Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എച്ച്1-ബി വീസയ്ക്കു മേല്‍ പടര്‍ന്ന കാര്‍മേഘത്തിനു വെള്ളിവെളിച്ചം

ടി. പി. ശ്രീനിവാസന്‍
modi-visa

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം, വിവിധ മേഖലകളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നെങ്കിലും നിരവധി ഇന്ത്യക്കാരുടെ മനസിനെ അലട്ടിയിരുന്ന ഒരു പ്രധാനവിഷയം അവഗണിക്കപ്പെട്ടതിന്റെ നിരാശയിലാണു പലരും. വിദേശ തൊഴിലാളികളുടെ വരവു നിയന്ത്രിക്കാനും അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായി എച്ച്1ബി വീസ പരിഷ്‌കരണത്തിനായി ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവു പുറപ്പെടുവിച്ച സാഹചര്യത്തില്‍ ട്രംപിന്റെ അമേരിക്കയില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവ് ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ മാത്രമേ ഉണ്ടാകൂ എന്ന കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും അമേരിക്കന്‍ സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിട്ടുള്ള യുവാക്കളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തിനും പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് എച്ച്1ബി വീസ പരിഷ്‌കരണം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഊഷ്മളബന്ധം നിലനിര്‍ത്തുന്നതിന് ഇന്ത്യക്കാരുടെ തൊഴില്‍ വീസ സമ്പ്രദായം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചു പ്രധാനമന്ത്രി മോദി പരസ്യപ്രസ്താവന നടത്തിയിട്ടുണ്ട്. എന്നിട്ടും വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനിലെ പ്രസ്താവനയിലും സംയുക്ത പ്രസ്താവനയിലും ഇക്കാര്യത്തില്‍ മൗനം പാലിക്കപ്പെട്ടത് ഏവരേയും ആശ്ചര്യപ്പെടുത്തി. 

ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടതേയില്ല എന്നു കരുതാനാവില്ല. സന്ദര്‍ശനത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ വീസ പ്രശ്‌നം വിശദമായി തന്നെ ഉയര്‍ന്നുവന്നിരിക്കും. പ്രശ്‌ന പരിഹാരത്തിനായി വിവിധ മാര്‍ഗങ്ങളും വിശകലനം ചെയ്തിരിക്കും. എന്നാല്‍ വിഷയം ഉന്നതതലത്തില്‍ ഉന്നയിക്കുന്നതില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്ക പരിശ്രമിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. താഴെ പറയുന്ന കാരണങ്ങളാവും അവരെ അതിനു പ്രേരിപ്പിച്ചിരിക്കുക. 

1. ഇന്ത്യയും അമേരിക്കയും തമ്മില്‍ എച്ച്-1 ബി വീസ അടക്കമുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്‍പ്പെട്ട കുടിയേറ്റ പ്രശ്‌നം ഇതാദ്യമായല്ല ഉടലെടുക്കുന്നത്. ബില്‍ ക്ലിന്റന്റെയും ബരാക് ഒബാമയുടെയും കാലത്തു തന്നെ നിയമപരിഷ്‌കരണത്തിനായി ശക്തമായി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യതാല്‍പര്യങ്ങള്‍ മുറിപ്പെടാതെ ഭരണനേതൃത്വങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 

2. ട്രംപിനെ സംബന്ധിച്ചിടത്തോളം തന്റെ നയങ്ങളുടെ കാതല്‍ തന്നെ കുടിയേറ്റ നിയന്ത്രണമാണ്. വര്‍ക്ക് വീസ സമ്പ്രദായത്തില്‍ പരിഷ്‌കരണം വേണമെന്ന ആവശ്യം അവഗണിക്കുകയെന്നത് ട്രംപിനു ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇന്ത്യക്കു മാത്രമായി ഇളവു നല്‍കാനും ട്രംപിന് കഴിയുമെന്നു തോന്നുന്നില്ല. 

3. എക്‌സിക്യൂട്ടീവ് ഉത്തരവ് പാസാക്കിയിട്ടുണ്ടെങ്കിലും വീസാ പരിഷ്‌കരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യയിലേയും അതേപോലെ തന്നെ അമേരിക്കയിലേയും ഐടി വ്യവസായത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ അവബോധം അമേരിക്കയ്ക്കുണ്ട്. 

ഉയര്‍ന്ന തലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചില പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അമേരിക്ക വിശദീകരിച്ചിരിക്കും. ഉചിതമായ തീരുമാനത്തിനായി വിഷയം ട്രംപ് ഭരണകൂടത്തിനു വിട്ടുകൊണ്ടാണ് സംയുക്ത പ്രസ്താവനയില്‍ താഴെ പറയുന്ന രണ്ടു ഖണ്ഡികകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നതും. 

''അതിവേഗം വളരുന്ന ഡിജിറ്റല്‍ ലോകത്തിലാണു നാം എന്നു തിരിച്ചറിഞ്ഞു കൊണ്ടു തന്നെ, തങ്ങളുടെ നൂതനശേഷികള്‍ പൂര്‍ണമായി വിനിയോഗിച്ച് രാജ്യാന്തര വികസന വെല്ലുവിളികള്‍ നേരിടുന്നതായി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇരുനേതാക്കളും ധാരണയിലെത്തിയിരിക്കുന്നു. രാജ്യാന്തര പങ്കാളികള്‍ എന്ന നിലയില്‍ ആരോഗ്യം, ബഹിരാകാശം, സമുദ്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ അമേരിക്കയും ഇന്ത്യയും പങ്കാളിത്തം ശക്തിപ്പെടുത്തും. വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കും. സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തേയും പിന്തുണയ്ക്കുന്ന തരത്തില്‍ വിശ്വസ്തവും സുരക്ഷിതവും സുതാര്യവുമായ സൈബര്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കാന്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കും.''

''ഇരുരാജ്യങ്ങള്‍ക്കും നേരിട്ടു നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള, ഇന്ത്യക്കാരുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും സംരംഭകത്വത്തെയും ശേഷിയേയും പ്രകീര്‍ത്തിച്ചു കൊണ്ടു പ്രസിഡന്റ് ട്രംപ്, ഇന്ത്യന്‍ പൗരന്മാരും അമേരിക്കയും തമ്മിലുള്ള വ്യാപാര, വിദ്യാഭ്യാസ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു.''

എച്ച്-1 ബി വീസാ പ്രശ്‌നം ചര്‍ച്ചകളില്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സംയുക്തപ്രസ്താവനയിലെ ഈ രണ്ടു ഖണ്ഡികകളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് വിദേശകാര്യ സെക്രട്ടറി ചെയ്തത്. സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ പ്രധാന്യം ഊന്നിപ്പറയുന്ന സാഹചര്യത്തിലും അമേരിക്കയുടെ വികസനത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന സാഹചര്യത്തിലും ഉഭയകക്ഷി താല്‍പര്യങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് വിദേശകാര്യസെക്രട്ടറി കൃത്യമായി വിശദീകരിച്ചിരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ തൊഴില്‍ വീസാ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ധാരണയില്‍ എത്തുകയും ചെയ്തിട്ടുണ്ടെന്നു തന്നെ വേണം കരുതാന്‍. 

വീസാപ്രശ്‌നത്തില്‍ വ്യക്തമായ പരിഹാരം കാണാന്‍ കഴിയാത്തതിനെ മോദി സന്ദര്‍ശനത്തിന്റെ പൂര്‍ണ പരാജയമായി ചിത്രീകരിക്കാനുള്ള കാരണമായാണ് ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതിനപ്പുറത്തേക്കുള്ള ആശങ്ക നിലനില്‍ക്കുന്നത് തൊഴില്‍ അന്വേഷകര്‍ക്കിടയിലാണ്. ദുര്‍വിധിയുടെ പ്രവാചകര്‍ ഇപ്പോള്‍ തന്നെ ഇന്ത്യ-യുഎസ് ഐടി പങ്കാളിത്തത്തിന്റെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അത്തരം വിധിയെഴുത്തുകള്‍ അനുചിതമാണ്.  

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉടലെടുത്ത വൈടുകെ ഭീഷണി ഇന്ത്യന്‍ ഐടി പ്രഫഷനലുകളുടെ അതിശക്തമായ കടന്നുവരവിനു കാരണമായെന്ന കാര്യം ഈ അവസരത്തില്‍ ഓര്‍ക്കുന്നതു നല്ലതാണ്. 2000 മുതലുള്ള തീയതികള്‍ തെറ്റായി വായിക്കപ്പെടുന്നത് സങ്കല്‍പ്പാതീതമായ പ്രതിസന്ധികള്‍ക്കു കാരണമാകുമെന്നാണു ഭയപ്പെട്ടിരുന്നത്. വൈടുകെ മൂലം വിമാനങ്ങള്‍ ആകാശത്തുനിന്നു താഴേക്കു പതിക്കുന്നതു തടഞ്ഞതും ആശങ്കയ്ക്കു കാരണമില്ലെന്നു തെളിയിച്ചതും ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. ഇപ്പോഴും സൈബര്‍ സുരക്ഷാ ഭീഷണിയുടെ കാര്യത്തില്‍ സമാനസാഹചര്യമാണു നിലനില്‍ക്കുന്നത്. ഇക്കാര്യം പ്രസിഡന്റും പ്രധാനമന്ത്രിയും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിര്‍ണായകമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതു തടയാന്‍ അവര്‍ ശ്രമിക്കുമെന്നു കരുതാന്‍ കാരണമില്ല. 

വീസാ പരിഷ്‌കരണ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ചിന്താഗതികള്‍ നമുക്ക് അറിവുള്ളതാണ്. എച്ച്-1 ബി വീസാ വിഭാഗത്തിലുള്ളവരുടെ കുറഞ്ഞ ശമ്പളം 60,000 ഡോളറില്‍നിന്ന് 80,000 ഡോളര്‍ ആയി വര്‍ധിപ്പിക്കുകയാണ് അതിലൊന്ന്. ശമ്പളവര്‍ധന നടപ്പാക്കുന്നത് പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നാണു മോദിയുടെ സന്ദര്‍ശനത്തിനു ശേഷം യുഎസ് തൊഴില്‍ സെക്രട്ടറി സെനറ്റിനെ അറിയിച്ചത്. ചിലയിടങ്ങളില്‍ ഇന്ത്യന്‍ ഐടി പ്രഫഷനലുകളെ പിരിച്ചുവിടുന്നുണ്ടെങ്കിലും പകരം ഇന്ത്യക്കാരെയാണു നിയമിക്കുന്നതെന്നും ഒരു സെനറ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഇന്ത്യക്കാര്‍ക്കു പകരം നിയമിക്കാന്‍ യോഗത്യയുള്ള അമേരിക്കാരില്ലാത്ത സാഹചര്യത്തിലാണ് ഇത് അനിവാര്യമായി വരുന്നത്.

മോദി-ട്രംപ് ചര്‍ച്ചയില്‍ മറ്റു മേഖലകളിലെ സഹകരണത്തിനൊപ്പം എച്ച്-1ബി വീസ പ്രശ്‌നത്തിന് വ്യക്തമായ ഉറപ്പു ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വിഷയത്തിലെ നിശബ്ദത പ്രതീക്ഷയുടെ കിരണങ്ങള്‍ മറയ്ക്കുന്നതല്ല താനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.