Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പശ്ചിമേഷ്യയിൽ കണ്ണെറിഞ്ഞ് മോദി

ടി.പി. ശ്രീനിവാസൻ
modi-eas.jpg.image.784

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇതുവരെയുള്ള മറ്റെല്ലാ വിദേശയാത്രകളെയുംകാൾ ശുഭസൂചകവും പ്രായോഗികവുമായിരുന്നു പശ്ചിമേഷ്യയിലെ നാല് ഇസ്‌ലാമിക് രാഷ്ട്രങ്ങളിലേക്കു നടത്തിയ ചതുർദിന സന്ദർശനം. ഇസ്രയേല്‍ വ്യോമസേനയുടെ അകമ്പടിയിൽ ജോർദാനിയൻ ഹെലികോപ്റ്ററിൽ പലസ്തീനിലേക്കു മോദി നടത്തിയ യാത്ര ‘ഒരു ചരിത്രത്തിന്റെ തുടക്കം’ എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. ‌

ഇസ്രയേൽ പ്രധാനമന്ത്രി ‍ബഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തിന് ആഴ്ചകൾക്കുള്ളിലായിരുന്നു മോദിയുടെ റമല്ല സന്ദർശനമെന്നതും ശ്രദ്ധേയം. (ശക്തരായ സുഹൃത്തുക്കളെ ഒപ്പം നിർത്തി രാഷ്ട്രീയ ആർജവം നേടുന്നതിന്റെ ഭാഗമെന്നാണു നെതന്യാഹു തന്റെ  സന്ദർശനത്തെ വിശേഷിപ്പിച്ചത്). പ്രധാനമന്ത്രിയായിരിക്കെ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു പലസ്തീൻ സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, ആ സന്ദർശനം പലസ്തീൻ സ്വതന്ത്രരാജ്യമായി അംഗീകരിക്കപ്പെട്ട 1988 നു മുൻപായിരുന്നു എന്നതു കണക്കിലെടുക്കുമ്പോൾ, പലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന മോദിയുടെ അവകാശവാദം അംഗീകരിച്ചേ മതിയാകൂ.

1967ൽ ഇസ്രയേൽ നിർമിച്ച അതിർത്തി ഇല്ലാതാക്കണമെന്നും ജറുസലം പലസ്തീനിന്റെ തലസ്ഥാനമായി വിട്ടുകൊടുക്കണമെന്നുമാണു പണ്ടുമുതലേ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയത്തിൽ ഇന്ത്യയുടെ നിലപാട്. റമല്ലയിലെ മോദിയുടെ പ്രസംഗം ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നതിൽ പിന്നാക്കംപോയെന്നതാണു യാഥാർഥ്യം. എങ്കിലും, സ്വതന്ത്ര പലസ്തീന്‍ എന്ന തങ്ങളുടെ പ്രധാന ആവശ്യത്തിനു കൂടെയുണ്ടെന്ന വാഗ്ദാനം ധാരാളമായിരുന്നു അവർക്ക്; അതുതന്നെയാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കാൻ അവരെ പ്രേരിപ്പിച്ചതും.

പശ്ചിമേഷ്യയാകെ കലുഷിതമായിരിക്കുകയും അവരുടെ പ്രശ്നങ്ങളിൽനിന്നു മറ്റു രാജ്യങ്ങൾ മുഖംതിരിച്ചു നിൽക്കുകയും ചെയ്യുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു മോദിയുടെ സന്ദർശനമെന്നതും ആ യാത്രയുടെ പ്രാധാന്യം വർധിപ്പിച്ചു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കണമെന്ന വിവാദ പ്രസ്താവനയിലൂടെ ഡോണൾഡ് ട്രംപ് മണ്ടത്തരംകാട്ടി നിൽക്കുന്ന അവസരത്തിലായിരുന്നു ആ യാത്ര. മുന്നറിയിപ്പുകളൊക്കെ അവഗണിച്ച് അറബ് മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ കടിഞ്ഞാൺ സ്വയം ഏറ്റെടുക്കുകയായിരുന്നു മോദി.

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ, പശ്ചിമേഷ്യയിലെ സമാധാന സംസ്ഥാപനത്തിനുള്ള തങ്ങളുടെ ‘സവിശേഷാധികാരം’ അങ്ങനെയങ്ങ് ഇന്ത്യയ്ക്കു വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണല്ലോ. ഗൾഫ് നാടുകളുമായി സഹകരണത്തിനു ട്രംപ് ഇപ്പോഴും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇസ്രയേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽനിന്നുകൊണ്ടുതന്നെ സൗദി അറേബ്യയുമായി ധാരണയിലെത്താൻ മരുമകൻ ജാറദ് കഷ്നറെ ട്രംപ് നിയോഗിച്ചിരിക്കുന്നു. 

പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന ബന്ധുത്വങ്ങളൊന്നും അവിടെ ശാശ്വത സമാധാനം കൊണ്ടുവരാൻ ഉപകരിക്കുന്നതല്ല എന്നതാണു യാഥാർഥ്യം. പക്ഷേ, ഇന്ത്യയ്ക്ക് ഉചിതമായ ഇടപെടൽ നടത്താൻ കഴിയുമെന്നു തന്നെ വിലയിരുത്തപ്പെടുന്നു. ഇതിനു മുൻകയ്യെടുക്കുന്നതായി ഇതുവരെ പ്രത്യക്ഷ സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിൽകൂടി പലസ്തീൻ വിഷയത്തിലെ ഇന്ത്യയുടെ സന്തുലിത നിലപാട് ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പലസ്തീനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന യുഎസ് ഭീഷണിക്കു തൊട്ടുപിന്നാലെ ഇന്ത്യ സഹായം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. 

പല കാരണങ്ങൾകൊണ്ട്, മോദിയുടെ യുഎഇ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു പ്രാദേശിക രാഷ്ട്രീയ നിരീക്ഷകൻ ചൂണ്ടിക്കാട്ടുന്നതു ശ്രദ്ധിക്കുക: ‘‘ഇരു രാജ്യങ്ങളും (ഇന്ത്യ, യുഎഇ) തമ്മിലുള്ള രാഷ്ട്രീയ ബന്ധം കഴിഞ്ഞ മൂന്നു വർഷത്തിനിടെ മുൻപെന്നത്തെക്കാളും ശക്തമായിരിക്കുന്നു. വിവിധ മേഖലകളിലെ സഹകരണത്തിന് ഇതുവഴി പെട്ടെന്നുണ്ടായ ഉണർവ് ശ്രദ്ധേയമാണ്. തുടക്കത്തിലിത് എണ്ണയുടെയും വ്യവസായ വളർച്ചയുടെയും പ്രവാസി ക്ഷേമത്തിന്റെയും കാര്യത്തിലായിരുന്നെങ്കിൽ ഇപ്പോൾ ഭക്ഷ്യസുരക്ഷ മുതൽ പ്രതിരോധ, നാവിക സഹകരണത്തിൽ വരെ അത് എത്തിനിൽക്കുന്നു. ഭാവിയിൽ ഇക്കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് ബഹുരാഷ്ട്ര സഹകരണത്തിന് മുൻകയ്യെടുക്കാനും ശ്രമമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഒപ്പം, നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തിനു തൊട്ടുപിന്നാലെ, തന്റെ യുഎഇ സന്ദർശനത്തിനു തൊട്ടുമുൻപ് മോദി നടത്തിയ പലസ്തീൻ സന്ദർശനം ഇന്ത്യയുടെ വിദേശനയത്തിലെ വൈവിധ്യവും ഒരു പരിധിവരെ വൈരുധ്യവും വ്യക്തമാക്കുന്നു’’.

ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റും അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ ഭൂമിപൂജയും മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഫലം വ്യക്തമാക്കുന്നതാണ്. എങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര സഹകരണം സംബന്ധിച്ച ചർച്ചയും തുടർന്നുണ്ടായ ധാരണയും തന്നെയാണ് എടുത്തുപറയേണ്ടത്. തീവ്രവാദം, ഭീകരവാദം, സുരക്ഷ, പ്രതിരോധം, ബഹിരാകാശ ഗവേഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിദ്യാഭ്യാസ, സാംസ്കാരിക, ടൂറിസം മേഖലകളും രാജ്യാന്തര, പ്രാദേശിക സഹകരണവും അവിടെ വിഷയങ്ങളായി. 

യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സുരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ, മോദിയുടെ സന്ദർശനത്തിന്റെ പ്രധാനഭാഗങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. 

‘‘എല്ലാ പ്രധാനമന്ത്രിമാരുടെയും സന്ദർശനത്തോടനുബന്ധിച്ചു ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കാറുണ്ട്. ഇത്തവണ എടുത്തുപറയേണ്ടതു രണ്ടെണ്ണമാണ്. 

1. ലോവർ സാകുമിൽ നിന്നു ഖനനം ചെയ്യുന്ന എണ്ണയുടെ ലഭ്യമായ 40% ഓഹരിയിൽ 10% ഒവിഎൽ (ONGC Videsh Limited) നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന് ലഭിച്ചിരിക്കുന്നു. സുസ്ഥിര ഉൽപാദനം നടത്തുന്ന പ്രധാനപ്പെട്ട ഒരു എണ്ണപ്പാടത്തുനിന്ന് അടുത്ത 40 വർഷത്തേക്ക് പ്രതിവർഷം 22 ലക്ഷം ടൺ ക്രൂഡ് ഓയിൽ വീതം നമുക്കു ലഭിക്കും. തന്ത്രപ്രധാനമായ പെട്രോളിയം റിസർവ് എഗ്രിമെന്റും മോദിയുടെ സന്ദർശന അവസരത്തിൽ ഒപ്പുവച്ചിരിക്കുന്നു. ഇതനുസരിച്ച് മംഗളൂരുവിലെ സംഭരണികളിലേക്ക് 60 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് എത്തുക.

2. ജമ്മു കശ്മീരിൽ കണ്ടെയ്നർ ടെർമിനൽ നിർമാണത്തിന് ഡിപി വേൾഡുമായി ധാരണ. ജമ്മുവിലേക്കു യുഎഇ നിക്ഷേപം എത്തിക്കാൻ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ട നേട്ടമാണ്.’’

വ്യവസായ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ഇരു ധാരണകളുമെന്നതിൽ സംശയമില്ല.

മോദിയുടെ ഒമാൻ സന്ദർശനത്തിനും ചെറുതല്ലാത്ത പ്രാധാന്യമാണുള്ളത്. ഊർജ, പ്രതിരോധ, സുരക്ഷാ, ഭക്ഷ്യ മേഖലകളിലുൾപ്പെടെ  വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ചകളുണ്ടായി. പ്രതിരോധ, ആരോഗ്യ, ടൂറിസം വിഷയങ്ങളുമായി ബന്ധപ്പെട്ട എട്ടു ധാരണാപത്രങ്ങളാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. തന്റെ പതിവുരീതി പിന്തുടർന്ന പ്രധാനമന്ത്രി ഒമാനിലെ ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ നേരിട്ടു സംബോധന െചയ്തു. കോൺഗ്രസ് നയിച്ച മുൻ സർക്കാരിനെ അഴിമതികളുടെ പേരിൽ നിശിതമായി വിമർശിച്ച മോദി, രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുകയാണു തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് അവകാശപ്പെട്ടു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും ആ ബന്ധം ശക്തമാക്കി നിലനിർത്തുന്നതിൽ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് വലുതാണെന്നും മോദി പറഞ്ഞു. 125 വർഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രവും മസ്കത്തിലെ ഗ്രാൻഡ് മോസ്കും പ്രധാനമന്ത്രി സന്ദർശിക്കുകയുണ്ടായി.

വിശാല പശ്ചിമേഷ്യയിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശന കവാടമാക്കി ഒമാനിലെ ദുഖം തുറമുഖത്തെ മാറ്റാനുള്ള ഉടമ്പടി പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഒപ്പുവച്ചിരിക്കുന്നു. ഇന്ത്യൻ സമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന സകല അടവുകളും പയറ്റുന്ന ഘട്ടത്തിൽ ഈ ഉടമ്പടിയുടെ പ്രാധാന്യം വളരെ വലുതാണ്. മേഖലയിൽ ഇന്ത്യയ്ക്ക് സുരക്ഷിത നിലമൊരുക്കാൻ ഇതു സഹായിക്കുമെന്നുറപ്പ്.

മടക്കയാത്രയോടനുബന്ധിച്ചുള്ള ലഘുസന്ദർശനമായിരുന്നെങ്കിലും, ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ജോർദാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. മേഖലയിലെ സമാധാന ശ്രമങ്ങളുടെ താക്കോൽസ്ഥാനത്തുള്ള ജോർദാനുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനംവഴി മോദിക്കു കഴിഞ്ഞു.

രാജ്യത്തിനു ഗുണമൊന്നും ചെയ്യാത്ത വിദേശയാത്രകൾ നടത്തി ആഘോഷിക്കുകയാണ് എന്ന ആരോപണം തുടർച്ചയായി നേരിടുന്നുണ്ട് പ്രധാനമന്ത്രി. പക്ഷേ, അദ്ദേഹത്തിന്റെ പശ്ചിമേഷ്യൻ യാത്ര, പതിവിനു വിപരീതമായി, ഉചിതമായ സമയത്ത് കൃത്യമായി നടപ്പാക്കിയതായി. വിഖ്യാതമായ അദ്ദേഹത്തിന്റെ ‘കെട്ടിപ്പിടിത്തം’ ചില രാജ്യങ്ങളിൽ അനുചിതമെന്നു വിലയിരുത്തപ്പെട്ടെങ്കിലും അറബ് പാരമ്പര്യത്തോടു ചേർന്നു നിൽക്കുന്നതിനാൽ അവിടെ ഏറെ സ്വീകാര്യമായി. ചുരുക്കിപ്പറഞ്ഞാൽ, ഈ യാത്രയ്ക്കുവേണ്ടി ചെലവഴിച്ച പണവും തയാറെടുപ്പും തികച്ചും രാജ്യത്തിനു മുതലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.