Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വനം നഷ്ടപ്പെടുന്ന വിധം

ഡി. ബാബുപോൾ
deforestation-chimmini

വനം  കയ്യേറുന്നതിനെക്കുറിച്ചുള്ള വാർത്തകളാണല്ലോ ഇപ്പോൾ ദിവസവും കേൾക്കുന്നത്. അതുകൊണ്ട് കുറെ വനകാര്യം പറയാം. സബ്കലക്ടർ എന്ന നിലയിൽ തീരദേശങ്ങളായിരുന്നു ഭരണസീമ: തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിൽ കേരളത്തിൽ അവശേഷിച്ച പ്രദേശം മുഴുവൻ. തിരുവനന്തപുരത്തിന്റെ  കിഴക്കൻ മേഖല മാത്രമാണ് മലമ്പ്രദേശം എന്ന് പറയാവുന്നതായി ഉണ്ടായിരുന്നത്. കലക്ടറായപ്പോൾ തീരദേശം തീരെയില്ലാത്ത ജില്ലകളാണ് കിട്ടിയത്. സ്വാഭാവികമായും കാടും മേടും താണ്ടിയായിരുന്നു ഏതാണ്ട് അഞ്ച് കൊല്ലത്തെ ജീവിതം. നമ്മുടെ  കാടുകൾ പ്രാചീനകാലം മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തടിയും വനവിഭവങ്ങളും മയിലും കുരങ്ങും ഒക്കെ നാലായിരം വർഷങ്ങൾക്കപ്പുറവും അന്തർദേശീയ വിപണനചിത്രത്തിൽ സ്ഥലം പിടിച്ചതാണല്ലോ. 

ഉടുമ്പഞ്ചോലശേഖരം എന്നറിയപ്പെടുന്ന റോമൻ നാണ്യശേഖരം തെളിയിക്കുന്നത് അക്കാലത്ത് നമ്മുടെ തീരവും കിഴക്കൻ തീരവും തമ്മിൽ കരമാർഗസഞ്ചാരം ഉണ്ടായിരുന്നു എന്നാണ്. തോമാശ്ലീഹാ കൊടുങ്ങല്ലൂരിൽ ഇറങ്ങുകയും മൈലാപ്പൂരിൽ മരിക്കയും ചെയ്തു എന്ന കഥയിൽ ഭൂമിശാസ്ത്രപരമായ അസംഭവ്യത ഒന്നും ഇല്ല. രണ്ടിടത്തും ബ്രാഹ്മണരെ തിരുകിയതിലാണ് തെറ്റ്. അശോകനും ശങ്കരനും ഇടയ്ക്കുള്ള കാലത്ത് ഏത് ബ്രാഹ്മണൻ, എന്ത് ബ്രാഹ്മണ്യം ? തോമാശ്ലീഹാ വന്ന കാലത്ത് യഹൂദരെ മാത്രമാണ് സഭയിൽ സ്വീകരിച്ചിരുന്നതും.  എന്നാൽ, വ്യാപാരം ഉണ്ടായിരുന്നു. അതുകൊണ്ട് തോമസ് വന്നിരിക്കാം, തോമസിന്റെ പ്രസ്താവനകളിൽ ചില ഭാരതീയർ ആകൃഷ്ടരായിട്ടുണ്ടാവാം, വിശേഷിച്ചും  ബുദ്ധമതത്തിലെ പല സാന്മാർഗിക പ്രമാണങ്ങളും തോമസ് പഠിപ്പിച്ചതിനോട്  ഒത്തുപോകുമെന്നിരിക്കെ. ആ ഭാരതീയർ സമൂഹത്തിലെ ഉന്നത ശ്രേണികളിൽപെട്ടവർ ആയിരുന്നിരിക്കാം. അതിരിക്കട്ടെ, ഇവിടെ തോമസ് പ്രസക്തമായത് ആ കഥയിലെ വ്യാപാരിയായ ഹബാൻ തടിക്കച്ചവടക്കാരനായ യഹൂദൻ ആയിരുന്നു എന്നതാണ്.

കേരളത്തിലെ വനങ്ങൾ ഇങ്ങനെ ശ്രദ്ധേയമായിരുന്നെങ്കിലും വനത്തിന്റെ ഉടമസ്ഥത വടക്കൻ കേരളത്തിൽ ഭൂപ്രഭു‌ക്കന്മാർക്കും തിരുവിതാംകൂറിലും  കൊച്ചിയിലും സർക്കാരിനും എന്ന അവസ്ഥയാണ് ആധുനിക കാലത്ത് നാം കാണുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഫോറസ്റ്റ് ഐ. ജി നിയമിക്കപ്പെടുന്നതിന് കാൽനൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറിൽ  ഒരു ഫോറസ്റ്റ് കൺസർവേറ്റർ നിയമിതനായത്.  ഡോ. ബ്രാൻഡിസ് ആയിരുന്നു ആദ്യത്തെ ഐ. ജി. നിയമനം 1864– ൽ. മൺറോ എന്ന കൺസർവേറ്റർ തിരുവിതാംകൂറിൽ  നിയമിതനായത് 1840 ലും. മലബാറിൽ കലക്ടർ തന്നെയായിരുന്നു കൺസർവേറ്ററും, ആദ്യം. അതുകൊണ്ടാണ് കലക്ടർ കൊണോലി നിലമ്പൂരിൽ 1840 കളിൽ തേക്ക് നട്ടുപിടിപ്പിച്ചത്. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയവ രാജകീയ വൃക്ഷങ്ങൾ ആയിരുന്നു. നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും ഇവ സൗജന്യമായി നല്കിയിരുന്നു. 1853 വരെ. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വനപരിപാലനം നിലവിൽ വന്നത്. അന്ന് ഭൂമിയുടെ മുക്കാൽ ഭാഗവും കാട് തന്നെ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇത് പാതിയായി കുറഞ്ഞു. കാർഷികാവശ്യങ്ങൾക്ക് വനം വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. തിരുവിതാംകൂറിൽ സംഭവിക്കുന്നതിന് മുമ്പ് ഇത് പാലക്കാട്ട് സംഭവിച്ചു. സൈലന്റ് വാലിയുടെ ഹൃദയ ഭാ‌ഗത്ത് ആയിരം ഏക്കർ ഭൂമി കാപ്പിക്കൃഷിക്ക് വിട്ടുകൊടുത്തു. 1870 –ൽ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി വനസംരക്ഷണത്തിന്റേതായിരുന്നു.

താരതമ്യേന. വെയ്സ്റ്റ് ലാന്റ് നിയമം അനുസരിച്ച് നാട്ടുരാജ്യ സർക്കാരുകൾ കൃഷിക്ക് വിട്ടുകൊടുത്തും മലബാറിലെ ഭൂസ്വാമിമാർ വിറ്റുമുടിച്ചും (അഥവാ കുടിയേറ്റക്കാർ വാങ്ങി തെളിച്ചും) ഏകദേശം പത്ത് ശതമാനം കാടുകൂടെ വെളുത്തു ഇക്കാലത്ത്. യുദ്ധം വന്നതോടെ ഭക്ഷ്യവിളകൾ ഉദ്പാദിപ്പിക്കാൻ സർക്കാർ തന്നെ നാട്ടുകാരെ കാട്ടിൽ അഴിച്ചുവിട്ടു. ജലവൈദ്യുതപദ്ധതികൾ, കൃഷിക്ക് ഉപയുക്തമായ വനഭൂമി ഇങ്ങനെ പല വഴികളിലായി വനം നശിച്ചു. 1965–70 ആയപ്പോഴേക്ക് ഭൂമിയുടെ നാലിലൊന്ന് മാത്രം വനം എന്ന അവസ്ഥ ഉണ്ടായി.

നാണ്യവിളകൾക്ക്  ലഭിച്ച പ്രാധാന്യവും  ഇതിൽ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ വിശാഖം തിരുനാൾ മഹാരാജാവ് 1880 ൽ റബറും കപ്പയും സിലോണിൽ നിന്ന് കൊണ്ടുവന്നു. മരച്ചീനി, കൃഷി വകുപ്പിനെയും റബ്ബർ, വനംവകുപ്പിനെയും ഏൽപിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ ജവഹർനഗർ ആയിരുന്നു മരച്ചീനി കൃഷിക്ക് തിരഞ്ഞെടുത്തത്. അടുത്തകാലം വരെ തിരുവനന്തപുരത്ത് ജവഹർനഗർ മരച്ചീനിവിള എന്നാണ് അറിയപ്പെട്ടിരുന്നത്. പുറത്തു നിന്ന് വന്ന പുതുമക്കാരാണ് ആ പേര് വിസ്മൃതിയിലാക്കിയത്.

റബർ നട്ടത് ഇടുക്കി ജില്ലയിൽ ആയിരുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തിനപ്പുറം ഇടമലയാർ ഭാഗത്ത് ഏഴേക്കർ സ്ഥലത്ത് വനംവകുപ്പ് 1899 ൽ നട്ടുപിടിപ്പിച്ച  റബർതോട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ റബർ എസ്റ്റേറ്റ്. പഴയ മൂന്നാർ റോഡിനോട് ചേർന്ന് പെരിയാറിന്റെ വലതുകരയിൽ തുടങ്ങിയ ഈ തോട്ടം വിജയിച്ചു. തുടർന്നാണ് ആദ്യത്തെ സ്വകാര്യതോട്ടം നിലവിൽ വന്നത്. ജെ. എ. ഹണ്ടർ, കെ. ഇ. നിക്കോൾബ്സൺ എന്നിവർ 1902–04 കാലത്ത് തട്ടേക്കാട് എസ്റ്റേറ്റ് തുടങ്ങി.

അക്കാലത്തെ പരിസ്ഥിതി സമ്മർദ്ദങ്ങൾ കണക്കിലെടുത്താൽ ശരിയായ തീരുമാനങ്ങൾ ആയിരുന്നിരിക്കണം ഇവ. വനസംരക്ഷണത്തെക്കുറിച്ച് ബോധം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് 1888 ഒക്ടോബർ 11ന് തിരുവിതാംകൂർ സർക്കാർ കോന്നി പ്രദേശം, റിസർവ് വനം ആയിരിക്കും എന്ന് പ്രഖ്യാപിച്ചത്. മലബാറിൽ സർക്കാർ ഭൂസ്വാമിമാർക്ക് കാട് വിട്ടുകൊടുത്തു. അത്  ഈസ്റ്റിന്ത്യാക്കമ്പനിക്ക് വനസംരക്ഷണത്തേക്കാൾ പ്രധാനം മറ്റു പലതും ആയിരുന്നതിനാലാണ്. പഴശ്ശിയോട് സഹകരിച്ചവരുടെ ഭൂമി തോട്ടമാക്കി. സഹകരിച്ച ആദിവാസികൾക്ക് വനം അന്യവുമാക്കി. ഭൂമിക്ക് സെറ്റിൽമെന്റ് നടത്തിയപ്പോൾ സർക്കാരിന് വനം റിസർവായി ഏറ്റെടുക്കാമായിരുന്നു. അതിനുപകരം ഭൂസ്വാമിയുടെ പാട്ടമോ അന്യം നിന്ന തറവാട്ടിലെ വസ്തുവോ അല്ലാത്ത കാട് മുഴുവൻ നാട്ടുടയവർക്ക് നൽകി. അതു കൊണ്ടാണ് മലബാറിൽ റിസർവ് വനത്തേക്കാൾ ഏറെ വിസ്തൃതി സ്വകാര്യവനങ്ങൾക്ക് ഉണ്ടായത്. ഇങ്ങനെ ഭൂസ്വാമികൾക്ക് കിട്ടിയ വനഭൂമിയാണ് മലബാറിലെ സ്വകാര്യവനം. 1945 ൽ മദിരാശി ഗവൺമെന്റ് ഒരു കണക്ക് എടുത്തു. നാല്പത് മുതൽ നാല്പതിനായിരം വരെ ഹെക്ടർ (നൂറു മുതൽ ഒരു ലക്ഷം വരെ ഏക്കർ) അന്ന് നൂറിൽപരം ഭൂവുടമകളുടെ കൈവശം ആയിരുന്നു. നൂറേക്കർ വരെ ഉള്ള  കാടു കൾ ഇങ്ങനെ ഒഴിവായിട്ടും ഏകദേശം എട്ടുലക്ഷം ഏക്കർ വനം നിയമത്തിന് കീഴിൽ കൊണ്ടുവന്നു. ഈ നിയമം– മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ്സ് ആക്ട് 1949– മലബാർ ജില്ലകളിൽ പ്രാബല്യത്തിലിരുന്നു. പാലക്കാട് കലക്ടറേറ്റിൽ ഏറ്റവും പ്രഗല്ഭരായവരെയാണ് ഈ സെക്ഷനിൽ നിയമിച്ചിരുന്നത്.

ഭൂപരിഷ്കരണ നിയമത്തിൽ സ്വകാര്യ വനഭൂമി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ, എന്നെങ്കിലും നിയമഭേദഗതി  വഴി ഈ സൗജന്യം നഷ്ടപ്പെടുമെന്ന ഭയം വനഭൂമിയുടെ ഉടമകളെ വേട്ടയാടിയിരുന്നു എന്ന് കരുതണം.  കിട്ടിയ വിലയ്ക്ക് വിറ്റ് തീർക്കുക എന്നതായിരുന്നു അവർ സ്വീകരിച്ച നയം. വാണിജ്യ താൽപര്യങ്ങളുമായി വാങ്ങാൻ ചെന്നവർ മുഴുവൻ കൊള്ളക്കാരും അതേ മാനസികാവസ്ഥയിൽ കിട്ടിയ വിലയ്ക്ക് വിറ്റ് തീർത്തവർ പാവം പയ്യന്മാരും ആകുന്നതിലെ യുക്തി അത്ര ഭദ്രമല്ല എന്ന് പറയാതെ വയ്യ. 1971 ലെ സ്വകാര്യ വനദേശസാത്കരണ നിയമം മലബാറിലെ ഈ ഭൂസ്വാമിമാരുടെ ഭയം സ്ഥിരീകരിച്ചു. ഒരു വശത്ത് നിയമയുദ്ധവും  മറുവശത്ത് വനനശീകരണവും നടത്തിയവരുടെ രോഷത്തിന്റെ വിത്തുകൾ പൊട്ടിമുളച്ചപ്പോൾ സ്വന്തം കണ്ണിൽ കോൽ ഇരിക്കെ അന്യരുടെ കണ്ണിലെ  കരടിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയയ്ക്കാണ് കാലം സാക്ഷ്യം വഹിച്ചത്.

തിരുവിതാംകൂറിൽ രണ്ടാം ലോക മഹായുദ്ധകാലത്ത്, കൃത്യമായി പറ‍ഞ്ഞാൽ 1942 ഒക്ടോബർ 20 ന് സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വനത്തിൽ നെൽകൃഷി അനുവദിക്കുന്നു. ദേവികുളം, പീരുമേട് താലൂക്കുകളിലായി ഇരുപതിനായിരം  ഏക്കർ വനം കൃഷി ഭൂമിയായി പ്രഖ്യാപിക്കുന്ന ഗവൺമെന്റ് ഉത്തരവ് താമസിയാതെ പുറത്തിറങ്ങി. ഇത്തരം ഭൂമികളുടെ വിതരണമായിരുന്നു ദേവികുളം  കമ്മീഷണറുടെ മുഖ്യ ചുമതല. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. കുത്തകപ്പാട്ടമായി കൊടുക്കുക, കുറേക്കാലം കഴിഞ്ഞ് പുതിയ ഇനം മരങ്ങൾ  വെച്ചുപിടിപ്പിച്ചുകൊണ്ട് സ്ഥലം തിരിച്ചെടുക്കുക എന്നതായിരുന്നു പരിപാടി. നടന്നത് മറ്റൊന്നാണ്. കൊടുത്തത് എടുക്കാൻ  സാധിച്ചില്ലെന്ന് മാത്രമല്ല, കൊടുക്കാത്തതും എടുക്കപ്പെട്ടു. തുടർന്ന് പട്ടയത്തിനുള്ള ആവശ്യം ഉയർന്നു.

മണ്ണൊലിപ്പിനെയും  വനപാലനത്തെയും കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ടി. വി. വെങ്കടേശ്വരയ്യൻ എന്ന മുഖ്യ വനപാലകൻ അധ്യക്ഷൻ, ഡോ. എം.എസ്. നായർ, കെ.പി. ശ്രീധരൻനായർ, പി. വേലായുധൻ നായർ, ഐ.സി. ചാക്കോ എന്നിവരായിരുന്നു അംഗങ്ങൾ. സോയിൽ കൺസർവേഷൻ,  വൈദ്യുതി, വനം, വ്യവസായം എന്നീ വകുപ്പുകളിൽ നിന്നായിട്ടായിരുന്നു ഈ ഉദ്യോഗസ്ഥന്മാരെ നിശ്ചയിച്ചത്. അവരുടെ റിപ്പോർട്ട് അംഗീകരിക്കയല്ല ഗവൺമെന്റ് ചെയ്തത്. ഇരുപത്തയ്യാരിത്തോളം ഏക്കർ വനം ഡിസ്റിസർവ് ചെയ്ത് പട്ടയം കൊടുക്കാനായിരുന്നു 1951 ജൂൺ 16 ന് ജനകീയ ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വാതന്ത്ര്യ സമര സേനാനികൾ, വിമുക്തഭടന്മാർ തുടങ്ങി പലർക്കും സർക്കാർ തന്നെ ഭൂമി കൊടുത്തു. കൃഷിക്ക് കൊടുത്ത താൽക്കാലിക കുത്തകപ്പാട്ടം പുതുക്കി നൽകി. ഇ.എം.എസ്. സർക്കാർ 1957 ൽ അതുവരെയുള്ള കൈയേറ്റങ്ങളും കുടിയേറ്റങ്ങളും (എല്ലാ കുടിയേറ്റക്കാരും കൈയേറ്റക്കാരല്ല എന്ന് ഓർത്തിരിക്കണം) സാധൂകരിക്കുമെന്ന് പ്രഖ്യാപിച്ചു. കിണറ്റിലേക്ക് ചെറിയ കല്ല് എടുത്തിടുമ്പോൾ രൂപപ്പെടുന്ന വലയങ്ങൾപോലെ ഈ തീയതി മാറിമാറി വന്നു. 

1957 ലെ സർക്കാർ, വനത്തിന്റെ പുതിയ അതിർത്തി നിശ്ചയിക്കാൻ ജനകീയ സമിതികളെ നിയമിച്ചു. തഹസിൽദാർ അധ്യക്ഷൻ, ഫോറസ്റ്റ് റെയ്ഞ്ചറും എംഎൽഎയും സ്ഥലത്തെ പ്രധാന ദിവ്യന്മാരും അംഗങ്ങൾ. ഈ സമിതികൾ എന്തെങ്കിലും പ്രയോജനം ചെയ്തു എന്ന് തോന്നുന്നില്ല. അയ്യപ്പൻകോവിലിനടുത്തുള്ള തട്ടാത്തിക്കുടിയിലെ കുടിയിറക്ക് ശ്രമം മുതൽ മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട് വരെ ഉള്ള സംഭവങ്ങളുടെ ആകെത്തുക രണ്ട് സംഗതികളായി ചുരുക്കിപ്പറയാം. ഒന്ന്, 1968 ജനുവരി ഒന്നു വരെയുള്ള പ്രവേശനങ്ങൾ അംഗീകരിക്കപ്പെട്ടു. രണ്ട്, ഈ അംഗീകാരത്തിന്റെ മറവിൽ കൈയേറ്റങ്ങൾ തുടർന്നു. 1968 ഒക്ടോബറിൽ അനന്തൻപിള്ള എന്ന സർക്കാരുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം നാൽപതിനായിരം ഏക്കർ വനം കൃഷിക്ക് ഉപയുക്തമായി വേർതിരിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സർക്കാരുകളും മലബാറിലെ ഭൂസ്വാമിമാരും പിൽക്കാലത്ത് ഇ.എം.എസ്സും ആന്റണിയും ശങ്കറും ഒക്കെ മാറിമാറി നയിച്ച സർക്കാരുകളും കോൺഗ്രസ് മുതൽ സിപിഎം വരെയുള്ള രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയണം. മിയാ കുൾപാ, മിയാ കുൾപാ, മിയാ മാക്സിമാ കുൾപാ, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ, മാറിനിന്ന് കുറ്റം വിധിക്കാവുന്ന പരുവത്തിലല്ല ആരും.

ബ്രിട്ടീഷുകാർ കപ്പൽ നിർമിക്കാൻ വേണ്ടി നമ്മുടെ തേക്ക് ഉപയോഗിച്ചു. തേക്ക് തീർന്നുപോകുമോ എന്ന ഉത്കണ്ഠ മലബാർ കലക്ടർ കൊണോലിയെ  ബ്രിട്ടീഷ് ഭരണനേതൃത്വം അറിയിച്ചപ്പോഴാണ് ചാത്തുമേനോനും കൊണോലിയും 1843 ൽ നിലമ്പൂരിൽ ലോകത്തിലാദ്യമായി തേക്കിൻതോട്ടം നട്ടത്. ചാത്തുമേനോന്റെ പിന്മുറക്കാർ 1960– 80 കാലത്ത് സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് പിടിപ്പിച്ചു. ഏകദേശം രണ്ടു ലക്ഷം ഏക്കർ ! അത്രയും തന്നെ യൂക്കാലിത്തോട്ടങ്ങളുമായി. ഇങ്ങനെ പലവിധത്തിൽ നാട് മുടിക്കണം എന്നതിനേക്കാൾ കൂടുതൽ നാട് നന്നാക്കണം എന്ന ചിന്തയോടെയായാലും വനങ്ങൾ ഇല്ലാതെയായി. ഇപ്പറഞ്ഞതൊന്നും മൂന്നാറിനെക്കുറിച്ചല്ല. അത് സായിപ്പിന്റെ കൈവശം ആയിരുന്നല്ലോ. മൂന്നാർ കഥ പിന്നെ പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.