Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
Imran Khan

'It is just not cricket' - തികച്ചും മാന്യനും സത്യസന്ധനുമായ ഒരു വ്യക്തിയിൽനിന്നു സമൂഹത്തിനു സ്വീകാര്യമല്ലാത്ത എന്തെങ്കിലും പെരുമാറ്റമുണ്ടാകുന്നതിനെ ഇംഗ്ലിഷിൽ ഇങ്ങനെയാണു വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയെന്നാണല്ലോ അറിയപ്പെടുന്നത്. ലോകമറിയുന്ന ഒരു ക്രിക്കറ്റ് ക്യാപ്റ്റനെക്കുറിച്ചുതന്നെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടിവന്നാലോ? വൈരുധ്യവും വേദനാജനകവുമാണത്. എങ്കിലും, ഇക്കൊല്ലത്തെ വാലന്റൈൻസ് ദിനത്തിൽ ഇന്ത്യയ്ക്കു തന്ന മറക്കാനാകാത്ത സമ്മാനം ഇമ്രാനെ അങ്ങനെതന്നെ വിശേഷിപ്പിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കും. അന്നാണ്, പാക്കിസ്ഥാൻ പരിശീലിപ്പിച്ചയച്ച ആ തീവ്രവാദി നമ്മുടെ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്; നാൽപതു പേരുടെ ജീവനെടുത്തത്.‌

ഇമ്രാ‍ൻ ഖാൻ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാണ്. ആ രാജ്യത്തു സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലിലോ അറിവോടെയോ ആകണമെന്നില്ല. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പാക്ക് സൈന്യത്തിന്റെ അധാർമികതയ്ക്ക് ഉത്തരം പറയേണ്ടത് അദ്ദേഹമല്ലേ? അർഹിക്കുന്ന തിരിച്ചടി ഇന്ത്യ നൽകുമ്പോൾ ഇരവാദവുമായി രംഗത്തെത്തുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും?

മാന്യനും ഇന്ത്യക്കാർക്കു സ്വീകാര്യനുമായ വ്യക്തിയായിരുന്നു ഇമ്രാൻ ഖാൻ. അതുകൊണ്ടുതന്നെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തുമ്പോൾ നിലപാടുകളിൽ മുൻഗാമികളിൽനിന്നു വ്യത്യസ്തനായിരിക്കുമെന്ന് ഏറെപ്പേരും പ്രതീക്ഷിച്ചു. എന്നാൽ, സൈന്യത്തിന്റെ പിന്തുണ നേടിയെടുത്ത് ഇമ്രാ‍ൻ അധികാരത്തിലെത്തിയ വഴി അറിയുന്നവർക്കു മനസ്സിലാകും ആ കസേരയിലിരുന്ന് അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നതിന്റെ പരിധികൾ. അധികാരക്കസേരയിൽ സമാധാനത്തിന്റെയും മാറ്റത്തിന്റെയും മിശിഹ ആകണമെന്നായിരുന്നു ഇമ്രാന്റെ പ്രതീക്ഷ. എന്നാൽ, ആ കസേരയിലെത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചവരുടെ എല്ലാ അനീതികളോടും കണ്ണടച്ചല്ലാതെ ഇമ്രാൻ ഖാന് തുടരാനാകില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

narendra-modi-imran-khan

പാക്കിസ്ഥാൻ ഒട്ടേറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്താണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരുന്ന അവസരം. അഫ്ഗാന്‍ അതിർത്തിയിലെ സംഘര്‍ഷം, യുഎസ് ബന്ധത്തിലുണ്ടായ വിള്ളൽ, ഇവയ്ക്കെല്ലാമുപരി അത്യന്തം പരിതാപകരമായ സാമ്പത്തിക സ്ഥിതിയും. പാക്കിസ്ഥാനെ എല്ലാത്തരത്തിലും പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് പാക്ക് ജനത എല്ലാ പ്രതീക്ഷയോടെയും ഇമ്രാനെ ഏൽപിച്ചത്. ‘വിദേശബന്ധങ്ങളിൽ നമ്മൾ അതീവഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണ്. സമാധാനവും സ്ഥിരതയും ഏറ്റവും കൂടുതൽ ആവശ്യമുള്ള രാജ്യമാണിന്ന് പാക്കിസ്ഥാൻ’ - തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം അണികളെ അഭിസംബോധന ചെയ്ത് ഇമ്രാ‍ന്റെ വാക്കുകൾ. 

പ്രധാനമന്ത്രിക്കസേരയിൽ ആദ്യമായെത്തുന്ന ഒരാൾക്ക് ഈ വെല്ലുവിളികൾ ഫലപ്രദമായി നേരിടുക സ്വാഭാവികമായും എളുപ്പമാവില്ല. പാക്കിസ്ഥാന്റെ കാര്യത്തിൽ, പിന്നീടിങ്ങോട്ട് സ്ഥിതി കൂടുതൽ വഷളായതേയുള്ളൂ. യുഎസ് ബന്ധത്തിലെ വിള്ളൽ കൂടുതൽ വഷളായി. ഭീകരവാദത്തിനു നൽകുന്ന പിന്തുണ രാജ്യാന്തര തലത്തിൽ ചർച്ചയായപ്പോൾ, നുണകളും പൊയ്മുഖവുമാണു പാക്കിസ്ഥാന്റ മുഖമുദ്രയെന്നു ട്രംപ് തുറന്നടിച്ചു. യുഎസ് നൽകിവന്ന സൈനിക പിന്തുണ പിൻവലിച്ചതോടെ ശതകോടികളുടെ നഷ്ടമാണു പാക്കിസ്ഥാനുണ്ടായത്. അധികാരത്തിലെത്തുന്നതിനു മുൻപു കടുത്ത യുഎസ് വിമർശകനായിരുന്നു ഇമ്രാൻ. പ്രധാനമന്ത്രിയായപ്പോൾ നയം മയപ്പെടുത്തി. യുഎസുമായി ‘ബാലൻസ്ഡ് റിലേഷൻഷിപ്പ്’ ആവശ്യമാണെന്നായിരുന്നു പുതിയ നിലപാട്. തീവ്രവാദ ഗ്രൂപ്പുകളോട് അയഞ്ഞ സമീപനം കൂടിയായതോടെ, ‘താലിബാൻ ഖാൻ’ എന്ന പേരും വീണു.

Imran Khan

വിദേശബന്ധങ്ങളുടെ കാര്യത്തിൽ, ഇന്ത്യ തന്നെയാണ് ഇമ്രാനുമുന്നിലുള്ള വലിയ സമസ്യ. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഒരി‍ഞ്ചു പോലും മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പാക്ക് സൈന്യത്തിന് ഭരണകൂടത്തിൻമേലുള്ള സ്വാധീനം തന്നെ കാരണം. രണ്ട് അണുശക്തി രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കുന്നതിൽ ലോകരാജ്യങ്ങൾ ഒരേ മനസ്സോടെ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ, അക്കാര്യത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. അതേ സമയം, യുദ്ധത്തിന് പകരം ഭീകരവാദം എന്നതാണ് പാക്കിസ്ഥാനിൽ സൈന്യത്തിന്റെ നിലപാട്. ഭരണകൂടമാകട്ടെ, സൈന്യത്തിന്റെ ഇടപെടലുകൾക്കുമേൽ ശബ്ദമില്ലാത്ത അവസ്ഥയിലും.

പ്രതിരോധ, വിദേശ നയങ്ങൾക്കുമേൽ സൈന്യത്തിന് ശക്തമായ ആധിപത്യമുള്ളതിനാൽ പാക്ക് ജനപ്രതിനിധികൾക്ക് ഇന്ത്യയുമായി ബന്ധപ്പെടുക അത്ര എളുപ്പമല്ല. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൽ ശക്തമായി നിലകൊണ്ടതിനാലാണ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് സൈന്യത്തിന്റെ അമർഷത്തിനിരയായതെന്നാണു വിലയിരുത്തൽ. പാക്ക് താൽപര്യങ്ങളെ ബലികഴിച്ച് ഇന്ത്യയെ പ്രീതിപ്പെടുത്താനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന ആരോപണവുമായി ഇമ്രാന്‍ അന്നു ഷരീഫിനെ ശക്തമായി വിമർശിക്കുകയും ചെയ്തുവന്നു. അതുകൊണ്ടു തന്നെ, ഇമ്രാൻ ഭരണകാലത്ത് ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ വഷളാകുമെന്നുതന്നെ എല്ലാ രാഷ്ട്രീയനിരീക്ഷകരും പ്രവചിച്ചു. ആ പ്രവചനങ്ങൾ ശരിയായിരുന്നെന്നു തെളിയിക്കുകയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

imran-khan-3

‘ബോളിവുഡ് സിനിമയിലെ വില്ലനെയെന്നപോലെയാണ് ഇന്ത്യൻ മാധ്യമങ്ങൾ എന്നെ ചിത്രീകരിക്കുന്നത്’ - തിരഞ്ഞെടുപ്പിനു പിന്നാലെ വിജയാഘോഷ പ്രസംഗത്തിൽ ഇമ്രാ‍ൻ ആരോപിച്ചു. ‘കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രശ്നപരിഹാരത്തിനു ചർച്ചകളുണ്ടാകണം; വ്യാപാരബന്ധം തുടങ്ങണം’ - മുന്നോട്ടുള്ള വഴി സമാധാനത്തിന്റേതാണെന്നു പ്രഖ്യാപിച്ച് ഇത്രയുംകൂടി അദ്ദേഹം അന്നു പറഞ്ഞിരുന്നു.

യുഎസുമായുള്ള ബന്ധത്തിലെ മരവിപ്പ് തുടരുമ്പോഴും അവരുടെ ആശ്വാസം കൂടെ നിൽക്കുന്ന ചൈനയിലാണ്. രാഷ്ട്രീയ കാലാവസ്ഥ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും എക്കാലത്തും പാക്കിസ്ഥാന്റെ സൗഹൃദരാജ്യമാണു ചൈന. 2013ൽ ചൈന-പാക്കിസ്ഥാൻ എക്കണോമിക് കോറിഡോർ തുറന്നതോടെ ആ ബന്ധം ഒന്നുകൂടി ശക്തമായി. പാക്കിസ്ഥാൻ ഏറെ കരുതലോടെ സൂക്ഷിക്കുന്ന ഈ അടുപ്പം കൂടുതൽ ശക്തമാക്കാൻ കഴിയുന്നവിധത്തിലെല്ലാം ഇമ്രാൻ ശ്രമിക്കുന്നുമുണ്ട്.

ഊഹിച്ചതുപോലെതന്നെയായിരുന്നു ഭീകരാക്രമണത്തിനു ശേഷമുള്ള ഇമ്രാന്റെ ശരീരഭാഷ. ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു; അങ്ങനെതന്നെ ചെയ്തു. ബാലാകോട്ട് ആക്രമണത്തിനു പിന്നലെ നടന്ന വ്യോമാക്രമണം അതിനു തെളിവാണ്. അതേസമയം, തങ്ങളാഗ്രഹിക്കുന്നതു സമാധാനമാണെന്ന പ്രഖ്യാപനത്തോടെ അഭിനന്ദൻ വർധമാനെ വിട്ടുനൽകാനുള്ള തീരുമാനംവഴി എല്ലാവരെയും അമ്പരപ്പെടുത്തുകയും ചെയ്തു. എങ്കിലും തന്റെ മുൻഗാമി വാഗ്ദാനം ചെയ്തതുപോലെ, പാക്ക് മണ്ണില്‍ തഴച്ചുവളർന്നുകൊണ്ടിരിക്കുന്ന ഭീകര പ്രസ്ഥാനങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കാൻ ഇമ്രാനു കഴിഞ്ഞില്ല. 

Imran Khan

യുഎസിന്റെയും സൗദിയുടെയും ചൈനയുടെയും സമ്മർദത്തിനു വഴങ്ങിയാണ് അഭിനന്ദനെ വിട്ടുനൽകിയതെന്നിരിക്കെ, അക്കാര്യത്തിൽ ഇമ്രാന് മേനി പറയാൻ അർഹതയില്ല. ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാന്‍ തീരുമാനിച്ച വാർത്ത പുറത്തുവരുന്നതിനു മിനിറ്റുകൾ മുൻപ് ‘നല്ല വാർത്ത ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണു ട്രംപ് പറഞ്ഞത്. അഭിനന്ദനെ വിട്ടുനൽകുകയല്ലാതെ പാക്കിസ്ഥാനു മറ്റു മാർഗങ്ങളില്ല എന്നു തീർത്തു പറയുകയാണ് ഇന്ത്യ ചെയ്തത്. അദ്ദേഹത്തെ വിട്ടയച്ചതിനു പാക്ക് ഭരണകൂടത്തോടു നന്ദി പറയാൻ പോലും ഇന്ത്യ മെനക്കെട്ടില്ല. പക്ഷേ, ഇന്ത്യൻ പൊതുസമൂഹത്തിനിടയിൽ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യത ഇതോടെ ഇമ്രാനു കിട്ടിയെന്നതാണു യാഥാർഥ്യം. ഏറ്റവും മോശമായതു പ്രതീക്ഷിച്ചിരുന്ന ഒരു വ്യക്തിയിൽനിന്ന് അപ്രതീക്ഷിതമായി നല്ല തീരുമാനമുണ്ടായപ്പോൾ വന്ന സ്വാഭാവിക പ്രതികരണമായിരുന്നു അത്.

ഈ സംഭവവികാസങ്ങളുടെയെല്ലാം അവസാനം പാക്ക് പാർലമെന്റിലാണ് ഏറ്റവും കൗതുകകരമായ കാര്യം നടന്നത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പേര് നൊബേൽ പുരസ്കാരത്തിനായി ശുപാർശ ചെയ്യണമെന്ന് പാർലമെന്റിൽ പ്രമേയമെത്തി! മുൻപെങ്ങുമില്ലാത്ത വിധം അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണീ നീക്കം എന്നതാണു വിരോധാഭാസം. ഇമ്രാ‍ൻ ‘ഉത്തരവാദിത്തത്തോടെ പെരുമാറി’യെന്നും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹം അർഹിക്കുന്നു എന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു.

ഒരു മുൻ ഐഎഎസ് ഓഫിസറും ഇമ്രാൻ സ്തുതിപാഠകർക്കൊപ്പംകൂടി. ‘‘ധീരനായ വിങ് കമാൻഡറുടെ ജീവൻ തിരികെത്തന്ന അദ്ദേഹം ഒന്നല്ല, രണ്ടു നൊബേൽ സമ്മാനങ്ങൾ അർഹിക്കുന്നു’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. തിരഞ്ഞെടുപ്പു കാലമായാൽ ഇത്തരം നൊബേൽ ശുപാർശകളൊക്കെ സാധാരണമാണ്. നോമിനേറ്റ് ചെയ്യപ്പെടുന്നവരൊന്നും പുരസ്കാരത്തിനു പരിഗണിക്കപ്പെടണമെന്നുപോലുമില്ല. പക്ഷേ, ഈ ബഹളങ്ങളുണ്ടാക്കുന്ന സ്ഥാനാർഥിക്കു കുറച്ചധികം വോട്ട് കിട്ടിയേക്കുമല്ലോ!

Imran Khan

‘കശ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നയാളാണ് ഇത്തരം പുരസ്കാരങ്ങൾ അർഹിക്കുന്നത്’ - ഈ ബഹളങ്ങളോട് ഇമ്രാൻ ഖാൻ വിനീതമായി പ്രതികരിച്ചതിങ്ങനെ. ‘‘സമാധാന നൊബേൽ ഒന്നും ഞാൻ  അർഹിക്കുന്നില്ല. കശ്മീരി ജനതയുടെ താൽപര്യം കൂടി പരിഗണിച്ച് മേഖലയിലെ പ്രശ്നങ്ങൾ എന്നെന്നേക്കുമായി പരിഹരിക്കാനും അതുവഴി ഉപഭൂഖണ്ഡത്തിലെ തന്നെ സമാധാനത്തിനും വളർച്ചയ്ക്കും വഴിയൊരുക്കാനും സാധിക്കുന്നമ്പോഴാണു നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെടേണ്ടത്’’ - 

കൗശലക്കാരനായ രാഷ്ട്രീയനേതാവിന്റെയല്ല, മാന്യനായ ഒരു ക്രിക്കറ്ററുടേതു പോലുള്ള വാക്കുകൾ. പാക്ക് സൈന്യത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനും ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കാനും പാക്ക് നയങ്ങളുടെ അവസാനവാക്കാകാനും സാധിക്കാതെ ഇമ്രാൻ ഖാന് ഒരിക്കലും സമാധാന സ്ഥാപകനാകാൻ കഴിയില്ല. എങ്കിലും, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും വാലന്റൈൻസ് ദിനത്തിനു മുൻപുള്ള നാളുകളിലെ സാഹചര്യം തിരികെ കൊണ്ടുവരാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.