Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൂന്നാർ സ്മരണകൾ

ഡി. ബാബുപോൾ
Munnar_Town_

മൂന്നാർ സ്മരണകൾ പറയാം എന്നു പറഞ്ഞാണല്ലോ നാം പിരിഞ്ഞത് കഴിഞ്ഞ ഉത്രാടനാൾ. പറയാം. ആദ്യം  മൂന്നാറിൽ പോയത് നാൽപ്പതുകളിലാണ്. ഏഴോ എട്ടോ വയസ്സ്. അച്ഛൻ യാക്കോബായ വൈദികനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്നു. സായിപ്പന്മാർ പഠിപ്പിച്ചതാണ്. അതുകൊണ്ടൊക്കെ തിരുവിതാംകൂറിന് പുറത്ത് വിദ്യാസമ്പന്നരായ യാക്കോബായക്കാർ വല്ലപ്പോഴുമൊക്കെ അച്ഛനെ കുർബാന അർപ്പിക്കാൻ വിളിക്കുമായിരുന്നു. അച്ഛൻ എന്നെയും കൂട്ടും. തോട്ടം മാനേജരായ സായിപ്പ് വിദൂരസ്ഥനായിരുന്നെങ്കിലും  വാൽപ്പാറ തുടങ്ങി ചില സ്ഥലങ്ങളിൽ ചാപ്ലെയിനായി സായിപ്പുമാർ ഉണ്ടായിരുന്നു. 

അവിടെ ആ സായിപ്പിന്റെ കൂടെ താമസം. മൂന്നാറിൽ ഒരു പി.കെ. തോമസിന്റെ വീട്ടിലായിരുന്നു. ഈ തോമസ് പിന്നീട് കണ്ണൻദേവൻ കമ്പനിയിൽ ചീഫ് എൻജിനീയറായി. അദ്ദേഹത്തിന്റെ ഒരു മകൾ എനിക്ക് സതീർഥ്യയും ഗുരുപത്നിയുമാണ്. ആലുവ യുസി കോളജിലും തിരുവനന്തപുരത്തും സതീർഥ്യയായിരുന്ന മേരി തോമസ്. ഇലക്ട്രിസിറ്റി ബോർഡിൽ ജെ.ഇ.ആയപ്പോൾ ടി. കെ. ജോർജ് എന്ന മിണ്ടാപ്പൂച്ച കലം ഉടച്ചു. മേരി തോമസ് മേരി ജോർജ് ആയി. മിണ്ടാപ്പൂച്ച എന്ന് വെറുതെ പറഞ്ഞതല്ല.  ടി.കെ. ജോർജ് സാർ പഠിപ്പിക്കുമ്പോൾ ശബ്ദം പുറത്തുവരാൻ ഇ.എൻ. ടിക്കാരുടെ സഹായം വേണമോ എന്ന് തോന്നുമായിരുന്നു. തറയിൽ നോക്കി പഠിപ്പിക്കുന്നു എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അർധനിമീലിത നയനങ്ങൾ മേരി തോമസിനെ അഭിവീക്ഷിക്കുകയായിരുന്നു എന്നു മനസ്സിലായതു കല്യാണക്കത്ത് കിട്ടിയപ്പോഴാണ്. ഇപ്പോൾ ഇരുവരും തിരുവനന്തപുരത്തുണ്ട്. റിട്ട. എൻജി. കോളേജ് പ്രിൻസിപ്പലും റിട്ട.  ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും. മേരിയും ഞാനും ജവാദ് ഹസനും (ഇപ്പോൾ ജാവേദ് എന്നാണ് കേൾവി. മന്ത്രിമാർ കാണാൻ കാത്തിരിക്കുന്ന പ്രവാസി വ്യവസായി) സർവകലാശാലാ കാലം മുഴുവൻ ഒരുമിച്ചു പഠിച്ചവരാണ്. എൻജിനീയറിങ് കോളേജിൽ ഇതിനേക്കാൾ നീണ്ടകാലം ഒന്നിച്ചു പഠിച്ചവർ ഉണ്ടായിരുന്നു. മോഡൽ സ്കൂൾ, ഇന്റർ മീഡിയറ്റ് കോളേജ്, എഞ്ചിനീയറിങ് കോളേജ് എന്നതാണ് റൂട്ട്.

Train_service_in_Munnar

രണ്ടാം തവണ മൂന്നാറിൽ പോയതു സ്കൂളിൽ നിന്നു വിനോദയാത്ര പോയതാണ്. പങ്കജം മോട്ടോർ കമ്പനിയുടെ റിയോ ബസിൽ പപ്പു എന്ന ഡ്രൈവറാണ് കൊണ്ടുപോയത്. ഈ വാക്യം വെറും ഡയലോഗല്ല. പങ്കജവും കുനാനിയും ആണ് അക്കാലത്ത് വടക്കൻ തിരുവിതാംകൂറിലെ ബസ്സുടമകൾ. പങ്കജം ബസ്സുകളായിരുന്നു വലുത്. അക്കാലത്തെ ഒരു പ്രസ്റ്റീജ് ബസ്സാണ് റിയോ. പപ്പു വടക്കൻ തിരുവിതാംകൂറിലാകെ വീരപരിവേഷം ഉണ്ടായിരുന്ന ഡ്രൈവർ. ആ യാത്ര കഴിഞ്ഞ് വന്നപ്പോൾ സ്കൂളിൽ ഒരു പ്രസംഗ മത്സരം ഉണ്ടായിരുന്നു. എന്റെ മൂന്നാർ യാത്ര എന്ന വിഷയം നേരത്തേ പറഞ്ഞിരുന്നു. ഫസ്റ്റ് ഫോം വിദ്യാർത്ഥി ആയിരുന്ന ഞാൻ ഒന്നാം സമ്മാനം നേടി. അമ്മയുടെ സഹായത്തോടെ എഴുതിത്തയ്യാറാക്കി കാണാതെ പഠിച്ചതാണ്. അമ്മമാർക്ക് വിദ്യാഭ്യാസവും സാമർത്ഥ്യവും ഒക്കെ ഉണ്ടാകുന്നത് നല്ലതു തന്നെ.

Munnar_tea_plantation

പിന്നെ മൂന്നാറിൽ പോയത് എൻജിനീയറിങ് കോളജിലെ ആദ്യ വർഷം. പവർ ഹൗസുകളും  അണക്കെട്ടുകളും കാണുകയായിരുന്നു ലക്ഷ്യം. അവിടെ ഏതോ  പവർ ഹൗസിലേക്ക് വെള്ളമെടുത്തിരുന്ന ഭാഗത്ത് ചളിനിറമായിരുന്നു വെള്ളത്തിന്. ചളിവെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന കറന്റിന് വോൾട്ടേജ് കുറയുമോ എന്നു ചോദിച്ച പതിനേഴുകാരൻ പിൽക്കാലത്ത് ഇലക്ട്രിസിറ്റി ബോർഡിൽ മെമ്പറായി.  പേര് കെ. ജി. ചന്ദ്രശേഖരൻ. ചന്ദ്രൻ ഒരു തമാശ പൊട്ടിച്ചതാണ്. എന്നെപ്പോലെ വാട്ടേജും വോൾട്ടേജും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു പോലും അറിവില്ലാതിരുന്നവർക്ക്  മാത്രമല്ല കൂടെ വന്ന സാറിനും അത് തമാശയാണെന്ന്  തോന്നിയില്ല. വലിയ പപ്പൻ എന്ന ഒരു ചെന്തിട്ടസ്വാമി (പൊതുജനുസ്സ് കി.കോ.പ.സ) ആയിരുന്നു സാർ. പിൽക്കാലത്ത് അതിപ്രഗല്ഭനായി വാഴ്ത്തപ്പെട്ടു. വൈസ് ചാൻസലർ പദം വരെ എത്തുമെന്ന് തോന്നിയിരുന്നു ഒരു ഘട്ടത്തിൽ. അദ്ദേഹത്തിന്റെ പുരോഗമനപാതയിൽ ആരോ എന്തോ തടസ്സം സൃഷ്ടിച്ചതുകൊണ്ട് അന്ത്യം അപ്രതീക്ഷിതമായി. അന്ന് സാർ ചന്ദ്രനെ ശാസിച്ചത് ‘‘ആരും മണ്ടത്തരങ്ങൾ ചോദിക്കണ്ട. അത് ഞാൻ ചോദിച്ചോളാം ’’എന്നായിരുന്നു. 

ഡോണ്ട് ആസ്ക് സ്റ്റുപ്പിഡ് ക്വസ്റ്റ്യൻസ്, ഐ വിൽ ഡു ദാറ്റ്. ആ പ്രദേശത്തെ അവസാനത്തെ പവർ ഹൗസിന് മുന്നിൽവച്ച്  ‘ഹൗ ഈ വെള്ളത്തിൽ ഇനിയും കറന്റുണ്ടോ’’ എന്ന് ചോദിച്ചയാളുടെ പേര് രവി എന്നല്ലെങ്കിൽ മുരളി എന്നായിരുന്നു എന്ന് ഗോപകുമാരക്കുറുപ്പ് പറയുന്നു.

Munnar Tea Estate

മൂന്നാറുമായുള്ള  മുൻബന്ധം വിദ്യാർത്ഥി  ജീവിതകാലവുമായി ബന്ധപ്പെട്ടതായിരുന്നു എന്നർത്ഥം. ഐഎഎസ്, പരീക്ഷ ജയിച്ചതിനുശേഷം പരിശീലനത്തിന് പോവുന്നതിന് മുമ്പ് ദേവികുളത്തും പോയി. അന്ന് അവിടെ സബ് കലക്ടറായിരുന്ന, ഗുരുവെന്നോ ജ്യേഷ്ഠനെന്നോ ഞാൻ എന്നും കരുതിയിട്ടുള്ള ഗോപാല കൃഷ്ണപിള്ളയെ കണ്ട് അക്കാദമി ജീവിതത്തിന്റെ സംഗതികൾ തിരക്കാനായിരുന്നു ആ യാത്ര.

മൂന്നാർ അപരിചിതമായിരുന്നില്ല. സർ സി.പി. ആരംഭിച്ച സർക്കാർ പാർസൽ സർവീസ് ഞങ്ങളുടെ നാട്ടിലെ മൺപാതയിലൂടെ പൊടിപാറിച്ചാണ് ഓടിക്കൊണ്ടിരുന്നത്. അടച്ചുകെട്ടിയ ലോറി, ഞങ്ങൾ കാട്ടാന എന്ന് വിളിച്ചിരുന്നു. വെളുപ്പിനെ രണ്ടരയ്ക്കോ മറ്റോ കിഴക്കോട്ട് പോകാൻ തുടങ്ങും. മൂന്നാറിൽ നിന്ന് തേയില കയറ്റി ഉച്ചതിരിഞ്ഞ് മടക്കയാത്ര. അക്കാലത്തെ മറ്റൊരു മൂന്നാർ ബന്ധം അവിടെ ഉണ്ടായിരുന്ന ഒരു അമ്മാവൻ വഴിയായിരുന്നു. മരയ്ക്കാർ കമ്പനിയുടെ മാനേജരായിരുന്ന എന്റെ മാതാമഹന്റെ അനന്തരവനായിരുന്നു ആ മാന്യദേഹം.  അദ്ദേഹം വല്ലപ്പോഴും വരുമ്പോൾ  ‘ഇംഗ്ലീഷ് പച്ചക്കറി’  കൊണ്ടുവരുമായിരുന്നു. പ്രധാനമായും കാബേജ്. അന്നു ആ പേരല്ല പ്രചാരത്തിൽ. മുട്ടക്കൂസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോളി ഫ്ലവർ ഒന്നും അന്ന് കേട്ടിട്ടേയില്ല. സർവകലാശാലാ വിദ്യാഭ്യാസം നേടിയ മുട്ടക്കൂസാണ് കോളിഫ്ലവർ എന്ന് മാർക് ട്വയിൻ പറഞ്ഞിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് പഠനം പൂർത്തിയായിരുന്നില്ല എന്ന് കരുതണം.

ഈ മൂന്നാർ കണ്ണൻദേവൻ കമ്പനിയുടെ കൈവശമായിരുന്നു. കമ്പനിയിലെ സായിപ്പുമാർ കുറ്റം ചെയ്താൽ വിസ്തരിക്കുന്നത് ജനറൽ മാനേജർ. അതിനുവേണ്ടി മജിസ്ട്രേറ്റിന്റെ അധികാരം ചാർത്തി നൽകിയിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷവും മൂന്നാർ ക്ലബ്ബിൽ യൂണിയൻ ജായ്ക്ക് ആണ് പാറിയിരുന്നത്. സായിപ്പിനെ പാഠം പഠിപ്പിച്ചത്  മുൻ ചീഫ് സെക്രട്ടറി പത്മകുമാറാണ്. ആരെയെങ്കിലും വല്ലതും പഠിപ്പിക്കണമെങ്കിൽ പത്മകുമാറിനെ അറിയിച്ചാൽ മതിയെന്ന് ഐഎഎസ് വൃത്തങ്ങളിൽ ചൊല്ലുണ്ടായത് ഈ അധ്യാപനം വഴിയാണ്.

പത്മകുമാർ കോട്ടയം കലക്ടർ. എസ്. ഗോപാലൻ(സരളാ ഗോപാലൻ ഫെയിം) ദേവികുളത്ത് സബ് കലക്ടർ. ഗോപാലന്റെ സഹോദരിക്ക് ഗർഭം. പ്രസവകാലം അടുത്താറെ  വഴിയമ്പലത്തിൽ സ്ഥലമില്ല ! ആകെ ഒരു ആശുപത്രി കണ്ണൻ ദേവന്റെയാണ്. അവിടെ തുക മുൻകൂർ കെട്ടാതെ കമ്പനിക്ക് പുറത്തുള്ളവർക്ക് ചികിത്സയില്ല. ഗോപാലൻ കരഞ്ഞു. പത്മകുമാർ കനിഞ്ഞു. പ്രസവം നടന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇനിയാണ് പള്ളിക്കൂടം തുറക്കുക. പത്മകുമാറും എസ്.പി. സൈമൺ മാഞ്ഞുരാനുമാണ് യഥാക്രമം ഹെഡ് മാസ്റ്ററും ക്ലാസ് ടീച്ചറും. കണ്ണൻ ദേവൻ ജനറൽ മാനേജർ സൂട്ടർ തോക്കിനുള്ള ലൈസൻസ് യഥാസമയം പുതുക്കിയിരുന്നില്ല.  ഒരു ദിവസം വൈകിട്ട് അഞ്ചു മണിക്ക് സായിപ്പിനെ അറസ്റ്റ് ചെയ്തു. ജാമ്യം കൊടുക്കാൻ മജിസ്ട്രേറ്റില്ല. സായിപ്പ് ലോക്കപ്പിൽ അന്തിയുറങ്ങി. പിൽക്കാലത്ത് പത്മകുമാറിന്റെ ഹൈറേഞ്ച് സായാഹ്നങ്ങൾ ലാഡ് ബ്രോക് കൊട്ടാരത്തിൽ സായിപ്പിന്റെ കൂടെയായിരുന്നു. എന്നാൽ ഈ സംഭവം കലക്ടറുടെ സ്ഥാനം എന്താണെന്ന് ഗ്രഹിക്കാൻ വെള്ളക്കാരെ സഹായിച്ചു. യൂണിയൻ ജായ്ക്കിന് പകരം ദേശീയ പതാക വന്നു, സ്വാതന്ത്ര്യം കിട്ടി പതിനാറ് വർഷം കഴിഞ്ഞപ്പോൾ.

ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോൾ  പുതിയ ജനറൽ മാനേജർ എനിക്ക് മൂന്ന് കമ്പിയാണ് അടിച്ചത് ! മൂലമറ്റത്തിന്, കോട്ടയത്തിന്, തിരുവനന്തപുരത്തിന്. ആശംസ നേരാഞ്ഞതിന്റെ പേരിൽ ലോക്കപ്പ് വാസം വേണ്ട എന്ന് കരുതിയിരിക്കാം  സായു. സൂട്ടർ അതിനകം നാട് കടന്നിരുന്നു. ഡോണാൾഡ് മക്കിൻടോഷ് ആയിരുന്നു എന്റെ കാലത്തെ മാനേജർ. സ്കോട്ട്ലന്റുകാരനും ചാർട്ടേഡ് അക്കൗണ്ടന്റും. കള്ള് കുടിച്ച കുരങ്ങ് ! വെണ്ണയിലൂടെ കത്തി പോകുന്ന ലാഘവത്തോടെ യുക്തിബദ്ധമായി വാദമുഖങ്ങൾ അവതരിപ്പിക്കുകമായിരുന്നു ഡോണാൾഡ്. കണ്ണൻദേവൻ ഭൂമി സർക്കാർ ഏറ്റെടുത്തത് സംബന്ധിച്ച കേസുകൾ നടക്കുന്ന കാലം. പല സംഗതികളിലും ബന്ധപ്പെടേണ്ടി വരുമായിരുന്നു. 

ജോസഫ് ആന്റ് മാർക്കോസിലെ ഷെവ. ജോയി ജോസഫാണ് കൂടെ വരുക. ഞാനും ഡൊണാൾഡും തർക്കിക്കുമ്പോൾ ജോയി ഏക മധ്യസ്ഥൻ ! ജോയി അന്ന് കോട്ടയത്തുള്ള സുമുഖരിൽ സുമുഖനാണ്. ഇപ്പോൾ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് തലയിൽ തേച്ച് നടക്കുന്ന ഈ വയസ്സുകാലത്തും ജോയിയെ ബിസിഎം കോളേജ് പരിസരത്ത് പോകാൻ (ഭാര്യ) ലളിത അനുവദിക്കാറില്ല. അത് ജോയിയുടെ സ്വഭാവം ഗ്രഹിച്ചിട്ടല്ല. മുഖഭാവം സുഭഗമായതിനാലാണ്. ഡോണാൾഡിനെ കൂടാതെ പാഡി ലാപിൻ തുടങ്ങി ചുരുക്കം ഇംഗ്ലീഷുകാർ മാത്രമാണ് അന്ന് ബാക്കി. 1983 വരെ മൂന്നാറിൽ മുഴുവൻ സായിപ്പുമാരായിരുന്നു എന്ന് ഈയിടെ ഒരു വിദ്വാൻ തട്ടിമൂളിച്ചിരിക്കുന്നത് കണ്ടു. എഴുപതുകളിൽ തന്നെ പാഡി ലാപിൻ പോയോ എന്നാണ് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. പാഡി പിന്നെയും വരുമായിരുന്നു ആണ്ടോടാണ്ട്. വരുമ്പോഴൊക്കെ തിരുവനന്തപുരത്ത് വന്ന് എന്നെ കണ്ട് കുശലം പറയുമായിരുന്നു. ഈയിടെ കാണുന്നില്ല. ഇപ്പോഴും മൂന്നാറിൽ ഒരു സായിപ്പ് ഉണ്ട് എന്ന് കേട്ടു. ക്ലബിന്റെ സെക്രട്ടറിയായി പണിയെടുക്കുന്നു. കൊച്ചിൻ ക്ലബിലെ മാതിരി തന്നെ. ഞാൻ വളർത്താൻ മോഹിച്ച റിട്ടയർമെന്റ് ടൂറിസം വിജയിക്കും എന്നതിന് തെളിവാണ് ഇവരുടെ സാന്നിധ്യം.

മൂന്നാറിൽ എട്ടുപത്ത് ദിവസം തുടർച്ചയായി താമസിക്കേണ്ടി വന്നു ഒരിക്കൽ.   മാങ്കുളം അന്ന് സർക്കാർ കാത്തുസൂക്ഷിച്ചിരുന്ന കസ്തൂരി മാങ്ങയാണ്. അത് പെട്ടെന്ന് കാക്ക കൊത്തിപ്പോയി. ഞാനറിയാതെ പോലീസിനെ പിൻവലിച്ചതാണ്. എവിടെയോ എന്തോ ആവശ്യമുന്നയിച്ച് തലസ്ഥാനത്തു നിന്ന് പറ്റിച്ച പണി. ആഭ്യന്തര മന്ത്രി കരുണാകരനോ വന–ധനമന്ത്രി അടിയോടിക്കോ അതിൽ പങ്കുണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ. രായ്ക്കുരാമാനം പോലീസ് മാറി ; കൈയേറ്റക്കാർ കുടിൽ കെട്ടി. കുടിയിറക്കാൻ  പട പോരാ.  ഞാൻ ഒരു പദ്ധതി തയ്യാറാക്കി. ഇടുക്കിയിൽ നിന്ന് വിജയചന്ദ്രനെ കൂടെ  വിളിപ്പിച്ചു. രണ്ട് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ് കുടിയിറക്ക് നടന്നത്. ഞാൻ പോകാനും കാരണമുണ്ടായി. രൂപരേഖ  തയ്യാറായപ്പോഴേക്കും എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ. മലയാറ്റൂർ രാമകൃഷ്ണനാണ് റവന്യൂ സെക്രട്ടറി. ഞങ്ങൾ മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറി കെ. ഗോവിന്ദപ്പിള്ളയുടെ മുറിയിൽ കാത്തിരുന്നു. ഗോവിന്ദപ്പിള്ള ആൾ ഇന്റർനാഷണൽ ബുദ്ധിജീവിയും രസികനും. മലയാറ്റൂരിന്റെ കാര്യം പറയേണ്ടതില്ല. മന്ത്രിയേത്, മാങ്കുളമേത് എന്ന മട്ടിൽ ഞങ്ങൾ തമാശ പറഞ്ഞ് നേരം പോക്കി. യോഗം തീരാറായപ്പോഴാണ് വിളി വന്നത്. മലയാറ്റൂർ നേരത്തെ പറഞ്ഞിരുന്നു : ‘‘ ഡേ ബാബു പറയാനുള്ളതൊക്കെ പറഞ്ഞോളണം. എനിക്ക് വായ തുറക്കേണ്ടി വന്നാൽ നീ യൂസ് ലെസ് എന്നർത്ഥം. പണ്ട് നീ എന്നെ ഗോ ബാക്ക് വിളിച്ചതാണ്. ഇത് അതിനുള്ള പാപപരിഹാരബലിയും  സ്തോത്ര യാഗവും എന്ന് നിനക്കറേൻ. പൊരിഞ്ചതാ ബാബു.‘‘ ഈ ഗോബാക്ക് 1954 ൽ മലയാറ്റൂർ  പെരുമ്പാവൂരിൽ തെരഞ്ഞെടുപ്പിന് നിന്ന കാലത്തെ കഥയാണ്. അവസാനം വരെ സ്വാമി കള്ള് കുടിച്ചാലും കുടിച്ചില്ലെങ്കിലും ഈ ഡയലോഗ് പറയുമായിരുന്നു. ഒടുവിൽ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് തൊട്ടു മുമ്പ് അവനെയും കൂട്ടി മഠത്തിൽ പോയപ്പോഴാണ്. അവനോടു പറഞ്ഞു : ‘‘ ഡേ നിന്റെ അപ്പൻ എനിക്ക് ഗോബാക്ക് വിളിച്ചിട്ടുണ്ട്. യൂസ് ലെസ് ഫെല്ലോ.’’

മുഖ്യമന്ത്രിയുടെ മുറിയിൽ തന്നെയാണ് മന്ത്രിസഭ യോഗം ചേർന്നിരുന്നത്. പിൽക്കാലത്ത് കെ. എം. മാണിയും കെ. ആർ. ഗൗരിയും ഉപയോഗിച്ചിരുന്ന  മുറിയാണ് പുതിയ ബ്ലോക്ക് (നോർത്ത് സാൻവിച്ച്) തീർന്നപ്പോൾ അച്യുതമേനോൻ ഉപയോഗിച്ചിരുന്നത്. ടി. വിയുടെ അടുത്ത് ഞാൻ ഇരുന്നു. അകാരാദിയിൽ അന്ന് ടി. വി. തോമസ് ആയിരുന്നു വാലറ്റത്ത് എന്ന് തോന്നുന്നു. എനിക്കും ചീഫ് സെക്രട്ടറിക്കും ഇടയിൽ മലയാറ്റൂരും. അച്യുതമേനോന്റെ മുഖത്ത് എന്നും ഞാൻ കണ്ടിരുന്ന അർദ്ധമന്ദഹാസം അന്ന് കണ്ടില്ല. ജാക്കി വെച്ച് പൊക്കിയിട്ടാണ് അടിച്ചത് എന്ന് മാത്രം. മുഖ്യമന്ത്രി ഫയലിൽ നോക്കി ഇരിക്കയാണ്. എമ്മെൻ, ടി. കെ. ബേബിജോൺ. സി. എച്ച്. പോൾ പി. മാണി തുടങ്ങിയവരുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി സംഗതി പിശകാണെന്ന്. അൽപ്പനേരമാണെങ്കിലും ആ മൂകത അസഹ്യമായിരുന്നു.  

കെ.പി.കെ. മുഖ്യമന്ത്രിയോട് പറഞ്ഞു: ‘‘ദേ ഹാവ് കം. രാമകൃഷ്ണൻ ആന്റ് ബാബുപോൾ.’’ മുഖ്യമന്ത്രി എന്നെ നോക്കി, ആ രണ്ടു മൂന്ന് സെക്കന്റിൽ അച്യുതമേനോൻ എന്ന മേലധികാരിയുടെ മറ്റൊരു ഭാവം കാണുകയായിരുന്നു ഞാൻ. പതുക്കെ പറഞ്ഞു തുടങ്ങി: ‘‘വാട്ട് ഹാപ്പെൻഡ് ?  ഇഫ് യു വേർ നോട്ട് എ ഗുഡ് ഓഫീസർ, ഐ വുഡ് ഹാവ് ഇഗ്നോർഡ് ദിസ്. ഐ ഡിഡിന്റ് എക്സ് പെക്റ്റ് ദിസ് വെൻ യൂ ആർ ദ കലക്ടർ’’. ഞാൻ പറഞ്ഞു തുടങ്ങും മുമ്പേ മുഖ്യമന്ത്രി തുടർന്നു: ‘ടെൽ മി ഹൗ ദിസ് ഫോ പാ(Faux Pa) കേം എബൗട്ട്. ഓൾസോ വാട്ട് യു പ്രപ്പോസ് ടു ഡു’’. ‘‘വൈൽ കൺസീഡിങ് ദാറ്റ് ദെയർ ഹാസ് ബീൻ എ ഫെയ് ലയർ’’ എന്ന് ഞാൻ പറഞ്ഞപ്പോൾ ടി. വി. സഹതാപത്തോടെയെങ്കിലും  പുച്ഛഭാവത്തിൽ ചിരിച്ചത് എന്റെ ആത്മവിശ്വാസം  ചോർത്തി. ഒരു തരത്തിൽ കാര്യം പറഞ്ഞു ഫലിപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഞാനറിയാതെ തലസ്ഥാനത്തു നിന്ന് നിർദ്ദേശം നൽകി പോലീസിനെ പിൻവലിച്ചു. കുടിയറക്കിന് ആക്ഷൻ പ്ലാൻ തയ്യാറാണ് ; പോലീസിനെ  കിട്ടിയാൽ നാളെയെങ്കിൽ നാളെ ഇറക്കാം. പൊലീസിനെ പിൻവലിച്ചതിന്  കരുണാകരനും ചീഫ് സെക്രട്ടറിക്കും ഒന്നും മറുപടിയുണ്ടായില്ല. അച്യുതമേനോൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കലക്ടറാണ് ഞാൻ. എന്നിട്ടും അദ്ദേഹം കരുണാകരനോടോ ചീഫിനോടോ ഒന്നും ചോദിച്ചതുമില്ല. ചർച്ച തീർന്നു എന്നറിയിക്കുന്ന ഉത്തരവ് ഇതായിരുന്നു : ‘‘ഓകെ, നൗ ഗോബാക്ക് ആന്റ് ത്രോ ദെം ഔട്ട്. നോ യൂസ് ഓഫ് ഫോഴ്സ്. ഷോ ഫോഴ്സ്, ത്രെറ്റൻ, ബട്ട് നോ യൂസ് ഓഫ് ഫോഴ്സ്.’’

പുറത്തിറങ്ങിയപ്പോൾ മലയാറ്റൂർ പറഞ്ഞു: ‘‘ ഡേ, ബി മൈ ഗസ്റ്റ് ടു റിലാക്സ്. യു നീഡ് ഇറ്റ്.’’ അന്ന് ഞാൻ തിരുവനവന്തപുരം ക്ലബ്ബിൽ അംഗമായിട്ടില്ല. സ്വാമിയും ഞാനും കൂടെ അങ്ങോട്ട് പോയി.

തിരുവനന്തപുരത്തു നിന്ന് തന്നെ വയർലെസിൽ നിർദ്ദേശങ്ങൾ നൽകിയിട്ടാണ് ഞാൻ മടക്കയാത്ര തുടങ്ങിയത്. കുറുപ്പംപടി പള്ളിയിൽ പോയി. എന്റെ  അമ്മയോട് പ്രാർത്ഥിക്കാൻ പറഞ്ഞു. അച്ഛൻ നിത്യവും കുർബാന അർപ്പിച്ചുകൊണ്ടിരുന്നു.  കുടിയിറക്ക് പൂർത്തിയാക്കി ഞാൻ മല ഇറങ്ങുവോളം. എന്റെ രക്ഷയും എന്റെ ദുർഗവും ദൈവമാണ് എന്ന് ഒരിക്കൽ കൂടെ ഞാൻ അനുഭവിച്ചറിഞ്ഞു. അച്യുതമേനോന്റെ മഹത്ത്വം കുറെക്കൂടെ ഭംഗിയായി തിരിച്ചറിയാൻ ഈ സംഭവം സഹായിച്ചു. കാര്യങ്ങൾ ഭംഗിയായി കലാശിച്ചപ്പോൾ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പിന്നെ നേരിൽ കണ്ടപ്പോൾ പോലീസിനെ പിൻവിലിച്ചതിൽ പോലീസിനെ നിയന്ത്രിച്ചവരുടെ അറിവുണ്ടായിരുന്നു എന്ന സംശയം പങ്കുവയ്ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.