Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാബലി ഇപ്പോൾ എവിടെ ഉണ്ട് ? കാലദോഷത്തിനു മഹാബലിയുടെ മറുപടി

vamanan

പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട ശേഷം മഹാബലിയെക്കുറിച്ചു മഹാഭാരതത്തിൽ ഒരു കഥയുണ്ട്. ഏറെ പ്രസക്തവും ചിന്താദ്യോപകവുമാണ് മഹാബലിയും ദേവേന്ദ്രനും തമ്മിലുള്ള സംഭാഷണം. മാറ്റുരക്കാനാവാത്ത കാലത്തിന്റെ ഗതിവിധികൾ തുറന്ന മനസ്സോടെ സ്വീകരിച്ചാൽ ഭൂമിയിലെ നൈമിഷികമായ ജീവിതത്തിനു സ്വാന്തനവും സമ്പൂർണ്ണതയും ഉൾകരുത്തും നൽകുന്നതാണ് മഹാബലിയുടെ സന്ദേശം.

മഹാബലിയുടെ അഭാവത്തിൽ അമരാധിപത്യം നേടിയ ദേവേന്ദ്രൻ ബ്രഹ്മാവിനെ സമീപിച്ചു മഹാബലി എവിടെ ഉണ്ട് എന്ന് അന്വേഷിക്കുന്നു. നിന്ദയും പരിഹാസവും കലർത്തിയ പരുഷമായ ഇന്ദ്രന്റെ ചേദ്യത്തിനു ബ്രഹ്മദേവൻ പറഞ്ഞു, നിന്റെ ചോദ്യത്തിലെ ഗർവ്വ്  ഞാൻ കാണുന്നു, എന്നാലും ചോദിച്ചതുകൊണ്ട് ഉത്തരം പറയുകയാണ്, മഹാനായ ബലി ഒരു മൃഗമായി ജനിച്ചു ശൂന്യ ഗൃഹത്തിൽ കഴിയുന്നുണ്ട്, കണ്ടെത്തിയാൽ മാന്യമായി പെരുമാറുക. 

ബഹുദൂരം സഞ്ചരിച്ചു ഒരു ശൂന്യസ്ഥലത്തു ഒരു കഴുതയുടെ രൂപത്തിൽ നിൽക്കുന്ന മഹാബലിയെ ഇന്ദ്രൻ കാണുന്നു. സ്വർഗ്ഗസിംഹാസനത്തിൽ വാണരുളിയിരുന്ന മഹാബലിയാണോ എന്റെ മുന്നിൽ ഒരു മരക്കഴുതയായി നിൽക്കുന്നത് ? നല്ല യോഗം !! ഇയാളുടെ ധൈര്യവും പരാക്രമവും ഇപ്പോൾ എവിടെ ? നിന്റെ മുന്നിൽ ആയിരകണക്കിന് ദേവസ്ത്രീകൾ പൂക്കൂടയുമായി നൃത്തം വച്ചിരുന്നില്ലേ ? പോയ കാലത്തെക്കുറിച്ചു നിനക്ക് ദുഃഖമുണ്ടോ ? ബ്രഹ്മദേവൻ നിനക്ക് സമ്മാനിച്ച പവിഴ മാലയും വെൺകൊറ്റകുടയും എവിടെ?  

മഹാബലി മനസ്സുകൊണ്ട് ചിരിക്കുക ആയിരുന്നു. ഇശ്വരാനുൻഗ്രഹം കൊണ്ട് നീ പ്രതാപവാനായി , കാലദോഷം കൊണ്ട് ഞാൻ ഈ നിലയിലുമായി.ബുദ്ധിയുള്ളവരാരും നിന്നെപ്പോലെ അഹങ്കരിക്കാറില്ല. ജ്ഞാനികളാരും കാലദോഷത്തിൽ ദുഃഖിക്കയില്ല. ഐശ്വര്യമുണ്ടാകുമ്പോൾ അഹങ്കരിക്കാറുമില്ല. ഇന്ദ്രാ, കാലത്തിനു എന്നും ഒരേ മട്ടിൽ നിലനിൽക്കാനാവില്ല. ഇന്ന് ഐശ്വര്യമെങ്കിൽ നാളെ ദാരിദ്ര്യമായിരിക്കും, ദോഷം മാറി നന്മയും വരും, ദുഖത്തിന് പിറകിൽ സുഖം ഉണ്ടാവും, എല്ലാത്തിനും അവസാനമുണ്ട്.  കാലത്തിന്റെ ധർമ്മമാണ് ഇത്. ഞാനും കാലധർമ്മത്തിനു വിധേയനായി എന്നു മാത്രം. 

ജ്ഞാനം സിദ്ധിച്ചവനെ പാപം തീണ്ടുകയില്ല , സ്വാത്തികനു ഹൃദയശുദ്ധി ലഭിക്കുന്നു. അവനു ധനത്തിലോ സുഖത്തിലോ മോഹമില്ല. അവൻ ആരെയും ദ്വേഷിക്കയോ അടുപ്പിക്കയോ ചെയ്യില്ല. ഒരാളെ വധിക്കുമ്പോൾ അയാളുടെ ശരീരം മാത്രമേ നശിക്കുന്നുള്ളു. എല്ലാത്തിന്റെയും പിറകിൽ ഒരു ശക്തിയുണ്ട്. അല്ലാതെ നീയോ ഞാനോ അല്ല ഇതൊക്കെ ചെയ്യുന്നത്. കാലത്തിനു രാജാവെന്നോ പ്രജയെന്നോ , സുന്ദരനെന്നോ വിരൂപനെന്നോ വത്യാസമില്ല. കാലത്തിന്റെ തടുക്കപ്പെടാനാവാത്ത ശക്തിയെപ്പറ്റി അറിഞ്ഞിരുന്നെങ്കിൽ നീ അഹങ്കരിക്കില്ലായിരുന്നു. എന്റെ പ്രതാപം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഖമില്ല. എല്ലാവർക്കും കാലഗതിയിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. അഹങ്കാരം വിട്ടു ശാന്തനാകുക. 

ചെറിയ അംശങ്ങൾ ചേർന്നാണ് ആയുസ്സു നീളുന്നത് . പുഴവക്കിലെ മരം പിഴുതു ഒഴുകിപോകുന്നപോലെ ചില ജീവിതങ്ങൾ വേർപ്പെടുന്നത് കാണുന്നില്ലേ?. ധനവും പ്രതാപവും പദവിയും നശിക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാകും. കുറേ നാൾ മുന്നുള്ള നിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. കാലത്തിന്റെ രൂപഭാവത്തെ മനസ്സിലാക്കിയാൽ മനസ്സ് ശാന്തമാകും. 

മഹാനായ ബലി , താങ്കളുടെ മുന്നിൽ ഞാൻ കാണിച്ച ഗർവ്വ്  എന്നെ എത്ര ചെറിയവനാക്കി എന്നു ഞാൻ മനസിലാക്കുന്നു, ദേവേന്ദ്രൻ പറഞ്ഞു. സ്വാത്തികനും വിജ്ഞാനിയുമായ അങ്ങയുടെ ഹൃദയം ഈശ്വര ചൈതന്യമുള്ളതായിരിക്കുന്നു.നിർവൈരവും ശാന്തവുമായ അങ്ങയുടെ അറിവിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല. എന്റെ ബുദ്ധി തെളിയിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ദേവേന്ദ്രൻ യാത്രപറഞ്ഞു പോയി. 

ജീവിതത്തിൽ സമാധാനം ആഗ്രഹിച്ചാൽ മാത്രം പോരാ കണ്ടെത്തുകതന്നെ വേണം. സത്യത്തിന്റെ ചമൽക്കാരത്തിൽ നിത്യമായ സമാധാന രേഖകൾ അവിടവിടെയായി മറഞ്ഞു കിടപ്പുണ്ട്.  ഒരു അന്വേഷണത്തിലൂടെ ദേവേന്ദ്രനു അത് മനസ്സിലായി , മഹാബലിക്കു സത്യം നേരത്തെ ബോധ്യപ്പെട്ടിരുന്നു. 

ഇതേ സത്യ രേഖകൾ ബൈബിളിലെ ഗലാത്യ ലേഖനത്തിൽ കാണാം. ആത്മാവിനെ അനുസരിച്ചു നടപ്പിൻ. ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു.... ജഡത്തിന്റെ പ്രവർത്തികൾ ദുർനടപ്പു, ക്രോധം, ശാഠ്യം, ഭിന്നത, അസൂയ, മുതലായവ. ആത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ ഒക്കെയാണ്... നാം അന്യോന്യം പോരിന് വിളിച്ചും അസൂയ്യപ്പെട്ടും വൃഥാഭിമാനികൾ ആകരുത്.... താൻ അൽപ്പനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നത്താൻ വഞ്ചിക്കുന്നു. കാലസന്ധ്യയിലെ ക്രൂശിന്റെ ചൂടടയാളം ശരീരത്തിൽ വഹിക്കുവാൻ നാം ഒരുങ്ങണം എന്ന അറിവുണ്ടായാൽ എത്ര കാലദോഷത്തിലും സമാധാന രേഖകൾ തെളിവായി വരും,പൗലോസ് അപ്പോസ്തോലൻ ഗലാത്യ സഭയോട് പറയുകയാണ് . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.