Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നയതന്ത്ര പ്രതിബന്ധങ്ങൾ

 ടി.പി.ശ്രീനിവാസൻ
putin-theresamay

അപകടമുന്നറിയിപ്പിന്റെ പേരിൽ ശിക്ഷയോ പ്രതികാരനടപടിയോ നേരിട്ടവരെപ്പറ്റി പുരാണങ്ങളിൽപോലും നാം വായിച്ചിട്ടുണ്ട്. പാണ്ഡവരോടു നീതി കാട്ടിയില്ലെങ്കിൽ കുരുക്ഷേത്ര യുദ്ധാനന്തരം കൗരവരുടെ സമ്പൂർണ നാശമാകും സംഭവിക്കുക എന്നു മുന്നറിയിപ്പു നൽകിയ ശ്രീക‍ൃഷ്ണനെ തടവറയിലടയ്ക്കാനാണു ദുര്യോധനൻ ഉത്തരവിട്ടത്. സീതാദേവിയെ സുരക്ഷിതയായി തിരിച്ചെത്തിച്ചില്ലെങ്കിൽ ലങ്ക കത്തുമെന്നു പ്രവചിച്ച ഹനുമാന്റെ വാൽ  കത്തിച്ചാണു രാവണൻ ക്രോധം തീർത്തത്. അമാനുഷികരല്ലായിരുന്നെങ്കിൽ, കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ടവരെന്നു കൃഷ്ണനും ഹനുമാനും ചരിത്രത്തിൽ എഴുതപ്പെട്ടേനെ.

പുതിയ കാലത്ത് നയതന്ത്ര പ്രതിനിധികൾ നേരിടുന്നതും ഇതേ പ്രതിസന്ധിയാണ്. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ, രാജ്യത്തിന്റെ നിലപാടുകളുടെ വക്താവാകുന്നതിന്റെ പേരിൽ നിഷ്കാസനം ചെയ്യപ്പെടുന്ന സാഹചര്യം!

വിവാദ വിഷയങ്ങളിലും തന്ത്രപ്രധാനമായ വിഷയങ്ങളിലും പരസ്യപ്രതികരണങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതാണു ഡിപ്ലോമാറ്റുകളുടെ പാരമ്പര്യം. എങ്കിലും ചില സാഹചര്യങ്ങളിൽ അവർ പൊതുജനങ്ങളുടെ മുൻപിൽ നിലപാട് വ്യക്തമാക്കേണ്ടി വരാറുണ്ട്. ഉദ്യോഗസ്ഥർ പറയുന്നതു വ്യക്തിപരമായ നിലപാടല്ല, അവർ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ നിലപാടാണ്. ആ അഭിപ്രായപ്രകടനത്തെ നയതന്ത്രതലത്തിലെ വീഴ്ചയായിക്കണ്ട് വിമർശിക്കുകയോ അവരെ ‌ശിക്ഷിക്കുകയോ ചെയ്യുന്നത് എങ്ങനെയാണു നീതീകരിക്കാനാവുക?

സ്വന്തം രാജ്യത്തിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതോ ആതിഥേയ രാജ്യത്തു കലാപത്തിന് പ്രചോദിപ്പിക്കുന്നതോ അല്ലാത്തിടത്തോളം, ഔദ്യോഗിക വക്താവെന്ന നിലയിൽ പറയുന്ന കാര്യങ്ങൾക്ക് ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നതു നീതിയല്ല.

ലോകവ്യാപകമായി, ഒരു രാജ്യം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രീതി ശ്രദ്ധിച്ചാൽ ഒരുകാര്യം വ്യക്തമാണ്: രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ,  ദുർബലരാഷ്ട്രമാണ് എപ്പോഴും നയതന്ത്ര പ്രതിനിധിയെ പുറത്താക്കി പ്രതിരോധം സൃഷ്ടിക്കാൻ  ശ്രമിക്കുന്നത്.ചാരപ്രവർത്തനമോ സമാന കുറ്റകൃത്യമോ തെളിയിക്കപ്പെട്ടാൽ പുറത്താക്കുന്നതിനെ ചോദ്യംചെയ്യാനാവില്ല. എന്നാൽ, എതിർരാഷ്ട്രത്തിന്റെ നിലപാടിനെ ഫലപ്രദമായി പ്രതിരോധിക്കാനോ സ്വാധീനിക്കാനോ കഴിയാതെവരുമ്പോൾ ആ രാജ്യത്തിന്റെ പ്രതിനിധിയെ പുറത്താക്കിക്കൊണ്ടു വെല്ലുവിളിക്കാൻ ശ്രമിക്കുന്നതിനെ നീതീകരിക്കാൻ കഴിയുന്നതെങ്ങനെ. 

ഒന്നാമത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാമെന്നല്ലാതെ ഇത്തരം നടപടി ഒരു പ്രയോജനവും ചെയ്യുന്നില്ല. രണ്ടാമത്, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പിൽക്കാലത്തു പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽപോലും പുറത്താക്കപ്പെട്ട പ്രതിനിധിക്ക് പിന്നീടൊരിക്കലും ആ രാജ്യത്തു തിരികെ പ്രവേശനമില്ല. പെട്ടെന്നൊരു ദിവസം ഉണ്ടാകുന്ന സ്ഥലംമാറ്റം മൂലം ഉദ്യോഗസ്ഥനും കുടുംബാംഗങ്ങൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും സമൂഹത്തിനു മുന്നിലുണ്ടാകുന്ന മോശം പ്രതിച്ഛായയ്ക്കും പുറമേയാണിത്. ഒപ്പം, പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനെ പെട്ടെന്നു മാറ്റുമ്പോൾ അദ്ദേഹത്തിന്റെ പ്രാഗൽഭ്യംകൂടി നഷ്ടപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളും ദുഃഖിക്കേണ്ടിവരുന്നു.

ബ്രിട്ടനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഒരു മുൻ റഷ്യൻചാരനെയും മകളെയും രാസവസ്തു ഉപയോഗിച്ചു കൊലപ്പെടുത്താൻ റഷ്യ ശ്രമിച്ചെന്നാരോപിച്ചു പന്ത്രണ്ടോളം രാജ്യങ്ങൾ റഷ്യയുടെ നൂറോളം നയതന്ത്ര പ്രതിനിധികളെയാണ് ഒറ്റയടിക്കു പുറത്താക്കിയത്. റഷ്യ ചെയ്ത കുറ്റകൃത്യത്തിൽ ഈ ഉദ്യോഗസ്ഥരിലാർക്കും പങ്കില്ലെന്നു വ്യക്തമാണ്. തങ്ങളുടെ രാജ്യത്തിന്റെമേൽ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ പേരിൽ സ്ഥാനചലനവും അനുബന്ധദുരിതങ്ങളും അവർ അനുഭവിക്കേണ്ടിവന്നു.

നമ്മുടെ രാജ്യത്തുതന്നെ സമാന സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള സ്ഥലംമാറ്റങ്ങളും പുറത്താക്കലുകൾപോലും സംഭവിച്ച ചരിത്രമുണ്ട്. ഇതിൽ മിക്കതും പരസ്യപ്പെടുത്താറില്ലാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ലെന്നുമാത്രം. താഴ്ന്ന തസ്തികകളിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഉദ്യോഗസ്ഥരെ പുറത്താക്കി പക വീട്ടിയ സംഭവങ്ങൾ ഏറെ ചർച്ചയായ അവസരങ്ങളുമുണ്ട്. ചൈനയിലെ സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് അവിടുത്തെ രണ്ട് ഇന്ത്യൻ പ്രതിനിധികളെ പുറത്താക്കിയത് ചൈന ബോധപൂർവം ചർച്ചയാക്കിയിരുന്നു.

ഇനി, എന്റെ സ്വന്തം അനുഭവം പറയാം. 1989 ൽ ഫിജിയിൽ സ്ഥാനപതിയായിരിക്കെയായിരുന്നു അത്. ഇന്ത്യ-ഫിജി ബന്ധത്തിൽ ഫിജിക്കുണ്ടായ അരക്ഷിതാവസ്ഥയ്ക്കു പിന്നാലെയാണ് എനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അവിടെനിന്നു മടങ്ങേണ്ടിവന്നത്. ഇന്ത്യയ്ക്കു ശക്തമായ സ്വാധീനമുണ്ടായിരുന്ന അന്നത്തെ ഫിജിയൻ സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. പട്ടാളത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ സർക്കാരിനെ അംഗീകരിക്കാൻ ഇന്ത്യ തയാറായില്ല. അവിടെയുള്ള ഇന്ത്യക്കാർക്ക് അതുവരെ ലഭിച്ചിരുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഇന്ത്യ ഫിജിക്ക് ഉപരോധമേർപ്പെടുത്തി. രാജ്യത്ത് അരങ്ങേറിയ വംശവിവേചനത്തിന്റെ പേരിൽ ഫിജി കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നു പുറത്തായി. 

സാഹചര്യങ്ങൾ ഇത്രയധികം വഷളാകുന്ന സാഹചര്യങ്ങളിൽ സാധാരണഗതിയിൽ സ്ഥാനപതിയെ തിരിച്ചുവിളിക്കേണ്ടതാണ്. എന്നാൽ, എന്നോട്  തൽക്കാലം അവിടെ തുടർന്നുകൊണ്ട് അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനാണു കേന്ദ്രസർക്കാർ നിർദേശിച്ചത്. തീർച്ചയായും അന്നത്തെ സാഹചര്യത്തിൽ ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യവും ലജ്ജാരഹിതവുമായ ഒരു കൈകടത്തലാകും അത്. ആതിഥേയ രാജ്യത്തിന്റെ സർക്കാരിനെ ഇന്ത്യ അംഗീകരിക്കാത്തിടത്തോളം, സ്ഥാനപതി അവിടെ തുടർന്നാൽ പുറത്താക്കലോ അതിലും ഗുരുതരമായതെന്തെങ്കിലുമോ ആകും അനന്തരഫലമെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടു ഞാൻ സൂചിപ്പിച്ചതുമാണ്.

എന്തായാലും, ജനസംഖ്യയുടെ പകുതിയും എനിക്കൊപ്പമുണ്ടായിരുന്നതിനാൽ പട്ടാള ഭരണകൂടം ത്വരിത നടപടികൾ വേണ്ടെന്നുവയ്ക്കുകയും സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷേ, രണ്ടുവർഷത്തിനു ശേഷം പെട്ടെന്നൊരു ദിവസം എന്നോട് 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് നിർദേശിക്കുകയായിരുന്നു. എന്നെ ‘സ്വീകാര്യനല്ലാത്ത വ്യക്തി’യായി പ്രഖ്യാപിക്കുന്നതിനു പകരം ഇന്ത്യൻ ഹൈക്കമ്മിഷനെ കോൺസുലേറ്റ് ആയി തരംതാഴ്ത്തുകയാണ് അവർ ചെയ്തത്. എനിക്ക് എത്രയും വേഗം രാജ്യംവിടുകയല്ലാതെ മാർഗമൊന്നും ഇല്ലാതെവന്നു. ഫിജിയിലെ ഒരു സിഖ് ആരാധനാലയത്തിൽ ഞാൻ പ്രകോപനപരമായി പ്രസംഗിച്ചെന്നാണ് അവർ നടപടിയുടെ കാരണമായി വിശദീകരിച്ചത്.

ഓരോ തവണയും പാർലമെന്റിലോ യുഎന്നിലോ ഇന്ത്യ പുതിയൊരു പ്രസ്താവന നടത്തുമ്പോഴെല്ലാം സ്യൂട്ട്കേസ് തയാറാക്കി വയ്ക്കാൻ എന്റെ ഭാര്യ വളരെ മുൻപേ ശീലിച്ചിരുന്നു! അതുകൊണ്ടുതന്നെ, അവർ പറഞ്ഞ 72 മണിക്കൂറിനു മുൻപേ രാജ്യം വിടാൻ എനിക്കു പ്രയാസമൊന്നുമുണ്ടായില്ല. ആവശ്യമായ തയാറെടുപ്പുകൾ നടത്താനും പാക്കപ്പിനും വേണ്ടത്ര സമയം അവർ എന്റെ ഭാര്യയ്ക്ക് അനുവദിച്ചിരുന്നു. 

മതവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നും എന്റെ പ്രസംഗത്തിൽ ഇല്ലാതിരുന്നതിനാൽതന്നെ, എന്നെ പുറത്താക്കാൻ ആരോപിച്ച കുറ്റം ആരെയും ബോധ്യപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. എന്തായാലും, ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുടെ എല്ലാ പ്രവർത്തനകേന്ദ്രങ്ങളും പൂട്ടുകയും ചെയ്തതോടെ ലോക രാജ്യങ്ങളിൽനിന്ന് അതുവരെ ലഭിച്ചിരുന്ന പിന്തുണകൂടി ഫിജിക്കു നഷ്ടപ്പെട്ടു. ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം പലതവണ അഭ്യർഥിച്ചതിനെതുടർന്നാണ് ഫിജിയിൽ നിർത്തിവച്ച പ്രവർത്തനങ്ങളൊക്കെ ഇന്ത്യ വീണ്ടും തുടങ്ങിയത്.

48 മണിക്കൂറിനുള്ളിൽതന്നെ ഞാൻ രാജ്യം വിട്ടിരുന്നു. 24 മണിക്കൂർ പിന്നീടൊരിക്കൽ സന്ദർശനത്തിനായി മാറ്റിവയ്ക്കുന്നു എന്ന് അവരോടു പറയുകയും ചെയ്തു. അറംപറ്റിയതുപോലെ, ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട് 25 വർഷത്തിനു ശേഷം ഫിജി സന്ദർശിക്കാൻ അവർ എന്നെ ക്ഷണിച്ചു! പട്ടാളഭരണകൂടത്തിന്റെ നേതാവായിരുന്ന സിതിവേനി റബുക, അധികാരസ്ഥാനങ്ങളില്ലാത്ത സാധാരണക്കാരനായി എന്നെ കാണാനെത്തി. തങ്ങളുടെ അധികാരകേന്ദ്രത്തിന്റെ പ്രതിനിധികൾ മാത്രമായിരുന്നല്ലോ ഞങ്ങൾ. വ്യക്തിപരമായി പിണക്കങ്ങളൊന്നും ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും എപ്പോഴും ഓർമയിൽ വയ്ക്കേണ്ട അടിസ്ഥാനപാഠമാണിത്.

പുതിയകാലത്ത് കൂടുതൽ ഗൗരവമുള്ള വെല്ലുവിളികളാണു ഡിപ്ലോമാറ്റുകൾക്കു മുൻപിലുള്ളത്. തീവ്രവാദം, രാജ്യാന്തര ബന്ധങ്ങളെ വലിയതോതിൽ സ്വാധീനിക്കുന്ന ഘടകമായിക്കഴിഞ്ഞു. തീവ്രവാദ ആക്രമണങ്ങളിൽ സ്ഥാനപതിമാർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്യുന്ന വാർത്തകൾ തുടർച്ചായായി കേട്ടുതുടങ്ങിയിരിക്കുന്നു. തട്ടിക്കൊണ്ടുപോകലിെനയും കൊലപ്പെടുത്തലിനെയുംകാൾ ഭേദമാണല്ലോ പുറത്താക്കൽ എന്ന് ഉദ്യോഗസ്ഥർ സ്വയം ആശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.