Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിവിൽ സർവീസ് പരീക്ഷ: ഉടച്ചുവാർക്കൽ അനിവാര്യം

ടി.പി. ശ്രീനിവാസൻ
from the gurus-speaker ad

ഇത്തവണ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, ക്ലാസ് വൺ സർവീസിലേക്ക് യോഗ്യത നേടിയവരുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണ്. പക്ഷേ, എല്ലാ മുൻകാല റെക്കോർഡുകളും തകർക്കുന്നതായിരുന്നു അവർക്കു കിട്ടിയ പബ്ലിസിറ്റിയെന്നു കാണാം. രാജ്യത്തിന്റെ നാനാകോണിലും പൊട്ടിമുളച്ചിരിക്കുന്ന കോച്ചിങ് സെന്ററുകളാണിതിനു പിന്നിൽ. റാങ്ക് ജേതാക്കളെല്ലാം തങ്ങളുടെ സെന്ററിൽ പഠിച്ചവരാണെന്ന മട്ടിൽവരെയാണു പ്രചാരണം. ഈ കുട്ടികളൊക്കെ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന്റെ കാലത്ത് കോച്ചിങ് സെന്ററുകള്‍തോറും ഓടിനടക്കുകയായിരുന്നെന്നു തോന്നും പരസ്യങ്ങൾ കണ്ടാൽ. മികച്ച വിജയം നേടിയ കുട്ടികളുടെ കഠിനാധ്വാനത്തിന് ഒരു വിലയും നൽകാതെ, എല്ലാം തങ്ങളുടെ ‘കോച്ചിങ്ങിന്റെ’ ഗുണമായി അവർ വരുത്തിത്തീർത്തുകൊണ്ടിരിക്കുന്നു. മികച്ച റാങ്ക് നേടിയ ഒരു വിദ്യാർഥി, താൻ പോയിട്ടില്ലാത്ത ഒരു പരിശീലനകേന്ദ്രം തന്റെ േപരിൽ മുതലെടുപ്പു നടത്തുന്നതായി പരാതിപ്പെടുകപോലും ചെയ്തിരുന്നു.

ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡൽഹിയിലേക്കുള്ള യാത്രച്ചെലവ് വഹിക്കുമെന്ന ‘ഓഫർ’ ഉള്ളതിനാലാണു സ്റ്റേറ്റ് അക്കാദമിയിൽ ഇത്രയേറെ കുട്ടികൾ പരിശീലനത്തിനു ചേരുന്നതെന്നതാണു യാഥാർഥ്യം. ചില കോച്ചിങ് സെന്ററുകൾ പ്രത്യേക വിഷയങ്ങളിൽ സ്പെഷലൈസ് ചെയ്യുകവഴി കുട്ടികളെ ആകർഷിക്കുന്നു. എൻഎസ്എസ് അക്കാദമി വിദേശകാര്യത്തിലും ഉപന്യാസ രചനയിലും പ്രത്യേക പരിശീലനം നൽകുമ്പോൾ പാലാ ഇൻസ്റ്റിറ്റ്യൂട്ട് മലയാള സാഹിത്യത്തിന് ഊന്നൽ നൽകുന്നു.

ഇത്തരം പരിശീലന കേന്ദ്രങ്ങൾ സിവിൽ സർവീസ് തയാറെടുപ്പു രീതിയെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്. അറിവ് തേടിപ്പോകുന്നതിനു പകരം ഇവർ കുട്ടികളെ യാന്ത്രികമായി കാണാതെ പഠിക്കാൻ പ്രേരിപ്പിക്കുന്നു. തങ്ങളുടെ മുൻഗാമികൾ ചെയ്തിരുന്നതുപോലെ ആഴത്തിലുള്ള അറിവുസമ്പാദനത്തിനു ശ്രമിക്കുന്നതിനു പകരം പുതിയ തലമുറയെ ചോദ്യോത്തരങ്ങൾ ഹൃദിസ്ഥമാക്കാൻ ശീലിപ്പിക്കുന്നു. തങ്ങളുടെ ‘ടെസ്റ്റ് സീരീസുകൾ’ മാത്രം മതി പരീക്ഷാവിജയത്തിന് എന്ന് കുട്ടികളെ അവർ തെറ്റിദ്ധരിപ്പിക്കുന്നു. ഫലമോ, പുതുതായി സിവിൽ സർവീസിൽ ചേരുന്നവരിൽ ഏറിയ പങ്കും മനഃപാഠമാക്കിയ അറിവുകള്‍ മാത്രമുള്ളവരാണ്.

പല തവണ ശ്രമിച്ചിട്ടും സിവിൽ സർവീസിലെത്തിച്ചേരാൻ കഴിയാതെപോയവരാണ് കോച്ചിങ് സെന്ററുകളിലെ ‘അനുഭവസമ്പന്നർ’. അക്കാദമിക് മേഖലയിൽനിന്നുള്ള, അംഗീകാരമുള്ള പരിശീലകർ ഒരാൾപോലും ഇവിടങ്ങളിലുണ്ടാകില്ല. പ്രവേശന പരീക്ഷയ്ക്കുവേണ്ടി മാത്രം ഇവിടങ്ങളിൽനിന്നു പഠിച്ചിറങ്ങുന്നവർക്കാകട്ടെ, സിവിൽ സർവീസിൽ അവശ്യംവേണ്ട കാര്യഗ്രഹണശേഷിപോലും ഉണ്ടാവുകയുമില്ല. ഇവരിൽനിന്നു മെയിൻപരീക്ഷയും ഇന്റർവ്യൂവും കടന്നുകൂടുന്നവർ ചുരുക്കമായിരിക്കും. ശാസ്ത്രീയമായി പഠിക്കുന്നവർതന്നെയാണ് എപ്പോലും ഉയർന്ന റാങ്കുകൾ നേടുന്നതെന്നു കാണാം. 

പുതിയ കാലത്തു പ്രകടമായ ഒരു മാറ്റം, സിവിൽസർവീസിലേക്ക് എത്തുന്നതിൽ ഏറെയും ഡോക്ടർമാരും എൻജിനീയർമാരും സയൻസ് വിദ്യാർഥികളുമാണ് എന്നതാണ്. ഈ മേഖല തിരഞ്ഞെടുക്കുന്ന ആർട്സ്, ഹ്യൂമാനിറ്റീസ് വിദ്യാർഥികൾ ഇപ്പോൾ തീരെക്കുറവായിരിക്കുന്നു. മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് സിവിൽ സർവീസിനപ്പുറം കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടെന്നാണോ ഇതിനർഥം? എന്തായാലും, ഈ മാറ്റത്തിന്റെ ഫലം ഇവിടുത്തെ ബ്യൂറോക്രസിയിൽ മൊത്തത്തിൽ പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ളവരുടെ ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽനിന്നുള്ള ഇംഗ്ലിഷ് ബിരുദധാരിയായ 22കാരിയാണ് ഇത്തവണ സിവിൽസർവീസ് നേടിയവരിൽ ഏറ്റവും പ്രായംകുറഞ്ഞയാളെന്ന വാർത്ത എന്നെ ഏറെ ആഹ്ലാദിപ്പിച്ചു.

ഉദ്യോഗാർഥികളുടെ മുൻഗണനകൾക്കും മാറ്റംവന്നിരിക്കുന്നു. പ്രഥമ പരിഗണന ഐഎഎസിനു തന്നെയെങ്കിലും ഫോറിൻ സർവീസിനെക്കാൾ പുതിയ കുട്ടികള്‍ക്ക് ആകർഷണം ഐപിഎസിനോടാണ്. മുൻഗാമികളുടെ ജീവിതരീതിയിൽ ആകൃഷ്ടരാകുന്നവർ അധികാരത്തിനും ചില അവസരങ്ങളിലെങ്കിലും പണത്തിനും മുൻതൂക്കംകൊടുക്കുന്നു. രാജ്യം ഉറപ്പുതരുന്ന സുരക്ഷയിലും സൗകര്യങ്ങളിലുമാണെങ്കിൽപോലും വിദേശത്തു താമസിക്കേണ്ടിവരുന്നത് പുതിയ തലമുറയെ പിന്നോട്ടുവലിക്കുന്നു. വിദേശങ്ങളിൽ സ്വന്തം രാജ്യത്തിന്റെ പ്രതിനിധിയായി നിൽക്കുന്നതിലെ സാഹസികതയും അഭിമാനവുമൊക്കെയായിരുന്നു മുൻതലമുറയെ ഐഎഫ്എസിലേക്ക് ആകർഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആ താൽപര്യം ആരിലും കാണുന്നില്ല.

യുപിഎസ്‌സി പരീക്ഷ ഉടച്ചുവാർക്കുന്നതിനെക്കുറിച്ച് ഒട്ടേറെത്തവണ ചർച്ചകളുണ്ടായിക്കഴിഞ്ഞു; 2011ന് ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു മാത്രം. പ്രകടമായ മാറ്റം ഉണ്ടാക്കാൻ കഴിയുന്ന ഒരുകാര്യം ഓപ്ഷനൽ പേപ്പറുകള്‍ ഒഴിവാക്കുകയാണ്. വ്യത്യസ്ത ഓപ്ഷനൽ പേപ്പറുകൾ തിരഞ്ഞെടുക്കുന്നവരുടെ മാർക്കുകളും വ്യത്യാസപ്പെട്ടിരിക്കും എന്നതുതന്നെ കാരണം. എല്ലാവർക്കും തുല്യസാധ്യത തുറന്നിടണമെങ്കിൽ ഓപ്ഷനൽ പേപ്പറുകൾ ഒഴിവാക്കി പകരം ഒരു ജനറൽ സ്റ്റഡീസ് പേപ്പർകൂടി ഉൾപ്പെടുത്തുകതന്നെയാണു ഫലപ്രദമായ വഴി.

പരീക്ഷയെഴുതാൻ വേണ്ട യോഗ്യതയും ശ്രമിക്കാവുന്ന പരമാവധി അവസരങ്ങളും പുനർനിർണയിക്കേണ്ടതുണ്ട്. നിലവിലെ കൂടിയ പ്രായപരിധിയായ 32 വയസ്സ് ‘‘to catch them young” എന്ന സർക്കാർ പോളിസിക്കു യോജിച്ചുപോകുന്നതല്ലെന്നു വ്യക്തമാണല്ലോ. ഒരേ ബാച്ചിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടാകുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും. ജോലിയിൽ ചേരുമ്പോൾതന്നെ ഉയർന്ന പ്രാമയുള്ളവർ, വലിയ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രം കാലം സർവീസിലുണ്ടായിരിക്കണമെന്നില്ല. പ്രായപരിധി 23 വയസ്സും അവസരങ്ങൾ പരമാവധി രണ്ടും എന്ന തരത്തിൽ പരിഷ്കരിച്ചില്ലെങ്കിൽ, സിവില്‍ സർവീസ് കൊണ്ട് സർക്കാരിനോ ഉദ്യോഗസ്ഥർക്കോ കാര്യമായ നേട്ടം ഉണ്ടാകുന്നില്ല എന്നു തിരിച്ചറിയണം. കോളജ് പഠനശേഷം സര്‍വീസിൽ ചേരുന്നതുവരെയുള്ള കാലം ഉദ്യോഗാർഥി ഫലപ്രദമായി ചെലവഴിച്ചിരിക്കണമെന്നില്ല.

സ്വകാര്യമേഖലയിൽ ഇത്രയേറെ തൊഴിലവസരങ്ങൾ തുറന്നുകിടക്കുന്ന പുതിയ കാലത്തും സിവിൽ സര്‍വീസിലേക്ക് കുട്ടികൾ ഇത്ര ആകൃഷ്ടരാകുന്നതിന്റെ കാരണം വിശദീകരിക്കുക പ്രയാസമാണ്. അധികാരവും ജോലിയുടെ ഗ്ലാമറും മുഖ്യകാരണമായിരിക്കാം. എങ്കിലും, സർക്കാർ സർവീസിലെങ്കിൽ കുറഞ്ഞ ജോലിയും മികച്ച വേതനവും എന്നൊരു പൊതുബോധം കൂടി ഇതിനുപിന്നിലുണ്ടാകാം. ജോലിയുടെ സ്വഭാവം കുറേക്കൂടി കർക്കശമാക്കുകയും ഉദ്യോഗസ്ഥരുടെ പ്രകടനത്തിനനുസരിച്ച വിലയിരുത്തലുകളും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ഥാനക്കയറ്റങ്ങളുമൊക്കെ സിവിൽ സർവീസിനെ കൂടുതൽ കാര്യക്ഷമമാക്കും. 

ബാഹ്യ ഇടപെടലുകളില്ലാതെ, ഉദ്യോഗസ്ഥരെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ യുപിഎസ്‌സിക്ക് എല്ലാ അധികാരവും നൽകിയിട്ടുണ്ട്. അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ കറപറ്റിയ ചരിത്രം ഇന്നേവരെ സിവിൽസർവീസ് പരീക്ഷയിൽ ചൂണ്ടിക്കാട്ടാനുമില്ല. ഇക്കാരണംകൊണ്ടുതന്നെ, അർഹിക്കുന്ന സ്ഥാനത്താണു തങ്ങൾ എത്തിയിരിക്കുന്നതെന്ന തിരിച്ചറിവ് ഓരോ ഉദ്യോഗസ്ഥനും കഠിനാധ്വാനം ചെയ്യാനുള്ള ഊർജം നൽകുന്നു. എങ്കിലും കാലികമായ പരിഷ്കാരം സിവിൽ സർവീസ് പരീക്ഷയിൽ വരുത്തേണ്ടത് ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.