Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിലാസം വിലയിടുന്ന വീടുകള്‍

ടി.പി.ശ്രീനിവാസൻ
manhattan-tp

ന്യൂയോർക്കിലെ മാൻഹട്ടനിൽ വീടുകളുടെ പ്രൗഢി നിർണയിക്കുന്നത് അതിനുള്ളിലെ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ അല്ല. മറിച്ച്, വീടിന്റെ വിലാസമാണ്! ഒരേ വലിപ്പവും സൗകര്യങ്ങളുമുള്ള രണ്ടു വീടുകളിൽ ഒന്ന് അപ്പർ ഈസ്റ്റ് പ്രദേശത്തും അടുത്തതു ലോവർ വെസ്റ്റ് പ്രദേശത്തുമാണെങ്കിൽ വീടുകളുടെ മൂല്യത്തിൽ വൻ വ്യത്യാസമുണ്ടാകും. തീരുന്നില്ല, ഇതിലൊരു പ്രദേശത്തുതന്നെ ഏതാനും ബ്ലോക്കുകളുടെ അകലം മാത്രമുള്ള പാർക്ക് അവന്യൂവിലും ലെക്സിങ്ടൺ അവന്യൂവിലുമുള്ള വീടുകളുടെ വില പോലും നമുക്ക് ഊഹിക്കാവുന്നതിനെക്കാൾ വ്യത്യാസപ്പെട്ടിരിക്കും. 

പാർക്ക് അവന്യൂവിനും ഫിഫ്ത് അവന്യൂവിനും ഇടയിലുള്ള ഇത്തിരിപ്രദേശമായ മാഡിസൺ അവന്യൂ മാൻഹട്ടനിലെ ഏറ്റവും പ്രൗഢപ്രദേശങ്ങളിലൊന്നാണ്. അവിടുത്തെ 89–ാം സ്ട്രീറ്റിലുള്ള അപ്പാർട്മെന്റിൽ താമസത്തിനെത്തുമ്പോൾ ഞങ്ങൾക്കു പക്ഷേ, ‘മാഡിസൺ അവന്യൂ’ എന്ന വിലാസത്തിന്റെ മൂല്യത്തെക്കുറിച്ചു ധാരണയൊന്നും ഉണ്ടായിരുന്നില്ല. മാൻഹട്ടനിലെ ഏറ്റവും മികച്ച പബ്ലിക് സ്കൂളുകളിലൊന്നിനോടു ചേർന്നാണ് ആ അപ്പാർട്മെന്റ്. 

എന്റെ മുൻഗാമിയെപ്പോലെതന്നെ എന്നെയും ആകർഷിച്ച പ്രധാനഘടകം അതായിരുന്നു. ന്യൂയോർക്കിലെ മില്യണയർമാരുടെ വസതികളിരിക്കുന്ന പ്രദേശത്താണു താമസിക്കുന്നതെന്നു ഞങ്ങൾ തിരിച്ചറിഞ്ഞതുതന്നെ വൈകിയാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഒൻപതാം നിലയിലെ അപ്പാർട്മെന്റിനെക്കാൾ ‍കൂടുതൽ ഡിമാൻഡ് മുകൾനിലകളിലെ അപാർട്മെന്റുകൾക്കാണെന്നും മനസ്സിലായി. 

‌സെൻട്രൽ പാർക്കിന്റെ മനോഹര കാഴ്ച കൂടുതൽ വ്യക്തതയോടെ കാണാം എന്നതായിരുന്നു മുകൾനിലകളുടെ ആകർഷണം.വളരെ നന്നായി സജ്ജീകരിച്ചതായിരുന്നു ഞങ്ങളുടെ വസതി. മിഡ്ടൗണിൽ യുഎൻ ഹെഡ്ക്വാർട്ടേഴ്സില്‍നിന്ന് ഏറെ അകലെയല്ലാത്ത എന്റെ ഓഫിസിൽ, ലെക്സിങ്ടൺ അവന്യൂ കടന്നു സബ്‌വേ വഴി നടന്നെത്താവുന്നതേയുള്ളൂ. എന്റെ പുത്രന്മാർക്കു സ്കൂളിലേക്കും നടക്കാനുള്ള ദൂരം മാത്രം. മെട്രോപൊലിറ്റൻ മ്യൂസിയം ഓഫ് ആർട് ഉൾപ്പെടെ പല ആകർഷണങ്ങളും തൊട്ടടുത്തുതന്നെയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു ‘മില്യനയർ പ്രദേശ’ത്തെ താമസത്തിന്റേതായ ബുദ്ധിമുട്ടുകളും പലതുണ്ടായിരുന്നു. അവശ്യസാധനങ്ങളുടെ വില വളരെക്കൂടുതലായിരുന്നു. നദിക്കപ്പുറത്തുള്ള ക്യൂൻസിൽ ഉൾപ്പെടെ ന്യായവിലയ്ക്ക് എല്ലാ സാധനങ്ങളും ലഭിച്ചിരുന്ന സ്ഥാനത്താണിത്. സ്വാഭാവികമായും മാഡിസണിൽ താമസിക്കുന്നവർ കുറഞ്ഞവിലയുള്ള ഇടങ്ങളിൽപോയി സാധനങ്ങൾ വാങ്ങി വൻബ്രാൻഡുകളുടെ പായ്ക്കറ്റിൽ കൊണ്ടുപോയിരുന്നു. 

വിലാസത്തിന്റെ ഗാംഭീര്യത്തിനുവേണ്ടിയാണല്ലോ പലരും മാഡിസണിൽ വസതി സംഘടിപ്പിക്കുന്നത്. ആഢംബര ഫ്ലാറ്റുകളിലെ ‘ടിപ്പ് നൽകൽ’ രീതി വലിയ തലവേദനയാണ്. ഓരോ തവണ വാതിൽ തുറന്നു തരുമ്പോഴും കാവൽക്കാരനു ടിപ്പ് കൊടുക്കണം. നമുക്കുള്ള പാഴ്സലുകൾ കൈമാറുമ്പോഴൊക്കെയും, ടാക്സി വിളിച്ചുതരുമ്പോഴും തുടങ്ങി എന്തു നിസ്സാര കാര്യവുമാകട്ടെ ടിപ്പ് നിർബന്ധം. ഗാരേജിൽനിന്നു കാർ പുറത്തെടുക്കുന്നത് എല്ലാത്തവണയും പ്രശ്നത്തിനു വഴിവച്ചു. എന്റെ കുഞ്ഞു ഫോക്സ്‌വാഗന് എപ്പോഴും മറ്റു മുന്തിയ കാറുകൾക്കൊടുവിലേ പരിഗണന കിട്ടിയുള്ളൂ. മാഡിസണിലെ താമസത്തിന്റെ തുടക്കത്തിൽ ഇത്തരം പ്രശ്നങ്ങളൊക്കെ വലിയ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു. അധികംവൈകാതെ, മറ്റെവിടെയുമെന്ന പോലെ അവിടുത്തെ രീതികളുമായും ഞങ്ങൾ പൊരുത്തപ്പെട്ടു. വിലാസത്തിന്റെ പേരിൽമാത്രം മില്യനയർ ആയി തെറ്റിദ്ധരിക്കപ്പെടുന്നതു പലപ്പോഴും രസകരമായിരുന്നു.

ബർമയിലെ ഒരുമ

ഞങ്ങളുടെ അടുത്ത വീട് ബർമയിലെ(ഇപ്പോൾ മ്യാൻമർ) റങ്കൂണിലായിരുന്നു. അവിടെ, സ്ഥാനപതി ഒഴികെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥർക്കും താമസമൊരുക്കുക ബഡ് റോഡ് കോംപ്ലക്സ് എന്നറിയപ്പെടുന്ന ഹൗസിങ് കോംപ്ലക്സിലാണ്. ഡപ്യൂട്ടി എന്ന നിലയ്ക്ക് എനിക്ക് ബഡ് റോഡ് കോംപ്ലക്സിന്റെ നടുക്കുള്ള ബംഗ്ലാവ് തന്നെ അനുവദിച്ചു. നിറയെ ഫലവൃക്ഷങ്ങളുള്ള വലിയൊരു തോട്ടത്തിന്റെ നടുക്കാണു ബംഗ്ലാവ്. ഒരു ‘സമൂഹവാസ’ത്തിന്റെ എല്ലാ ഗുണങ്ങളും അവിടെയുണ്ടായിരുന്നു.

എല്ലാ സൗകര്യങ്ങളും സേവനങ്ങളും അവിടെത്തന്നെയുണ്ട്. നഗരത്തിലാണ് എംബസി. രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്. എനിക്കു കാറും ഡ്രൈവറെയും അനുവദിച്ചിരുന്നത് വലിയ അനുഗ്രഹമായി. പതിനേഴു മാസത്തിലേറെ ഞാൻ ആക്ടിങ് അംബാസഡറായിരുന്നു. അക്കാലത്ത് എനിക്ക് സ്ഥാനപതിയുടെ ഔദ്യോഗികവസതിയിലേക്കു മാറാമായിരുന്നു. (ഒരിക്കൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മേധാവിയുടെ വീടായിരുന്നു അത്.) പക്ഷേ, ഒരു ഡസൻ കിടപ്പുമുറികളും ടെന്നിസ്, ഗോൾഫ് മൈതാനങ്ങളുമുള്ള ആ വലിയ വസതി ഞങ്ങൾ പൊതു പരിപാടികൾക്കു മാത്രമേ ഉപയോഗിച്ചുള്ളൂ.

സംഭവബഹുലമായ ഫിജി കാലം

അംബാസഡറ‍ുടെ വസതിയിൽ ആദ്യമായെത്തുന്നതു ഫിജിയുടെ തലസ്ഥാന നഗരമായ സുവയിലായിരുന്നു. ഒരു മലമുകളിലായിരുന്നു ഔദ്യോഗിക വസതി. അവിടെനിന്നുള്ള സുവ തുറമുഖത്തിന്റെ കാഴ്ച സുന്ദരമാണ്. ആയിരം സന്ദർശകരെ ഒന്നിച്ചു സ്വീകരിക്കാവുന്നത്ര വലുതായിരുന്നു വസതിക്കു മുന്നിലെ മൈതാനം. പച്ചപ്പുനിറഞ്ഞ മൈതാവും ടെന്നിസ് കോർട്ടും ഫിജിയിലെ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ പതിവായി വാരാന്ത്യങ്ങളിൽ അവിടെയെത്തിച്ചു. സ്ഥാനപതിയെ സന്ദർശിക്കാനെത്തുന്ന വിശിഷ്ടാതിഥികൾ നട്ട മരങ്ങളും ആ മൈതാനത്തു ധാരാളമുണ്ടായിരുന്നു.

1987ലെ സൈനിക അട്ടിമറിയും തുടർന്നുള്ള കലാപവുമൊക്കെ  ഫിജിയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. അക്കാലത്ത് ഇന്ത്യക്കാരായ നേതാക്കൾക്കും സാധാരണക്കാർക്കും ആശ്രയമായത് സ്ഥാനപതിയുടെ വസതിയാണ്. സ്വന്തം വീട് സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ ഒട്ടേറെപ്പേർ അവിടെയെത്തി. ഇരുകയ്യും നീട്ടി ഞങ്ങൾ എല്ലാവരെയും സ്വീകരിച്ചു. രക്തരഹിതമായ കലാപം അവസാനിച്ചതോടെ അവര്‍ മടങ്ങി. ഇന്ത്യന്‍ പ്രതിഷേധം പെട്ടെന്നു കെട്ടടങ്ങി.

തുടര്‍ന്നു ഇന്ത്യന്‍ നിലപാടിനെതിരായ പ്രതിഷേധം സൂചിപ്പിക്കാനായി ഇന്ത്യന്‍ ഹൗസിലെത്തിയ ഫിജി സ്വദേശികള്‍ പാട്ടുകള്‍ പാടിയിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നു ഫിജി പുറത്തായതിനു പിന്നാലെ ഇന്ത്യയോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ രാജ്യംവിടാൻ ഫിജിയൻ സർക്കാർ എനിക്കു നിർദേശം നൽകി. എന്റെ ഭാര്യയ്ക്കു പിന്നെയും പത്തു ദിവസത്തോളം അവിടെ തങ്ങേണ്ടി വന്നെങ്കിലും അവരവിടെ സുരക്ഷിതയായിരുന്നു. ‌ഇത്തരത്തിൽ അനുഭവസമ്പന്നമായിരുന്നു ഫിജിയിലെ സേവനകാലം. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം ഒരിക്കൽകൂടി ഫിജി സന്ദർശിച്ചത് ആ കാലം ഓർത്തെടുക്കാൻ അവസരം കൂടിയായി.

മോഹിപ്പിച്ച വസതി

യുഎന്നിൽ ഇന്ത്യയുടെ സ്ഥാനപതിയുടെയും ഡപ്യൂട്ടി സ്ഥിരം പ്രതിനിധിയുടെയും സ്ഥാനം തിരഞ്ഞെടുക്കമ്പോൾ പ്രധാന ആകർഷണമായിരുന്നു, ആ സ്ഥാനത്തിരിക്കുന്നവർക്കായി നീക്കിവച്ച ഈസ്റ്റ് റിവറിന്റെ തീരത്തുള്ള വലിയ കെട്ടിടത്തിലെ പതിനേഴാം നിലയിലാണു പേരുകേട്ട ആ അപ്പാർട്മെന്റ്. ഏതു മുറിയിൽ നിന്നാലും ന്യൂയോർക്ക് നഗരത്തിന്റെ ഗംഭീരകാഴ്ച കാണാം. ഈ വീട്ടില്‍ എല്ലാ ദിവസവും ദീപാവലിയാണല്ലോ എന്നു പല സന്ദർശകരും ആശ്ചര്യപ്പെട്ടു. വീടിന്റെ ഓരോകോണും എല്ലാസമയത്തും അത്രമേൽ പ്രകാശിച്ചു നിന്നു. എന്തായാലും, ന്യൂയോർക്ക് നഗരത്തിന്റെ വേഗത്തിനൊപ്പം ഞങ്ങൾക്കും ഓടിയെത്തേണ്ടിയിരുന്നെങ്കിലും ആഡംബരങ്ങളൊന്നും താങ്ങാനാകുമായിരുന്നില്ല. ഇത്തവണയും ഒട്ടേറെ കോടീശ്വരന്മാർ ചുറ്റിലും താമസിച്ചിരുന്നെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അദ്യ തവണത്തെപ്പോലെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഞങ്ങൾ താമസിച്ച അതേ ഫ്ലാറ്റിൽ അതേ നിലയിൽതന്നെയായിരുന്നു പാക്ക് കോൺസൽ ജനറലിന്റെ ഒദ്യോഗിക വസതിയും. അദ്ദേഹത്തിന്റെ ഫ്ലാറ്റ് നമ്പർ 17പി, എന്റേത് 17ഐ എന്നിങ്ങനെയായത് രസകരമായ യാദൃശ്ചികതയായി.

ന്യൂയോർക്ക് മേയറുടെ വസതിയും ഞങ്ങളുടെ താമസസ്ഥലത്തോടു ചേർന്നായിരുന്നു. വളരെ വിശാലമായിരുന്നു അതിനു മുന്നിലെ തോട്ടം. അവിടെ എപ്പോൾ വേണമെങ്കിലും നടക്കാനിറങ്ങാം. വേനൽകാലത്ത് നദിയുടെ തീരത്തുകൂടി നടക്കുന്നതു പ്രത്യേക അനുഭവമാണ്. ന്യൂയോർക്കിൽ, യുഎന്നിലെ ഡപ്യൂട്ടി പെർമനന്റ് റപ്രസന്റേറ്റീവിന്റെ ഔദ്യോഗിക വസതി ഇന്നും വലിയ ആകർഷണമാണ്. യഥാർഥത്തിൽ ‘പെർമനന്റ് റപ്രസന്റേറ്റീവ്’ ആണ് ഔന്നത്യമുള്ള സ്ഥാനം. അദ്ദേഹത്തിന് പാർക്ക് അവന്യൂവിൽ പ്രത്യേക വസതിയുമുണ്ട്. എങ്കിലും, സീനിയർ അംബാസഡറെപ്പോലും കൊതിപ്പിക്കുന്നതായിരുന്നു ഇൗസ്റ്റ് എൻഡ് അവന്യു അപ്പാർട്ട്മെന്റിൽ നിന്നുള്ള കാഴ്ച.

ഒരിക്കൽ ഡിന്നറിനു ശേഷം അന്നത്തെ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ് ബാൽക്കണിയിൽനിന്നു നഗരഭംഗി ആസ്വദിച്ചതു ‍ഞാൻ ഒാർക്കുന്നു. അദ്ദേഹം എന്നോടു ചോദിച്ചു; ഇവിടുന്ന് ഒരു ആഫ്രിക്കൻ രാജ്യത്തേക്കാണു നിയോഗിക്കുന്നതെങ്കിൽ താങ്കൾക്ക് എന്താണു തോന്നുക? തീർച്ചയായും പുതിയ സാഹചര്യങ്ങളും പുതിയ അനുഭവങ്ങളും കാത്തിരിക്കുന്ന ഞാൻ അത് ആസ്വദിക്കുകതന്നെ െചയ്യുമെന്ന് മറുപടി നൽകി. നയ്റോബിയിലേക്കാണു തുടർന്ന് എന്നെ നിയോഗിച്ചത്. പുതിയ നഗരത്തിന്റെ നവ്യാനുഭവങ്ങൾ ആസ്വദിക്കാൻ ഏറെ സന്തോഷത്തോടെയാണു ‍പുറപ്പെട്ടത്.

(തുടരും).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.