Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
Donald-Trump.jpg.image.470

പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ പ്രതിനിധിയാണല്ലോ നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിപദത്തിലെത്തുക. എന്നാൽ യുഎസിൽ, പ്രസിഡന്റിനെ ജനങ്ങൾ നേരിട്ടുള്ള വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതിനാൽ അദ്ദേഹത്തിനു സഭയിലെ ഭൂരിപക്ഷം ബാധകമല്ല. രണ്ടു സഭകൾ – സെനറ്റും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സും – ചേർന്ന യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവ് പ്രസിഡന്റ് പദവിയിലെത്തണമെന്നു നിർബന്ധമില്ല എന്നതാണ് അവിടുത്തെ ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത. അതേസമയം, തന്റെ അജൻഡകൾ നടപ്പാക്കണമെങ്കിൽ പ്രസിഡന്റിന് ഇരു സഭകളിലുംനിന്നു ഭൂരിപക്ഷ പിന്തുണ വേണം താനും.

നിലവിൽ പ്രസിഡന്റ് ട്രംപിന്, അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിലും ഹൗസിലും ഭൂരിപക്ഷമുണ്ട്. അതുകൊണ്ടുതന്നെ വലിയ തടസ്സങ്ങളില്ലാതെ പ്രസിഡന്റിനു തന്റെ താൽപര്യങ്ങളെല്ലാം നടപ്പാക്കാനും കഴിയുന്നുണ്ട്. ഗൗരവമുള്ള ലൈംഗികാരോപണങ്ങൾ നേരിടേണ്ടി വന്നിട്ടും ബ്രെറ്റ് കവെനോയെ സുപ്രീംകോടതി ജ‍‍ഡ്ജിയാക്കാൻ കഴിഞ്ഞത് അവസാനത്തെ ഉദാഹരണം. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുതന്നെ ശക്തമായ എതിർപ്പിനെ അതിജീവിച്ചാണു ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയത്. എങ്കിലും, നിർണായക ഘട്ടങ്ങളിലെല്ലാം ഇരു സഭകളിലെയും റിപ്പബ്ലിക്കൻ പ്രതിനിധികൾ അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്നു.

നവംബർ ആറിനു നടക്കാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പ് ട്രംപ് അധികാരമേറ്റശേഷം നേരിടുന്ന ഏറ്റവും കഠിന വെല്ലുവിളിയായിരിക്കും. ഭൂരിപക്ഷത്തിലെ ചെറിയ മാറ്റംപോലും കോൺഗ്രസിൽ നിലവിലുള്ള അനുകൂല സാഹചര്യം നഷ്ടപ്പെടാൻ വഴിയൊരുക്കും. വിവാദങ്ങളുടെ രണ്ടു വർഷമാണ് അധികാരക്കസേരയിൽ ട്രംപ് പിന്നിടുന്നത്. ഇക്കാലംകൊണ്ടു പ്രസിഡന്റിനോടും റിപ്പബ്ലിക്കൻ പാർട്ടിയോടും ജനങ്ങളുടെ സമീപനത്തിലുണ്ടായ എന്തു മാറ്റവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സെനറ്റിൽ കാര്യമായ മാറ്റം വന്നേക്കില്ലെങ്കിലും ഹൗസിൽ ഡമോക്രാറ്റുകൾക്കനുകൂലമായി ഒരു ‘ബ്ലൂ വേവ്’ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

നാലു വർഷം കാലാവധിയുള്ള പ്രസിഡന്റ് അധികാരക്കസേരയിൽ പകുതി കാലയളവ് പിന്നിടുമ്പോഴെത്തുന്ന മിഡ് ടേം തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ അതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാവുക സ്വാഭാവികം. ട്രംപ് വോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിനു രണ്ടു വർഷംകൊണ്ട് യുഎസ് ജനതയ്ക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ മതിപ്പ് ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.

ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലെ 435 പ്രതിനിധികളുടെ കാലാവധി രണ്ടു വർഷമാണ്. ആറു വർഷത്തേക്കാണു സെനറ്റർമാർ തിരഞ്ഞെടുക്കപ്പെടുന്നതെങ്കിലും ആകെയുള്ള 100 അംഗങ്ങളിൽ മൂന്നിലൊന്ന് ഓരോ രണ്ടു വർഷം കഴിയുമ്പോഴും കാലാവധി പൂർത്തിയാക്കും. ഇങ്ങനെ ഒഴിവു വരുന്ന സെനറ്റിലെ 34 സീറ്റുകളിലേക്കും ഹൗസിലെ മുഴുവൻ സീറ്റുകളിലേക്കും ഒപ്പം, 36 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവർണർ പദവിയിലേക്കുമാണു നവംബർ ആറിനു തിരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള പ്രതിനിധികളെയും ഇതിനൊപ്പം തിരഞ്ഞെടുക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള ചവിട്ടുപടി എന്ന നിലയിൽകൂടി ഏറെ പ്രാധാന്യമുള്ള പദവിയാണു യുഎസിൽ സംസ്ഥാന ഗവർണറുടേത്. പാർട്ടികൾക്കാകട്ടെ, തങ്ങളുടെ നയങ്ങൾ നടപ്പക്കുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമുൾപ്പെടെയുള്ള വാതിലും. ആകെ 50 സംസ്ഥാനങ്ങളിൽ 33 ഇടത്തും നിലവിൽ ഗവർണർ സ്ഥാനം റിപ്പബ്ലിക്കൻ പാർട്ടിക്കാണ്. ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്ന 36 സീറ്റുകളിൽ 23 എണ്ണവും റിപ്പബ്ലിക്കൻസിന്റെ സിറ്റിങ് സീറ്റുകൾ. ഇവയിൽ പരമാവധി എണ്ണം പിടിച്ചെടുക്കുന്നതിലാകും ഡമോക്രാറ്റുകളുടെ പ്രധാന ശ്രദ്ധ. മുൻപു ട്രംപിനെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിൽ മിക്കതും ഇത്തവണ മറുപക്ഷത്തേക്കു ചായുമെന്നാണ് അവരുടെ വിലയിരുത്തലും പ്രതീക്ഷയും.

എന്തായാലും, ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം, വരുന്ന രണ്ടു വർഷത്തെ യുഎസ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റുമെന്നുറപ്പ്. ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻസിന് നിലനിർത്താനായാൽ മെക്സിക്കോ അതിർത്തിയിലെ മതിൽനിർമാണവും ഒബാമ കെയർ പദ്ധതി പിൻവലിക്കലും ഉൾപ്പെടെ തന്റെ പ്രിയപ്പെട്ട പദ്ധതികൾ പലതും അനായാസേന നടപ്പാക്കാൻ ട്രംപിനു കഴിയും. മറിച്ച് ഡമോക്രാറ്റുകൾ ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരം നീക്കങ്ങളെല്ലാം തടസ്സപ്പെടുമെന്നു മാത്രമല്ല, പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ട്രംപിനെതിരായ അന്വേഷണവും നിയമനടപടികളും ശക്തമാവുകയും ചെയ്യും.

സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്താനാണു സാധ്യത. 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ഇതിൽ 26 എണ്ണം ഡമോക്രാറ്റ്സിന്റെ സിറ്റിങ് സീറ്റുകൾ. ഈ സീറ്റുകളെല്ലാം നിലനിർത്തുന്നതിനു പുറമേ റിപ്പബ്ലിക്കൻസിന്റെ രണ്ടു സീറ്റെങ്കിലും പിടിച്ചെടുക്കുകകൂടി ചെയ്താലേ സെനറ്റിൽ അവർക്കു ഭൂരിപക്ഷം ഉറപ്പിക്കാനാകൂ. ഇതിനു സാധ്യത തീരെക്കുറവാണ്.

സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും കുടിയേറ്റ പ്രശ്നങ്ങളും ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയങ്ങളാകും. നിലവിൽ സമ്പദ്‌‌വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണ്. തൊഴിലില്ലായ്മ കുറഞ്ഞു. വേതനം വർധിച്ചു. ഇതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒബാമ ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലിച്ചുതുടങ്ങിയതാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപ് ഭരണകൂടം കോർപറേഷൻ നികുതികൾ വെട്ടിക്കുറച്ചതുവഴി കഴിഞ്ഞവർഷം ധനക്കമ്മി 33 ശതമാനം വർധിച്ച് 895 ബില്യൻ ഡോളറിലെത്തി. മാതാപിതാക്കളിൽനിന്നു കുട്ടികളെ അകറ്റുന്ന ‘സെപറേഷൻ പോളിസി’ ഉൾപ്പെടെയുള്ള കുടിയേറ്റ പ്രശ്നങ്ങൾ ഡമോക്രാറ്റുകൾക്കു ഭരണകൂടത്തിനെതിരെ പ്രയോഗിക്കാനുള്ള വജ്രായുധമാണ്. റിപ്പബ്ലിക്കൻസിന് യുവജനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ വൻതോതിൽ നഷ്ടപ്പെടാൻ ഈ വിഷയം ഇടയാക്കുമെന്നു തീർച്ചയാണ്.

ഗൗരവമേറിയ ആരോപണങ്ങളും ഇംപീച്ച്മെന്റ് ആഹ്വാനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് ട്രംപിന് അഗ്നിപരീക്ഷണമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മിഡ് ടേം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പ്രതിസന്ധികളെ അതിജീവിച്ച മുൻഗാമികളുടെ ചരിത്രവും ട്രംപിനു മുൻപിലുണ്ട്. ‍ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്ന സാഹചര്യമുണ്ടായാൽ, ചില അജൻഡകൾ നടപ്പക്കുന്നതിൽനിന്ന് അദ്ദേഹത്തിനു പിൻമാറേണ്ടിവന്നേക്കാമെന്നു മാത്രം. ബിൽ ക്ലിന്റനും ഒബാമയും സമാന സാഹചര്യത്തിൽകൂടി കടന്നുപോയവരാണ്. തിരഞ്ഞെടുപ്പുഫലം എന്തായാലും ട്രംപിന് തന്റെ അധികാര കാലാവധി പൂർത്തിയാക്കാനും ഒരുതവണകൂടി മൽസരിക്കാൻപോലും കഴിഞ്ഞേക്കാം. എങ്കിലും, ഭൂരിപക്ഷം നഷ്ടമായാൽ മുന്നോട്ടുള്ള നാളുകൾ വെല്ലുവിളികളുടേതായിരിക്കും. ഡോണൾഡ് ട്രംപിന് പ്രസിഡന്റ് പദവിയിൽ ഒരു തവണ കാലാവധി പൂർത്തീകരിക്കാനായാൽ തന്നെ ഭാഗ്യം; രണ്ടാമതൊരു അവസരം കിട്ടിയാൽ ‘ലോട്ടറി’ എന്നുകൂടി തുറന്നു പറയാതെവയ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.