Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സംഗീതത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന നിരുപമ റാവു

Nirupama_Rao

ജോലിത്തിരക്കുകളിൽ മുഴുകുന്നതോടെ ചെറുപ്പത്തിൽ തന്നെ കൈവിടുന്ന ഇഷ്ടങ്ങളും ഹോബികളും വിരമിച്ചതിനു ശേഷമാണ് മിക്ക ഉദ്യോഗസ്ഥരും തിരിച്ചുപിടിക്കുന്നത്. സായാഹ്നങ്ങൾ സുന്ദരമാക്കാൻ എഴുത്ത്, സംഗീതം, കൃഷി തുടങ്ങിയവയെയൊക്കെ അവർ കൂട്ടുപിടിക്കുന്നു. സർവീസ് കാലത്തെ നേട്ടങ്ങളെപ്പോലും നിഷ്പ്രഭമാക്കുംവിധം ഈ ഇഷ്ടങ്ങളെ വളർത്തിയെടുക്കുന്നവർ ഏറെയുണ്ട്.

എന്നാൽ, സ്വകാര്യ ഇഷ്ടമായ സംഗീതത്തെ കൂട്ടുപിടിക്കുമ്പോൾതന്നെ ഉദ്യോഗകാലത്തെ നയതന്ത്രജ്ഞത കൈവിടാതിരിക്കാനുള്ള ശ്രമം ഒരുപക്ഷേ, ആദ്യമായി പരീക്ഷിക്കുന്നത് നിരുപമ റാവു ആയിരിക്കും. പൂർവേഷ്യൻ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ഒരു പൂർവേഷ്യൻ സിംഫണി ഓർക്കസ്ട്ര രൂപീകരിച്ചിരിക്കുകയാണവർ. ‘‘ഭൂപ്രകൃതിയല്ല, ചരിത്രമാണ് ഈ പ്രദേശത്തെ കീറിമുറിച്ചത്. സാമ്പത്തികമായും സാംസ്കാരികമായും തകർന്നു പോയ പൂർവേഷ്യയിൽ സമാധാനം തിരിച്ചെത്തിക്കണം. ഭാഷയുടെയും മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും മതിലുകൾ തകർത്ത് നല്ലൊരു ഭാവികാലം ഇവിടെയുണ്ടാകണം. ഈ പ്രതീക്ഷയോടെയാണു ഞങ്ങൾ ക്ലാസിക്കൽ സിംഫണി ഓർക്കസ്ട്ര ഓഫ് സൗത്ത് ഏഷ്യ രൂപീകരിച്ചത്’’ - നിരുപമ പറയുന്നു. സമാധാനത്തിലേക്കുള്ള ഏറ്റവും നല്ല വഴി സംഗീതമാണെന്ന് അവർ തിരിച്ചറിയുന്നു. സംഗീതത്തിൽ അവർക്കുള്ള പാണ്ഡിത്യം അഗാധമാണ്. ലക്ഷ്യം കൈവരിക്കാനായാൽ, സമാധാനത്തിന്റെ മാലാഖകൂടി ആയിത്തീരും നിരുപമ എന്നുറപ്പ്.

നിരുപമയുടെ കഴിവുകളത്രയും തെളിഞ്ഞുകണ്ട സംഗീതക്കച്ചേരിയാണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് അരങ്ങേറിയത്. അന്ന് സംസാരിക്കവെയാണ് അവരുടെ കാഴ്ചപ്പാടും ലക്ഷ്യവും ഞാൻ മനസ്സിലാക്കിയത്.

പാശ്ചാത്യ സംഗീതത്തെക്കുറിച്ച് ചെറിയ ധാരണയേ എനിക്കുള്ളൂ എന്നു ഞാൻ തുറന്നുപറഞ്ഞു. പാശ്ചാത്യ സംഗീതത്തിന്റെ പുണ്യഭൂമി എന്നു പറയാവുന്ന വിയന്നയിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ, വെസ്റ്റേൺ മ്യൂസിക്കിന്റെ അടിസ്ഥാന പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം ഞാൻ കരുതിയിരുന്നു. കാര്യമൊന്നുമുണ്ടായില്ല, നാലു വർഷം അവിടെ ജോലിചെയ്തു മടങ്ങുമ്പോഴും സംഗീതത്തിൽ എന്റെ സ്റ്റാറ്റസ് ഒരു തുടക്കക്കാരന്റേതുതന്നെയായിരുന്നു. മൊസാർട്ട് ഒരു ചോക്കലേറ്റ് നിർമാതാവാണെന്നും സംഗീതത്തിന്റെ ജന്മനാട് സൽസ്ബർഗ് ആണെന്നും ഏറെക്കാലം ഞാൻ കരുതിപ്പോന്നു. എന്തിന്, ഹിറ്റ്ലർ ജനിച്ചതു ജർമനിയിലാണെന്നും ബീഥോവൻ ആസ്ട്രിയക്കാരനുമാണെന്ന കെട്ടുകഥകൾപോലും ദീർഘകാലം ഞാൻ വിശ്വസിച്ചിരുന്നു! പക്ഷേ സംഗീതം, അതു വെസ്റ്റേണോ ഈസ്റ്റേണോ ആകട്ടെ, കേട്ടാൽ തിരിച്ചറിയാൻ ഇപ്പോൾ എനിക്കു കഴിയും. അതുകൊണ്ടുതന്നെ ആത്മാർഥമായി നിരുപമയെ അഭിനന്ദിക്കാനും - ഞാൻ അവരോടു പറഞ്ഞു.

PTI9_10_2011_000098A

നിരുപമയുടെ ആശയത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് ഞാനുൾപ്പെടെ സദസ്യർക്ക് വ്യക്തത വരാനുണ്ടായിരുന്നു. അവരോടു ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ജിജ്ഞാസകൊണ്ടു ചോദിക്കുന്നതാണെന്നും അവരുടെ ലക്ഷ്യത്തെയോ കഴിവിനെയോ വിലകുറച്ചുകാണുന്നതായി തെറ്റിദ്ധരിക്കരുതെന്നും മുൻകൂർ ജാമ്യമെടുത്ത് എന്റെ സംശയങ്ങൾ പങ്കുവച്ചു:

∙ മതിലുകളും അതിരുകളും തകർത്തു വിവിധ സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന, സാർവലൗകിക ഭാഷയാണു സംഗീതത്തിന്റേത്. അതുകൊണ്ടുതന്നെ, പശ്ചിമേഷ്യപോലെ അശാന്തി നിറഞ്ഞ ഒരു പ്രദേശത്തുപോലും സമാധാനം പുനഃസ്ഥാപിക്കാൻ സംഗീതത്തിനു കഴിയുമെന്നു വിശ്വസിക്കാം. വിദേശകാര്യ സെക്രട്ടറി എന്നനിലയിൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുള്ള ആളാണല്ലോ നിരുപമ. നയതന്ത്രം തോറ്റിടത്ത് സംഗീതം ജയിക്കുമെന്നു കരുതുന്നുണ്ടോ?

∙ സോഫ്റ്റ് പവർ, പബ്ലിക് ഡിപ്ലോമസി, സൈബർ ‍ഡിപ്ലോമസി എന്നിവയാണു പുതിയ കാലത്തെ ‘നയതന്ത്ര ഉപകരണങ്ങൾ’ എന്നു നമുക്കറിയാം. ഇവയൊക്കെ അത്ര ഫലപ്രദമാണോ? ബോളിവുഡ് സംഗീതത്തിന് ഏറെ ആരാധകരുള്ള രാജ്യങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് ഇന്ത്യയുമായി കൂടുതൽ അടുപ്പത്തിലാണോ? കോക്കകോള ഇഷ്ടപ്പെടാത്തവരില്ല; എന്നുകരുതി അതുപയോഗിക്കുന്നവരെല്ലാം യുഎസിനെ കണ്ണുംപൂട്ടി അംഗീകരിക്കുന്നുണ്ടോ? വൈൻ ഇഷ്ടപ്പെടുന്നവരെല്ലാം ഫ്രഞ്ച് രാഷ്ട്രീയത്തെ അനുകൂലിക്കുന്നെന്നു പറയാനാകുമോ? ‘സോഫ്റ്റ് പവർ’ അല്ല ‘സ്മാർട് പവർ’ ആണു യഥാർഥ നയതന്ത്രം എന്നല്ലേ ഇതിൽനിന്നു മനസ്സിലാക്കേണ്ടത്?

∙ വെസ്റ്റ് ഈസ്റ്റേൺ ദിവൻ ഓർക്കസ്ട്രയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് സൗത്ത് ഏഷ്യൻ സിംഫണി ഓർക്കസ്ട്ര രൂപീകരിച്ചതെന്നു പറഞ്ഞല്ലോ. വെസ്റ്റ് ഈസ്റ്റേൺ ഓർക്കസ്ട്ര ലോക സമാധാനത്തിനുവേണ്ടി എന്താണു ചെയ്തതെന്നു പറയാമോ?

∙ അതിരുകൾ ഇല്ലാതാക്കാനും സാഹോദര്യം ബലപ്പെടുത്താനും സംഗീതത്തിനു കഴിയുമെന്നു നിരുപമ പറഞ്ഞല്ലോ. ഇതുപോലുള്ള ഓർക്കസ്ട്രകൾ പതിറ്റാണ്ടുകളായിയ യൂറോപ്പിൽ പ്രചാരത്തിലുണ്ട്; പക്ഷേ അവിടെ ഇപ്പോഴും യുദ്ധങ്ങളിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുണ്ടല്ലോ. എന്തുകൊണ്ടാണിത്?

∙ പശ്ചിമേഷ്യയിൽ സമാധാനവും പരസ്പരധാരണയും വളർത്താൻ പാശ്ചാത്യസംഗീതമാണു നിരുപമ തിരഞ്ഞെടുത്തിരിക്കുന്നത്. ആഢ്യസംഗീതമെന്നു പരിഗണിക്കപ്പെടുന്ന പാശ്ചാത്യ ഈ പ്രദേശത്തെ ഏറിയപങ്ക് ജനങ്ങൾക്കും അപരിചിതമല്ലേ? പശ്ചിമേഷ്യയിലെ ആളുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുക അവർക്കു പരിചിതമായ ഹിന്ദുസ്ഥാനി സംഗീതത്തിനല്ലേ? ഇന്ത്യൻ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമെന്ന പേടികൊണ്ടാണോ ഹിന്ദുസ്ഥാനി സംഗീതത്തെ ഒഴിവാക്കിയത്?

∙ വ്യാപാരബന്ധംകൊണ്ടും പണത്തിന്റെ ശക്തികൊണ്ടും ചൈനയ്ക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വലിയ സ്വാധീനമുണ്ടല്ലോ. മേഖലയിലെ ചൈനീസ് മേധാവിത്വത്തെ നേരിടാൻ സംഗീതം എങ്ങനെ സഹായിക്കുമെന്നാണു കരുതുന്നത്?

നിരുപറാവു

രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് മറുപടികളിൽ അവർ വ്യക്തമാക്കി. ‘‘എന്റെ ആഗ്രഹങ്ങൾ തികച്ചും ലളിതമാണ്. ഏഴു പതിറ്റാണ്ടിലേറെയായി വെല്ലുവിളിയുയർത്തുന്ന, ഒരിക്കലും വഴിപ്പെടാത്ത പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഉറച്ച രാഷ്ട്രീയ നീക്കങ്ങൾക്കുമാത്രമേ കഴിയൂ’’- അവർ പറഞ്ഞു. ഇതൊരു രാഷ്ട്രീയ നീക്കമല്ല, മാനുഷിക മൂല്യങ്ങൾക്കുവേണ്ടിയുള്ള പദ്ധതിയാണ്. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയല്ല ലക്ഷ്യം. എന്നാൽ, ജനങ്ങളുടെ മനസ്സിൽ മാറ്റങ്ങളുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നും നിരുപമ പ്രതീക്ഷിക്കുന്നു. പാശ്ചാത്യ സംഗീതം ‘ആഢ്യ’മെന്ന എന്റെ പരാമർശത്തെ അവർ തള്ളിക്കളയുകയും ചെയ്തു. ‘‘പാശ്ചാത്യ സംഗീതം ബോളിവുഡിലെ സംഗീതത്തെ എത്ര സ്വാധീനിക്കുന്നുണ്ടെന്നു ശ്രദ്ധിച്ചാലറിയാം. പാശ്ചാത്യ കായികവിനോദങ്ങളായ ടെന്നിസും ക്രിക്കറ്റുമൊക്കെ നമ്മൾ ആസ്വദിക്കുന്നില്ലേ? എന്തിന് അവരുടെ സംഗീതത്തെ മാറ്റിനിർത്തണം? ചൈനയിലോ ദക്ഷിണകൊറിയയിലോ ജപ്പാനിലോ നിന്നെന്നപോലെ, ഏതെങ്കിലും പശ്ചിമേഷ്യൻ രാജ്യത്തുനിന്നൊരു സംഗീത പ്രതിഭ ഉണ്ടാകേണ്ടതല്ലേ? അങ്ങനെകൂടിയല്ലേ നമ്മൾ ലോകത്തിനു മുൻപിൽ രാജ്യത്തിന്റെ പേര് വളർത്തേണ്ടത്?’’ അവർ ചോദിച്ചു.

കേൾവിക്കാരിലൊരാളുടെ അഭ്യർഥന ഞാൻ നിരുപമയുമായി പങ്കുവച്ചു: ‘കുറച്ചുനാളെങ്കിലും കേരളത്തിൽ ചെലവഴിക്കണം; അർഥമില്ലാത്ത കലാപങ്ങളിലൂടെ കടന്നുപോകുന്ന സ്വന്തം നാട്ടിൽ സമാധാനം തിരിച്ചെത്തിക്കാൻ ശ്രമിക്കണം’. സദസ്യരുടെ കൂട്ടച്ചിരിക്കിടെ നിരുപമ മറുപടി നൽകി: ‘എന്റെ ഓർക്കസ്ട്രയെക്കൂടി ക്ഷണിക്കൂ, ഞങ്ങൾ തീർച്ചയായും ശ്രമിക്കാം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.