Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സങ്കൽപങ്ങളിലേയുള്ളൂ, ഇന്ത്യ–പാക്ക് തുല്യത

ടി.പി. ശ്രീനിവാസൻ
AFP_LV6L6

37 വർഷത്തിനിടെ വിവിധ രാജ്യതലസ്ഥാനങ്ങളിൽവച്ചു പാക്കിസ്ഥാനുമായി നയതന്ത്ര ഇടപെടലുകൾ നടത്തിയതിനു ശേഷം ഇസ്‌ലാമാബാദിലേക്കു നടത്തിയൊരു ചെറുസന്ദർശനം അക്ഷരാർഥത്തിൽ കണ്ണുതുറപ്പിക്കുന്നതായിരുന്നു. കുറ്റമറ്റതായിരുന്നു അവിടെ ലഭിച്ച സ്വീകരണവും ആതിഥ്യവും; നാം സങ്കൽപിച്ചുകൂട്ടുന്നത്ര ഭീകരനായ പ്രതിയോഗിയല്ല ആ രാജ്യമെന്നു വ്യക്തമാകുന്നത്ര മികച്ചത്. ആഭ്യന്തരമായിത്തന്നെ ദിനംപ്രതി ശക്തിയാർജിക്കുന്ന ഭീകരവാദവും തീവ്രവാദവുമാണ് ആ രാജ്യത്തെ ഏറെ ഭയപ്പെടുത്തുന്നത്. ചൈനയുടെ സഹായംകൊണ്ടുമാത്രം നില‍നിൽക്കുകയും വളരുകയും ചെയ്യുന്ന സമ്പദ്ഘടന.

അഫ്ഗാനിസ്ഥാൻ വിഷയങ്ങളിൽ പാക്കിസ്ഥാന്റെ ഇടപെടൽ സംബന്ധിച്ച് യുഎസ് അന്ത്യശാസനം കൊടുത്തിരിക്കുകയാണിപ്പോൾ. ഇന്ത്യയുമായുള്ള ബന്ധം ഏതാണ്ട് മരവിച്ച അവസ്ഥയിൽ. ആശ്രയിക്കാൻ ചൈനയും റഷ്യയും മാത്രമെന്ന സാഹചര്യം. കശ്മീർ പ്രശ്നം തിളപ്പിച്ചുനിർത്തി ഇന്ത്യയോടു മൽസരിക്കുന്നതിലെ നിരർഥകത ഇനിയെങ്കിലും മനസ്സിലാക്കുകയും ദക്ഷിണേഷ്യയിൽ സമാധാനവും സഹകരണവും കൊണ്ടുവരാൻ സഹകരിക്കുകയുമാണു പാക്കിസ്ഥാൻ ചെയ്യേണ്ടത്.

പാക്കിസ്ഥാനിൽനിന്നുള്ള കുറെയേറെ നയതന്ത്ര പ്രതിനിധികളെ എനിക്കു പരിചയമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള പോര് പരിഗണിക്കാതെ പലരും അടുത്ത സുഹൃത്തുക്കളുമാണ്. പ്രത്യേകിച്ച്, നയ്റോബി, വിയന്ന തുടങ്ങിയിടങ്ങളിൽ ജോലി ചെയ്യുന്ന കാലത്തു പരിചയപ്പെട്ടവർ. രണ്ടുപേരുടെയും അജണ്ടകൾ ഒന്നിനു നേർവിപരീതമാണെങ്കിലും, പരസ്പരവിരോധം പുറമേ കാണാനില്ലായിരുന്നു. അതേസമയം, നേരെമറിച്ചാണു ന്യൂയോർക്കിലെയും വാഷിങ്ടനിലെയും ജനീവയിലെയും അനുഭവം.

വിയന്നയിൽ ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസി(ഐഎഇഎ) ആസ്ഥാനത്ത് എന്റെ അടുത്ത സഹപ്രവർത്തകർ ഇസ്രയേലിന്റെയും പാക്കിസ്ഥാന്റെയും പ്രതിനിധികളായിരുന്നു. കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള സസ്റ്റെയ്നബിൾ ഡവലപ്മെന്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്(എസ്ഡിപിഐ) നടത്തിയ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് കോൺഫറൻസിൽ പങ്കെടുക്കാൻ എന്നെ പാക്കിസ്ഥാനിലേക്കു ക്ഷണിച്ചത് നയ്റോബിയിൽ എന്റെ സഹപ്രവർത്തകനായിരുന്ന അംബാസഡർ ഷഫ്ഖത്ത് കകഖേൽ ആണ്.

ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കാൻ കിട്ടിയ അവസരം ആകർഷകമായിരുന്നെങ്കിലും നിലവിലെ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളലുകൾ കണക്കിലെടുക്കുമ്പോൾ തരണം ചെയ്യാനാകാത്ത കടമ്പകൾ പലതുണ്ടായിരുന്നു. ഈ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിക്കാനായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ എല്ലാവരുടെയും ശ്രമം. പോകാൻ തന്നെയാണ് എന്റെ തീരുമാനമെന്ന് ഉറപ്പായതോടെ, ‘സുരക്ഷിതനായിരിക്കൂ’ എന്ന ആശംസകളായി. ആ വാക്കുകളിൽ അവരുടെയുള്ളിലെ പേടി തെളിഞ്ഞുകാണാമായിരുന്നു.

വിദ്യാഭാസ മേഖലയിൽ എന്റെ സമീപകാല അനുഭവപരിചയം പരിഗണിച്ച്, എസ്‍ഡിപിഐ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ അധ്യക്ഷൻകൂടിയായ അംബാസഡർ കകഖേൽ എന്നെ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട ഒരു പാനലിലാണു നിയോഗിച്ചത്. അതുകൊണ്ട് സുരക്ഷ ഉൾപ്പെടെയുള്ള സങ്കീർണവിഷയങ്ങളിൽ അവിടെ എനിക്ക് ഇടപെടേണ്ടിവന്നില്ല; യഥാർഥത്തിൽ രാഷ്ട്രീയത്തെക്കാൾ അവിടെ മുഖ്യപരിഗണന ലോജിസ്റ്റിക്സിനായിരുന്നെങ്കിലും.

ഏതാണ്ടെല്ലാ രാജ്യങ്ങളിലും വീസ നിയമങ്ങൾ അത്യന്തം കർശനമാണ്. അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യത്തുനിന്നുള്ളയാളാണെങ്കിൽപോലും, വീസ ഓൺലൈൻ ആപ്ലിക്കേഷൻ മെഷീൻ വഴി സ്വീകരിക്കുന്നതുമുതലുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കു കടക്കാൻപോലും കഴിയില്ല; അതു നയതന്ത്ര പ്രതിനിധിയാണെങ്കിൽപോലും. മാനുഷിക പരിഗണനയൊന്നും അവിടെ വിലപ്പോകില്ല. ഒരു അനുഭവം പറയാം. ഓൺലൈനിൽ വീസ അപേക്ഷ നൽകാൻ ശ്രമിക്കുമ്പോൾ എന്റെ സർനെയിം ‘എറർ’ എന്നു കാട്ടി കംപ്യൂട്ടർ തള്ളിക്കളഞ്ഞുകൊണ്ടേയിരിക്കുന്നു. അക്കാരണംകൊണ്ട് ആദ്യവരിക്കപ്പുറം ഒന്നും ചെയ്യാൻ കഴിയുന്നില്ല. പാസ്പോർട്ടിലുള്ള പേര് അതേപടി പകർത്തുമ്പോൾ തെറ്റുകാണിക്കുന്നതിന്റെ കാരണം അവിടെയാർക്കും വിശദീകരിക്കാൻ കഴിയുന്നില്ല.

പക്ഷേ, പാക്കിസ്ഥാനിലെ സ്ഥിതി നേരെ തിരിച്ചായിരുന്നു. അവിടെ വീസ ഇങ്ങോട്ടു തേടിവരുന്ന സാഹചര്യമായിരുന്നു!. എനിക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് ഡിപ്ലൊമാറ്റിക് പാസ്പോർട്ട് ഡൽഹിയിൽ എത്തിച്ചു മടങ്ങുകയായിരുന്നു. വിമാനത്തിൽ കയറുന്നതിനു കൃത്യം 24 മണിക്കൂർ മുൻപ് വീസ എന്റെ കയ്യിലെത്തിക്കാൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ മുതിർന്ന നയതന്ത്ര പ്രതിനിധികൾ രണ്ട് അവധി ദിവസങ്ങളിൽ ഉറക്കമിളച്ചു. സ്വാഭാവികമായും എസ്ഡിപിഐ അതിന്റെ ശക്തമായ സ്വാധീനശേഷി അതിനുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. വീസ ലഭിക്കുന്നതിൽ എനിക്കുണ്ടായ ഏറ്റവും മികച്ച അനുഭവം പാക്കിസ്ഥാനിൽനിന്നായിരുന്നു എന്നത് ആശ്ചര്യജനകം തന്നെ. ശുഭയാത്ര നേർന്ന് പാക്ക് ഹൈക്കമ്മിഷണറുടെ ഫോൺകോൾ കൂടി എത്തിയതോടെ എന്റെ ആശങ്കകൾ ശുഭപ്രതീക്ഷകൾക്കു വഴിമാറി‌.

യാത്രകളിലെ പെരുമാറ്റ മര്യാദകളിൽ പാക്കിസ്ഥാനികൾ നമ്മളെക്കാൾ കുറച്ചു മോശമാണെന്നായിരുന്നു ഇസ്‌ലാമാബാദ് എയർപോർട്ടിൽ എത്തിയപ്പോഴുള്ള അനുഭവം. എന്നെ വലച്ചതും അതാണ്. നിങ്ങൾ ഒരു ക്യൂവിൽ നിൽക്കാൻ തുടങ്ങിയാൽ അവിടെത്തന്നെ നിൽക്കേണ്ടിവരും. നൂറുകണക്കിനു പേർ ഒരു പരിഗണനയുമില്ലാതെ നിങ്ങളെ മറികടന്നു പോകും. സങ്കടകരമെന്നു പറയട്ടെ, കോൺഫറൻസുകളിൽ ഉന്നതർക്കുവേണ്ടിയുള്ള ബുഫെയിൽ പോലും ഇതേ അനുഭവമുണ്ടായി. ‘ആപ് പെഹലെ’(താങ്കൾ ആദ്യം) സംസ്കാരം പാക്ക് ആചാര രീതിയുടെ ഭാഗമാണെന്നാണെന്നായിരുന്നു അതുവരെ എന്റെ ധാരണ.

എന്തിനും ഏതിനും ഇന്ത്യയെയും പാക്കിസ്ഥാനെയും സമീകരിക്കുന്നതിലെ അസംബന്ധമായിരുന്നു എന്റെ കണ്ണു തുറപ്പിച്ച മറ്റൊരു സംഗതി. കശ്മീർ പ്രശ്നവും മറ്റു ഭിന്നതകളും രാജ്യാന്തര തലത്തിൽ ചർച്ചയാക്കുക വഴി, മറ്റു രാജ്യങ്ങൾക്കിടയിൽ ഇന്ത്യ–പാക്ക് എന്ന തുല്യ ഗണന പാക്കിസ്ഥാൻ ചുളുവിൽ നേടിയെടുക്കുകയായിരുന്നു. ഒരു മേഖലയിലും ഇരു രാജ്യങ്ങളും തമ്മിൽ താരതമ്യത്തിന് പ്രസക്തിയില്ലെന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് ബംഗ്ലദേശ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷം. ഡൽഹിയുടെ ഒരു പ്രാന്തപ്രദേശത്തിന്റെ മാത്രം വലിപ്പമേയുള്ളൂ ഇസ്‌ലാമാബാദിന്. ഇരുപതു ലക്ഷം ജനം. ഗതാഗതത്തിരക്ക് കുറഞ്ഞ വിശാലമായ റോഡുകൾ. ആകെ രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. രാജ്യാന്തര വിമാനത്താവളത്തിലുള്ളതാകട്ടെ ഒരു ഡിപാർച്ചർ ഗേറ്റ് മാത്രം. സൈനിക സന്തുലനം അട്ടിമറിച്ച ആണവശേഷി മാറ്റി നിർത്തിയാൽ മറ്റെല്ലാ മേഖലയിലും പാക്കിസ്ഥാൻ ഇന്ത്യയെക്കാൾ ഏറെ വർഷങ്ങൾ പിന്നിലാണ്.

ദക്ഷിണേഷ്യയെക്കുറിച്ചുള്ള പഠനമെന്ന നാട്യത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ചുള്ള താരതമ്യ പഠനമായിരുന്നു എസ്ഡിപിഐ കോൺഫറൻസിന്റെ യഥാർഥ അജണ്ട. ബംഗ്ലദേശും ശ്രീലങ്കയും കരയ്ക്കിരുന്നു കളി കണ്ടു; അത്രതന്നെ! ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള എല്ലാ വിലയിരുത്തലുകളും വിരൽ ചൂണ്ടിയത് ഗവേഷണ മേഖലയിലൊഴികെ പാക്കിസ്ഥാൻ നമ്മെക്കാൾ ഏറെ പിന്നിലാണെന്നാണ്. ഗവേഷണ രംഗത്ത് പാക്കിസ്ഥാൻ സാർക്ക്, ബ്രിക്സ് രാജ്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നു.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കർത്താക്കൾ ഇക്കാലത്തു നേരിടുന്ന വെല്ലുവിളികളിലേക്കു വിരൽചൂണ്ടാനാണ് എന്റെ അവതരണസമയത്തു ഞാൻ ശ്രമിച്ചത്. അത്യാവശ്യം പേരുള്ള, തരക്കേടില്ലാതെ മുന്നോട്ടുപോകുന്ന സംരംഭങ്ങളിൽ മാറ്റത്തിനുവേണ്ടി കൈവയ്ക്കാനുള്ള അങ്ങേയറ്റത്തെ വിമുഖതയാണ് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ ഒരു നവോഥാനത്തിനു വിലങ്ങുതടിയാകുന്നത്. ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽനിന്നു തരിമ്പും മുന്നോട്ടോടാനോ കാലോചിതമായ പരിഷ്കരണത്തിനു വിധേയപ്പെടാനോ തയാറാകാത്തവയാണ് ഏതാണ്ടെല്ലാ സ്ഥാപനങ്ങളും. ഒരു അഴിച്ചുപണി തീർച്ചയായും ശ്രമകരവും ചെലവേറിയതുമാണ്.

മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെപ്പോലെതന്നെ ഇന്ത്യയിലും വിദ്യാഭ്യാസമേഖലയിലുള്ളവർ ഊന്നൽനൽകുന്നത് അതിലെ ബിസിനസ് സാധ്യതകൾക്കാണെന്നതാണു യാഥാർഥ്യം. അതേസമയം, ലോകത്തു മറ്റെല്ലായിടത്തും പത്തുവർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങൾ ഈ രംഗത്തു സംഭവിച്ചുകൊണ്ടിരികുന്നു; ഒരു നൂറ്റാണ്ടിനിടെ സംഭവിച്ചതിനെക്കാൾ വലിയ മാറ്റങ്ങൾ. നമ്മളോ, മനഃപാഠമാക്കലും കാലഹരണപ്പെട്ട പരീക്ഷാസമ്പ്രദായവും മാറ്റത്തിനു വഴങ്ങാത്ത അധ്യാപനരീതിയും ഉൾപ്പെടുന്ന പഴഞ്ചൻ രീതിതന്നെ ഇന്നും പിന്തുടരുന്നു. അധ്യയനരീതിയിൽ കാലോചിതമായ പ്രഫഷനലിസം കുറച്ചെങ്കിലും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാവുന്നതു സ്വകാര്യ സ്ഥാപനങ്ങളെയാണ്. എന്നാൽ അവയുടെ പ്രവർത്തവും റഗുലേറ്ററി ഏജൻസികളുടെ നിർദേശങ്ങളാൽ നിയന്ത്രിതമാണല്ലോ.

എന്റെ ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരുന്ന പാക്ക് പ്രതിനിധികൾ വിദ്യാഭ്യാസരംഗത്ത് അവരുടെ രാജ്യം നേരിടുന്ന, ഇതിനെക്കാൾ ശോചനീയമായ സാഹചര്യങ്ങളാണു തുറന്നുകാട്ടിയത്. ആ കോൺഫറൻസിന്റെ അജണ്ട വളരെ വിലയേറിയതായിരുന്നു. എല്ലാ പ്രതിനിധികൾക്കും സംസാരിക്കുന്നതിനുവേണ്ടി ഏതാനും സമാന്തര സെഷനുകൾകൂടി സജ്ജീകരിക്കേണ്ടിവന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റയെല്ലാം ശേഖരിച്ച് മികച്ചരീതിയിലാണ് ഓരോ സെഷനും ഒരുക്കിയിരുന്നത്.

പൈതൃകക്കാഴ്ചകളോ സ്മാരകങ്ങളോ അംബരചുംബികളായ കെട്ടിടങ്ങളോ നിയോൺ വെളിച്ചത്തിന്റെ പ്രഭയോ ഒന്നുമില്ല ഇസ്‌ലാമാബാദിൽ. നഗരമാകെ ‘മൂഡോഫ്’ ആയി നിൽക്കുകയാണെന്നു തോന്നും. ഭയാനകമായ നിശബ്ദതയും അസ്വസ്ഥപ്പെടുത്തുന്ന നിശ്ചലതയും ഇടയ്ക്കെങ്കിലും മുറിയുന്നത് എവിടെയെങ്കിലും ചെറുസംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴാണ്. അങ്ങനെയൊരു സൂചന കിട്ടിയാൽതന്നെ മുളയിലേ നുള്ളുന്നതിനായി സൈന്യം പാഞ്ഞെത്തുകയും ചെയ്യും. സുരക്ഷാ മുൻകരുതലുകളില്ലാതെ ഇസ്‌ലാമാബാദ് സന്ദർശിക്കരുതെന്നു ചൈന അവിടുത്തെ പൗരൻമാർക്കു മുന്നറിയിപ്പു നൽകിയതു വെറുതെയല്ല. ഞാൻ പങ്കെടുത്ത കോൺഫറൻസിലേക്കു ക്ഷണം കിട്ടിയ ഒരു ഡസനോളം ഇന്ത്യക്കാർ സുരക്ഷാഭീതിമൂലം അവസരം വേണ്ടെന്നുവച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഏതുകോണിലും പ്രത്യക്ഷപ്പെടുമെങ്കിലും സൈന്യം ഏതു നേരവും ഇസ്‌ലാമാബാദ് തെരുവുകളിൽ റോന്തുചുറ്റുന്നൊന്നുമില്ല.

നമ്മുടെ ഹൈ കമ്മിഷൻ സ്ഥിതിചെയ്യുന്ന ഡിപ്ലോമാറ്റിക് എൻക്ലേവ്, പൊതുജന ദൃഷ്ടിയിൽനിന്നകലെ മനോഹരമായ തോട്ടത്തിനു നടുവിൽ പ്രൗഢിയോടെ നിൽക്കുന്ന വലിയൊരു കോട്ടയാണ്. ഒരു പട്ടാളകേന്ദ്രംകൂടിയാണെന്നുവേണം പറയാൻ. അതീവസുരക്ഷയുടെ കരുതലിലും സമാനമായ വശ്യതയോടെ തലയുയര്‍ത്തിനിൽക്കുന്ന, നമ്മുടെ ന്യൂഡൽഹിയിലെ ചാണക്യപുരി ഓർമവരും ഡിപ്ലോമാറ്റിക് എൻക്ലേവ് കാണുമ്പോൾ. ഇന്ത്യൻ ഹൈകമ്മിഷൻ പുതിയ ഹൈകമ്മിഷണറെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. പോളണ്ടിലെ ഇന്ത്യൻ സ്ഥാനപതിയായി  സേവനമനുഷ്ഠിച്ചുവന്ന അജയ് ബിസാരിയയാണ് പുതുതായി ഇവിടേക്കു നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഞാൻ മടങ്ങുന്ന ദിവസം പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രമായ ഡോണ്‍ അതിന്റെ ഒപിനിയൻ എഡിറ്റോറിയൽ പേജിൽ പാക്കിസ്ഥാന്റെ മുൻ യുഎസ് സ്ഥാനപതി അഷറഫ് ജഹാംഗിർ ഖ്വാസിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘‘പാക്കിസ്ഥാനെ ഇല്ലാതാക്കാൻ ഈ രാജ്യത്തിന്റെ തലവൻമാർതന്നെ ശ്രമിച്ചുകൊണ്ടിരിക്കെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിനു ശ്രമിച്ചുകൂടാ’’ എന്നാണദ്ദേഹം ചോദിച്ചത്. ദാരിദ്ര്യവും അസമത്വവും തീവ്രമാണെങ്കിലും അവിടെ പാവങ്ങൾക്കുവേണ്ടി,രാജ്യവളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി പോലുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആകെയുള്ളത് മതനേതാക്കളും തീവ്രദേശീയവാദി നേതാക്കളും മാത്രം. കൃത്യമായ ദിശാബോധമില്ലാത്ത നേതാക്കളെ ആട്ടിപ്പുറത്താക്കാനുള്ള പോരാട്ടത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതെന്നുവേണം അദ്ദേഹത്തിന്റെ ലേഖനത്തെ വിശേഷിപ്പിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.