനം എല്ലാം കൂടിച്ചേരുന്നതാണ് ഈ സ്വസ്തി. വിവേകികൾ മജ്ജയിൽ നിന്ന് ശക്തി സംഭരിക്കുമ്പോൾ ശുനകന്മാർ എല്ലിൻകഷണങ്ങൾക്കുവേണ്ടി തമ്മിലടിക്കുന്നു എന്ന് ഒരു പേർഷ്യൻ കവി പറഞ്ഞിട്ടുണ്ട്. മതത്തിന്റെ സാരാംശം വിവേകികൾക്കും കട്ടിയുള്ളതെങ്കിലും ജീവനില്ലാത്ത വേദാന്തങ്ങൾ (രൂപീകരിക്കപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിശ്വാസ സത്യങ്ങൾ) അവിവേകികളായ മതഭ്രാന്തന്മാർക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ കവി ഇസ്ലാമിന്റെ ദാർശനികമായ സമവായമോഹത്തിന് അടിവരയിട്ട്  ഒരു സൂഫി മൗലാന ആയിരുന്നു.

സൂഫി ചിന്തകളാണ് ഭാരതവർഷത്തിൽ ഒട്ടേറെ ആളുകളെ ഇസ്ലാമിലേയ്ക്ക് ആകർഷിച്ചത്. ധ്യാനം തുടങ്ങി പല ഭാരതീയ സമ്പ്രദായങ്ങളും സൂഫികൾക്ക് പഥ്യമായിരുന്നു.  ബാബാ ഫരീദിന്റെ അഹിംസാവാദം ഗുരുഗ്രന്ഥസാഹിബിൽ ഉദ്ധരിച്ചിട്ടുള്ളതായി കെ.എ. നിസാമി പ്രസ്താവിച്ചിട്ടുണ്ട്. ഫരീദിന്റെ നൂറിലേറെ ശ്ലോകങ്ങൾ ഉണ്ടത്രെ ഈ സിക്കുമത ഗ്രന്ഥത്തിൽ. ദൈവത്തിന്റെ സൃഷ്ടികളെ സ്നേഹിക്കുന്നതാണ്  യഥാർത്ഥ ദൈവ വിശ്വാസം എന്നാണ് ഫരീദ് പഠിപ്പിച്ചത്. കർശനമായ യാഥാസ്ഥിതികത പുലർത്തിയവർ സൂഫികളെ അംഗീകരിച്ചില്ല ; പലപ്പോഴും പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ അത്തരക്കാർ ഇസ്ലാമിലേയ്ക്ക് ആരെയും ആകർഷിച്ചില്ല. ബലപ്രയോഗം കൂടാതെ അത്തരം വിശ്വാസത്തിലേയ്ക്ക് ആളുകൾ തിരിയുകയില്ലെന്നല്ല. തിരിഞ്ഞേക്കാം. അത് ജീവിതത്തിൽ നിരാശയും പരാജയവും മൂത്ത് യൂ–ടേൺ എടുക്കുന്ന വികാരജീവികൾ ആയിരിക്കും. ക്രിസ്തുമതത്തിലെ പെന്തക്കോസ്തു – കരിസ്മാറ്റിക് അനുഭവങ്ങൾക്കായി പായുന്നവരെ പോലെ.

ഭാരതീയ സംസ്ക്കാരം ഇസ്ലാം കൂടെ ചേർന്നതാണ് എന്ന് മുസ്ലീമുകളും അമുസ്ലീം ഭാരതീയരും തിരിച്ചറിയണം. ആ തിരിച്ചറിവിലാണ് ഭാരതമാതാവിന്റെ ശക്തി പൂർണ്ണമാവുന്നത്. നിർഭാഗ്യവശാൽ ഇരുപക്ഷത്തുനിന്നും ഉണ്ടാവുന്ന ചില ഒറ്റപ്പെട്ട നടപടികൾ ഈ സാധ്യതയ്ക്ക് ഭീഷണി ഉയർത്തുന്നു. അതിനെതിരെ ഒന്നിച്ചുനിൽക്കുകയാണ് വിവേകമതികളായ ഭാരതീയരുടെ ധർമ്മം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.