Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഭരണഭക്തർ, എതിരാളികൾ, ദേശഭക്തർ: വിഭജിക്കപ്പെട്ട് യുഎസ് ജനത

Donald-Trump-2.jpg.image.784

മിഡ് ടേം തിരഞ്ഞെടുപ്പിനു പിന്നാലെ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുകയാണ് യുഎസ് ജനത. നില ഭദ്രമാക്കിയ ഭരണപക്ഷം, പ്രസിഡന്റ് ട്രംപിന്റെ അജ‍ൻഡകളെ ചെറുക്കാൻ കഴിയുംവിധം ജനപ്രതിനിധി സഭയിലെ പ്രാതിനിധ്യം വർധിപ്പിച്ച ഡമോക്രാറ്റുകൾ, ഒപ്പം ദേശഭക്തരുടെ പുതിയൊരു വിഭാഗംകൂടി രൂപംകൊണ്ടിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ പാരമ്പര്യവും വരുന്ന രണ്ടുവർഷത്തിനിടയ്ക്ക്, ട്രംപിന് അവശേഷിക്കുന്ന പ്രസിഡന്റ് കാലാവധിക്കിടയ്ക്ക് കൈമോശംവരാതിരിക്കാൻ പോരാടുകയാണ് ഇവരുടെ ലക്ഷ്യം. സെനറ്റർ മക്കെയ്നാണു നേതാവ് എന്നു പറയാം. പ്രസിഡന്റ് പദവി അർഹിക്കുന്ന ബഹുമാനം ട്രംപിന് നൽകുകയും അദ്ദേഹത്തിന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും ചെയ്യുമ്പോൾതന്നെ, കാലങ്ങളായി പിന്തുടരുന്ന യുഎസിന്റെ താൽപര്യങ്ങൾ കൈമോശംവരാതെ നോക്കുകയും വേണമെന്നാണു മക്കെയ്ന്റെ കാഴ്ചപ്പാട്.

കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം; അവിശ്വസനീയവും. എങ്കിലും, വൈറ്റ്ഹൗസിലെ പരിചയസമ്പന്നരായ നേതാക്കളും ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും നൽകുന്ന പിന്തുണ അദ്ദേഹത്തെ മികച്ചൊരു ഭരണാധികാരിയാക്കുമെന്നു ജനം പ്രതീക്ഷിച്ചു. തുടക്കത്തിലുണ്ടായ പ്രതിഷേധങ്ങൾ വൈകാതെ കെട്ടടങ്ങിയതുതന്നെ യുഎസ് നിയമങ്ങളിൽ ജനത്തിനു വിശ്വാസമുള്ളതുകൊണ്ടും തിരഞ്ഞെടുപ്പ് സംവിധാനത്തെ മാനിക്കേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിയുന്നതുകൊണ്ടുമാണ്. നിർഭാഗ്യവശാൽ, തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന വിവാദങ്ങളുടെ ദിവസങ്ങളാണ് യുഎസിനെ കാത്തിരുന്നത്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ വകവയ്ക്കാതെയും വിദേശബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയുമൊക്കെ ട്രംപിനു തോന്നിയപോലെയായി ഭരണം. കുടിയേറ്റനിയന്ത്രണം വഴി യുഎസിനെ മതിലുകൾക്കുള്ളിലാക്കിയപ്പോൾ, ഏറെ പഠനങ്ങൾക്കു ശേഷം സൂക്ഷ്മതയോടെ തയാറാക്കിയ വിദേശരാജ്യങ്ങളുമായുള്ള ധാരണകൾ കാറ്റിൽപറത്തിയപ്പോൾ, സഖ്യരാജ്യങ്ങളെ വെല്ലുവിളിച്ചുതുടങ്ങിയപ്പോൾ, പരമ്പരാഗത ശത്രുക്കളെ ആശ്ലേഷിച്ചപ്പോഴെല്ലാം ചെമ്പ് തെളിഞ്ഞുകണ്ടു. 

US-MICHIGAN-DEMOCRATS-ON-THE-MIDTERM-BALLOT-ATTEND-ELECTION-NIGH

ഇത്തരം സംഭവവികാസങ്ങൾ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ പ്രക്ഷോഭം മുതൽ ഭരണമാറ്റം വരെ എന്നേ സംഭവിച്ചു കഴിഞ്ഞേനേ. യുഎസിൽ പക്ഷേ, സംഭവിച്ചതു മറ്റൊന്നായിരുന്നു. അതു രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിച്ചു. പാർട്ടി അടിസ്ഥാനത്തിലല്ല, മറിച്ച് ട്രംപിനെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കുമിടയിൽ അദൃശ്യമായ ഒരു മതി‍ൽ രൂപപ്പെടുകയാണവിടെ ചെയ്തത്. പ്രസിഡന്റ് പദവിയിൽ ട്രംപിന്റെ ആദ്യ ഊഴമോ രണ്ടാമൂഴമെങ്കിലുമോ അവസാനിക്കുമ്പോഴേക്ക് അദ്ദേഹം വിഭാവനംചെയ്ത ‘ഗ്രേറ്റ് അമേരിക്ക’ സാധ്യമാക്കാൻ കഴിയുമെന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്നു വഴിതിരിച്ചുവിടുന്ന തീരുമാനങ്ങളെടുക്കുന്ന ട്രംപിനെ വകവയ്ക്കാതെ, ആ മൂല്യങ്ങൾ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ശേഷിക്കുന്ന വിഭാഗമാണ് പ്രസിഡന്റിന്റെ ഇംപീച്മെന്റിനുവേണ്ടിയുൾപ്പെടെ മുറവിളികൂട്ടുന്നത്. ഇതു രണ്ടിലുംപെടാത്ത കൂട്ടരാണ് ആദ്യം സൂചിപ്പിച്ച ദേശഭക്തർ. വന്നതു വന്നു, ഇനി വിധിയിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടുപോകുക എന്നതാണു നയം. എതിരാളികൾ ട്രംപിനെതിരായ പ്രതിഷേധങ്ങൾക്കു മൂർച്ചകൂട്ടുമ്പോൾ, പ്രസിഡന്റിന്റെ വിചിത്ര തീരുമാനങ്ങൾകൊണ്ടോ അതിനെതിരായ പ്രതിഷേധങ്ങൾകൊണ്ടോ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കും പാരമ്പര്യത്തിനും ഉടവുതട്ടാതിരിക്കാൻവേണ്ടി തങ്ങൾ പ്രയത്നിച്ചേ തീരൂ എന്ന് അവർ വിശ്വസിക്കുന്നു.

US-DEMOCRATIC-CANDIDATE-BETO-O'ROURKE-HOLDS-ELECTION-NIGHT-EVENT

മീടൂ ക്യാംപെയ്ൻ തന്നെ ഏറ്റവും നല്ല ഉദാഹരണം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ ഒട്ടേറെ ലൈംഗികാരോപണങ്ങൾ നേരിട്ടശേഷമാണു ട്രംപ് അധികാരത്തിലെത്തിയത്. പിന്നീടു വന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിക്കു വലിയ െവല്ലുവിളിയുയർത്താതെ കെട്ടടങ്ങിയതിൽ യുഎസ് സമൂഹം പാലിച്ച സംയമനത്തിനു വലിയ പങ്കുണ്ട്. ഈ ആനുകൂല്യം മറ്റൊരു സെലിബ്രിറ്റിക്കും അവർ നൽകിയില്ലെന്നോർക്കണം. സുപ്രീം കോടതി ജഡ്ജ് ആയി ട്രംപ് നാമനിർദേശം ചെയ്ത ബ്രെറ്റ് കാവെനോയ്ക്കെതിരെ ഉണ്ടായ ആരോപണം അദ്ദേഹത്തിന്റെ വിജയസാധ്യതയെപ്പോലും ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാക്കിയിരുന്നല്ലോ. തലനാരിഴയ്ക്കാണ് പരാജയത്തിൽനിന്ന് കാവെനോ രക്ഷപ്പെട്ടത്. സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം കാവെനോയെ സുപ്രീം കോടതി ജഡ്ജ് സ്ഥാനത്തെത്തിക്കുകതന്നെ ചെയ്തെങ്കിലും ഇത്തരം ആരോപണങ്ങൾ ഇനിയായാലും യുഎസ് ജനത നിസ്സാരമായി തള്ളിക്കളയില്ലെന്നുറപ്പ്.

Brett-Kavanaugh-to-Supreme-Court

യുക്തിക്കു നിരക്കാത്ത, തോന്നുമ്പോൾ മാറുന്ന പ്രഖ്യാപനങ്ങളൊക്കെയാണു തന്ത്രപ്രധാനമായ കാര്യങ്ങളിലുൾപ്പെടെ ട്രംപ് നടത്തുക. പ്രസിഡന്റിന്റെ ഇത്തരം ‘വിളംബരങ്ങൾ’ പ്രാബല്യത്തിൽവന്നാലുള്ള അപകടം തിരിച്ചറിയുകയും അതുണ്ടാകാതിരിക്കാൻ വേണ്ടി വൈറ്റ്ഹൗസിൽ നിശ്ശബ്ദം പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ദേശസ്നേഹികളുടെ ടീം എന്ന് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ തീരുമാനങ്ങളോട് ‘യെസ് മിനിസ്റ്റർ’ പറയുകയും തന്ത്രപരമായി യാഥാർഥ്യത്തെ സമീപിക്കുകയുമാണ് യുഎസ് താൽപര്യങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ള ഈ ഉദ്യോഗസ്ഥരുടെ രീതി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഹെൽസിങ്കിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ നാറ്റോയിൽനിന്നു പുറത്തുവരുമെന്നു ട്രംപ് ഭീഷണി വലിയ ആശയക്കുഴപ്പത്തിനു വഴിവച്ചിരുന്നല്ലോ. അദ്ദേഹത്തെ തന്ത്രപൂർവം കാര്യങ്ങൾ ബോധ്യപ്പെടുത്തി ആ പ്രഖ്യാപനത്തിൽനിന്നു പിന്തിരിപ്പിക്കാനും യൂറോപ്യൻ സഖ്യം മുൻപുണ്ടായിരുന്നതുപോലെ തുടരാനും ആ ഉദ്യോഗസ്ഥർക്കു സാധിച്ചു. 

പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ കൈകാര്യംചെയ്ത രീതിയും ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഉടമ്പടിയുടെ പ്രാധാന്യം ഒരുപോലെ തിരിച്ചറിയുന്നവരാണു വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരും വ്യവസായികളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം. മറ്റു രാജ്യങ്ങൾക്കും മാതൃകയാകുന്നവിധത്തിൽ ഗ്രീൻഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ സ്വമേധയാ മുന്നോട്ടു വന്ന യുഎസിന്റെ നടപടി വ്യാപകമായി സ്വീകരിക്കപ്പെട്ടതാണ്. തന്റെ മുൻഗാമിയുടെ മഹാമനസ്കത അനാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. യുഎസിലെ വാണിജ്യമേഖലയുടെ വളർച്ചയ്ക്കു തടസ്സംനിൽക്കുന്നതാണ് പാരിസ് ഉടമ്പടിയെന്നായിരുന്നു പ്രസിഡന്റിന്റെ കാഴ്ചപ്പാട്. ഇതിൽനിന്നു പിൻമാറാനുള്ള തീരുമാനം നടപ്പായാൽ അതു യൂറോപ്യൻ രാജ്യങ്ങളുമായും മറ്റും കൂടുതൽ അടുക്കാൻ ചൈനയ്ക്കു ലഭിക്കുന്ന സുവർണാവസരമാകും. സമയം ഇനിയും അവശേഷിക്കുന്നതിനാൽ, പുതുതായി രൂപീകരിക്കുന്ന നിയമങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ദേശീയ നയത്തെ പ്രതിരോധിക്കാനെന്നോണം ഏതാനും സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാനുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യുന്നു.

ഉത്തര കൊറിയ, റഷ്യ, ക്യൂബ, ഇറാൻ വിഷയങ്ങളിലെ നയങ്ങളും പലതവണ ചർച്ചയായതാണ്. ന്യൂഡൽഹിയിൽ നടന്ന 2+2 ചർച്ച മറ്റൊരുദാഹരണം. റഷ്യയും ചൈനയുമായി അകലം പാലിക്കുന്നതിനും ഇറാൻ ഉപരോധത്തിനുംവേണ്ടി ഇന്ത്യയെ സ്വാധീനിക്കാൻ ട്രംപ് നൽകിയ നിർദേശങ്ങൾ യുഎസ് ഉദ്യോഗസ്ഥർക്കു പൂർണമായി സ്വീകാര്യമായില്ല. ഫലം, ചർച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത രേഖയിലുണ്ടായിരുന്നത് പ്രതിരോധ പങ്കാളിത്തത്തെയും കോംകാസ ഉടമ്പടിയെയും സംബന്ധിച്ച ധാരണകൾ മാത്രം. 

ജനാധിപത്യത്തിലും സാംസ്കാരികവൈവിധ്യത്തിലും വിവേചനംകൂടാതെ എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്ന മൂല്യങ്ങളിലും ഉറച്ചതാണു യുഎസിന്റെ പാരമ്പര്യം. ട്രംപിന്റെ നീക്കങ്ങൾ എന്തുതന്നെയായാലും, അദ്ദേഹം വൈറ്റ്ഹൗസ് ഓഫിസ് ഒഴിയുന്നതുവരെ ഈ മൂല്യങ്ങൾക്കു കൈമോശംവരുത്താൻ ആ സമൂഹം സമ്മതിക്കില്ലെന്നു തന്നെ വിശ്വസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.