Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീദേവി: വിടരും മുൻപേ കൊഴിഞ്ഞു വീണ സുന്ദരപുഷ്പം

ടി.പി. ശ്രീനിവാസൻ
Bollywood-actress-Sridevi-passes-away-at-54

നിറങ്ങളും പൂക്കളും കൊണ്ട് അലങ്കരിക്കപ്പെട്ടു നിശ്ചലയായി, തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു നടുവിൽ അവസാന യാത്രയ്ക്കൊരുങ്ങി കിടക്കുന്ന ശ്രീദേവി. ആ ദൃശ്യം വർഷങ്ങൾക്കു മുൻപ് വരികളിലൂടെ വരച്ചുകാട്ടിയിരുന്നു മലയാളത്തിന്റെ മഹാകവി കുമാരനാശാൻ.

‘‘ഹാ, പുഷ്പമേ അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര, അസംശയ,മിന്നു നിന്റെ-
യാഭൂതിെയങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ’’

പൂത്തു വിടർന്നു നിന്ന കാലത്ത് എല്ലാവരാലും ഏറെ ആഘോഷിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു പുഷ്പം വാടിക്കൊഴിഞ്ഞപ്പോൾ, ഏതാനും സമയം അതിനെയോർത്തു വിലപിച്ച ശേഷം ആളുകളുടെ ഓർമയിൽനിന്നുതന്നെ മാഞ്ഞുപോകുന്ന അവസ്ഥയെയാണു കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ വരച്ചുകാട്ടുന്നത്. എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘‘എണ്ണീടുകാർക്കുമിതുതാൻ ഗതി! സാധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു കഷ്ടം!’’

എന്ന് ഓർമിപ്പിച്ചാണ് അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്.

സുന്ദരിയും ഊർജസ്വലയുമായിരുന്ന ശ്രീദേവി ബാത്ടബ്ബിൽ മുങ്ങി മരിച്ചെന്ന അവിശ്വസനീയ വാർത്ത കേട്ടു വിലപിച്ച ലക്ഷക്കണക്കിന് ആരാധകർക്കു പക്ഷേ, ഈ തത്വചിന്തകളിലൊന്നും ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല. ആരോഗ്യവതിയായ ഒരു സ്ത്രീയുടെ മുഴുവൻ സൗന്ദര്യവും കഴിവും പൊടുന്നനെ ഏതാനും ലീറ്റർ വെള്ളത്തിൽ അലിഞ്ഞില്ലാതാവുകയോ! അതും വിളിപ്പുറത്ത് ഭർത്താവ് ഉണ്ടായിരുന്ന സമയത്ത്? ശ്രീദേവിയുടെ മരണത്തിൽ കലാശിച്ച ദുരന്തത്തെ ചുറ്റിപ്പറ്റി ഒട്ടേറെ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്; അന്വേഷണ ഉദ്യോഗസ്ഥർ ക്ലീൻ ചിറ്റ് നൽകിയാലും അവയൊക്കെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. നീതി നിഷേധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകളുടെ നിരയിലാണു ശ്രീദേവി ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നത്.

അവരുടെ പേരുതന്നെ പവിത്രമായ രണ്ടു വാക്കുകളുടെ സംയോജനമായിരുന്നു - ശ്രീ, ദേവി. ദൈവിക തേജസ്സിനെ സൂചിപ്പിക്കുന്ന വാക്കുകൾ; വെവ്വേറെ പറഞ്ഞാലും ചേർത്തു പറഞ്ഞാലും ഈശ്വരചൈതന്യത്തെ ഓർമിപ്പിക്കുന്ന വാക്കുകൾ. ദേവി ആരുമാകാം; ദുർഗയോ ലക്ഷ്മിയോ സരസ്വതിയോ ആരും. എന്റെ സൗഹൃദവലയത്തിൽ മാത്രം പുരുഷൻമാരും സ്ത്രീകളുമായി അര ഡസനോളം ‘ശ്രീ’മാരുണ്ട്; സ്ത്രീകൾ മിക്കവരും ‘ദേവി’യെ പേരിനൊപ്പം കൂട്ടിയവർ. ഒരു ദേവീക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീട്ടിൽ ജനിച്ചുവളർന്നതുകൊണ്ടാകാം, രാവിലെ എണീറ്റാൽ ഏറ്റവുമാദ്യവും കിടക്കുന്നതിനു മുൻപ് ദിനാന്ത്യത്തിൽ അവസാനത്തേതുമായി എന്റെ ചുണ്ടിൽ വരുന്ന വാക്ക് ‘ദേവീ’ എന്നാണ്. ‘ദേവീ ശ്രീദേവീ..’ എന്ന ചലച്ചിത്രഗാനം എത്രയോ കാലം ഞാൻ മൂളിനടന്നു.

പടക്കശാലകളിലെ ബാലവേലയുടെ പേരിൽ കുപ്രസിദ്ധമായ ശിവകാശിയിൽ ജനിച്ച്, കപൂർ കുടുംബത്തിന്റെ പ്രൗഢലോകത്തു ജീവിച്ച് ഒടുവിൽ ചിതയിലേക്കെത്തുംവരെ അവർ ആ പേര് തന്റെ വ്യക്തിത്വത്തോടു ചേർത്തു സൂക്ഷിച്ചു. ഒരുപക്ഷേ, കരുണയില്ലാത്ത ലോകം അവരിൽ അടിച്ചേൽപിച്ച ദുരിതങ്ങളിൽ കേടുപറ്റാതെ അവശേഷിച്ചതും ആ പേരു മാത്രമായിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, പെരുമാറ്റത്തിലെ ആകർഷകത്വവും സൗന്ദര്യത്തിലെ വശ്യതയും തുടങ്ങി ജീവിതപോരാട്ടങ്ങളത്രയും ചേർന്ന അവരുടെ വ്യക്തിത്വം ശ്രീദേവിയുടെ പേരിൽതന്നെ തെളിഞ്ഞുകാണുന്നുണ്ട്. ബോളിവുഡിലേക്കുള്ള യാത്രയിൽ ഒരുപാടു ചെറുപ്പക്കാർ തെരുവിൽ ഒറ്റപ്പെട്ടുപോകാറാണു പതിവ്. ശ്രീദേവി തന്റെ മനക്കരുത്തും നിശ്ചയദാർഢ്യവും പിന്നെ ഈശ്വരാനുഗ്രഹവും കൊണ്ട് ആ സ്വപ്നലോകത്തേക്കുള്ള പ്രവേശനം പൂർണവിജയമാക്കി.

മോസ്കോയിൽ ജോലി ചെയ്ത 1974-1977 കാലഘട്ടത്തിലാണു ബോളിവുഡ് താരങ്ങളുമായുള്ള എന്റെ പരിചയത്തിന്റെ തുടക്കം. രാജ് കപൂർ മുതൽ മിഥുൻ ചക്രവർത്തി വരെ അക്കാലത്തെ ഏതാണ്ടെല്ലാ താരങ്ങളും സോവിയറ്റ് യൂണിയൻ സന്ദർശിച്ചിരുന്നു. ഹേമ മാലിനിയും ശബാന ആസ്മിയും അക്കൂട്ടത്തിലുണ്ട്. ശ്രീദേവി അന്ന് ‘ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ’ ആയിട്ടില്ല. അവരെ ആദ്യമായി കാണുന്നതു ന്യൂയോർക്കിൽ വച്ചാണ്. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അവർ. കൂടുതൽ സംസാരിക്കാനും പരിചയപ്പെടാനും ഉചിതമായ സന്ദർഭമായിരുന്നില്ല.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, 1995 മേയ് 26ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി അയ്യപ്പൻ (59) തലച്ചോറിന്റെ ഇടതുഭാഗത്തുണ്ടായ മാരകമായ ഒരു ട്യൂമർ നീക്കംചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്കു വിധേയയായി. പക്ഷേ, മറ്റൊരു രോഗിയുടെ എക്സ്-റേ റിപ്പോർട്ട് വിലയിരുത്തി തിയറ്ററിലെത്തിയ ന്യൂറോസർജൻ തെറ്റായ ഭാഗത്തു ശസ്ത്രക്രിയ നടത്തിയതുമൂലം ട്യൂമർ നീക്കം ചെയ്യപ്പെടാതെ തുടര്‍ന്നു. പിന്നീട് ന്യൂയോർക്കിലെ കോണെൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച രാജേശ്വരിക്കു മറ്റൊരു സർജൻ വിജയകരമായി ശസ്ത്രക്രിയ നടത്തി ട്യൂമർ നീക്കം െചയ്യുകയായിരുന്നു.

ട്യൂമറിന്റെ സ്ഥാനം കണ്ടെത്താൻ സർജനു കഴിയാതെ പോയതാണ് ആദ്യ ശസ്ത്രക്രിയ പരാജയപ്പെടാൻ കാരണമെന്ന് തുടക്കത്തിൽതന്നെ കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതർ നടത്തിയ തുടരന്വേഷണത്തിലാണു തെറ്റായ എക്സ്-റേ ഫിലിമുകളുമായാണു ഡോക്ടർ ഓപ്പറേഷൻ തിയറ്ററിലെത്തിയതെന്നു തിരിച്ചറിഞ്ഞത്. അദ്ദേഹത്തെ ശസ്ത്രക്രിയാ ചുമതലകളിൽനിന്നു മാറ്റിനിർത്തുകയും കേസ് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന് വിടുകയും ചെയ്തതായി മെമോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ െസന്ററിന്റെ വക്താവ് പിന്നീട് അറിയിച്ചു. ഡോക്ടറുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതീവ മനോവിഷമത്തിലായിരുന്നെങ്കിലും ശ്രീദേവി വികാരങ്ങൾ ഉള്ളിലടക്കുകയും സംഭവം വിവാദമാകാതെ ശ്രദ്ധിക്കുകയും ചെയ്തിരുന്നതായി ആ സമയത്തെ വാർത്തകളിൽനിന്നു വ്യക്തമാണ്.

എന്തായാലും, ശ്രീദേവിയുടെ മരണത്തിനു ശേഷം മാത്രം പുറത്തുവന്നതുൾപ്പെടെ അവരെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും വിലയിരുത്തുമ്പോൾ ഒരു കാര്യം വ്യക്തമാണ്; അവരുടെ ജീവിതത്തിനു രണ്ടു വശങ്ങളുണ്ടായിരുന്നു. സൗന്ദര്യവും വിജയങ്ങളും സമ്പത്തും സുഖസൗകര്യങ്ങളും പ്രണയവും മിടുക്കരായ മക്കളുമുള്ള ഒരു വശം. സാമ്പത്തിക പ്രതിസന്ധികളും സമ്മർദങ്ങളും വിഷാദവും നിറഞ്ഞ, പുറംലോകം കാണാത്ത മറ്റൊരു വശം. മരണത്തിലൂടെ അവർക്കു സ്വസ്ഥത കിട്ടിയെന്നാണ് ശ്രീദേവിയോടു വളരെ അടുപ്പമുള്ള ഒരാൾ പറഞ്ഞത്. വർഷങ്ങളോളം ബിഗ് സ്ക്രീനിൽനിന്നു മാറി നിന്നശേഷം ‘ഇംഗ്ലിഷ് വിംഗ്ലിഷ്’ എന്ന സിനിമയിലൂടെയാണവർ തിരിച്ചുവരവ് നടത്തിയത്. ആ സിനിമയിൽ ശ്രീദേവി അവതരിപ്പിച്ച കഥാപാത്രത്തിന്റേതിനു സമാനമായ ബുദ്ധിമുട്ടുകള്‍ അവർ നേരിട്ടനുഭവിച്ചിട്ടുണ്ട്; ദക്ഷിണേന്ത്യൻ സിനിമയിൽനിന്നു ബോളിവുഡിലേക്കുള്ള ചുവടുമാറ്റക്കാലത്ത്.

ദക്ഷിണേന്ത്യൻ സിനിമാലോകത്തു തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. അവർ ബോളിവുഡിലേക്കു ചേക്കേറാൻ കാരണമെന്ത്, ആര് എന്ന് ഇതുവരെ രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അവരുടെ ആഗ്രഹംതന്നെ ആയിരുന്നിരിക്കാം, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും പ്രചോദനമാകാം. അവര്‍ ദക്ഷിണേന്ത്യൻ സിനിമകളിൽതന്നെ തുടർന്നിരുന്നെങ്കിൽ ഒരിക്കലും 300 സിനിമകൾ പൂർത്തിയാക്കുമായിരുന്നില്ല; ഇന്ത്യൻ സിനിമയിൽ നൂറ്റാണ്ടിലെ മികച്ച താരം എന്ന പദവിയിലേക്കു വളരുമായിരുന്നില്ല.

അഷറഫ് താമരശ്ശേരി എന്ന മലയാളിയാണു ശ്രീദേവിയുടെ മൃതശരീരം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. ധനികരും ദരിദ്രരുമായ ഒട്ടേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്തിട്ടുള്ളയാളാണദ്ദേഹം. അഷറഫിന്റെ സ്വാധീനവും ഇടപെടലുംകൊണ്ട് വേഗത്തിൽ മൃതദേഹം അധികൃതർ വിട്ടുനൽകിയെങ്കിലും ദുരൂഹതകൾ പൂർണമായും നീങ്ങിയിരുന്നില്ലെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ കേസ് കൂടുതൽ നീണ്ടുപോകാനാണു സാധ്യത.

ശ്രീദേവിയുടെ ആരാധകരോടുള്ള ബോണി കപൂറിന്റെ അഭ്യർഥന ന്യായമുള്ളതാണ്: ‘‘ഞങ്ങളുടെ ദുഃഖത്തെ മാനിക്കണം. നിങ്ങൾക്കു ശ്രീയെക്കുറിച്ചു സംസാരിക്കണമെങ്കിൽ, അവരെക്കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കൂ. പകരക്കാരില്ലാത്ത അഭിനയപ്രതിഭയാണ് എക്കാലത്തും അവര്‍. അതിന്റെ പേരിൽ ശ്രീദേവിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യൂ’’.

എന്തൊക്കെയായാലും, അവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ നിരത്തിൽ തിങ്ങിക്കൂടിയ ആയിരങ്ങള്‍ക്ക്, ഏറെക്കാലം അവശേഷിക്കെ പൊടുന്നനെ ആ പൂവ് കൊഴിഞ്ഞുവീണതെങ്ങനെയെന്ന് അമ്പരന്നവർക്ക്, തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.