Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അച്ഛൻ മരിച്ചിട്ടില്ല

ഡി. ബാബു പോൾ
babupaul-father-column പി.എ. പൗലോസ് കോറെപ്പിസ്കോപ്പാ, ഡി. ബാബു പോൾ

അന്ത്യോഖ്യൻ പാരമ്പര്യത്തിലെ നാല്പതാം വെള്ളിയാഴ്ചയാണ് ഞാൻ ജനിച്ചത്. 1941 ൽ അത് ഏപ്രിൽ 11 ആയിരുന്നു. മീനം 29. അത്തം നക്ഷത്രം. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഇക്കൊല്ലത്തെ നാല്പതാം വെള്ളിയാഴ്ച. പള്ളിക്കണക്കിൽ എനിക്ക് പിറന്നാൾ.

എന്റെ അച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 113 വയസ് പൂർത്തിയാകുമായിരുന്നു. അച്ഛനെക്കുറിച്ചല്ലാതെ ഈ ആഴ്ച മറ്റൊന്നും എഴുതാൻ കഴിയുന്നില്ല. എവിടെ തുടങ്ങും എന്തെഴുതും എവിടെ നിർത്തും എന്നറിയാതെ കുഴങ്ങുകയാണു ഞാൻ. ഓക്സ്ഫോർഡിൽ നിന്ന് ബിരുദമെടുത്ത (ആ വഴി  നടന്നവർ വേറെയും കാണാം) ആദ്യത്തെ യാക്കോബായ വൈദികൻ. എന്റെ പിതൃസഹോദരൻ, ഡോ. സി. എ. എബ്രഹാം, മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി. ജി. എന്നിവരുമായിച്ചേർന്ന് അച്ഛന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട് ഞാൻ. അതിൽ നിന്ന് ഒന്നു രണ്ട് കാര്യങ്ങൾ പറയട്ടെ.

അറിവിന്റെ തുളുമ്പാത്ത നിറകുടമായിരുന്നു അച്ഛൻ. ഭാരതീയ ദർശനങ്ങളിലും വേദേതിഹാസങ്ങളിലും അച്ഛൻ കണ്ടെത്തിയ ആനന്ദം പലപ്പോഴും എന്നെ അദ്ഭുതപ്പെടത്തിയിട്ടുണ്ട്. ഗോപസ്ത്രീകളുടെ ഉടുതുണി മോഷ്ടിച്ച ഗോപകുമാരനെ ഭൗതികാവരണങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രം പൂർണമായി സാക്ഷാത്ക്കരിക്കുവാൻ കഴിയുന്ന ഈശ്വര സാന്നിധ്യത്തിന്റെ ഉദാഹരണമായി അച്ഛൻ അറിഞ്ഞു. ഈശ്വരനിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഈശ്വരനുവേണ്ടി വൻകാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക എന്ന ആശയം ബാല്യത്തിൽ പറഞ്ഞുതന്ന അച്ഛൻ ഐ.എ.എസ് പരീക്ഷ ജയിച്ചപ്പോൾ കർമണ്യേ വാധികാരസ്ഥേ മാ ഫലേഷൂ കദാചന എന്നും ഉപദേശിച്ചുതന്നല്ലോ. അഹങ്കാരമാകാത്ത ആത്മവിശ്വാസം, ആത്മനിന്ദയാകാത്ത വിനയം, അറിവിന്റെ അത്യുന്നത ശിഖരങ്ങൾ ആഞ്ഞെത്തിപ്പിടിക്കാൻ അവസാനത്തോളം അവസാനിക്കാത്ത അശ്രാന്തപരിശ്രമം, അറിവിന്റെ ഉറവിടം ദൈവമാണ് എന്ന ചിന്തയിലേക്ക് കൂടുതൽ  അടുപ്പിച്ച പരിശുദ്ധാത്മനിയോഗം. 

ബാല്യകാലസുഹൃത്തായിരുന്ന പള്ളിപ്പുലയനോടും യൗവനത്തിലെ സഖാവായിരുന്ന  ഒ. സി. വർഗീസ് കോർ എപ്പിസ്കോപ്പയോടും വാർധക്യത്തിൽ ആനന്ദം പകർന്ന കൊച്ചുമകൻ നിബുവിനോടും അവരവരുടെ തലത്തിൽ ഇടപെടാൻ ഉണ്ടായിരുന്ന അന്യാദൃശമല്ലെങ്കിൽ അനിതര സാധാരണമെങ്കിലുമായ കഴിവ്, മണിക്കൂറുകളോളം ധ്യാനനിരതനായിരിക്കാനും ആ വാൽമീകത്തിൽ നിന്ന് പുറത്തുവന്നാലുടനെ ഫലിതങ്ങളുടെ ശബ്ദബഹുലതയിൽ ഇഴുകിച്ചേരാനുമുള്ള അമാനുഷ സിദ്ധി. അല്ല, ഇങ്ങനെയൊക്കെ പറയാമോ  ഒരു മകൻ ? പറഞ്ഞാലെന്ത്, പറഞ്ഞില്ലെങ്കിലെന്ത്?

അച്ഛൻ ഒരിക്കൽ പറഞ്ഞല്ലോ, ചരിത്രത്തിൽ വ്യക്തികൾക്കുള്ള സ്ഥാനത്തെക്കുറിച്ച്. ഭാരതത്തിന്റെ ചരിത്രത്തെ നിർണായകമായി സ്വാധീനിച്ചവർ അംഗുലീപരിമിതരാണെന്ന്. മൗലികമായ വ്യതിയാനങ്ങൾക്ക് ഉത്തരവാദികളായി അച്ഛൻ ആകെ കണ്ടെത്തിയത് മഹാഭാരത– രാമായണകർത്താക്കളെയും ശ്രീബുദ്ധനെയും ആദിശങ്കരനെയും മഹാത്മജിയെയും മാത്രമായിരുന്നു. അഞ്ഞൂറുകൊല്ലം കഴിയുമ്പോൾ ഇന്ദിര ഒരു പേരും ജവഹർലാൽ ഒരു പേജും മാത്രമായിരിക്കും എന്നുപറഞ്ഞ സൂക്ഷ്മഗ്രാഹിയായ ചരിത്ര  വിദ്യാർത്ഥിയായിരുന്നു അച്ഛൻ.

തനിക്ക് ആരും ഒരു സ്മാരകവും പണിയരുതെന്ന് എഴുതിവച്ച ഗോൾഡാ മെയർ ആത്മകഥയെങ്കിലും എഴുതി. അച്ഛൻ ഏതും ചെയ്തില്ല. ഗോൾഡാ മെയറുടെ ആത്മകഥ അച്ഛൻ വായിച്ചിരുന്നു. അവർ മരിച്ചപ്പോൾ സ്മരണ ജീവിക്കരുതെന്ന് ഉറപ്പുവരുത്തിയത് എന്തിനായിരുന്നുവെന്ന് അച്ഛനും ഞാനും ചർച്ച ചെയ്തത് ഓർമിക്കുന്നു.

അതൊരു സ്ഥിരം പതിവായിരുന്നു. ഒരുമിച്ചിരിക്കുന്ന ഇടവേളകളിൽ ഇങ്ങനെ എന്തെങ്കിലും ചർച്ച ചെയ്യുക. ഞാൻ ഒടുവിൽ വായിച്ച ഒരു  പുസ്തകത്തിൽ നിന്നോ അച്ഛൻ ആയിടെ ആലോചിച്ച ഒരു വേദവ്യാഖ്യാനത്തിൽ നിന്നോ ആകാം തുടക്കം. അല്ലെങ്കിൽ ഒരു പത്രവാർത്തയോ നാട്ടുവർത്തമാനമോ ആകാം. ശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. വേദവ്യാഖ്യാനങ്ങൾ, ദർശനഭേദങ്ങൾ, കന്യകമറിയാമിനെക്കുറിച്ചുള്ള ധ്യാന ചിന്തകൾ, സമകാലീന രാഷ്ട്രീയം, സഭാ കാര്യങ്ങൾ, കത്തോലിക്കാ സഭയിലെ ലിറ്റർജി തർക്കങ്ങൾ, മനഃശാസ്ത്രം, മരണാനന്തര ജീവിതം ഇങ്ങനെ എത്രയോ വിഷയങ്ങൾ അച്ഛന്  താൽപര്യമുള്ളയായി ഉണ്ടായിരുന്നു.

ഭാവിയിലേക്കു നോക്കാനുള്ള അപാരമായ കഴിവ് അച്ഛന്റെ പ്രതിഭയുടെ ഭാഗമായിരുന്നു എന്നു പറയാം. അച്ഛൻ കംപ്യൂട്ടർ കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാൽ കംപ്യൂട്ടറിന്റെ സാധ്യതകൾ അച്ഛൻ മനസിലാക്കിയിരുന്നു. നീ അതൊക്കെ ഒന്നു ശീലിച്ചുവയ്ക്കണം. അല്ലെങ്കിൽ ഒരു പത്തുകൊല്ലം കഴിയുമ്പോൾ You will be deemed illiterate  എന്നു പറഞ്ഞു ഒരിക്കൽ.

നാൽപതുകളുടെ അന്ത്യത്തിൽ എവിടെയോ നിന്നുള്ള മറ്റൊരു സ്മരണ ഇപ്പോൾ  ഉണരുന്നു. നാട്ടിൽ നിന്നും മലബാറിലേക്കും വടക്കാഞ്ചേരിയിലേക്കുമൊക്കെ ധാരാളം കുടിയേറ്റങ്ങൾ നടക്കുന്ന കാലം. വീട്ടുസാമാനങ്ങൾ നിറഞ്ഞ കാളവണ്ടികൾ പടിഞ്ഞാറ് അസ്തമയ സൂര്യനെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നത് അന്നത്തെ ഒരു സാധാരണ ദൃശ്യമായി എന്റെ മനസിലുണ്ട്. സന്ധ്യ, വളവിനപ്പുറത്ത് ഒളിച്ചിരുന്ന ആ വയസൻ പകലുകൾ ആലുവാ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി തുടങ്ങുവാനുള്ള  തീവണ്ടിയാത്രയ്ക്ക് ഒരുങ്ങുന്നവരെയാണോ, പല നാളുകൾ നീളുന്ന കാളവണ്ടിയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്ന സാർഥ വാഹക സംഘങ്ങളെയാണോ അലസതയോടെ നോക്കിനിന്നതെന്ന് എനിക്കറിവില്ല. ഏതായാലും കുടുംബങ്ങൾ പറിച്ചു നടപ്പെട്ട ഞാറ്റുവേലക്കാലമായിരുന്നു.

അന്നൊക്കെ– അതോ പലപ്പോഴുമോ– നിലം  വിൽക്കാനുണ്ടെന്നു പറഞ്ഞ് അച്ഛനെ സമീപിച്ചിരുന്നവർ ഉണ്ടായിരുന്നു. പൂമുഖത്തുള്ള ചാരുകസേരയിൽ  അച്ഛൻ. അരഭിത്തിയിൽ കൈമുട്ടുകളൂന്നി മുറ്റത്ത് അർധനഗ്നനായ ഏതോ നാട്ടിൻപുറത്തുകാരൻ. അങ്ങനെ വാങ്ങാനൊന്നും അച്ഛന്  സാമ്പത്തികശേഷിയുണ്ടായിരുന്നില്ല,  ‘നമുക്കു പണമില്ല’ എന്നൊരു ശബ്ദം ഞാൻ കേട്ടിട്ടില്ലെങ്കിലും.

നിലം വിൽക്കാൻ വന്നവരോട് അച്ഛൻ പറഞ്ഞിരുന്ന മറുപടിയാണ് ഇന്നും ഞാൻ അദ്ഭുതാദരവുകളോടെ അനുസ്മരിക്കുന്നത്. ‘ ഞാൻ പന്ത്രണ്ടു വയസിൽ വൈദികവേഷം അണിഞ്ഞവനാണ്. കിളയ്ക്കാനും ഉഴാനും എനിക്കറിഞ്ഞുകൂടാ. ഞാൻ ചാകുന്നതിനു മുമ്പ് ഇവിടെ കമ്യൂണിസം വരും, കിളയ്ക്കുന്നവന്റെയാണ് ഭൂമി എന്ന്  നിയമം വരും. അപ്പോൾ ഈ മുതൽ മുടക്ക് വെറുതെയാകും. അതിനു പകരം ഞാൻ ഉള്ള ചക്രം കൊണ്ട് എന്റെ പിള്ളേരെ പഠിപ്പിക്കുന്നതാണ് ബുദ്ധി. അതുകൊണ്ട് നിലം വാങ്ങുന്നതിനുപകരം ഞാൻ പുസ്തകങ്ങൾ വാങ്ങിക്കട്ടെ.’ വാക്കുകൾ വേറെയായിരുന്നിരിക്കാം. ഏഴോ എട്ടോ വയസിൽ മനസിൽ തറച്ച ആശയം ഇതുതന്നെയായിരുന്നു.

ഇ. എം. എസ്. മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തപ്പോൾ എനിക്ക് വയസ് പതിനാറ്. അത്ര വേഗം കമ്യൂണിസം വരുമെന്ന് അച്ഛനും നിരൂപിച്ചു കാണുകയില്ല. അതുകൊണ്ടാകണമല്ലോ അത്യാവശ്യം നിലം ഞങ്ങൾക്കുണ്ടായിരുന്നത് പാട്ടത്തിനു കൊടുത്തിരുന്നത്. എന്നാൽ 1957 ലെ തിരഞ്ഞെടുപ്പു ഫലം റേഡിയോയിൽ കേട്ട സായാഹ്നത്തിൽ അച്ഛൻ എന്നോടു പറഞ്ഞു. ‘‘ ബാബു പോയി ആ കുഞ്ഞാവിരയെയും കുഞ്ഞികുര്യനെയും വിളിച്ചോണ്ടു വാ.’’ ആ സന്ധ്യക്ക് പാട്ടം ഒഴിവായി ; അച്ഛൻ തെങ്ങുകൃഷിയെപ്പറ്റി  പഠിക്കാൻ തുടങ്ങി ! ഇന്നത്തെ ഭൂപരിഷ്കരണ നിയമം അനുസരിച്ച് ആ പാട്ടം തുടർന്നിരുന്നെങ്കിലും ഞങ്ങൾക്കു വലിയ നഷ്ടം ഉണ്ടാകുമായിരുന്നില്ല. അത്രയ്ക്കേ നെൽകൃഷി ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ഭാവിയിലേക്ക് നോക്കാനുള്ള ഈ കഴിവ് എത്ര പേർക്ക് ഉണ്ടാകും ? വല്ലാർപാടത്ത് ഒരു അന്താരാഷ്ട്ര കണ്ടെയ്നർ കേന്ദ്രം ഉണ്ടാക്കണമെന്ന് ഞാൻ നിർദ്ദേശിച്ചപ്പോൾ, അതിന്റെ പ്രോജക്ട് നിർദേശങ്ങൾ കുത്തിക്കുറിക്കാൻ  സമയം ‘കളഞ്ഞപ്പോൾ’ എന്റെ ഭോഷത്വത്തെക്കുറിച്ച് സ്നേഹ പൂർവ്വം ഓർമിപ്പിച്ച സഹപ്രവർത്തകരുണ്ട്.

എന്നാൽ ഈ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചപ്പോൾ  അച്ഛൻ ഉത്സാഹഭരിതനായി. റിഫൈനറിയെയും ഫാക്ടിനെയും ഏലം, കുരുമുളക്, കൊട്ടംചുക്കാദി കഷായം തുടങ്ങിയവയെയും മാത്രം ആശ്രയിച്ചു കൊണ്ട് കൊച്ചിക്ക് ഇനി വളരാനാകുകയില്ല.  കേരളത്തിനു സൃഷ്ടിക്കാൻ കഴിയുന്ന പരമാവധി വിദേശ വാണിജ്യം കൊണ്ടു പോലും ഈ  സ്ഥിതി മാറുകയില്ല. അതുകൊണ്ടു മറ്റുള്ളവർ സൃഷ്ടിക്കുന്ന വിദേശ വാണിജ്യാവസരങ്ങൾ നമുക്കുള്ള നൈസർഗിക സൗകര്യങ്ങൾ കൊണ്ട് നമ്മുടേതാക്കുകയാണ് ബുദ്ധി. 1997 ൽ ഹോങ്കോങ് ചൈനയുടെ ഭാഗമാകുമ്പോൾ അവിടെ നിന്നും പലായനം ചെയ്യാനിടയുള്ള മൂലധനത്തിന്റെ ഒരു ഭാഗമെങ്കിലും നമുക്കു നേടണം എന്നൊക്കെ ഞാൻ വിശദീകരിച്ചപ്പോൾ തുറമുഖ വാണിജ്യവുമായി സുദീർഘ ബന്ധമുള്ള പലരും പരിഹസിച്ചു. അച്ഛൻ എന്നെ പ്രോത്സാഹിപ്പിച്ചു.  ഭാവിയിലേക്കു നോക്കുന്നതായിരുന്നു അച്ഛന്റെ ഇഷ്ടവിനോദം എന്നു തോന്നിപ്പോകുന്നു. (ഈ ആശയം പ്രോത്സാഹിപ്പിച്ച മറ്റൊരു ഗുരുസ്ഥാനീയനെയും ഇവിടെ അനുസ്മരിക്കട്ടെ, എം.കെ.കെ. നായർ എന്ന മഹാപ്രതിഭയെ).

ഞാൻ വീണ്ടും കാടുകയറി. എങ്ങനെ കയറാതിരിക്കും ? ഊണിലും ഉറക്കത്തിലും സജീവമായി  നിലനിന്ന, മരണത്തിനുശേഷവും മായാത്ത, ചൈതന്യപൂർണമായ സാന്നിധ്യമാണ് എനിക്ക് എന്റെ അച്ഛൻ.

ഇന്നലെയും ആ ചോദ്യം ഉണ്ടായി. നെയ്യാറ്റിൻകര താലൂക്കിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ അവധിക്കാല ക്യാമ്പ്. ‘‘ആരാണ് സാറിന്റെ റോൾ മോഡൽ?’’ എത്രയോ തവണ കേട്ട ചോദ്യം. എന്നും പറഞ്ഞിട്ടുള്ള ഉത്തരം തന്നെ, ഇന്നലെയും പറഞ്ഞു.  ‘‘ അച്ഛൻ’’.

എന്റെ അച്ഛന്റെ മകൻ ആയി ജനിച്ചതാണ് എന്റെ ഭാഗ്യം. അറിവിനെ ഉപാസിക്കാൻ പഠിപ്പിച്ച അച്ഛൻ. അപരനെ കരുതാൻ പരിശീലിപ്പിച്ച അച്ഛൻ. ഭാരതീയതയിൽ അഭിരമിക്കാൻ, ഭഗവദ്ഗീത വായിക്കാൻ, ക്രിസ്ത്യാനിയായിരിക്കവെ തന്നെ ഹിന്ദു സംസ്ക്കാരത്തിന്റെ ഭാഗമാണ് ഭാരതീയ ക്രൈസ്തവർ  എന്നത്  മറക്കാതിരിക്കാൻ, മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് ക്രിസ്തു കാംക്ഷിക്കുന്നത് എന്ന് പ്രഘോഷിക്കാൻ, ശുദ്ധമായ ആത്മീയത മതാതീതമാണെന്ന് ഗ്രഹിക്കാൻ, നിത്യവും സമസ്ത ലോകത്തിനും സമസ്ത സൃഷ്ടിക്കും  വേണ്ടി പ്രാർത്ഥിക്കാൻ, വരുമാനത്തിന്റെ ദശാംശം അശരണർക്കായി മാറ്റിവയ്ക്കാൻ, ഏതു വിഷയത്തെക്കുറിച്ചും ഒരു  പടക്കത്തിനുള്ള വകയും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പൂരം വെടി‌ക്കെട്ടിനുള്ള വകയും എപ്പോഴും മസ്തിഷ്ക്കത്തിൽ ഉണ്ടാകണമെന്ന മോഹത്തോടെ ആജീവനാന്തം വിദ്യാർത്ഥി ആയിരിക്കാൻ........ എന്തെല്ലാമാണ് അച്ഛൻ പറഞ്ഞു തന്നതും പരിശീലിപ്പിച്ചതും !

    ‘‘അക്രോധേന ജയേത് ക്രോധമസാധും സാധുനാ ജയേത്

    ജയേത് കദര്യം ദാനേന ജയേത് സത്യേന ചാനൃതം’’

എന്ന് മഹാഭാരതത്തിൽ എവിടെയോ വായിക്കുന്നുണ്ടല്ലോ. അതായിരുന്നു അച്ഛന്റെ പ്രമാണം. ക്രോധമില്ലായ്മ കൊണ്ട് ക്രോധത്തെയും നന്മ കൊണ്ട് തിന്മയെയും ദാനം കൊണ്ട് പിശുക്കിനെയും സത്യം കൊണ്ട് വ്യാജത്തെയും ജയിക്കുക എന്ന്  അനേകം തലമുറകളെയും വിശിഷ്യ എന്നെയും പഠിപ്പിച്ച മഹർഷി ആയിരുന്നു എന്റെ പിതാവ്: പി. എ. പൗലോസ് കോറെപ്പിസ്കോപ്പാ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.