Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളം പാനഭൂമി ആകാതിരിക്കട്ടെ

ഡി. ബാബുപോൾ
USA-COGNAC/

ഇടതു ജനാധിപത്യ മുന്നണി പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുന്നു. സോളമന്റെ തേനീച്ചകൾക്ക് കൂടൊരുക്കി നിർഭയം അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന കെ. ടി. തോമസ് ജഡ്ജി അതിനെ സ്വാഗതം ചെയ്തുമിരിക്കുന്നു. കുടവയറും കള്ളരിക്കാൻ പോന്ന മീശയും ഉണ്ടെങ്കിലും മദ്യം ഉപയോഗിക്കാത്തവനായ ഞാൻ പിണറായിയോടും കെ. ടി. തോമസിനോടും യോജിക്കുന്നു.

പിണറായിയുടെ മദ്യനയം സ്വാഗതം ചെയ്യപ്പെടണം. ഒന്നാമത് ഇപ്പോൾ റദ്ദാക്കപ്പെട്ട തീരുമാനം ഉദ്ദേശ്യശുദ്ധി കൊണ്ട് അടിവരയിട്ടതായിരുന്നില്ല. കോഴയും രാഷ്ട്രീയവും ആയിരുന്നു അതിന്റെ പിന്നിൽ എന്ന് എല്ലാവർക്കും അറിയാം. മാണി ഉടക്കിയതും ബാബു കളിച്ചതും സുധീരൻ മുതലെടുപ്പിന് ഇറങ്ങിയതും ഉമ്മൻചാണ്ടി കടത്തിവെട്ടിയതും ഒന്നും മറക്കാൻ കാലമായില്ലല്ലോ.

രണ്ടാമത് ടൂറിസം. ടൂറിസത്തെക്കുറിച്ച് വിവരം ഇല്ലാത്തവർ എന്തുപറഞ്ഞാലും വിവരം ഉള്ളവരും സ്ഥിതി വിവരക്കണക്കുകളും പറയുന്നത് ടൂറിസം മേഖലയിൽ വരുമാനം കുറഞ്ഞു എന്ന് തന്നെ ആണ്. അടിച്ചു പൂസാകാനല്ല ടൂറിസ്റ്റുകൾ ഇവിടെ വരുന്നത്. ശരി. എന്നാൽ പൂസാകാതെ അടിക്കാൻ സൗകര്യം വേണം. ഇറ്റലിക്കാരന് വീഞ്ഞോ ജർമ്മൻകാരന് ബിയറോ വേണ്ടേ? സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരിൽ നൂറ്റുക്ക് തൊണ്ണൂറും കുടിക്കാത്തവരായിരിക്കും. എന്നാൽ ശേഷം പത്ത് പേരെ കരുതി സമ്മേളനങ്ങൾ സിലോണിലും ഗോവയിലും പോകും.

മൂന്നാമത്, ഉദയഭാനു ഉൾപ്പെടെ ഇക്കാര്യം പഠിച്ചവരൊക്കെ പറഞ്ഞതിന് എതിരായിരുന്നു പഴയ നയം. ഹൃദ്രോഗം വന്ന് മദ്യപാനം ഉപേക്ഷിച്ചയാൾ ഒന്നും ആയിരുന്നില്ലല്ലോ ഗാന്ധി ശിഷ്യനായിരുന്നു ഉദയഭാനു. നാലാമത്, നമ്മുടെ ചെറുപ്പക്കാർക്കിടയിൽ കഴിഞ്ഞ രണ്ട് മൂന്നു കൊല്ലം കൊണ്ട് ഭീതിദമായി ഉയർന്ന ലഹരി മരുന്നുപയോഗം. ഋഷി രാജ് സിങ്ങിന്റെ കണക്കുകൾ സാക്ഷി.

അഞ്ചാമത് ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് മദ്യനിരോധനം എന്നതിന് ചരിത്രമാണ് തെളിവ്. ഉമ്മൻചാണ്ടിയുടെ നയം നിലവിലിരിക്കെയാണ് മദ്യപിച്ച് കാറോടിച്ച് ഒരു വികാരി ജനറാൾ പിടിയിലായത്. (സ്റ്റേഷന്റെ പേര് പറയാത്തത് ആളറിയാതിരിക്കാനാണ്. ടെലിവിഷൻ വാർത്തയിൽ ഉണ്ടായിരുന്നു. പേര് സഹിതം വാട്സാപ്പിൽ വൈറലുമായതാണ്) വർജ്ജനമാണ് നിരോധനത്തെക്കാൾ ഫലദായകം.

മദ്യപാനം അമിതമായാൽ ദോഷം തന്നെ. അമിതമാകാനല്ല ആരും തുടങ്ങുന്നത് എന്നതിനാൽ തുടങ്ങാതിരിക്കാനാണ് വഴിയൊരുക്കേണ്ടത്. മെത്രാന്മാർ തെരുവിലിറങ്ങുന്നത് പരിഹാരമല്ല. ചെയ്യാവുന്ന ചില കാര്യങ്ങൾ പറയട്ടെ. ഏറ്റവും വലിയ തിരുവോണവിശേഷമായി മാധ്യമങ്ങൾ അവതരിപ്പിക്കാറുള്ളത് മലയാളിയുടെ മദ്യാപനം ആയിരുന്നല്ലോ. കേരളം പാനമണ്ഡലം. ഇത് പാനശീലരും അതിലേറെ പാനശൗണ്ഡരും അധിവസിക്കുന്ന പാനഭൂമിക എന്ന മട്ട്. ഇത്തരം വാർത്താ പ്രസരണങ്ങൾ നൽകുന്ന സന്ദേശം മലയാളികളായ മനുഷ്യരെല്ലാവരുമൊന്നുപോലെ മഹാ മദ്യപാനികളാകുന്നു എന്നതിനാൽ നമുക്കും കുടിക്കാം മദ്യം എന്നതാണ്. കെ. ഇ. മാമ്മനെപോലെ ഒരു ഗാന്ധിയനെ ദുഃഖിപ്പിക്കാനും പ്രകോപിപ്പിക്കാനും ഈ പ്രയോഗം സഹായിച്ചേക്കാം. എന്നാൽ നവതിയുടെ അയലത്തെ അദ്ദേഹത്തെക്കാൾ എത്രയോ അധികമായി വിംശതിയുടെ അയൽക്കൂട്ടത്തിലുള്ള ചെറുപ്പക്കാർ മദ്യാനുകൂലികളായി മാറാനാണ് ഇതൊക്കെ വഴിയൊരുക്കുന്നത് എന്ന് മാധ്യമങ്ങളെ ഓർപ്പിക്കുന്നു, പുതിയ നയത്തിന്റെ വെളിച്ചത്തിൽ.

എത്ര ലിറ്റർ വിറ്റു എന്നതല്ല വാർത്ത. എത്ര കോടി രൂപയ്ക്ക് വിറ്റു എന്നതാണ്. സകലമാന സംഗതികൾക്കും വില കൂടുമ്പോൾ മദ്യത്തിനും കൂടാതിരിക്കുമോ ? കഴിഞ്ഞ വർഷം അഞ്ഞൂറ് രൂപയായിരുന്നു ഒരു പ്രത്യേക മദ്യത്തിന്റെ വില എന്ന് വിചാരിക്കുക. ആയിരം കുപ്പി ചെലവായി. മൊത്തം വിറ്റുവരവ് അഞ്ച് ലക്ഷം രൂപ. ഈ വർഷം വില കൂടി എന്ന് കരുതുക. അഞ്ഞൂറ് അഞ്ഞൂറ്റമ്പതായി. വിറ്റുവരവ് അഞ്ചരലക്ഷം രൂപ. വർധനയുടെ ശതമാനം പത്ത്. കുടിക്കപ്പെട്ട മദ്യത്തിന്റെ അളവിൽ വർധന ഇല്ല. ഇനി ഈ വർധന തന്നെ നിർമാതാവിന്റെ വക ആവണമെന്നില്ല എന്നുകൂടി ഓർക്കുക. സർക്കാർ നികുതി നിരക്ക് കൂട്ടിയാലും പോരേ ? അല്ലെങ്കിൽ തന്നെ ഈ തുകയിൽ കൂടുതലും നികുതിയല്ലേ ?

ഈയിടെ ഒരു പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് കേൾക്കുക. അവർ നൂറ്റിയിരുപത് രൂപക്ക് ബീവറേജസ് കോർപറേഷൻ നൽകുന്ന മദ്യം വിപണിയിലെത്തുമ്പോൾ കേരളത്തിൽ വില എണ്ണൂറ്. ഡൽഹിയിൽ അഞ്ഞൂറ്, പട്ടാള കാന്റീനിൽ ഇരുനൂറ്റമ്പത് ഇങ്ങനെയൊക്കെയാണത്രെ. അതായത് വിറ്റുവരവ് കൂടിയതുകൊണ്ട് ഉപഭോഗം കൂടി എന്ന് തെളിയുന്നില്ല. കുടിയാന്മാരിൽ നിന്ന് ഈടാക്കുന്ന നികുതിയാണ് ഈ തുകയിൽ മുക്കാൽപങ്കും എന്നത് തെളിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നുമില്ല. രണ്ടാമത്തെ കാര്യം പണപ്പെരുപ്പം തന്നെ. അതനുസരിച്ച് വില കൂടുമല്ലോ. കഴിഞ്ഞ വർഷം ആഭരണങ്ങൾക്കും തുണിത്തരങ്ങൾക്കും വേണ്ടി മലയാളി ചെലവാക്കിയ തുകയും ഇക്കൊല്ലം ചെലവാക്കിയ തുകയും താരതമ്യപ്പെടുത്തിയാൽ മദ്യപാനം മാത്രമാണോ കൂടിയത്. അതോ പൊതുവായ ഉപഭോഗമാണോ എന്നറിയാമല്ലോ. ആ കണക്ക് ആരും കൂട്ടുന്ന മട്ടില്ല.
മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു എന്നത് വാർത്തയാക്കുമ്പോൾ മദ്യപാനം നാട്ടുനടപ്പാണ് എന്ന് കൂടെ വിളംബരം ചെയ്യുകയാണ് എന്ന സത്യം മാധ്യമങ്ങൾ തിരിച്ചറിയണം.

അതേസമയം ബോധവത്കരണത്തിലൂടെ വർജനം പ്രോത്സാഹിപ്പിക്കാം. നമ്മുടെ നാട്ടിൽ മദ്യത്തിന് പരസ്യം പാടില്ല. പലരും സറോഗേറ്റ് പരസ്യങ്ങൾ നൽകാറുണ്ട്. അത് പക്ഷേ, പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ലല്ലോ. അറ്റകൈ സറോഗേറ്റ് പരിപാടി മല്ലയ്യയുടേതായിരുന്നു. കിംഗ് ഫിഷർ ആണ് മൂപ്പരുടെ കച്ചവടം. അത് മദ്യം. അതിന് പരസ്യം വയ്യ. മല്ലൻ വിമാനക്കമ്പനി തുടങ്ങി. േപര് ? കിംഗ് ഫിഷർ. ലോഗോ ? ബിയറിന്റേതു തന്നെ. അതും പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ല. ബിയറെങ്കിൽ കിംഗ്ഫിഷർ, അത്ര തന്നെ. എന്നാൽ വിപുലമായ ഒരു പ്രചാരണയജ്ഞം ഉണ്ടാവേണ്ടതുണ്ട് മദ്യത്തിനെതിരായി.
ഗാന്ധിയന്മാരുടെ പ്രസ്താവനയും പ്രതിഷേധവും പോരാ. അതൊക്കെ ഏശുന്ന കാലം പോയി. സർവാദരണീയനായ ബേബിച്ചായനെ കെ. ഇ. മാമ്മൻ – വട്ടുകേസായി തള്ളുന്ന തലമുറയുടെ കൈയിലാണ് താക്കോൽ. അതുകൊണ്ട് വ്യാപകമായ പ്രചാരണം വേണം. മദ്യക്കുപ്പിയിൽ എന്തോ എഴുതിവിടുന്നുണ്ട് ഇപ്പോൾ. അത് പോരാ. പള്ളിയിൽ വിശുദ്ധ കുർബാനയുടെ പ്രസാദം സ്വീകരിക്കുന്നിടത്തു പോലും പറ്റിയാൽ ക്യൂ തെറ്റിക്കുന്ന മലയാളി അച്ചടക്കത്തോടെ പരാതിയില്ലാതെ ക്യൂവിൽ നിലൽക്കുന്ന ഒരേയൊരു സ്ഥലം ബിവറേജസിന്റെ കൗണ്ടറാണല്ലോ! അതുകൊണ്ട് അല്ലറ ചില്ലറ മാമ്മനിസം കൊണ്ടൊന്നും തീരുന്നതല്ല പ്രശ്നം എന്ന് സമൂഹവും സർക്കാരും തിരിച്ചറിയണം. ഈ ബീവറേജസ് കൗണ്ടറിനോട് ചേർന്ന് മദ്യവിരുദ്ധ പരസ്യങ്ങൾ സ്ക്രീനിൽ കാണിക്കുക. കണ്ടുകണ്ട് നീങ്ങട്ടെ ക്യൂ. നാം എങ്ങനെയാണ് ജനന നിരക്ക് കുറച്ചത് ? ബസിന്റെ പിന്നിലും കുടുംബാസൂത്രണം. അതുപോലെ വ്യാപകമായ ഒരു പരിപാടി തുടങ്ങാമോ ? കമ്പനികൾക്ക് പ്രോത്സാഹിപ്പിക്കാം.

ഇന്ത്യയിൽ തൊണ്ണൂറ്റഞ്ച് ശതമാനം സ്ത്രീകളും സാനിറ്ററി നാപ്കിൻ എന്ന് കേൾക്കാതിരുന്ന തൊണ്ണൂറുകളിൽ എന്തായിരുന്നു പരസ്യം ? നാപ്കിൻ ഉപയോഗിക്കുന്നതാണ് പരിഷ്കാരം എന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങൾ അരങ്ങുവാണു. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ അതിന് പകരം ബ്രാൻഡായി. പിന്നെ സൂപ്പർ ബ്രാൻഡ്. പതിനഞ്ച് കൊല്ലത്തിനിടെ ഭാവശുദ്ധിയുള്ള സ്ത്രീകളിൽ അഞ്ച് ശതമാനം കൂടി നാടൻ തുണിവിട്ട് നാപ്കിൻ സംസ്കാരത്തിലെത്തിയത്രെ. 1990 ലെ അഞ്ച് ശതമാനം നാപ്കിൻ ധാരികൾ 2007 ൽ പത്തായി. അതാണ് പരസ്യത്തിന്റെ പണി. അതുകൊണ്ട് മദ്യ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്ന കമ്പനികൾക്ക് കേന്ദ്രം വമ്പൻ നികുതിയിളവുകൾ പ്രഖ്യാപിക്കട്ടെ. എമ്മാറെഫും റിലയൻസും ഒക്കെ ഇറങ്ങിത്തിരിക്കും പരസ്യവുമായി.

1903 ൽ പ്രസിദ്ധീകൃതമായ ഒരു കവിതയിലെ വരി ന്യൂസിലാന്റ് പ്രചരണത്തിനുപയോഗിച്ചു. കുടിയേറ്റക്കാരെ ചാക്കിടാൻ ; ദൈവത്തിന്റെ സ്വന്തം നാട്. പിന്നെ അത് മറന്നു കിടന്നു. ഒടുവിൽ പത്ത് മുപ്പത് കൊല്ലം മുമ്പ് പ്രതിഭാധനനായ ഒരു ചെറുപ്പക്കാരൻ– മെൻഡസ്– അത് പൊടിതട്ടി എടുത്തു. അങ്ങനെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിഖ്യാതമായി. ഒഎൻവിയുടെ ഒരു വരിയുണ്ട്. ഒരു സങ്കീർത്തനം പോലെ. എന്നാൽ ഇപ്പോൾ അതു കേട്ടാൽ നാം പെരുമ്പടവത്തെയല്ലേ ഓർക്കുക ? ന്യൂസിലാന്റിന്റെ പരസ്യം വിസ്മൃതിയിലായതും നമ്മുടേത് നിത്യഹരിതമായി തുടരുന്നതും എല്ലാം ഒരു നൈരന്തര്യത്തിന്റെ പ്രശ്നമാണെന്നർഥം. എമ്മാറെഫും റിലയൻസും ഇറങ്ങിത്തിരിച്ചാൽ മദ്യം വർജിക്കാനുള്ള പ്രചാരണം മൂലം മദ്യവിരോധം വളർത്താൻ അഞ്ച് കൊല്ലം പോരേ ? മദ്യപാനം വർധിക്കുന്നു. അത് മാന്യതയുടെ മാനദണ്ഡമാവുന്നു. ഐ.ടി പ്രൊഫഷനലുകൾ കുടിക്കുന്നു എന്നൊക്കെ തലങ്ങും വിലങ്ങും എഴുതി മദ്യാപനം പ്രചരിപ്പിക്കാതിരിക്കലാണ് അതിനുള്ള ആദ്യപടി.

പിന്നെ കെ.സി.ബി.സി. ക്രിസ്ത്യാനികളിൽ മദ്യം മാന്യമായി കരുതപ്പെടുന്നത് കത്തോലിക്കർക്കിടയിലാണ് ഏറെയും. അതിനുള്ള മറുമരുന്ന് തങ്ങളുടെ കൈവശമില്ല എന്ന് വരുത്തുകയല്ല തിരുമേനിമാർ ചെയ്യേണ്ടത്. വിശ്വാസികളിൽ നിന്ന് മദ്യം കഴിക്കുകയില്ല എന്ന് ഒരു സത്യവാങ്മൂലം, നിർബന്ധിക്കണ്ട ; എന്നാൽ വിവാഹത്തിന് മദ്യം വിളമ്പുകയില്ല എന്ന് സത്യം ചെയ്ത് ബോധിപ്പിക്കാത്തവരുടെ വീട്ടിലെ വിവാഹം പള്ളിയിൽ വച്ച് ആശീർവദിക്കയില്ല എന്ന് പറയാൻ സഭ ധൈര്യം കാണിക്കണം. ബാർ ഹോട്ടലുകൾ നടത്തുന്നവരുടെ ഔദാര്യത്തിൽ സഭ പള്ളി പണിയരുത്. ഭവനദാനം, രോഗി സഹായം തുടങ്ങിയ സൽക്കർമ്മങ്ങളിൽ പോലും അവരെ സഹകരിപ്പിക്കരുത്. അവർ റോട്ടറിയും ലയൺസും വഴി ദാനധർമ്മം ചെയ്തുകൊള്ളട്ടെ. കെ.സി.ബി.സിയുടെ അധ്യക്ഷൻ ഒരു കൊച്ചുമെത്രാൻ ആയിരുന്ന കാലത്ത് പൊഴിയൂരിലെ വ്യാജവാറ്റ് നിർത്തിച്ചത് എങ്ങനെയാണ് എന്നെങ്കിലും കെ.സി.ബി.സി. പഠിക്കണം. മദ്യം ക്രിസ്ത്യാനിയെയും മാട്ടിറച്ചി മുസ് ലിമിനെയും അടയാളപ്പെടുത്തുന്നു എന്ന് വ്യാഖ്യാനിക്കാൻ മതനേതാക്കൾ ഇട കൊടുക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.