Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോർജ് ബുഷ്: ആരുടെയും വെറുപ്പ് സമ്പാദിക്കാത്ത യുഎസ് പ്രസിഡന്റ്

George-HW-Bush

ജോർജ് എച്ച്.ഡബ്ല്യു. ബുഷ് വിടവാങ്ങിയിരിക്കുന്നു, 94-ാം വയസ്സിൽ. ഒരാളുടെപോലും വെറുപ്പു സമ്പാദിക്കാത്ത അവസാനത്തെ യുഎസ് പ്രസിഡന്റ് എന്നു വിശേഷിപ്പിക്കാം അദ്ദേഹത്തെ. ഇറാഖ് കീഴടക്കിയതിനു പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ, തന്റെ രണ്ടാമൂഴത്തിൽ, സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ബിൽ ക്ലിന്റന്റെ വളർച്ചയും ചേർന്ന് അദ്ദേഹത്തെ തോൽപിച്ചുവെന്നത് യാഥാർഥ്യം. പക്ഷേ, പ്രസിഡന്റായിരുന്ന കാലത്തും അതിനു ശേഷവും രാജ്യവും ലോകംമുഴുവനും ബുഷ് സീനിയറിനെ ബഹുമാനിച്ചു. അദ്ദേഹത്തിനു പിന്നാലെ വന്ന പ്രസിഡന്റുമാർക്കെല്ലാം ഏതെങ്കിലുമൊക്കെ കോണിൽനിന്ന് എതിർ ശബ്ദങ്ങളുണ്ടായിക്കൊണ്ടിരുന്നു.  

ഇറാഖിൽനിന്നു കുവൈത്തിനെ മോചിപ്പിച്ചതിൽ നിർണായക പങ്കുവഹിക്കുകയും തുടർന്ന് ഗൾഫ് രാജ്യങ്ങളുമായി സുദൃഢമായ സഖ്യം രൂപപ്പെടുത്തുകയും ചെയ്ത യുഎസ് പ്രസിഡന്റ് എന്ന നിലയിലാകും ബുഷ് സീനിയർ ചരിത്രത്തിൽ ഓർമിക്കപ്പെടുക. അന്ന് കുവൈത്തിൽ ആ യുഎസ് ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ സദ്ദാം ഹുസൈന്റെ ജൈത്രയാത്രയ്ക്കു സൗദി അറേബ്യകൂടി കീഴ്പ്പെടേണ്ടിവന്നേനെ; ലോകത്താകെയുള്ളതിന്റെ 40% വരുന്ന എണ്ണശേഖരം സദ്ദാമിന്റെ കയ്യിലിരുന്നേനെ. സദ്ദാമിനെതിരായ പോരാട്ടത്തിൽ 32 രാജ്യങ്ങളെ ഒന്നിച്ചണിനിരത്താൻ ബുഷിനു കഴിഞ്ഞു. ഇറാഖിന്റെ സമ്പൂർണപതനത്തിനു വഴിവയ്ക്കാതെ അന്നു സദ്ദാമിനെ ജീവനോടെ വിട്ടു. പിൽക്കാലത്ത് ഐഎസ് തീവ്രവാദത്തിന് അടിത്തറയിട്ട സദ്ദാമിനെ വകവരുത്തിയത് ബുഷ് സീനിയറിന്റെ മകൻ ജോർജ് ഡബ്ല്യു. ബുഷ് അധികാരത്തിലിരിക്കെയായിരുന്നു.

george-hw-bush-junior

സിഐഎ ഡയറക്ടർ, ചൈനയിലെ സ്ഥാനപതി, യുഎൻ സ്ഥാനപതി, 1981 മുതൽ ’89 വരെ വൈസ് പ്രസിഡന്റ് എന്നിങ്ങനെ നയതന്ത്ര, ഭരണ മേഖലകളിൽ മറ്റൊരു പ്രസിഡന്റിനുമില്ലാത്ത സവിശേഷ പ്രാഗത്ഭ്യം ബുഷ് സീനിയറിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവർത്തിപരിചയവും തീവ്രമായ നിശ്ചയദാർഢ്യവും ചേർന്നാണു സോവിയറ്റനന്തര കാലത്ത് യുഎസിനു ലോകരാജ്യങ്ങൾക്കുമേൽ മേൽക്കോയ്മ നേടിക്കൊടുത്തത്. വിവിധ വിഷയങ്ങളിൽ രാജ്യങ്ങളെ ഒന്നിച്ചുനിർത്താനും യുഎസിന്റെ താൽപര്യങ്ങൾക്കു പൊതുസമ്മതി നേടിക്കൊടുക്കാനും അദ്ദേഹത്തിന്റെ നയതന്ത്ര വൈഭവത്തിനു സാധിച്ചു. രണ്ടാമൂഴത്തിൽ ബിൽ ക്ലിന്റനോടേറ്റ അപ്രതീക്ഷിത പരാജയത്തെ അദ്ദേഹം ഉൾക്കൊണ്ട രീതിയും വീരോചിതം എന്നുതന്നെ വിശേഷിപ്പിക്കണം. 

1993 ജനുവരി 20ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു: ‘‘ഈ ഓഫിസിലേക്ക് ഈ നിമിഷം കടന്നുവരുമ്പോഴും, നാലു വർഷംമുൻപ് ആദ്യം കടന്നുവന്നപ്പോഴത്തെ അമ്പരപ്പും ബഹുമാനവും കലർന്ന മാനസികാവസ്ഥ തന്നെയാണ് അനുഭവപ്പെടുന്നത്. താങ്കൾക്കും അതുതന്നെയാകും അനുഭവപ്പെടുക എന്നെനിക്കറിയാം. മുൻപു ചില പ്രസിഡന്റുമാർ പറഞ്ഞിട്ടുള്ളതുപോലുള്ള ഒറ്റപ്പെടൽ എനിക്കിവിടെ ഒരു നിമിഷംപോലും അനുഭവപ്പെട്ടിട്ടില്ല. വരുംദിവസങ്ങൾ താങ്കൾക്ക് ഏറ്റവും സന്തോഷംനിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു. അങ്ങേയറ്റം ദുർഘടമായ സാഹചര്യങ്ങളെയും ഒരിക്കലും പ്രതീക്ഷിക്കാത്ത വിമർശനങ്ങളെയും നേരിടേണ്ടിവരാം. ഉപദേശിക്കാൻ ഞാനത്ര മിടുക്കനല്ല. എങ്കിലും, ഇത്തരം പ്രതിസന്ധികളിൽ തളരുകയോ പിൻമാറുകയോ ചെയ്യരുത്. ഈ കുറിപ്പു വായിക്കുമ്പോൾ താങ്കൾ ഞങ്ങളുടെ പ്രസിഡന്റ് ആണ്. എന്റെ എല്ലാ ആശംസകളും. താങ്കളുടെ കുടുംബത്തിനും എന്റെ ആശംസകൾ. താങ്കളുടെ വിജയം നമ്മുടെ രാജ്യത്തിന്റെ വിജയമാണ്’’.

george-hw-bush-young

തന്റെ എതിരാളിയാണു വിജയിച്ചതെങ്കിൽ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കുമായിരുന്നില്ല എന്നു നിലപാടെടുത്ത ഡോണൾഡ് ട്രംപുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അന്തരം നോക്കൂ!

‘‘ഏറ്റവും ഉന്നതമായ വ്യക്തിത്വവും ഒരു മകന്/മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പിതാവുമായിരുന്നു ജോർജ്. എച്ച്.ഡബ്ല്യു. ബുഷ്’’-അദ്ദേഹത്തിനു ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായ ഈ വാക്കുകൾ സാക്ഷാൽ ബുഷ് ജൂനിയറിന്റേതാണ്. 

ശീതയുദ്ധത്തിനു ശേഷമുള്ള ലോകനിർമിതിയുടെ ചുക്കാൻപിടിച്ചത് ബുഷ് സീനിയറാണ്. ശീതയുദ്ധം അവസാനിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചതായി ചരിത്രകാരൻമാർ വിലയിരുത്തുന്നു.‘‘യുഎസ് പ്രസിഡന്റ് സ്ഥാനത്തു ജോർജ് ബുഷിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ അത് യാഥാർഥ്യമാകുമായിരുന്നില്ല. അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസത്തിന്റെ പുറത്താണ് ഒട്ടേറെ വിട്ടുവീഴ്ചകൾക്ക് അന്ന് ഗോർബച്ചേവ് വഴങ്ങിയത്’’– പ്രസിഡന്റുമാരുടെ ചരിത്രം പഠിക്കുന്ന മൈക്കേൽ ബെഷ്‌ലസ് പറയുന്നു.

‘‘ജോർജ് ഹെർബർട്ട് വാക്കർ ബുഷിന്റെ വിടവാങ്ങലോടെ യുഎസിനു നഷ്ടപ്പെട്ടിരിക്കുന്നത് ഒരു യഥാർഥ ദേശസ്നേഹിയെയും രാജ്യസേവകനെയുമാണ്. ദുഃഖഭരിതരെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോടുള്ള കടപ്പാടുനിറഞ്ഞിരിക്കുന്നു’’ – മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രസ്താവനയിൽ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്ത് 58 തവണയാണ് ബുഷ് യുഎസിനുവേണ്ടി പോരാട്ടത്തിനിറങ്ങിയത്. താൻ പറത്തിയ എയർക്രാഫ്റ്റ് ജപ്പാൻ സൈന്യം പസിഫിക് സമുദ്രത്തിൽ വെടിവച്ചിട്ടതിനെതുടർന്ന് ശത്രുക്കളാൽ ചുറ്റപ്പെട്ട് കടലിനു നടുവിൽ മരണത്തോടു പൊരുതിയ അദ്ദേഹത്തെ നാലു മണിക്കൂറിനു ശേഷമാണു മുങ്ങിക്കപ്പലെത്തി രക്ഷപ്പെടുത്തിയത്. 

George-Bush-Senior-and-wife

ഗൾഫിലെ വിജയത്തിനു ശേഷം അറബ്–ഇസ്രയേൽ സമാധാന സംസ്ഥാപന പദ്ധതികൾക്ക് 1991ലെ മഡ്രിഡ് കോൺഫറൻസിൽ അംഗീകാരം നേടിയെടുത്തതും ജോർജ് ബുഷ് തന്നെ. രണ്ടു വർഷങ്ങൾക്കു ശേഷം നടന്ന ഓസ്‌ലോ ഉടമ്പടിയിലേക്കു വഴിതുറന്നത് ഈ കോൺഫറൻസിലൂടെയാണ്. ജോർജ് എച്ച്.ഡബ്ല്യു. ബുഷിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത് മീടു മൂവ്‌മെന്റിലാണ്. 1992നു മുൻപുണ്ടായ സംഭവങ്ങളെക്കുറിച്ചു തുറന്നുപറച്ചിലുമായി ഏതാനും വനിതകൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ‘മനഃപൂർവമല്ലാതെ’ സംഭവിച്ച കാര്യങ്ങൾമൂലം ബുദ്ധിമുട്ടുണ്ടായവരോട് അദ്ദേഹം ക്ഷമചോദിക്കുന്നുവെന്ന് ബുഷിന്റെ വക്താവ് അറിയിച്ചു.

ലോകചരിത്രത്തിലെ ഏറ്റവും ദുർഘടമായ ഒരു കാലഘട്ടത്തെ ഫലപ്രദമായി നേരിട്ട ഭരണാധികാരി എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർജ് ബുഷിനെ വിശേഷിപ്പിച്ചത്. ‘‘ഇന്ത്യയും യുഎസും തമ്മിൽ ദൃഢമായ ബന്ധം നിലനിർത്തുന്നതിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം നമുക്ക് തീരാനഷ്ടമാണ്’’– മോദി പറഞ്ഞു. ഇന്ത്യ–യുഎസ് ആണവ ഉടമ്പടി യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത ബുഷ് ജൂനിയറിന്റെ സംഭാവനകളും പ്രധാനമന്ത്രി മറന്നില്ല. ആ കരാറാണല്ലോ ഇന്ത്യൻ ന്യൂക്ലിയർ കോർപറേഷന് യുഎസിലേക്കും മറ്റ് എൻഎസ്ജി അംഗരാജ്യങ്ങളിലേക്കും വഴിതുറന്നത്. ഡമോക്രാറ്റുകളല്ല, ഇന്ത്യയുമായുള്ള ഉറച്ച സഖ്യത്തിന് എല്ലാക്കാലത്തും മുൻകയ്യെടുത്തത് റിപ്പബ്ലിക്കൻ ഭരണാധികാരികളായിരുന്നുവെന്ന് ചരിത്രം തെളിവ്.

യുഎസ് നയങ്ങൾക്ക് എതിരെ നിന്നിട്ടുള്ളവരെ കാലമെത്ര കഴിഞ്ഞാലും മറക്കാത്ത ആളുമായിരുന്നു ജോർജ് ബുഷ്. 1981ൽ താൻസനിയയുടെ സലിം സലിം, ഓസ്ട്രേലിയയുടെ കുർദ് വാദെയ്മിനെതിരെ യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മൽസരിക്കുന്ന അവസരം. അന്നു യുഎസ് വൈസ് പ്രസിഡന്റാണ് ജോർജ് ബുഷ്. യുഎസ് സലിമിനെയും ചൈന വാദെയ്മിനെയും തുടർച്ചയായി വീറ്റോ ചെയ്തുകൊണ്ടിരുന്നു. ഇരുകൂട്ടർക്കും സ്വീകാര്യനായ ഒരു സ്ഥാനാർഥി വരുംവരെ ഈ വീറ്റോ മൽസരം തുടർന്നു. സലിമിനെതിരായ വീറ്റോ നടപടിയില്‍നിന്നു പിൻമാറാൻ ചർച്ചകൾക്കായി ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ പലതവണ യുഎസ് ഗവൺമെന്റിനെ സമീപിച്ചെങ്കിലും എല്ലാം നിഷ്ഫലമായി.

എന്തായിരുന്നു സലിമിനോടുള്ള യുഎസിന്റെ വിരോധത്തിനു കാരണം? കഥയിങ്ങനെ: ജോർജ് ബുഷ് ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥാനപതിയായിരുന്ന സമയം. യുഎസിന്റെ എതിർപ്പ് മറികടന്ന് ചൈന ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായ അവസരത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി സലിം യുഎൻ അസംബ്ലിയുടെ ഇടനാഴിയിൽനിന്നു നൃത്തം ചെയ്തുവത്രേ. പിൽക്കാലത്ത് ചൈനയുമായുള്ള ബന്ധം ദൃ‍ഢമായെങ്കിൽപോലും സലിമിന്റെ അന്നത്തെ ആഹ്ലാദപ്രകടനം ബുഷ് മറന്നില്ല; പൊറുക്കാൻ തയാറായുമില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.