Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘ട്രംപിസ്ഥാനിലെ’ ജീവിതം

ടി.പി. ശ്രീനിവാസൻ
94119884

1979 മുതലിങ്ങോട്ട് നൂറിലേറെത്തവണ യുഎസ് ഇമിഗ്രേഷൻ കൗണ്ടറുകളിലൂടെ കടന്നുപോയിട്ടുണ്ട്; ഒരു ദുരനുഭവംപോലും എനിക്കുണ്ടായിട്ടില്ല. പ്രത്യേക നയതന്ത്ര പാസ്പോർട്ടും വീസയും നൽകുന്ന വിഐപി പരിഗണന വാദത്തിനുവേണ്ടി ചൂണ്ടിക്കാട്ടാമെങ്കില്‍തന്നെ, ഇമിഗ്രേഷൻ ഏജന്റിനു ചോദ്യംചെയ്യാനോ സംശയം തോന്നിയാൽ വിശദമായി പരിശോധിക്കാനോ ഇതൊന്നും തടസ്സമല്ലെന്നതാണു യാഥാർഥ്യം. ഒരിക്കൽ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ എന്റെ സ്യൂട്കേസ് തുറന്നു പരിശോധിക്കുകയുണ്ടായി. മറ്റൊരിക്കൽ, നയതന്ത്ര പാസ്പോർട്ടുണ്ടായിരിക്കെ സാധാരണ വീസയിൽ എത്തിയതില്‍ സംശയം തോന്നി എന്നെ ചോദ്യംചെയ്യുകയും ചെയ്തു (ഞാൻ വിയന്നയിൽനിന്ന് ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു). രണ്ടുതവണയും ക്ലിയറൻസിന് തടസ്സമോ താമസമോ ഉണ്ടായില്ല.

എന്നാൽ, പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള എന്റെ ആദ്യ യുഎസ് യാത്ര അൽപം ആശങ്കയോടെയായിരുന്നു. നയതന്ത്ര പാസ്പോർട്ട് ഉണ്ട്. വീസ, ആറു വർഷം മുൻപു ചെന്നൈയിൽനിന്ന് പതിച്ചുനൽകിയ സാധാരണ വീസയാണ്. വിമാനത്താവളത്തിൽനിന്നു പുറത്തുകടക്കൽ മുൻകാലങ്ങളിലെപ്പോലെ അനായാസമാകില്ലെന്നൊരു തോന്നൽ. പഴയ വീസകൾ വിശദപരിശോധനയ്ക്കു വിധേയമാക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും, അത്തവണയും ഭാഗ്യവശാൽ മോശം അനുഭവമൊന്നും ഉണ്ടായില്ല. വീസ വിവരങ്ങൾ പരിശോധിക്കുന്നതിനായി ഒരു മെഷീനു മുന്നിലേക്ക് അവരെന്നെ കൊണ്ടുപോയി. ചില സ്വാഭാവിക ചോദ്യങ്ങളുമുണ്ടായി. എന്റെ ചിത്രം പതിച്ച പ്രിന്റൗട്ട് മെഷീനിൽനിന്നു ലഭിച്ചതോടെ ഇമിഗ്രേഷൻ ഏജന്റ് കൂടുതലൊന്നും പറയാതെ കൈവീശിക്കാട്ടി പോകാനനുവദിക്കുകയും ചെയ്തു.

ഡോണൾഡ് ട്രംപിന്റെ പ്രവചനാതീതമായ പ്രസ്താവനകളും നടപടികളും മൂലം രാജ്യം ഏതു വഴിക്കാണു നീങ്ങുന്നതെന്ന സ്വാഭാവിക ഉദ്വേഗമല്ലാതെ ‘ട്രംപിസ്ഥാനിൽ’ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. സത്യത്തിൽ, പ്രസിഡന്റിന്റെ പ്രവചനാതീത സ്വഭാവം മൂലം ‘അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാൻ’ അദ്ദേഹം പ്രഖ്യാപിച്ച യുക്തിക്കുനിരക്കാത്ത പല തീരുമാനങ്ങളും നടപ്പാകില്ലെന്ന തോന്നലിനാണു ജനങ്ങൾക്കിടയിൽ ബലം കൂടുതൽ!

പ്രധാന മാറ്റം ഇതാണ്: ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ ഗവൺമെന്റ് എന്ന സങ്കൽപത്തിൽനിന്ന് അധികാരം ഒരാളുടെ ഗർവിലേക്ക്, അഹങ്കാരത്തിലേക്ക് ഒതുങ്ങി. ഭരണനിർവഹണം പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും പ്രവചനാതീതമായി പെരുമാറുകയും ചെയ്യുന്ന നേതാവിന്റെ ബുദ്ധിചാപല്യങ്ങൾക്കനുസരിച്ചായി. സ്വാഭാവികമായും, പ്രശ്നങ്ങൾ ഭരണഘടനയ്ക്കനുസൃതമായിത്തന്നെ പരിഹരിക്കാനുള്ള ആവശ്യവുമായി തുറന്ന ചർച്ചകൾ നടക്കുന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടു ക്യാംപെയ്നുകൾപോലും നടക്കുന്നു.

ഇതിനുവേണ്ടി എത്ര മില്യണ്‍ ഡോളർ വേണമെങ്കിലും ചെലവഴിക്കാമെന്ന വാഗ്ദാനവുമായി ഒരു വ്യവസായി പിന്തുണ തേടി െടലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുകപോലുമുണ്ടായി. അതേസമയം, രാഷ്ട്രീയ സമവാക്യങ്ങളുടെ ദൃഢതയും കണക്കിലെ കളികളും നിയമവശങ്ങളുമെല്ലാം ചേരുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിനുമുൻപു മാറ്റം ഏറെക്കുറെ അസാധ്യമാണെന്ന യാഥാർഥ്യം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. അപ്പോഴും ഭരണകൂടത്തിനകത്തും പുറത്തുംനിന്ന് ഉത്തരവാദിത്തബോധമുള്ള പൗരന്മാരും മാധ്യമങ്ങളും ചേർന്ന് ഒരു സമാന്തരപാതയിലൂടെ പോരാടുകതന്നെ ചെയ്യുന്നു. അങ്ങേയറ്റം ആത്മവിശ്വാസത്തോടെ ഒരു അമേരിക്കൻ വ്യവസായി എന്നോടു പറഞ്ഞതിങ്ങനെയാണ്: ‘‘പ്രസിഡന്റുമാർ വരും പോകും; അമേരിക്ക എക്കാലവും മുന്നോട്ടുതന്നെ പോകും’’.

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ‘പ്രതിരോധം’ എയർഫോഴ്സ് ജനറൽ ജോൺ ഹൈറ്റന്റെ വകയായിരുന്നു. ജയിലിൽ പോകേണ്ടിവന്നാലും ശരി, ട്രംപിന്റെ ആണവ ഉത്തരവ് നിയമവിരുദ്ധമാണെങ്കിൽ അനുസരിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നിയമവിധേയമായി വേറെന്താണു ചെയ്യാനാവുക എന്നു പ്രസിഡന്റ് ചോദിച്ചാൽ നിയമത്തിനുള്ളിൽനിന്ന് എല്ലാ സാധ്യതകളും അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കുമെന്നും ജനറൽ പറഞ്ഞു. ‘‘ഞങ്ങള്‍ തീരെ മണ്ടൻമാരല്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഏറെ ചിന്തിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾക്കാണിതിൽ ഉത്തരവാദിത്തമെങ്കിൽ അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാതിരിക്കാൻ നിങ്ങൾക്കു കഴിയുമോ?’’ - ജനറൽ ചോദിച്ചു.

ഉത്തരകൊറിയയെ മൊത്തത്തിൽ ഇല്ലാതാക്കുമെന്ന കൊലവിളി നടത്തുമ്പോൾ, സെനറ്റ് കമ്മിറ്റിയിൽതന്നെ ട്രംപിന്റെ വിശ്വാസ്യത ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ ആണവ അധികാരങ്ങൾ പുനർനിർവചിച്ചുകൊണ്ട് നിയമനിർമാണം വേണമെന്ന് ഏതാനും സെനറ്റർമാർ ആവശ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്റിന്റെ പ്രസ്താവനകൾക്കോ പ്രഖ്യാപനങ്ങൾക്കോ അപ്പുറം രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്ന നീക്കങ്ങൾ ആഭ്യന്തര വിഷയങ്ങളിലും വിദേശകാര്യ ഇടപെടലുകളിലും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു.

പാരിസ് ഉടമ്പടിയിൽനിന്നു പിൻമാറിക്കൊണ്ടുള്ള ട്രംപിന്റെ നയത്തിൽ ഇതുവരെ മാറ്റമൊന്നുമില്ല. അപ്പോഴും ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (എഫ്സിസിസി) നവംബർ സമ്മേളനത്തിൽ യുഎസ് പങ്കെടുക്കുകയും ചെയ്തു. ഇത് കേവലം സാങ്കേതിക കാരണങ്ങളാലല്ല, പാരിസ് ഉടമ്പടിയിൽ തുടരണമെന്നതാണു രാജ്യതാൽപര്യമെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. യുഎസിലെ പരിസ്ഥിതി പ്രവർത്തകരും സാധാരണ ജനങ്ങളും മാത്രമല്ല, വ്യവസായ സ്ഥാപനങ്ങൾപോലും ഹരിതഗൃഹ വാതക നിയന്ത്രണത്തിന് പാരിസ് ഉപമ്പടിയിൽ പറയുന്ന ഉപാധികൾ ഇപ്പോഴും പാലിക്കുന്നു.

തന്റെ ഏഷ്യാസന്ദർശനം അങ്ങേയറ്റം വിജയകരമായിരുന്നെന്നാണു ട്രംപിന്റെ അവകാശവാദം. പക്ഷേ, സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ഏകദേശ ധാരണയുള്ള ജനങ്ങൾ പ്രസിഡന്റിന്റെ യാത്ര എന്തെങ്കിലും മാറ്റത്തിനാകുമെന്നു കരുതുന്നതേയില്ല. സന്ദർശനവേളയിൽ ട്രംപ് അവതരിപ്പിച്ച കാഴ്ചപ്പാടുകളൊക്കെ തള്ളിക്കളയുകയാണവർ ചെയ്തത്. പ്രസിഡന്റിന്റെ വിശ്വാസ്യതയെക്കുറിച്ച് അദ്ദേഹത്തിന്റെ പൂർവകാല/ പുതിയകാല മിത്രങ്ങളോ ശത്രുക്കളോ ആയ ഏതെങ്കിലും രാഷ്ട്രത്തലവൻമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചുമില്ല. പ്രസിഡന്റ് ഷി ചിൻപിങ്ങിനോടുള്ള ട്രംപിന്റെ വിധേയത്വമാണു ചൈനാ സന്ദർശനവേളയിൽ കണ്ടത്.  ഇന്ത്യ, അപെക് രാഷ്ട്രങ്ങളിലെ അംഗമല്ലാതിരുന്നിട്ടും ഏഷ്യാ-പസിഫിക്കിനെ ആവർത്തിച്ച് ‘ഇൻഡോ-പസിഫിക്’ എന്നു പരാമർശിച്ചത് പൊള്ളത്തരമായേ വിലയിരുത്താനൊക്കൂ.

എന്തായാലും, പ്രസിഡന്റിനെതിരെ തുടക്കത്തിലുണ്ടായിരുന്ന പ്രതിഷേധവും പ്രകടനങ്ങളുമൊക്കെ ഇപ്പോഴേതാണ്ട് കെട്ടടങ്ങിയ മട്ടാണ്. ഇതുവരെ സംഭവിച്ചതുപോലെ, ഇന്നു പറയുന്നത് ട്രംപ് തന്നെ നാളെ തിരുത്തിപ്പറയുന്നതു കാത്തിരിക്കാൻ ജനങ്ങൾ ശീലിച്ചുതുടങ്ങിയിരിക്കുന്നു. തുടക്കത്തിൽ ട്രംപിന് വ്യാപക പിന്തുണ കിട്ടിയിരുന്ന കുടിയേറ്റ വിഷയങ്ങളിലെ നിലപാടുകൾപോലും കോടതി ഇടപെടലും ട്രംപിന്റെ തന്നെ മലക്കംമറിച്ചിലുകളുമെല്ലാം ചേർന്നപ്പോൾ നിഷ്ഫലമായിക്കഴിഞ്ഞു. ഒബാമ കെയർ എടുത്തുകളഞ്ഞപ്പോൾ പകരം സംവിധാനം കൊണ്ടുവരാൻ ഇന്നേവരെ സാധിക്കാത്തത് പ്രസിഡന്റിന്റെ കഴിവുകേടിനു മറ്റൊരുദാഹരണം. ഭീകരാക്രമണങ്ങളും സ്കൂളിലെ വെടിവയ്പുമുൾപ്പെടെ ദേശീയ അടിയന്തരാവസ്ഥകളിലെ പ്രതികരണം അദ്ദേഹത്തെ ജനങ്ങളിൽനിന്നു കൂടുതൽ അകറ്റി. കേവലം കൗതുകത്തിനപ്പുറം, ജനങ്ങളുടെ മനസ്സാക്ഷിക്കൊപ്പം നിൽക്കുന്നതോ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതോ ആയിരുന്നില്ല ട്രംപിന്റെ പ്രസ്താവനകൾ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ, എന്തുകൊണ്ടാണ് നിങ്ങളുടെ പ്രവചനങ്ങൾ പൂർണമായും തെറ്റിപ്പോയതെന്നൊരു ചോദ്യം നേരിടേണ്ടി വന്നു യുഎസിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നിന്. വസ്തുതകൾ അതേപടി പകർത്തുക മാത്രമല്ല, പൊതുബോധ നിർമിതിയിലും മാധ്യമങ്ങൾക്കു പങ്കുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. ഫോക്സ് ന്യൂസ് പോലെ വിരലിലെണ്ണാവുന്നവ ഒഴികെ രാജ്യത്തെ മാധ്യമങ്ങളൊന്നാകെ തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ നേർക്കാഴ്ചയിലേക്കു നയിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, എഡിറ്റോറിയലുകളും വിദഗ്ധരുടെ കാഴ്ചപ്പാടുകളുമുൾപ്പെടെ ഈ വാർത്തകളെല്ലാം ‘ഫെയ്ക് ന്യൂസ്’ ആണെന്നു സ്ഥാപിച്ച  ട്രംപിന്റെ തന്ത്രമാണു വിജയം കണ്ടത്.

ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമവിലയിരുത്തലുകളിലെ ശരികൾ അവർ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. പ്രസിഡന്റിനെക്കാളേറെ അവർ മാധ്യമങ്ങളെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. സമീപകാലത്ത്, രാഷ്ട്രീയമുൾപ്പെടെ പല മേഖലകളിൽനിന്നുള്ള ചില പ്രമുഖരിലാണ് അമേരിക്കൻ മാധ്യമങ്ങളുെട ശ്രദ്ധയേറെയും; എസ്എംഎസ് മുതൽ ലൈംഗിക പീഡനം വരെയുള്ള അതിക്രമങ്ങളുടെ പേരിൽ ആരോപണം നേരിടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ചിലരിൽ. ഇരകളായ 33 സെലിബ്രിറ്റികളുടെ പേരും വിശദാംശങ്ങളുമാണു ന്യൂയോർക്ക് ടൈംസ് അടുത്തിടെ പുറത്തുവിട്ടത്. ഹോളിവുഡിലെ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ഒക്ടോബറിൽ ആരോപണവുമായി ഏതാനും നടിമാർ രംഗത്തെത്തിയതായിരുന്നു തുടക്കം. ആരോപണവിധേയരൊക്കെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലോ മറ്റു മേഖലകളിൽനിന്നോ ഉള്ളവരാണെങ്കിൽകൂടി, രാഷ്ട്രത്തലവൻ തന്നെ സമാനമായ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ആളാണെന്ന വസ്തുത ഓരോ തവണയും എടുത്തുകാട്ടപ്പെടുന്നു. ആർക്കെതിരെയും പരസ്യമായി രംഗത്തുവരാതെ കൗശലപൂർണമായ നിലപാടാണു സ്വീകരിക്കുന്നതെങ്കിലും അതൊന്നും ഈ വിഷയത്തിൽ ട്രംപിനെ തുണയ്ക്കുന്നില്ല.

കാർമേഘങ്ങൾക്കിടയിലെ വെള്ളിവരപോലെ, സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയുള്ള വളർച്ചയാണ് യുഎസ് ജനതയ്ക്ക് ഇപ്പോഴുള്ള ഏക ആശ്വാസം. ഇതു തുടക്കംമുതലേ ട്രംപിന്റെ വാഗ്ദാനവുമായിരുന്നു. സാമ്പത്തിക സ്ഥിരതയിൽ ആശ്വാസം കണ്ടെത്തുന്ന ഒരു വിഭാഗം ജനങ്ങൾ ഇക്കാരണംകൊണ്ടുതന്നെ ‘മാറ്റത്തിനായി’ ക്ഷമയോടെ കാത്തിരിക്കാൻ തയാറാകുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.