Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജറുസലം: യുഎന്നിൽ യുഎസിന് വൻ തിരിച്ചടി

ടി.പി. ശ്രീനിവാസൻ
trump-un

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മിത്രപക്ഷത്തുള്ള ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ പ്രഖ്യാപിച്ചതും തുടർ സംഭവങ്ങളുമാണല്ലോ പോയ വർഷാന്ത്യം രാജ്യാന്തരതലത്തിലെ പ്രധാന ചർച്ച. വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയിൽ യുഎസിനും ഇസ്രയേലിനുമുണ്ടായ തിരിച്ചടി ദയനീയമായിരുന്നു.

വോട്ടെടുപ്പിൽ അംഗരാജ്യങ്ങൾ ട്രംപിന്റെ നിലപാടിനെ അപ്പാടെ തള്ളുകയാണുണ്ടായത്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, തോഗോ, മാർഷൽ ഐലൻഡ്സ്, മൈക്രൊനേഷ്യ, നൗറു, പലൗ തുടങ്ങിയ ‘ബനാന റിപ്പബ്ലിക്കു’കളുടെ മാത്രം പിന്തുണയാണ് യുഎസിനും ഇസ്രയേലിനും ലഭിച്ചത്. രാജ്യാന്തരനിയമങ്ങളുടെ ലംഘനത്തിനു ലഭിച്ച ശിക്ഷ മാത്രമല്ല, തങ്ങളടെ നിലപാട് എതിർക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന യുഎസ് ഭീഷണി വിലപ്പോകില്ലെന്ന ഇതരരാജ്യങ്ങളുടെ പ്രഖ്യാപനംകൂടിയായിരുന്നു വോട്ടെടുപ്പ് ഫലം.

തർക്കഭൂമി കൂടിയായ വിശുദ്ധനാടിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരായ പ്രമേയം, വൻ ഭൂരിപക്ഷത്തോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ അംഗീകരിച്ചത്. യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യ ഉൾപ്പെെട 128 രാജ്യങ്ങളാണു പ്രമേയത്തെ അനുകൂലിച്ചത്. എതിർത്തു വോട്ട് ചെയ്തത് ഒൻപതു രാജ്യങ്ങൾ മാത്രം. 35 രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ 21 രാജ്യങ്ങൾ വോട്ട് രേഖപ്പെടുത്തിയില്ല. യുഎസിന്റെ പ്രധാന സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ ഉള്‍പ്പെടെ പ്രമേയത്തെ അനുകൂലിച്ചപ്പോൾ കാനഡയും ഓസ്ട്രേലിയയും ഉൾപ്പെടെ വിട്ടുനിന്നു. യുഎസിന്റെ ദേശീയ സുരക്ഷാ നയത്തിൽ ഇന്ത്യയെ പ്രധാന പങ്കാളിയായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനു ദിവസങ്ങൾമാത്രം പിന്നിട്ടപ്പോൾ ഇന്ത്യയും യുഎസിനെതിരായ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തതു ശ്രദ്ധേയമായി.

പ്രമേയത്തെ എതിർക്കുകയോ വിട്ടുനിൽക്കുകയോ വോട്ട് രേഖപ്പെടുത്താതിരിക്കുകയോ ചെയ്ത 65 രാജ്യങ്ങൾക്കു നന്ദി രേഖപ്പെടുത്തിയ യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി മുന്നറിയിപ്പുപോലെ ഇത്രയുംകൂടി പറഞ്ഞുവച്ചു: ‘‘ഐക്യരാഷ്ട്ര സംഘടനയ്ക്ക് അംഗരാജ്യങ്ങളിൽവച്ച് ഏറ്റവുംകൂടിയ തുക സംഭാവനയായി നൽകിവരുന്ന യുഎസ്, ഇനിയൊരു തവണകൂടി പണം നൽകുന്നതിനുമുൻപ് ഈ തിരിച്ചടി ഓർമിക്കും. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ യുഎസിന്റെ സ്വാധീനം അഭ്യർഥിച്ച് മറ്റു രാജ്യങ്ങൾ ഞങ്ങളെ സമീപിക്കുമ്പോഴും ഈ സംഭവം ഞങ്ങൾ ഓർമിക്കും’’. അൽപംകൂടി ആശങ്കാജനകമായിരുന്നു ട്രംപിന്റെ പ്രതികരണം. - ‘‘ശതകോടികൾ യുഎസിൽനിന്നു സഹായമായി കൈപ്പറ്റിയശേഷമാണ് ഈ രാജ്യങ്ങൾ യുഎസിനെതിരെ വോട്ട് ചെയ്തിരിക്കുന്നത്. ഈ വോട്ടുകളോരോന്നും ഞങ്ങൾ നോക്കിവച്ചിരിക്കുന്നു. അവർ ഞങ്ങൾക്കെതിരെ വോട്ട് ചെയ്യട്ടെ, ഞങ്ങൾ ഒരു വൻ തുക ലാഭിക്കും. അല്ലാതൊന്നുമില്ല.’’

ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് അടുത്ത സഖ്യരാഷ്ട്രങ്ങളുൾപ്പെെട രാജ്യാന്തര സമൂഹത്തെയൊന്നാകെ യുഎസിനെതിരെ നിരത്തിയ ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്; 3500 വർഷത്തെ ചരിത്രമുറങ്ങുന്ന, ക്രൈസ്തവ, മുസ്‌ലിം, ജൂത വിശ്വാസി സമൂഹത്തിന്റെ പുണ്യഭൂമിയായ ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം. നിലവിൽ എല്ലാ രാജ്യങ്ങളുടെയും എംബസി സ്ഥിതിചെയ്യുന്ന ടെൽ അവീവിൽനിന്ന് യുഎസിന്റെ എംബസി ജറുസലമിലേക്കു മാറ്റുകയാണെന്നും ട്രംപ് അറിയിച്ചു.

പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ രാജ്യാന്തര സമൂഹത്തിൽനിന്നൊന്നാകെ പ്രതിഷേധമുയരുകയും ഗാസ, വെസ്റ്റ്ബാങ്ക് മേഖലകൾ അക്രമാസക്തമാകുകയും ചെയ്തതോടെ യുഎസിനുണ്ടായ ക്ഷീണം മറയ്ക്കാൻ പ്രസിഡന്റ് വീണ്ടും വിശദീകരണവുമായെത്തി. ഇരു വിഭാഗങ്ങളും അനുകൂലിക്കുകയാണെങ്കിൽ ജറുസലമിനെ ഇസ്രയേലും പലസ്തീനും പങ്കിട്ടെടുക്കുന്നതിനെ യുഎസ് പിന്തുണയ്ക്കുമെന്നായിരുന്നു പുതിയ നിലപാട്! ഇസ്രയേലും പലസ്തീനും തമ്മിൽ സുദീർഘമായ ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

പ്രതീക്ഷിച്ച പ്രതികരണം തന്നെയാണുണ്ടായത്. അതിർത്തി രക്തരൂഷിതമായി. തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി പലസ്തീനികൾ തെരുവിലിറങ്ങി. ലോകത്തിന്റെ ഓരോ കോണിലും പ്രതിഷേധ സംഗമങ്ങൾ നടന്നു. യുഎസ് പ്രഖ്യാപനത്തെ അപലപിക്കുന്നതിന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) വിളിച്ചുചേർത്ത സമ്മിറ്റ്, കിഴക്കൻ ജറുസലമിനെ സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സമാധാനത്തിന്റെ ഇടനിലക്കാർ എന്ന നിലയിൽ യുഎസിനുണ്ടായിരുന്ന വിശ്വാസ്യത തകർന്നതായി പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു. പലസ്തീൻ സ്വതന്ത്രരാജ്യമാക്കുക എന്ന പരിഹാരമാർഗത്തെ ട്രംപ് ഇല്ലാതാക്കിെയന്ന് ആരോപിച്ച അദ്ദേഹം, മേലി‍ൽ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ വരരുതെന്നു യുഎസിനു മുന്നറിയിപ്പു നൽകി. ഭാവിയിൽ യുഎസ് മുന്നോട്ടുവയ്ക്കുന്ന ഒരു സമാധാനപദ്ധതിയും പലസ്തീൻ ജനത അംഗീകരിക്കില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ചരിത്രപരമായ തെറ്റായ ചുവടുവയ്പിനെ എതിർത്തു മുന്നോട്ടുവന്ന ലോകനേതാക്കളുടെ കൂട്ടത്തിൽ ഫ്രാൻസിസ് മാർപാപ്പയുമുണ്ടായിരുന്നു. വിഷയത്തിൽ തനിക്കു നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ജറുസലം വിഷയത്തിലെ ഈ നിലപാട്, തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നതാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജറുസലം ആയിരിക്കേണ്ടതു ക്രിസ്തുവിന്റെ രണ്ടാം വരവിന് അനിവാര്യമാണെന്നു വിശ്വസിക്കുന്ന എട്ടുകോടി ഇവാൻജലിക്കൽ ക്രിസ്ത്യൻ മതവിശ്വാസികളെയും തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനു വൻതുക സംഭാവന നൽകിയ കൺസർവേറ്റിവ് ജൂതരെയും തൃപ്തിപ്പെടുത്തേണ്ടത് ട്രംപിന്റെ ആവശ്യമായിരുന്നല്ലോ. പല മുൻ പ്രസിഡന്റുമാരും ഈ വാഗ്ദാനം നൽകി അധികാരത്തിലേറിയശേഷം നിലപാടു മാറ്റിയവരാണെന്നാണു ട്രംപിന്റെ പക്ഷം. അവർക്കൊന്നും ഇതു നടപ്പാക്കാനുള്ള ധൈര്യമില്ലായിരുന്നത്രേ. യഥാർഥത്തിൽ അവരാരും വരുംവരായ്കകൾ ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നവരായിരുന്നില്ല; അങ്ങേയറ്റം പ്രകോപനപരമായ തീരുമാനം നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ബോധവാൻമാരായിരുന്നു താനും.

ജറുസലം ഇസ്രയേലിന്റെ തലസ്ഥാനമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധം, മറ്റൊരവസരത്തിലായിരുന്നെങ്കിൽ ഒരു യുദ്ധത്തിനുതന്നെ വഴിവച്ചേനെ. അറബ് വസന്തത്തിനു പിന്നാലെ അറബ് മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റം ട്രംപിന് ധൈര്യം നൽകിയ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്. പലസ്തീനെ പിന്തുണയ്ക്കുന്നവരിൽ പ്രധാനപ്പെട്ടവരെയൊക്കെ നിശബ്ദരാക്കാനും ട്രംപിനു കഴിഞ്ഞു. യുഎസ് പ്രസിഡന്റിനോട് തുറന്നപോരിനുള്ള വിമുഖത ഒഐസി ഉച്ചകോടിയിൽപോലും പ്രകടമായിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ചിലർ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരം കാണാൻകഴിയാതെ വലയുമ്പോൾ ചിലർക്കു പുറത്തുനിന്നുള്ള ശക്തികള്‍ ഉയർത്തുന്ന വെല്ലുവിളികളുണ്ട്. ട്രംപ് അനുകൂല സമയത്ത് അവസരം മുതലാക്കിയെന്നുമാത്രം.

വിഷയത്തിൽ ഇന്ത്യയുടെ അളന്നുമുറിച്ചുള്ള പ്രതികരണം രാഷ്ട്രീയമായും ധാർമികമായും ശരിയായിരുന്നു എന്നുതന്നെ പറയണം. പലസ്തീൻ വിഷയത്തിൽ അതീവ താൽപര്യം കാണിക്കുമ്പോൾതന്നെ ഇസ്രയേലുമായി ഊഷ്മള സഹകരണം തുടരുകയും ചെയ്യുന്നുണ്ട് ഇന്ത്യ. എന്തായാലും, മേഖലയിലെ സമാധാന ശ്രമങ്ങൾക്കിടയിൽ ട്രംപ് ഉണ്ടാക്കിയ വിടവ് ഫലപ്രദമായി ഉപയോഗിച്ചാൽ ഇന്ത്യയ്ക്കുമുന്നിൽ സാധ്യതകൾ ഏറെ തെളി‍ഞ്ഞുനിൽപുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.