Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈസ്റ്ററിന്റെ കാതൽ

ഡി. ബാബുപോൾ
Easter

ക്രിസ്ത്യാനികളുടെ പഞ്ചാംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആണ് ഈസ്റ്റർ. അങ്ങനെ ഒരു മൂന്നാം നാൾ ഉണ്ടായതിനാലാണ് ദുഃഖ വെള്ളിയാഴ്ച പ്രശസ്തമായത്. ഈസ്റ്ററില്ലെങ്കിൽ ക്രിസ്തുവിന്റെ മരണം മറ്റൊരു കഴുവേറ്റൽ മാത്രം ആയി ഒടുങ്ങുമായിരുന്നുവല്ലോ.

റോമാ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതിനെ തുടർന്ന് സൂര്യോത്സവം നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജനം അത് ഉപേക്ഷിച്ചില്ല. അപ്പോഴാണ് മാർ ക്രിസോസ്റ്റം ശ്രീയേശു മാനവരാശിയുടെ മഹാസൂര്യനാണെന്നും അതുകൊണ്ട് സൂര്യോത്സവം ശ്രീയേശുവിന്റെ  ജന്മനാൾ ആയി സങ്കൽപിക്കാമെന്നും പ്രസംഗിച്ചത്. അടിച്ച വഴിയെ പോകാത്തതിനെ  പോയ വഴിയെ അടിക്കാം എന്ന് ചക്രവർത്തിയും നിശ്ചയിച്ചു. അങ്ങനെ യഹൂദരല്ലാതിരുന്ന പാശ്ചാത്യ ക്രൈസ്തവർക്ക് ക്രിസ്മസ് വലിയ പെരുനാളായി. ഒരായിരം കൊല്ലം കഴിഞ്ഞപ്പോൾ അവർ കൊളൊണിയൽ ശക്തികളായി. അതോടെ അവരുടെ ക്രിസ്മസ് ലോകവ്യാപകമായി.  പൗരസ്ത്യ സഭകൾ അതുവരെ ആഘോഷിച്ചിരുന്ന എപ്പിഫനി– രാക്കുളിപ്പെരുനാൾ– അങ്ങനെ ക്രമേണ അസ്തപ്രഭമായി. കോളനികളിലെ അക്രൈസ്തവർക്കാകട്ടെ അധികാരികളുടെ ഉത്സവം നാട്ടുനടപ്പുമായി. അങ്ങനെയാണ് ഈസ്റ്റർ ക്രിസ്മസിനെക്കാൾ ചെറിയ പെരുനാൾ ആയി ഭവിച്ചത്.

ഈസ്റ്റർ എന്ന പേരിനും ഉണ്ട് ഒരു പശ്ചാത്തലം. അത് ക്രിസ്തുമതം ഇംഗ്ലണ്ടിൽ എത്തിയതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജർമ്മനിയിലെ ഒസ്റ്റാറൂൺ (ആധുനിക ജർമ്മൻ പദം ഓസ്റ്റേൺ), ലിത് വേനിയയിലെ ഔസ്ത്രാ എന്നിവ പ്രഭാതദേവിയെ സൂചിപ്പിച്ചിരുന്നു. ഓൾഡ് ഇംഗ്ലീഷിൽ അത് ഈസ്ത്രെ എന്നായി. ഈസ്ത്രെ ദേവിയുടെ ഉത്സവം ഏപ്രിൽ ആയിരുന്നു. അന്ന് ആ മാസത്തിന് ഇംഗ്ലണ്ടിൽ ഈസ്ത്രെ മാസം എന്നായിരുന്നു പേര്. ബീഡ് എന്ന പുണ്യപുരുഷൻ ഈസ്ത്രെ മാസത്തെ പെസഹാമാസം എന്ന് വിളിച്ചു. പതിന്നാലാം നൂറ്റാണ്ടോടെ അത് ഈസ്റ്റർ എന്നായി. മധ്യകാലഭാഷയിൽ (മിഡിൽ ഇംഗ്ലീഷ് എന്നാണ് ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവർ പറയുക.)

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇക്കൊല്ലത്തെ ഈസ്റ്റർ. ഭൂരിപക്ഷം ക്രൈസ്തവർക്കും ജൂലിയൻ കലണ്ടർ ആചരിക്കുന്നവർക്ക് തീയതി മാറും. അത് മറ്റൊരു കഥ.

മരണത്തെ അതിജീവിക്കുക എന്നത് മനുഷ്യൻ എന്നും സ്വപ്നം കണ്ടിരുന്നു. ഋതുഭേദങ്ങൾ വിശദീകരിക്കുവാൻ പ്രാചീന സമൂഹങ്ങൾ നെയ്തെടുത്ത കഥകളിൽ പുനരുത്ഥാനം അവിഭാജ്യഘടകമാണ്. ദേവീദേവന്മാർ മരിക്കുകയും പുനരുത്ഥാനം ചെയ്കയും ചെയ്യുമെന്നു പറഞ്ഞവർ തങ്ങളുടെ സ്വകാര്യ മോഹങ്ങൾ ഉദാത്തീകരിക്കയായിരുന്നിരിക്കാം..

ഗ്രീക്കുചിന്തയിൽ ശരീരം തൃജിക്കുന്നത് കാമ്യമായി കരുതപ്പെട്ടിരുന്നു. ആത്മാവ് ശരീരത്തിൽ നിന്ന് മുക്തി നേടുന്ന പ്രതിഭാസമാണ് മരണം എങ്കിൽ  പുനരുത്ഥാനം കാമ്യമാവുകയില്ല. അതുകൊണ്ടാവണം ഗ്രീക്കുകാർ പുനരുത്ഥാനത്തിൽ  വിശ്വസിക്കാതിരുന്നത്. ഏതൻസിലെ അരയോ പാഗക്കുന്നിൽ പൗലോസ് നടത്തിയ വിഖ്യാതമായ പ്രസംഗം കേട്ടവരിൽ ചിലർ പരിഹസിച്ചു. പരിഹസിക്കാതിരുന്നവരാകട്ടെ ‘‘ഞങ്ങൾ പിന്നെ വീണ്ടും കേൾക്കാം.’’ എന്ന് ഭംഗിവാക്ക് പറഞ്ഞ് തടിതപ്പുകയും ചെയ്തു.

യഹൂദന്മാർ പുനരുത്ഥാനത്തിൽ പൊതുവെ വിശ്വസിച്ചിരുന്നു. ഭൗതിക ശരീരത്തോടെ ഉള്ള പുനരുത്ഥാനം ആയിരുന്നു അവരുടെ സങ്കല്പം. എന്നാൽ ബൈബിളിലെ പഴയ നിയമത്തിൽ പുനരുത്ഥാനത്തെക്കുറിച്ച് ഏറെയൊന്നും പറയുന്നില്ല. ഏലിയായുടെയും ഏലീശായുടെയും വീരഗാഥകളിൽ പറയുന്നത് യേശു ക്രിസ്തു തന്റെ മനുഷ്യാവതാരനാളുകളിൽ പ്രവർത്തിച്ച അത്ഭുതങ്ങളിലെന്നത് പോലെ ഏത് ജീവിതത്തിൽ നിന്ന് നിഷ്ക്രമിച്ചുവോ ആ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്ന – മടക്കി വരുത്തുന്ന– സംഭവങ്ങളെക്കുറിച്ചാണ്. നയീനിലെ യുവാവും യായീറോസിന്റെ പുത്രിയും  ലാസർ തന്നെയും ഇഹലോകത്തിലേയ്ക്കാണ് തിരിച്ചെത്തിയത്. അവർ യഥാകാലം  സ്വാഭാവികമരണം പ്രാപിച്ചിരിക്കണം. നിത്യതയിലേയ്ക്കുള്ള പുനരുത്ഥാനം ആയിരുന്നില്ലല്ലോ അവർ നേടിയത്. യെഹസ്ക്കേൽ(എസക്കിയേൽ) പ്രവചനത്തിൽ പുനരുത്ഥാനം ഒരു പ്രതീകമായി കാണുന്നുണ്ട്. ദാനിയേൽ പ്രവചനത്തിലെ ഒരു വാക്യം ആണ് എന്റെ സ്വർഗ്ഗസ്ഥ പത്നിയുടെ കബറിൽ ഞാൻ കൊത്തിവച്ചിട്ടുള്ളത്.  ‘‘ നീ വിശ്രമിക്കുക, കാലാവസാനത്തിൽ നീ എഴുന്നേൽക്കും.’’ ഇങ്ങനെ വ്യാഖ്യാനിച്ചെടുക്കാവുന്ന പരാമർശങ്ങൾ വേറെയും കാണാം. എന്നാൽ മനുഷ്യാവതാരകാലത്ത്  പോലും യഹൂദന്മാർക്കിടയിൽ പൂർണ്ണ സ്വീകാര്യത ലഭിക്കാതിരുന്നതാണ് പുനരുത്ഥാന സങ്കല്പം എന്നതിന് സദൂക്യർ’’ സാക്ഷി.

ക്രൈസ്തവ ദർശനത്തിലാണ് നിസ്തുലമായ ഒരു തലത്തിലേയ്ക്ക് പുനരുത്ഥാന സങ്കല്പം എത്തിച്ചേരുന്നത്. സെന്റ് പോളിന്റെ ഭാഷയിൽ മരിച്ചവർക്കിടയിൽ ക്രിസ്തു ആണ് ആദ്യഫലം. നിലവിലിരിക്കുന്ന ധാരണയ്ക്ക് പ്രഗത്ഭനും പണ്ഡിത പ്രകാണ്ഡവും ആയിരുന്ന പൗലോസ് നിർവ്വചനം നൽകി എന്ന് കരുതിയാൽ മതി.

വെളിപാടുപുസ്തകത്തിൽ കാണുന്ന ഒരു വാങ്മയം ഉണ്ട്. അവിടെ രണ്ടാം മരണത്തിന് വിധിക്കപ്പെടാത്തവർ അനുഭവിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പറുദീസയുടെ ആദിസങ്കല്പത്തോട് ചേർന്നു നിൽക്കുന്നതാണ്.

ക്രൈസ്തവ  വീക്ഷണപ്രകാരം അതായത് ഭാവിയിലെ പുനരുത്ഥാനത്തിന്റെ സമകാലഭാവം ആസ്വദിക്കാൻ വിളിക്കപ്പെട്ടവരാണ് മനുഷ്യർ. നാം ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അതുകൊണ്ട് ഉയരങ്ങളിലുള്ളത് അന്വേഷിക്കുകയാണ് നമുക്ക് കരണീയം. ഭൂമിയിലുള്ളതിലുപരി ഉയരത്തിലുള്ളത്  ചിന്തിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് പറയുന്നുണ്ട്. അതുകൊണ്ട് നാം പഴയ മനുഷ്യന്റെ പ്രവൃത്തികൾ ഉരിഞ്ഞു കളഞ്ഞ് പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യൻ ആകേണ്ടിയിരിക്കുന്നു.

ഈസ്റ്റർ കേവലം ഒരു വാർഷികാചരണമല്ല. അത് ദൈനംദിന ജീവിതത്തിന്റെ  അടയാളപ്പലകയാണ്. ആ അടയാളപ്പലക ദൃശ്യമാകുവാനും ആ വഴിയെ യാത്ര ചെയ്യുവാനും ഈ കാലഘട്ടം നമുക്ക് പ്രചോദനമാവണം. അത് അടയാളപ്പലകയാണെന്നും വഴി നാം തന്നെ താണ്ടേണ്ടതുണ്ടെന്നും ഓർമ്മിക്കുന്നവരാണ് പുനരുത്ഥാനത്തിന്റെ അരൂപി സ്വാംശീകരിക്കുക.

ഋഗ്വേദത്തിൽ പറയുമ്പോലെ 

സ്വസ്തി പന്ഥാ മനുചരേമ (മംഗള മാർഗ്ഗത്തിലെ പഥികരാവുക നാം) ; സംഗച്ഛധ്വാം (ഐക്യത്തോടെയാവട്ടെ ആ സഞ്ചാരം) ; സംവദധ്വം (ഐക്യത്തോടെ  നമുക്ക് സംസാരിക്കാം.) ഇത് ഒരു ദിവസത്തെ ഉത്സവമല്ല. ഓരോ ദിവസത്തെയും ധർമ്മമാണ്. അതു തന്നെയാണ് ഈസ്റ്ററിന്റെ കാതലും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.