Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിവിൽ സർവീസ് - ബുദ്ധികൊണ്ടോ കുരുട്ടുബുദ്ധികൊണ്ടോ?

ടി.പി. ശ്രീനിവാസൻ
interview

ഇന്നോളം കളങ്കത്തിന്റെ കറവീഴാത്ത, കുറ്റമറ്റ നടത്തിപ്പിന്റെ ചരിത്രമുള്ള സിവിൽ സർവീസ് പരീക്ഷയ്ക്കും രാജ്യത്തെ എണ്ണമറ്റ പരിശീലനകേന്ദ്രങ്ങൾക്കും നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇത്തവണത്തെ പരീക്ഷാവേളയിൽ മലയാളിയായ ഒരു ഐഎഎസ് മൽസരാർഥി വരുത്തിവച്ചത്. കോപ്പിയടിയിലൂടെ മെയിൻ പരീക്ഷ കടന്നുകൂടാനുള്ള ശ്രമം നടത്തിയ ഉദ്യോഗാർഥി നിലവിൽ ഐപിഎസ് പ്രൊബേഷണറും കേരളത്തിലെ ഒരു പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറുംകൂടിയാണെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വളഞ്ഞവഴിയിലൂടെ ഐഎഎസ് നേടിയെടുക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം!

സുപ്രധാന പരീക്ഷകളിൽ ഇത്തരം സംഭവം ആദ്യത്തേതെന്നോ ഒറ്റപ്പെട്ടതെന്നോ പറയാൻ കഴിയില്ലെന്നതാണു സങ്കടകരം. ഏതാനും വർഷങ്ങളായി രാജ്യത്തുടനീളം നിന്നുള്ള ഉദ്യോഗാർഥികളുടെയും പരിശീലകരുടെയും മനോഭാവത്തിൽ വന്നിട്ടുള്ള മാറ്റത്തിന്റെ ചെറിയൊരു പ്രതിഫലനം മാത്രമാണിത്. എന്റെ തലമുറയിലെക്കാൾ തികച്ചും വ്യത്യസ്തമാണ് ഇക്കാലത്തെ ഓരോ ഉദ്യോഗാർഥിയുടെയും ചിന്താഗതികളും യോഗ്യതകളും. എന്റെയൊക്കെ തുടക്ക കാലത്ത്, 21-23 വയസ്സിനിടയിൽ ആകെ രണ്ട് അവസരങ്ങൾ മാത്രമാണ് ഒരാൾക്കു ലഭിക്കുക. എന്നിട്ടും പരീക്ഷയെഴുതുന്ന ഏതാണ്ടെല്ലാവരും ബിരുദാനന്തര ബിരുദധാരികളായിരുന്നു. ലക്ഷ്യം നേടിയെടുക്കുന്നതിനായി അവർ കാലങ്ങളോളം ഒരുക്കം നടത്തി - കോച്ചിങ് ക്ലാസുകളിൽപോയിട്ടല്ല, മറിച്ച് ചിട്ടയായ വായനയിലൂടെ. സാഹിത്യം, ചരിത്രം, തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി എണ്ണമറ്റ വിഷയങ്ങളിൽ പുസ്തകവായനയിലൂടെ ആഴത്തിലുള്ള അറിവുനേടി. പത്രങ്ങളും ആനുകാലികങ്ങളും ഒന്നുവിടാതെ വായിച്ചു പ്രാദേശിക, ദേശീയ, രാജ്യാന്തര വിഷയങ്ങളിൽ ധാരണയുണ്ടാക്കി. മല്‍സരാർഥികളിൽ ഏറെപ്പേരും പഠിച്ച വിഷയങ്ങളിൽ റാങ്ക് ജേതാക്കളുമായിരുന്നു.

ഇന്ന്, സിവിൽ സർവീസ് പരീക്ഷയ്ക്കു നിർണയിച്ചിട്ടുള്ള പ്രായത്തിലും അവസരങ്ങളിലുമെല്ലാം പിൽക്കാലത്ത് ഇളവുനൽകി. യോഗ്യത ബിരുദം മാത്രമാക്കി. പരീക്ഷ കടന്നുകൂടാനുള്ള എളുപ്പവഴികൾ പഠിപ്പിക്കാൻ കോച്ചിങ് സെന്ററുകൾ കൂണുപോലെ പൊട്ടിമുളച്ചുതുടങ്ങി. ബിരുദത്തിനു ശേഷമുള്ള ഉപരിപഠനമൊക്കെയും സമയം പാഴാക്കലാണെന്ന പൊതുബോധം ഉദ്യോഗാർഥികളിൽ വളർന്നുതുടങ്ങി. ഏറ്റവും ഉയർന്ന റാങ്ക് വാങ്ങി ഐഎഎസ് നേടുന്ന ഉദ്യോഗസ്ഥൻ, തീർച്ചയായും സമൂഹത്തിനാകെ മാതൃകയാകേണ്ടയാൾ കൂടിയാണ്. അങ്ങനെയുള്ള പദവിയിലെത്തുന്ന പുതുതലമുറക്കാരൻ, വായന അനാവശ്യമാണെന്നും സമയം പാഴാക്കലാണെന്നും സമൂഹത്തോടു പ്രസ്താവിക്കുന്നു. വായനയ്ക്കു ചെലവഴിക്കുന്ന സമയം ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ട മറ്റൊരുപാടു കാര്യങ്ങൾക്കുപയോഗിച്ചുകൂടേയെന്നു ചോദിക്കുന്നു! പഠനാനുബന്ധിയല്ലാത്ത പുസ്തകങ്ങളൊന്നുപോലും വായിക്കാത്ത, ഡൽഹിയിലെ മുഖർജി തെരുവിലും മറ്റും കെട്ടിയുയർത്തിയ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന നോട്ടുകൾക്കപ്പുറം പത്രങ്ങളോ ആനുകാലികങ്ങളോ തിരിഞ്ഞുനോക്കാൻ തയാറാകാത്തവരാണ് ഐഎഎസ് സ്വപ്നം കാണുന്ന പുതുതലമുറക്കാരേറെയും. കുറഞ്ഞപക്ഷം മഹാത്മഗാന്ധിയെയോ ജവാഹർലാൽ നെഹ്റുവിനെയോപോലും വായിക്കാത്ത ഒരു ഐഎഎസ് ഓഫിസറെ സങ്കൽപിച്ചുനോക്കൂ!

അതേസമയം, പലതവണ സിവിൽ സർവീസ് പരീക്ഷയെഴുതി പരാജയപ്പെടുന്നതോടെ ഒരു കൂട്ടർ സ്വയം പ്രഖ്യാപിത ‘ട്രെയ്നർ’മാരാകുന്നു; സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ‘സ്പൂൺ ഫീഡിങ്’ നടത്തിക്കൊടുക്കുന്ന കോച്ചിങ് സെന്ററുകൾ കെട്ടിപ്പൊക്കുന്നു. മൂലഗ്രന്ഥങ്ങളല്ല, നോട്ടുകളും ഗൈഡുകളുമാണവരുടെ വേദഗ്രന്ഥം.

പരീക്ഷാരീതിയും നിയമങ്ങളും പുതുക്കിയപ്പോഴുണ്ടായ ന്യൂനതകൾ മുതലെടുത്തു കയറിക്കൂടിയവർ സിവിൽ സർവീസിൽ ഇപ്പോഴുണ്ടെന്നതു യാഥാർഥ്യമാണ്. പഴുതടച്ച, പിഴവുകളില്ലാത്ത പ്രവേശനപരീക്ഷ ഇനി നടത്താൻ പറ്റുമോയെന്നും സംശയമാണ്. ചോദ്യപേപ്പർ തയാറാക്കുന്നവരും അതു മൂല്യനിർണയം നടത്തുന്നവരുംപോലും മുൻകാലങ്ങളിലെയത്ര ജാഗരൂകരല്ല ഇപ്പോൾ. സൂര്യനുതാഴെയും ചക്രവാളത്തിനപ്പുറവുമുള്ള ഒന്നിനെയും മാറ്റിനിർത്താത്തത്ര ആഴത്തിലുള്ള സിലബസിൽനിന്ന് പ്രവേശന പരീക്ഷയ്ക്കു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ പ്രവചിക്കാൻ കഴിയുന്നതുതന്നെ അതീവഗുരുതരമായ വീഴ്ചയല്ലേ? ചോദ്യകർത്താവ് നൽകുന്ന ‘ഉത്തരസൂചിക’ നോക്കി മൂല്യനിർണയം നടത്തുന്ന പരീക്ഷാസമ്പ്രദായത്തിലൂടെ ഒരു യഥാർഥ പ്രതിഭ സിവിൽ സര്‍വീസിൽ കയറിക്കൂടുന്നതെങ്ങനെ?

രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് ‘ഇറക്കുമതിചെയ്യുന്ന’ പരിശീലകരാണ് പുതുതലമുറ പരിശീലനകേന്ദ്രങ്ങളിൽ കണ്ടുവരുന്ന മറ്റൊരു പ്രവണത. ഇവർക്ക് ഉന്നതങ്ങളിൽ പിടിപാടുണ്ടെന്നും ചോദ്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുമെന്നും ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും പരീക്ഷയിൽ കള്ളത്തരം കാണിക്കാൻ പ്രയോജനപ്പെടുത്തുന്നു. ഗുരുക്കൻമാർ തന്നെ വളഞ്ഞവഴികളുടെ ആശാൻമാരാകുമ്പോൾ ശിഷ്യൻമാർ ഒട്ടും പിന്നിലാകില്ലല്ലോ!

ഓരോ തവണയും സിവിൽ സർവീസ് പരീക്ഷ കഴിയുമ്പോൾ നടത്തിപ്പുകാരായ യുപിഎസ്‌സി അതു സൂക്ഷ്മമായി അവലോകനം ചെയ്യാറുള്ളതാണ്. പുതിയകാലത്തെ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നും സമീപകാല സംഭവങ്ങളെ അധികരിച്ചു പഠനം നടത്തിയേ മതികാകൂ. പരീക്ഷയെഴുതാനുള്ള പ്രായപരിധിയും പരമാവധി അവസരങ്ങളും എത്രയാകണമെന്ന കാര്യത്തിൽ പുനരാലോചന വേണം. യഥാർഥ പ്രതിഭകളെ അവരുടെ ചെറുപ്പത്തിൽതന്നെ കണ്ടെത്തുന്നതിനു പകരം ‘പരിശീലനക്കച്ചവട’ക്കാരുടെ കുറുക്കുവഴികൾ പഠിച്ചെടുക്കാൻ കൂടുതൽ സമയം നൽകുന്നതുകൊണ്ട് ഗവൺമെന്റിന് എന്തു പ്രയോജനം? ഊർജ്വസ്വലതയും ആദർശനിഷ്ഠയുമുള്ള, കുറുക്കുവഴികള്‍ തേടാനുള്ള പ്രവണത തോന്നിത്തുടങ്ങുംമുൻപുള്ള യുവതലമുറയെയാണു തുടക്കക്കാരായി സിവിൽ സർവീസിൽ വേണ്ടെതെന്ന കാര്യത്തിൽ ആർക്കാണു സംശയം? ഈയൊരു മാറ്റംകൊണ്ടുതന്നെ രാജ്യത്തെ പരമോന്നതമായ പ്രവേശന പരീക്ഷയുടെ ധാർമിക മൂല്യം ഉയർത്താൻ കഴിയും. നൈതിക മൂല്യങ്ങള്‍ സിലബസിന്റെ ഭാഗമാക്കിയതുകൊണ്ടു കാര്യമില്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ. മുൻ പരിശ്രമത്തിൽ, ഈ വിഷയത്തിൽ ഉയർന്ന മാർക്കു വാങ്ങിയ വ്യക്തിയാണ് ഇത്തവണ ക്രമക്കേടു കാട്ടാനുള്ള ശ്രമത്തിനിടെ പിടിയിലായതെന്ന കാര്യം ശ്രദ്ധേയമാണ്.

യുപിഎസ്‌സി പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം സിലബസിന്റെ വ്യാപ്തിയും പഠിക്കേണ്ട പേപ്പറുകളുടെ എണ്ണവുമാണ്. കഠിനമായ ഒരു പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷയിലെ ഒൻപതു പേപ്പറുകൾ, പിന്നെ ഭൂമിമലയാളത്തിലെ ഏതു വിഷയത്തിൽനിന്നും ചോദ്യം വരാവുന്ന ഇന്റർവ്യൂ - ഒരാൾ സിവിൽ സർവീസിന് യോഗ്യനാണോ എന്നു പരീക്ഷിച്ചറിയാൻ ഇത്രയൊന്നും ആഴത്തിലുള്ള മൂല്യനിർണയം ആവശ്യമില്ല. മിക്കപ്പോഴും ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കുന്നത് അവർ ബിരുദതലത്തിൽ പഠിച്ച വിഷയങ്ങൾ തന്നെയാകുമെന്നിരിക്കെ, ഓപ്ഷനൽ പേപ്പറുകളുടെ പട്ടിക പ്രത്യേകം നിരത്തേണ്ട. ജനറൽ സ്റ്റഡീസ് പേപ്പറുകളുടെ എണ്ണം രണ്ടായി ചുരുക്കാവുന്നതേയുള്ളൂ. ആവശ്യമായ സമയം നൽകിയശേഷം, ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയാക്കേണ്ടതും പുതിയ കാലത്ത് ആവശ്യമാണ്. സർവകലാശാലകൾക്ക്, സിവിൽ സർവീസിലേക്കുള്ള വഴി തെളിച്ചുനൽകുന്നതരത്തിൽ പബ്ലിക് പോളിസിയിൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കാവുന്നതേയുള്ളൂ.

ഇന്നു രാജ്യത്തിന്റെ നാനാകോണിലുമുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ പരിശീലകരുടെ യോഗ്യതയും ഫീസ് നിർണയവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ യാതൊരു ചട്ടവും പാലിക്കാതെയാണു പ്രവർത്തിക്കുന്നത്. ചില കേന്ദ്രങ്ങൾ അനുവദിക്കുന്ന താമസസൗകര്യങ്ങളും മറ്റും കണ്ടാൽ കോൺസൻട്രേഷൻ ക്യാംപോ പലഹാരക്കടയോ  പോലെയേ തോന്നൂ. എല്ലാ പരിശീലന കേന്ദ്രങ്ങവും സർക്കാർ നിരീക്ഷണത്തിനു കീഴിലാക്കാൻ നടപടിയുണ്ടാകണം. നൽകുന്ന പരിശീലനത്തിന്റെ നിലവാരത്തിന് ആനുപാതികമാണ് ഈടാക്കുന്ന ഫീസ് എന്ന് ഉറപ്പുവരുത്തണം. കോച്ചിങ് ക്ലാസുകൾ ആവശ്യമായ നിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിൽ രക്ഷിതാക്കളും ഉൽസാഹം കാണിക്കണം.

എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കിയാലും അവയെയൊക്കെ മറികടക്കാൻ മനുഷ്യന്റെ സൂക്ഷ്മബുദ്ധിക്കു സാധ്യമാണെന്നിരിക്കെ, ഒരു ഉദ്യോഗാർഥിക്കെങ്കിലും അത്തരമൊരു പ്രേരണയുണ്ടായാൽ ഈ പരിഷ്കാരങ്ങൾ പ്രയോജനരഹിതമായേക്കാം. പക്ഷേ, ഇത്തരം ക്രമക്കേടുകൾ കയ്യോടെ പിടികൂടിയതിനുശേഷമെങ്കിലും മാറ്റങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്നിരിക്കെ, നിരീക്ഷകർക്കു കണ്ടുപിടിക്കാൻപോലും കഴിയാത്ത ഉപകരണങ്ങളാകും വരുംകാലത്തു പരീക്ഷയെഴുതുന്നവരെ സഹായിക്കാനുണ്ടാവുക. ധാർമികാധഃപതനം മനുഷ്യരിൽ എക്കാലത്തുമുണ്ടാകാം. അത്തരക്കാർ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സിവിൽ സർവീസിന്റെ അന്തസ്സ് െകടുത്താൻ അനുവദിക്കരുത്. ഇത്തവണത്തെ സംഭവത്തിലൂടെയുണ്ടായ കോട്ടം പരിഹരിച്ച് സിവിൽസർവീസിന്റെ ഖ്യാതി വീണ്ടെടുത്തേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.