Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രെക്സിറ്റ്: ബ്രിട്ടൻ ചെകുത്താനും കടലിനുമിടയിൽ

BRITAIN-EU

‘‘എന്തു കളിയാണിത്? നിങ്ങളെന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്? പാർക്കിൽ കളിക്കുന്ന കൊച്ചുകുട്ടികളല്ല നിങ്ങളെന്നറിയില്ലേ? തിരഞ്ഞെടുക്കപ്പെട്ട, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളാണെന്നു മറന്നുപോയോ? ജനങ്ങളുടെ ജീവിതം വച്ചാണീ കുട്ടിക്കളി. പ്രശ്നങ്ങൾ പരിഹരിക്കുകയാണോ കൂടുതൽ താറുമാറാക്കുകയാണോ വേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണം’’– അടുത്തിടെയായി പ്രതിദിനമെന്നോണം നാടകീയ സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണു ബ്രിട്ടിഷ് പാർലമെന്റിൽ.

കൺസർവേറ്റീവ് പാർട്ടി പ്രതിനിധി സഭയിൽ ക്ഷോഭിച്ചു പറഞ്ഞ ഈ വാക്കുകളായിരുന്നു കഴിഞ്ഞ ദിവസം ലോകമെങ്ങുമുള്ള രാഷ്ട്രീയ നിരീക്ഷകർക്കിടയിലെ ചർച്ച. അദ്ദേഹം പറഞ്ഞതുപോലെ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കൂടുതൽ വഷളാക്കാനാണു ബ്രിട്ടിഷ് പാർലമെന്റ് തീരുമാനിച്ചിരിക്കുന്നതെന്നു തോന്നുംവിധമാണവിടെ കാര്യങ്ങൾ. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരിച്ചടിയാണു ബ്രെക്സിറ്റ് വിഷയത്തിൽ തെരേസ മേയ്ക്കു നേരിടേണ്ടിവന്നത്. പ്രധാനമന്ത്രിക്കസേര കൈവിടാതെ കഷ്ടിച്ചു രക്ഷപ്പെട്ടെന്നുമാത്രം. 

ബ്രെക്സിറ്റ് വിഷയത്തിൽ ചെകുത്താനും കടലിനുമിടയിലാണു ബ്രിട്ടൻ ഇപ്പോൾ. രണ്ട് ഓപ്ഷനുകളുണ്ട് അവർക്ക്. ഒന്നുകിൽ രണ്ടും കൽപിച്ചു യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാം. സർവനാശത്തിലേക്കുള്ള ആ കാൽവയ്പിനെ വീരോചിതമായ രക്തസാക്ഷിത്വം എന്നു വിശേഷിപ്പിക്കാം. അതല്ലെങ്കിൽ, അത്ര ആഘാതം സൃഷ്ടിക്കാത്തതരത്തിൽ ഒരു ‘സെക്കൻഡ് ക്ലാസ് ഇയു അംഗത്വം’ എന്ന തരത്തിൽ ഉപാധികളോടെ മാറിനിൽക്കാം. ഏതു തിരഞ്ഞെടുത്താലും ഏറിയോ കുറഞ്ഞോ ബ്രിട്ടന് തിരിച്ചടി ഉറപ്പ്. ആദ്യത്തേത് ആത്മഹത്യാപരവും രണ്ടാമത്തേത് അസ്വീകാര്യവും ആണെന്നിരിക്കെ എന്തുകൊണ്ട് മൂന്നാമതൊരു സാധ്യതെയെക്കുറിച്ച് ആലോചിച്ചുകൂടാ? തൂങ്ങിമരിക്കണോ വിഷം കഴിക്കണോ എന്നതാണു കൺഫ്യൂഷനെങ്കിൽ, മരിക്കാനുള്ള തീരുമാനത്തിൽനിന്നു പിൻമാറുക എന്നൊരു സാധ്യതകൂടിയുണ്ടല്ലോ.

അതെ, ബ്രെക്സിറ്റ് എന്ന ആത്മഹത്യാപരമായ തീരുമാനത്തിൽനിന്നു പിൻമാറുകയാണ് തടികേടാകാതിരിക്കാൻ ഇനി ബ്രിട്ടനു മുന്നിലുള്ള വഴി. യുകെ–ഇയു ബന്ധത്തിലുണ്ടായ വിള്ളലായിരുന്നില്ല ബ്രെക്സിറ്റിനു പിന്നിൽ. യൂറോപ്യൻ യൂണിയനിൽനിന്നു പ്രകോപനമൊന്നുമില്ലാതെതന്നെ പിൻമാറാനുള്ള ബ്രിട്ടന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു അത്. ആ തീരുമാനം തിരുത്താൻ തയാറായാൽ ആരും എതിർക്കാൻ പോകുന്നില്ല, ഏതാനും തീവ്ര ബ്രെക്സിറ്റ് വാദികളൊഴികെ.

ബ്രെക്സിറ്റിനു ശേഷമുള്ള യുകെ–ഇയു ബന്ധത്തിനു രണ്ടു സാധ്യതകളാണു പരിഗണിക്കപ്പെടുന്നത് – ഹാർഡ് ബ്രെക്സിറ്റ്, സോഫ്റ്റ് ബ്രെക്സിറ്റ് എന്നിങ്ങനെ. വ്യാപാരസംബന്ധമായോ മറ്റുകാര്യങ്ങളിലോ ഒരു ബന്ധവും അവശേഷിപ്പിക്കാതെ യൂറോപ്യൻ യൂണിയനിൽനിന്നും യൂറോപ്യൻ സിംഗിൾ മാർക്കറ്റിൽനിന്നുമുള്ള പിൻമാറ്റമാണ് ഹാർഡ് ബ്രെക്സിറ്റ്. വ്യാപാരബന്ധങ്ങൾ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നിയമങ്ങൾക്കു വിധേയമായിട്ടാകും. ഇയു ഏജൻസികളിൽനിന്നുള്ള സേവനങ്ങൾ പൂർണമായി അവസാനിപ്പിക്കും. ഇളവുകൾക്ക് സാധ്യതയുള്ളതാണ് സോഫ്റ്റ് ബ്രെക്സിറ്റ് എന്ന് ഊഹിക്കാമല്ലോ. യൂറോപ്യൻ സിംഗിൾ മാർക്കറ്റിലെ അംഗത്വം നിലനിർത്തിക്കൊണ്ടുള്ളതാണിത്. യൂറോപ്യൻ എക്കണോമിക് ഏരിയ(EEA) നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്ന ചില സ്വതന്ത്ര സംഘടനകളിലും തുടരാൻ അവസരമുണ്ട്. സോഫ്റ്റ് ബ്രെക്സിറ്റിലെ ചില ധാരണകൾ ഉൾപ്പെടുത്തിയുള്ള ഹാർഡ് ബ്രെക്സിറ്റാണ് തെരേസ മേയുടെ പദ്ധതി. ഇത് യൂറോപ്യൻ യൂണിയന് സ്വീകാര്യമാണ്. പക്ഷേ, ബ്രിട്ടിഷ് പാർലമെന്റ് തള്ളിക്കളഞ്ഞു.

നോർവേ മാതൃകയാണു പരിഗണിക്കാവുന്ന മറ്റൊന്ന്. യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറുകയും അതേസമയം, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ(EFTA), യൂറോപ്യൻ എക്കണോമിക് ഏരിയ എന്നിവിടങ്ങളിൽ അംഗമായി തുടരുകയുമാണ് ഈ സാധ്യത. ഇങ്ങനെയെങ്കിൽ, ബ്രെക്സിറ്റിനു ശേഷവും സിംഗിൾ മാർക്കറ്റിന്റെ ഭാഗമായി തുടരാം. യൂറോപ്യൻ യൂണിയന്റെ കോമൺ ഫിഷറീസ് പോളിസി, കോമൺ അഗ്രികൾച്ചറൽ പോളിസി, യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് എന്നിവയുമായി സഹകരണം സാധ്യമല്ലെന്നു മാത്രം. ഇതര ഇയു അംഗരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സഞ്ചാരസ്വാതന്ത്ര്യവും ബ്രിട്ടന് അനുവദിച്ചുകൊടുക്കേണ്ടിവരും.

തെരേസ മേയുടെ പദ്ധതി ദയനീയമായി തള്ളപ്പെടുകയും അതേസമയം അവർക്കു പ്രധാനമന്ത്രിക്കസേരയിൽ തുടരാൻ അവസരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, മേൽപ്പറഞ്ഞ സാധ്യതകളൊക്കെ പരിശോധിക്കേണ്ടിവരും. പാർട്ടി നേതാക്കളുമായും എംപിമാരുമായും ഇനിയെന്ത് എന്ന തിരക്കിട്ട ചർച്ചയിലാണു മേ. പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നതിനെക്കാൾ ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ആക്രമണത്തെ എങ്ങനെ ചെറുക്കാം എന്നതിലാണ് അവരുടെ ശ്രദ്ധയെന്നുമാത്രം. ഭൂരിപക്ഷത്തിന് വേണ്ടതിനെക്കാൾ 120 വോട്ടുകൾക്കടുത്ത് മേയ്ക്കു നഷ്ടപ്പെട്ടിരുന്നല്ലോ. തന്റെ ബ്രെക്സിറ്റ് പ്ലാനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ സഭയുടെ അംഗീകാരം കിട്ടില്ലെന്നുറപ്പ്. ആ മാറ്റങ്ങൾ യൂറോപ്യൻ യൂണിയന് സ്വീകാര്യമാകുകയും വേണം. തിരക്കിട്ടു കുറേ യോഗങ്ങൾ ചേർന്നു മാറ്റങ്ങൾ ഏച്ചുകെട്ടിയതാണ് ‘പ്ലാൻ ബി’ എങ്കിൽ, കിട്ടിയതിലും വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക. തന്റെ രാഷ്ട്രീയഭാവി മുന്നിൽകണ്ടല്ല, ഇനിയുള്ള കാലം രാജ്യത്തെ മൊത്തം ബാധിക്കുന്ന ചരിത്രപ്രധാനമായ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുവേണം മേ ഗൃഹപാഠം നടത്താനെന്നു ചുരുക്കം.

സമയം അതിവേഗം കടന്നുപോകുകയാണ്. നിരുപാധിക പിൻമാറ്റത്തിന് നിശ്ചയിച്ചിരിക്കുന്ന മാർച്ച് 29ലേക്ക് ഇനിയുള്ളത് 10 ആഴ്ചകൾ മാത്രം. അതിനകം പരിഹരിക്കാൻ ഒട്ടേറെ പ്രശ്നങ്ങൾ; തിരുത്താൻ ഒട്ടേറെ ചട്ടങ്ങൾ. തെരേസ മേ തന്റെ ‘പ്ലാൻ ബി’ അവതരിപ്പിച്ചെങ്കിലും ജനുവരി 29നു ശേഷമാകും അതിൻമേലുള്ള ചർച്ചകൾ. സമ്പൂർണ പിൻമാറ്റത്തിനുള്ള തീയതി ദീർഘിപ്പിക്കാനും മേ പരമാവധി ശ്രമിച്ചേക്കാം. അതിൽ വിജയിച്ചാൽ അവർക്ക് എല്ലാ സാധ്യതകളും പഠിച്ച് ഉചിതമായ തീരുമാനത്തിലെത്താൻ അവസരമൊരുങ്ങും. വീണ്ടുമൊരു ഹിതപരിശോധന നടത്തി ബ്രക്സിറ്റ് തന്നെ വേണ്ടെന്നു വയ്ക്കാൻപോലും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.