Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
STORM-FLORENCE/

“To escape rising rivers, nowhere to go but up”‌ യുഎസിലെ സൗത്ത് കാരലൈനയിൽ ഫ്ലോറൻസ് ചുഴലിക്കാറ്റ് വീശിയടിച്ച ദിവസം ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടായിരുന്നു ഇത്. ഓഗസ്റ്റിൽ ഒരാഴ്ചയോളം കേരളം നേരിട്ട അതേ അനുഭവം. കേരളത്തിൽനിന്ന് ഇരുപതു മണിക്കൂർ പറന്ന് ന്യൂയോർക്കിലെത്തിയപ്പോൾ, അവിടുത്തെ പ്രാദേശിക ചാനലുകളിൽ ഞാൻ കണ്ടത് പുറപ്പെടുംമുൻപു നാട്ടിൽ കണ്ട അതേ കാഴ്ചകൾ. തീരം കവിഞ്ഞൊഴുകുന്ന പുഴകൾ എല്ലാ അതിരുകളും കടന്ന് വലിയ വീടുകളെപ്പോലും വെള്ളത്തിലാഴ്ത്തുന്നു, നിസ്സഹായരായ ജനങ്ങൾ രക്ഷതേടി ഉയർന്ന പ്രദേശങ്ങളിലേക്കോടുന്നു. ബോട്ടുകളിലെത്തുന്ന രക്ഷാപ്രവർത്തകർ പാതി മുങ്ങിയ വീടുകളുടെ വാതിലിൽ തട്ടി ‘അകത്താരെങ്കിലുമുണ്ടോ’യെന്നു വിളിച്ചു ചോദിക്കുന്നു. മേൽക്കൂരകളില്‍ അഭയം തേടിയിരിക്കുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെയന്വേഷിച്ച് െഹലികോപ്റ്ററുകൾ തലങ്ങുംവിലങ്ങും പറക്കുന്നു, കണ്ടെത്തുന്നവരെ എയർലിഫ്റ്റ് ചെയ്യുന്നു...  ഇനിയും കണ്ണിൽനിന്നു മായാത്ത നാട്ടിലെ കാഴ്ചകളുടെ തനിയാവർത്തനം! ആകെയുള്ള വ്യത്യാസം പ്രളയത്തിൽപെട്ടുപോയ ജനങ്ങളുടെ നിറവും ഭാഷയും, നശിച്ച നിർമിതികളുടെ സ്വഭാവവും മാത്രം.

യുഎസ് എത്രത്തോളം ധനികമാണോ അത്രത്തോളം ദരിദ്രമായിരിക്കാം ഇന്ത്യ. പക്ഷേ, പ്രകൃതിദുരന്തങ്ങൾ ധനികരെന്നോ ദരിദ്രരെന്നോ തരംതിരിവ് കാട്ടില്ലെന്ന യാഥാർഥ്യമാണ് ഇരു നാടുകളിലും കണ്ട സമാന കാഴ്ച ഓർമിപ്പിക്കുന്നത്. ഫ്ലോറൻസ് ചുഴലിക്കാറ്റ് അഞ്ചുപേരുടെ ജീവൻ കവർന്നപ്പോൾ കേരളത്തിലെ പ്രളയത്തിൽ അഞ്ഞൂറോളം പേർ മരിച്ചു. ദുരന്തത്തെ നേരിടാനെടുത്ത തയാറെടുപ്പിലെ വ്യത്യാസംതന്നെ പ്രധാന കാരണം. യുഎസിലെ തീരദേശങ്ങളിൽ ചുഴലിക്കാറ്റ് സാധാരണമായതിനാൽ ദുരന്തനിവാരണത്തിന് അവർ എപ്പോഴും സജ്ജരാണെന്നതും വസ്തുതയാണ്. മൽസ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരുമല്ല; യൂണിഫോം ധരിച്ച് അത്യാധുനിക സ്പീഡ് ബോട്ടുകളിലെത്തുന്ന, പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരാണ് അവിടെ രക്ഷാപ്രവർത്തനത്തിനെത്തുന്നത്.

florence-nc

ആഗോള താപനമാണു യുഎസിൽ ദുരന്തങ്ങളിലേക്കു നയിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾക്കു പിന്നിലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലോ? മനുഷ്യനിർമിതമായിരുന്നു ഇവിടുത്തെ പ്രളയം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വിവേകരഹിതമായ ചൂഷണം മാത്രമല്ല, ഡാമുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയും വെള്ളപ്പൊക്കത്തിനു കാരണമായി. 

Idukki Flood - Peringala

രാഷ്ട്രീയക്കാർ എല്ലായിടത്തും ഒരുപോലെയാണ്. ദുരന്തത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ അവർക്ക് ഒരു മടിയുമില്ല. മുഖ്യമന്ത്രി പിണറായി വിജയനും യുഎസ് പ്രസിഡന്റ് ട്രംപും നടത്തിയ ഇടപെടലുകൾ സമാനമാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച, ചർച്ച, ദുരന്തത്തിന് ഇരകളായ ജനങ്ങളെയോർത്ത് ഉത്കണ്ഠ പ്രകടിപ്പിക്കൽ, ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സർക്കാർ സജ്ജമാണെന്നു പ്രഖ്യാപിക്കൽ എല്ലാം രണ്ടിടത്തുമുണ്ടായി. ‘പ്രവചനാതീതനായ പ്രസിഡന്റ്’ ട്രംപ് ഒരു പടികൂടി കടന്ന്, അടുത്തിടെ പോർട്ടറീക്കോയിലുണ്ടായ മരിയ ചുഴലിക്കാറ്റിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനു സ്വയം ‘ഫുൾ മാർക്ക്’ നൽകുകകൂടി ചെയ്തു. തന്നെ പരമാവധി മോശക്കാരനായി ചിത്രീകരിക്കാൻവേണ്ടി പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് മരണനിരക്കു പെരുപ്പിച്ചു കാട്ടിയെന്ന് ആരോപിക്കാനും പ്രസിഡന്റ് മറന്നില്ല. മരിയ ചുഴലിക്കാറ്റിൽ മൂവായിരം പേർക്കെങ്കിലും ജീവൻ നഷ്ടമായെന്നാണു കണക്ക്. ഇതു നിഷേധിച്ച ട്രംപിന്റെ കണക്കിൽ മരിച്ചത് ഇരുപതിൽതാഴെ ആളുകൾ മാത്രം! ഏകാധിപതികൾപോലും ഇങ്ങനെയൊരു കണക്കുമായി അവകാശവാദങ്ങൾക്കു മുതിരില്ലെന്നുറപ്പ്. സ്വയം പരിഹാസ്യനായെന്നല്ലാതെ മറ്റെന്തു നേട്ടമാണ് ഈ വാചകമടികൊണ്ടു ട്രംപിനുണ്ടായത്? ‘പ്രസിഡന്റ് എത്രത്തോളം മോശക്കാരനാണെന്നു തുറന്നുകാട്ടാൻ ഡെമോക്രാറ്റുകൾ ചെറുവിരൽപോലും അനക്കേണ്ടതില്ല. അത് അദ്ദേഹംതന്നെ ജനങ്ങൾക്കു നന്നായി ബോധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്’– ന്യൂയോർക്ക് ടൈംസ് എഴുതി.

florence-pic-2

പ്രളയസമയത്ത് ടെലിവിഷൻ ചാനലുകളിൽ കണ്ട ചിത്രങ്ങൾ ഫ്ലോറൻസ് ചുഴലിക്കാറ്റ് വിതച്ച നാശത്തിന്റെ നേർക്കാഴ്ചകളായി. കേരളത്തിലേതിനു സമാനമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമൊപ്പം രണ്ടു സംസ്ഥാനങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റ് യുഎസിന് അധിക ആഘാതമായിരുന്നു. കൊടുങ്കാറ്റിന്റെ ദിശ ഓരോ ഘട്ടത്തിലും പ്രവചിച്ചിരുന്നതിനാൽ, ഒരാളെപ്പോലും അവശേഷിപ്പിക്കാതെ ദുരന്തസാധ്യതാ മേഖലകളിൽനിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു. ടിവി അവതാരകർ തങ്ങളുടെ സ്റ്റുഡിയോയിലെ സുരക്ഷിതത്വത്തിൽനിന്നിറങ്ങി മഴക്കെടുതിയിലാണ്ട പ്രദേശങ്ങളിൽനിന്നു നേരിട്ടു റിപ്പോർട്ടുകൾ നൽകി. വിവിധ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങൾക്ക് തീവ്രദുരിതത്തിലും ആശ്വാസമായി. അപകടമേഖലകളിൽനിന്ന് ഒഴിയാൻ തയാറാകാത്തവരോട് സ്വന്തം ഉത്തരവാദിത്തത്തിലാണെങ്കിലേ അവിടെ തുടരാവൂ എന്നു കർശനമായി പറഞ്ഞു. യുഎസ് പൗരസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നു; പക്ഷേ, സ്വയംഹത്യയ്ക്കുള്ള സ്വാതന്ത്ര്യം ആർക്കും കൊടുക്കില്ല.

Kerala Floods | Alappuzha

കേരളത്തിലെ പ്രളയസമയത്തു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ പോലൊന്ന് യുഎസിലുണ്ടായില്ല. സ്റ്റേറ്റ് അധികൃതർക്ക് ഫെഡറൽ ഗവൺമെന്റിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായില്ല. വിഭവ വിതരണം മുതൽ വിദേശ സഹായം ലഭ്യമാക്കുന്നതുവരെ എല്ലാക്കാര്യങ്ങളും പരാതികളില്ലാതെ നടന്നു. അവിടെ വിദേശസഹായം തേടുന്നതിനു തടസ്സങ്ങളില്ല. പക്ഷേ, വിഭവങ്ങൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര വകുപ്പുകളുടെ മേൽനോട്ടത്തിൽ മാത്രമായിരിക്കും. ഒരുപക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലുള്ള മാതൃകയും ഇതായിരിക്കാം. എന്നാൽ, യുഎസ് പോലെ ഒരു ‘സൂപ്പർ പവർ’ രാജ്യത്തെ അനുകരിക്കാൻമാത്രം ഇനിയും നാം വളർന്നിട്ടില്ലെന്നു മറക്കരുത്. കത്രീന കൊടുങ്കാറ്റിന്റെ സമയത്ത് ഇന്ത്യയിൽനിന്നു സാമ്പത്തിക സഹായവും ഫ്രാൻസിൽനിന്നു ശുദ്ധജലവും സ്വീകരിക്കുന്നതിനു യുഎസിന് കുറച്ചിലൊന്നും തോന്നിയിരുന്നില്ല. രാജ്യത്തിനു സ്വയം കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടോ എന്നതല്ല ഇവിടെ വിഷയം; രാജ്യാന്തര സഹകരണത്തെ വിശ്വാസത്തിലെടുക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ്.

hurricane-florence

രണ്ടു കാര്യങ്ങളാണ് മുൻപുണ്ടായ ചുഴലിക്കാറ്റുകളിൽനിന്നു ഫ്ലോറൻസിനെ വ്യത്യസ്തമാക്കുന്നത്: ഒന്ന്, മുൻ കാറ്റുകളെക്കാൾ കുറഞ്ഞ വേഗത്തിലായിരുന്നു അതിന്റെ സഞ്ചാരം. രണ്ട്, ഒരേ സ്ഥലത്തുതന്നെ കൂടുതൽസമയം തങ്ങിയതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കി. കേരളത്തിൽ ഒരുപാടു പേരുടെ മരണത്തിനു കാരണമായത് ഉരുൾപൊട്ടലുകളായിരുന്നല്ലോ. യുഎസിൽ, ചുഴലിക്കാറ്റ് മൂലം ഉരുൾപൊട്ടലുകളുണ്ടാകുന്നത് ഇതാദ്യമാണ്. പക്ഷേ, കാറ്റിനെ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിച്ചുകൊണ്ടിരുന്നതിനാൽ ഫ്ലോറൻസ് കൊണ്ടുവന്ന ഈ സർപ്രൈസിനെയും അവർക്ക് അതിജീവിക്കാനായി. ഒറ്റപ്പെട്ടുപോയവരെ വളരെവേഗം കണ്ടെത്തി രക്ഷപ്പെടുത്തി, മികച്ച സൗകര്യങ്ങളോടെ ഒരുക്കിയിരുന്ന ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. കേരളത്തിൽ പ്രളയകാലത്തുടനീളം നാം കണ്ടതുപോലെ ജനങ്ങളുടെ ദുരിതം ഇവിടെ കാണാനേയില്ല. ആവർത്തിച്ചു വരുന്ന ചുഴലിക്കാറ്റുകൾ അവർക്കു ദുരന്തങ്ങളെ നേരിടാൻ വർഷങ്ങളുടെ പരിചയസമ്പത്തു നേടിക്കൊടുത്തിരിക്കുന്നു.

florence-pic-1

ഇതിനിടെ, സൗത്ത് കാരലൈനയിൽനിന്ന് അസ്വസ്ഥപ്പെടുത്തുന്ന ഒരു വാർത്തയും പുറത്തുവന്നു. ഫ്ലോറൻസിന്റെ യാത്രാപരിധിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കണമെന്നു കർശന നിർദേശമുള്ളപ്പോൾത്തന്നെ, അതീവ സുരക്ഷിത ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന ആയിരക്കണക്കിനു തടവുകാരെ അധികൃതർ അവിടെത്തന്നെ ഉപേക്ഷിച്ചത്രേ. അപ്പോഴത്തെ സാഹചര്യത്തിൽ അവരെ മറ്റൊരിടത്തേക്കു മാറ്റുന്നതു പ്രായോഗികമല്ലെന്നായിരുന്നു തികച്ചും മനുഷ്യത്വരഹിതമായ ഈ നടപടിക്കു നൽകിയ വിശദീകരണം. ഒട്ടേറെപ്പേർ കടന്നുകളയാനും സമൂഹത്തിൽ ഭീതി സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ ന്യായീകരിച്ചു. ഈ അനീതിക്കെതിരെ രൂക്ഷവിമർശനവുമായി ഒട്ടേറെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ ഒട്ടേറെ തടവറകളുണ്ടായിരുന്നു. അന്തേവാസികളിലാരെങ്കിലും പ്രളയത്തിൽ മരിച്ചിരുന്നെങ്കിൽ ആ രക്തത്തിനു സർക്കാർ ഉത്തരം പറയേണ്ടിവന്നേനെ. പ്രളയജലം കടന്നെത്തിയ ചില ജയിലുകളിലെ തടവുകാർ രക്ഷപ്പെടാനായി സ്വയം കെട്ടിയിടുകയായിരുന്നെന്നു പറയപ്പെടുന്നു. എനിക്കുറപ്പുണ്ട്, ഇത്തരമൊരു തീരുമാനം കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽനിന്ന് ഒരിക്കലുമുണ്ടാകില്ലായിരുന്നു. ദുരന്ത സമയത്ത് ഇവിടുത്തെ തടവുകാർ പ്രളയബാധിതർക്കായി ഭക്ഷണം തയാറാക്കുന്ന തിരക്കിലായിരുന്നു. ആളുകളെ രക്ഷപ്പെടുത്തുന്നതിൽ ഒരുതരത്തിലുമുള്ള വിവേചനം കേരളത്തിൽ ഉണ്ടാകില്ല.

4-hurricane-florence-

യുഎസിൽനിന്ന് ഫ്ലോറൻസ് ഭീതി ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. സൗത്ത് കാരലൈനയിൽനിന്നു നോർത്ത് കാരലൈനയിലേക്കു നീങ്ങിയ കാറ്റ് അവിടവും വെള്ളത്തിലാഴ്ത്തി. കൂടുതൽ മഴ പെയ്തേക്കാം; പക്ഷേ, ദുരന്തത്തിന്റെ മൂർധന്യാവസ്ഥയെ യുഎസ് അതിജീവിച്ചു കഴിഞ്ഞു. കൊടുങ്കാറ്റിന്റെയും പ്രളയത്തിന്റെയും കാഠിന്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മരണസംഖ്യ (7) ചെറുതാണ്. കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന്റെയും ത്വരിത രക്ഷാപ്രവർത്തനത്തിന്റെയും ഫലമായാണ് അപകടം ഇത്ര ചെറുതായത്. കാരലൈനയിൽ രക്ഷാപ്രവർത്തകരും ദുരന്തമേഖലയിൽപെട്ടവരും സമയത്തെ തോൽപിച്ചപ്പോൾ ഇവിടെ കേരളത്തിൽ, നാം സമയത്തോടു പൊരുതുകയായിരുന്നു. മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും കാലതാമസം കൂടാതെ നടപ്പാക്കിയിരുന്നെങ്കിൽ ഇതുണ്ടാകില്ലായിരുന്നു. എന്തായാലും, യുഎസിലായാലും ഇന്ത്യയിലായാലും പ്രളയം ഉയർത്തുന്ന വെല്ലുവിളി ഒന്നുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.