Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐക്യരാഷ്ട്ര സഭ കണ്ട ‘പുതിയ മുഖം’

 ടി.പി. ശ്രീനിവാസൻ
97574031

ഐക്യരാഷ്ട്രസംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘നിലവാരത്തകർച്ച’ കണ്ടത് ഒരുപക്ഷേ ശീതയുദ്ധ കാലത്താകണം. അന്ന് യുഎൻ യോഗത്തിനിടെ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് തന്റെ ഷൂ അഴിച്ചെടുത്ത് മേശമേൽ ആഞ്ഞടിച്ച സംഭവം സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ചർച്ചയ്ക്കിടെ പൊടുന്നനെ ചാടിയെണീറ്റ ക്രൂഷ്ചേവ് വലതുകാലിലെ ഷൂ അഴിച്ചെടുത്ത് എതിർവശത്തിരുന്ന ഫിലിപ്പൈൻ പ്രതിനിധിക്കുനേരെ എറിയാനോങ്ങുകയും തുടർന്നു മേശമേൽ ആഞ്ഞടിക്കുകയുമായിരുന്നു. ആ സംഭവത്തിനു ശേഷം മര്യാദകേടിന്റെ നേർക്കാഴ്ചയ്ക്ക് ഐക്യരാഷ്ട്ര സഭ സാക്ഷ്യംവഹിക്കുന്നത് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗിച്ച അവസരത്തിലാണ്. തീവ്രദേശീയത നിറഞ്ഞുനിന്ന, ആഗോള മേധാവിത്തം ആവർത്തിച്ചുറപ്പിക്കാൻ ശ്രമിച്ച ആ പ്രസംഗം യുഎൻ പ്രസംഗകർ ഇതുവരെ ശീലിച്ച ‘പെരുമാറ്റച്ചട്ടം’ പാടേ അവഗണിച്ചുള്ളതായിരുന്നു.

പ്രവചനാതീതമാണ് ഓരോ സമയത്തും ട്രംപിന്റെ സ്വഭാവവും പെരുമാറ്റവും. യുഎൻ ജനറൽ അസംബ്ലിയിൽ ഇക്കൊല്ലം നടത്തിയ രണ്ടു പ്രസംഗങ്ങൾ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതായി. ഐക്യരാഷ്ട്രസഭ ഉടച്ചുവാർക്കുന്നതിനെക്കുറിച്ചു നടത്തിയ ആദ്യ പ്രസംഗം പ്രതീക്ഷാജനകമായിരുന്നു. വിമർശനവും ശുഭാപ്തിവിശ്വാസവും ഇടകലർത്തി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗിറ്റെറസിലുള്ള വിശ്വാസം എടുത്തു പറഞ്ഞു നടത്തിയ പ്രസംഗത്തിൽ ആകെയുണ്ടായ കല്ലുകടി സെക്രട്ടറി ജനറലിന്റെ പേരു തെറ്റിച്ചുപറഞ്ഞതാണ്.്
പക്ഷേ, ആദ്യത്തേതിനു നേർവിപരീതമായിരുന്നു ജനറൽ ഡിബേറ്റിൽ നടത്തിയ ട്രംപിന്റെ രണ്ടാം പ്രസംഗം. സ്വാതന്ത്ര്യം, സമാധാനം, വളർച്ച തുടങ്ങിയ വാക്കുകൾ ഇടയ്ക്കൊക്കെ കുത്തിത്തിരുകിയെങ്കിലും ഇവയ്ക്കെല്ലാം വിപരീതമായ ആശയമാണ് അന്നു ട്രംപ് പറഞ്ഞുവച്ചത്. ഒരു രാജ്യത്തെ ഭൂമുഖത്തുതന്നെ ഇല്ലാതാക്കുമെന്ന് മറ്റൊരു രാഷ്ട്രത്തലവൻ പ്രഖ്യാപിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിൽതന്നെ ആദ്യസംഭവമാണ്.

യുഎസ് നയത്തിനു നിരക്കുന്ന തരത്തിൽ, ഒരു വകുപ്പുരേഖ പോലെയായിരുന്നെങ്കിലും, ആദ്യ പ്രസംഗത്തിൽ യുഎന്‍ പ്രവർത്തനങ്ങളിൽ ട്രംപിനുള്ള അസംതൃപ്തി മുഴച്ചുനിന്നു. യുഎന്നിൽ ദുർഭരണവും ഉദ്യോഗസ്ഥഭരണവുമാണു നടക്കുന്നതെന്ന് ആരോപിച്ചു. അതേസമയം, ഗ്ലോബൽ ബോഡിയുടെ പ്രവർത്തനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഒരുപക്ഷേ, തുടർന്നു നടത്താനിരുന്ന പൊട്ടിത്തെറിക്ക് മുന്നൊരുക്കമായിരുന്നിരിക്കാം.

‘‘2000നു ശേഷം യുഎൻ ബജറ്റ് 140 ശതമാനം വർധിപ്പിച്ചിട്ടും ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികമാക്കിയിട്ടും  സമീപവർഷങ്ങളിലൊന്നും ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റെ യഥാർഥ ശക്തി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മേധാവിത്തവും ദുർഭരണവുമാണിതിനു കാരണം’’ - ട്രംപ് പറഞ്ഞു. നാം ഒന്നിച്ചു പ്രവർത്തിച്ചാൽ കൂടുതൽ ശക്തമായും ഫലപ്രദമായും ലോകസമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

പ്രതീക്ഷിച്ചതുപോലെ, ഐക്യരാഷ്ട്ര സംഘടനയ്ക്ക് ധനസഹായം നൽകുന്നതിനുള്ള ഭാരം വഹിക്കുന്നത് യുഎസ് ആണെന്ന ഓർമപ്പെടുത്തലും ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയുമൊക്കെയുണ്ടായി. യുഎന്നിന്റെ ആകെ ബജറ്റിൽ ഏകദേശം 22%, സമാധാനസേനയുടെ ബജറ്റിൽ 28% വീതം നൽകുന്നത് യുഎസ് ആണ്. രൂക്ഷവിമർശനത്തിനിടയിലും, ‘തികച്ചും മഹത്തായ ലക്ഷ്യമാണ് ഐക്യരാഷ്ട്ര സംഘടനയുടേത്’ എന്ന പ്രസ്താവനയിലൂടെ സദസ്സിനെ അമ്പരപ്പിക്കുകയും ചെയ്തു ട്രംപ്.

United Nations General Assembly

ലോകം മുഴുവൻ കേട്ട രണ്ടാം പ്രസംഗം പക്ഷേ തികച്ചും പ്രകോപനപരമായിരുന്നു. താൻ പ്രസിഡന്റ് ആയശേഷം ചെയ്തവയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കുശേഷം, ‘‘ഭീകരവാദത്തെ പിന്തുണയ്ക്കുകയും വിനാശകാരിയായ ആയുധങ്ങളുമായി മറ്റു രാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രാഷ്ട്രനേതാക്കളാണ് ഈ സഭയിൽ മുഖംമിനുക്കി ഇരിക്കുന്നത്’’ എന്നു തുറന്നടിച്ചു. ആണവായുധ, മിസൈൽ പരീക്ഷണങ്ങളുൾപ്പെടെ ഉത്തരകൊറിയയുടെ നയവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമർശനം നടത്തി ട്രംപ് മുന്നറിയിപ്പു നൽകി: ‘‘ഉത്തരകൊറിയയെ പൂർണമായി നശിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല. ആത്മഹത്യാപരമായ പ്രവർത്തനങ്ങളാണു ‘റോക്കറ്റ് മാൻ’(കിം ജോങ് ഉൻ) ചെയ്തുകൊണ്ടിരിക്കുന്നത്’’. ഉത്തരകൊറിയയെ അണുവായുധ വിമുക്തമാക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയുന്നതേയുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അടുത്ത ആക്രമണം ഇറാനെതിരെയായിരുന്നു. ‘‘ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ദുഷിച്ച സ്വേച്ഛാധിപത്യം’’ എന്നാണ് ഇറാൻ ഭരണഘടനയെ വിശേഷിപ്പിച്ചത്. ഇറാനുമായുള്ള ആണവ കരാറിൽ നിന്നു പിൻമാറാനുള്ള തീരുമാനം ട്രംപ് ആവർത്തിച്ചുറപ്പിച്ചു. യുഎസ് ഇതുവരെ ഒപ്പുവച്ചതിൽ ഏറ്റവും മോശവും ഏകപക്ഷീയവുമായ കരാറാണ് ഇറാനുമായുള്ള ആണവകരാറെന്നായിരുന്നു പ്രസിഡന്റിന്റെ ആരോപണം.

അഫ്ഗാൻ, സിറിയ, ഇറാഖ് വിഷയങ്ങളിൽ മുൻപ്രസ്താവനകൾ താരതമ്യേന മയപ്പെടുത്തിയ ഭാഷയിൽ ആവർത്തിക്കുകയേ ഉണ്ടായുള്ളൂ. എന്നാൽ ക്യൂബയ്ക്കെതിരെ ആഞ്ഞടിക്കുകതന്നെ ചെയ്തു. നിക്കൊളാസ് മഡുറോ ഭരണകൂടത്തിനെതിരെ പരുഷമായ വാക്കുകളാണ് ട്രംപ് ഉപയോഗിച്ചത്. വെനസ്വേലയെ ഏകാധിപത്യത്തിൽനിന്നു മോചിപ്പിക്കുമെന്ന വാഗ്ദാനവുമുണ്ടായി. ‘‘സമാധാനത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും മനുഷ്യത്വത്തിനും, ഒപ്പം നമ്മെ സൃഷ്ടിച്ച ദൈവത്തിനും വേണ്ടി ഒന്നിച്ചു പോരാടാം’’ എന്നാണു യുഎൻ പ്രസംഗത്തില്‍ ലോകത്തിനു ട്രംപ് നൽകിയ സന്ദേശം.

ഐക്യരാഷ്ട്ര സംഘടനയിലെ പതിവിനു വിപരീതമായി യുഎസ് പ്രസിഡന്റ് നടത്തിയ, ഭീഷണിയുടെയും വിരട്ടലിന്റെയും ഭാഷയിലെ അധിക്ഷേപ പ്രസംഗം ലോകവ്യാപകമായി വൻ വിമർശനമാണ് ഏറ്റുവാങ്ങിയത്. പ്രത്യേകിച്ച് ട്രംപിന്റെ വാക്കാലുള്ള ആക്രമണം ഏറ്റുവാങ്ങിയ രാജ്യങ്ങളിൽനിന്ന്. ഉത്തര കൊറിയയും ഇറാനും വെനസ്വേലയും അതേ നാണയത്തിൽതന്നെ മറുപടി നൽകുകയും ചെയ്തു. ഞെട്ടിച്ചുകളഞ്ഞ പ്രശംസ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റേതായിരുന്നു. ‘‘30 വർഷത്തിനിടെ ഒരു യുഎസ് പ്രസിഡന്റിൽനിന്ന കേട്ട ശക്തവും ധീരവുമായ പ്രസംഗം’’ എന്നാണു നെതന്യാഹു വിശേഷിപ്പിച്ചത്!

പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും തീർത്തും ഇല്ലാത്തതല്ല ട്രംപിന്റെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കാലിക പ്രസക്തി അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. കുറേ ഉദ്യോഗസ്ഥർക്കു നേരംപോക്കിനുള്ള ഒരു ക്ലബ് ആയി തരംതാഴ്ത്തിയിട്ടില്ല. മറിച്ച്, രാജ്യാന്തര വിഷയങ്ങളിൽ, വിവിധ മേഖലകളിൽ ഇപ്പോൾ വളർന്നുവരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കണമെന്ന് ഐക്യരാഷ്ട്രസഭയെ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട് ട്രംപ്. വാക്കുകളിൽ കാണിക്കുന്ന അതിസാമർഥ്യം അദ്ദേഹത്തിന്റെ പ്രവർത്തികളിലും പ്രതിഫലിക്കുമോെയന്നു കാത്തിരുന്നു കാണാം.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ‘വാക്പോരും’ ഈ വർഷം, മുൻപില്ലാത്ത വിധം ശക്തമായിരുന്നു. പാക്കിസ്ഥാനെ‘ടെററിസ്ഥാൻ (ഭീകരവാദ രാഷ്ട്രം)’ എന്നു വിശേഷിപ്പിച്ചും അവരുടെ ആഭ്യന്തര നയങ്ങളെ വിമർശിച്ചുമാണ് ഇന്ത്യയ്ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങൾക്ക് ശക്തമായ മറുപടി നൽകിയത്. ഇന്ത്യ വികസനത്തിന് ഊന്നൽ നൽകുമ്പോൾ പാക്കിസ്ഥാൻ ഭീകര സംഘടനകളെ വളർത്തുകയാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രതിഫലമാണ് ഈ ആരോപണ പ്രത്യാരോപണങ്ങളെങ്കിലും മുൻപത്തെ പോലെ തന്നെ മറ്റു അംഗങ്ങൾ വിഷയത്തില്‍ ഇടപെടാതെ കാര്യങ്ങൾ കൗതുകത്തോടെ വീക്ഷിക്കുകയാണ് ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും വാക്ശരങ്ങൾക്ക് മൂർച്ച കൂട്ടുന്നുണ്ടെങ്കിലും ഇത്തരം വാദപ്രതിവാദങ്ങളിൽ നിന്ന് യാതൊരു ഫലവും ഉണ്ടാകുന്നില്ലെന്ന് ഇരുപക്ഷവും തിരിച്ചറിയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.