Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് വീണ്ടും മുന്‍നിരയിലേക്ക്

ടി.പി. ശ്രീനിവാസന്‍
foreign-service–kadalpalam

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കേരളത്തില്‍ നിന്നുള്ള മൂന്നു ചെറുപ്പക്കാരും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനു പ്രഥമ പരിഗണന നല്‍കിയെന്നറിയാന്‍ കഴിഞ്ഞത് ഐഎഫ്എസിന്റെ നിര്‍ഭയനായ സുവിശേഷകന്‍ എന്ന നിലയില്‍ എനിക്കേറ്റവും സന്തോഷകരമായ കാര്യമാണ്. കഴിഞ്ഞ വര്‍ഷം നാലു പെണ്‍കുട്ടികള്‍ ഐഎഫ്എസില്‍ ചേര്‍ന്നെങ്കിലും അവരുടെ ഫസ്റ്റ് പ്രിഫറന്‍സ് അതായിരുന്നില്ല. കേരളത്തില്‍നിന്ന് ഉന്നതവിജയം നേടുന്ന ചെറുപ്പക്കാര്‍ ഐ.എഫ്.എസില്‍ ചേരാന്‍ മടികാട്ടുന്നില്ല എന്നത് ഏറെ ശുഭസൂചകമാണ്. ചിലര്‍ ഐഎഫ്എസ് പോലും വേണ്ടെന്നു വച്ച് മറ്റു കേന്ദ്രസര്‍വീസുകളില്‍ ചേരാനും താല്‍പര്യപ്പെടുന്നുണ്ട്. 

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്തിയ പരിഗണന നല്‍കിയിരുന്നതിനാല്‍ സ്വാതന്ത്ര്യത്തിനു തൊട്ടു ശേഷമുള്ള കാലയളവില്‍ ഐഎഫ്എസാണ് ഏറ്റവും മികച്ച സര്‍വീസായി കണക്കാക്കപ്പെട്ടിരുന്നത്. തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഓരോ ഉദ്യോഗാര്‍ഥിയുമായും അദ്ദേഹം നേരിട്ട് അഭിമുഖം നടത്തിയിരുന്നു. ഒരു പരീക്ഷയും കൂടാതെ വിദ്യാഭ്യാസവിചക്ഷണന്മാരെയും മാധ്യമപ്രവര്‍ത്തകരേയും രാജകുമാരന്മാരെയും അദ്ദേഹം തിരിഞ്ഞെടുത്തു. അവരെ പരിശീലനത്തിനായി ഓക്‌സ്‌ഫഡിലേക്കാണ് അയച്ചിരുന്നത്. യുപിഎസ് സി പൊതുപരീക്ഷ ആരംഭിച്ചപ്പോള്‍ ആദ്യ റാങ്കില്‍ എത്തുന്നവര്‍ ഐഎഫ്എസ് തിരഞ്ഞെടുക്കുന്നതായി പതിവ്. പ്രതാപവും ഗാംഭീര്യവും നിറഞ്ഞ വേഷഭൂഷാദികളുമായി വരേണ്യസര്‍വീസായി ഐഎഫ്എസ് മാറി. 

എന്നാല്‍ കഴിഞ്ഞു കുറേ വര്‍ഷങ്ങളായി എന്തുകൊണ്ടെന്ന് അറിയില്ല റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്നവര്‍ ഐഎഫ്എസ് തിരഞ്ഞെടുക്കുന്നത് അവസാനിപ്പിച്ചു. 1967-ല്‍ ഞാന്‍ ഐഎഫ്എസില്‍ ചേരുമ്പോള്‍ 20 റാങ്കിനു മുകളിലുള്ളവരെ മാത്രമാണ് തിരിഞ്ഞെടുത്തിരുന്നത്. ഐഎഎസ് ലഭിച്ചവര്‍ അതു വേണ്ടെന്നു വച്ചു വീണ്ടും പരീക്ഷയെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഐഎഫ്എസില്‍ ചേര്‍ന്ന പലരും മെറിറ്റ് ലിസ്റ്റില്‍ 200 റാങ്കില്‍ താഴെയുള്ളവരാണ്. 

രാജ്യത്തു വിദേശയാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കുകയും ഇന്ത്യയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ഐഎഎസ് ഓഫിസര്‍മാര്‍ക്കു കൂടുതല്‍ വിദേശയാത്രകള്‍ നടത്താന്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തതോടെയാണ് ഐഎഫ്എസിന്റെ പകിട്ടു മങ്ങിത്തുടങ്ങിയത്. ഐഎഎസുകാര്‍ക്കു നാട്ടിലും വിദേശത്തും അവസരം ലഭിക്കുമ്പോള്‍ ഐഎഫ്എസുകാര്‍ക്കു ജീവിതകാലം മുഴുവന്‍ വിദേശത്തു കിടക്കേണ്ടിവരുമെന്ന തിരിച്ചറിവാണു മിക്കവര്‍ക്കും ഉണ്ടായത്. അഴിമതിക്കാരായ ചില ഐഎഎസുകാര്‍ കോടികളുടെ സ്വത്തു സമ്പാദിച്ചു കൂട്ടുന്ന ഉദാഹരണങ്ങളും പലര്‍ക്കും ആകര്‍ഷകമായി തോന്നി. അഴിമതിക്കുള്ള സാധ്യത മറ്റു സര്‍വീസുകളെ അപേക്ഷിച്ച് ഐഎഫ്എസില്‍ കുറവാണ്. 

കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 2004-ല്‍ സ്ഥാപിച്ചതോടെയാണ് കേരളത്തില്‍ സിവില്‍ സര്‍വീസിനോടു വ്യാപകമായി താല്‍പര്യം ജനിച്ചു തുടങ്ങിയത്. അതിനു ശേഷം ഇരുപതോളം സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതില്‍ പലതും ഇതരസംസ്ഥാനക്കാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഒരു മുന്‍ അംബാസഡര്‍ തലപ്പത്തുള്ള ഏകഅക്കാദമി എന്‍എസ്എസ് അക്കാദമിയാണ്. ഗവര്‍ണര്‍ പി.സദാശിവം മുഖ്യാതിഥിയായി എന്‍എസ്എസ് അക്കാദമി അടുത്തിടെ അതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഒരു സര്‍വീസ് തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഐഎഫ്എസിന്റെ വശ്യതയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൃത്യമായി പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ് എന്‍എസ്എസ് അക്കാദമി ചെയ്യുന്നത്. ഇപ്പോള്‍ ഐഎഫ്എസിനോട് കുട്ടികള്‍ക്കുണ്ടായിരിക്കുന്ന താല്‍പര്യത്തിനു കാരണവും ഇവിടെ നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ്. എല്ലാ അക്കാദമികളില്‍നിന്നുമുള്ള കുട്ടികള്‍ക്കായി ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പ്രത്യേക കോഴ്‌സുകളും എന്‍എസ്എസ് അക്കാദമി സംഘടിപ്പിച്ചിരുന്നു. 

ഐഎഫ്എസില്‍ പ്രത്യേക താല്‍പര്യം എടുക്കുന്നുവെന്നതിനപ്പുറം എന്‍എസ്എസ് അക്കാദമിയും മറ്റു സ്ഥാപനങ്ങളും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. മിക്കയിടത്തും അധ്യാപകര്‍ ഒരേ ആളുകള്‍ തന്നെയായിരിക്കും. പേഴ്‌സണാലിറ്റി ടെസ്റ്റിനായുള്ള ഡല്‍ഹി യാത്രയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം സ്‌റ്റേറ്റ് അക്കാദമിക്കു മാത്രമേ ഉള്ളൂവെന്നു തെറ്റിദ്ധരിച്ചാണ് പലരും അങ്ങോട്ടു പോകുന്നത്. എന്നാല്‍ മെയിന്‍ പരീക്ഷ പാസാകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വിമാനയാത്രയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട് എന്നതാണു വസ്തുത. ഓരോ കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതുള്ളതിനാല്‍ എന്‍എസ്എസ് അക്കാദമി വളരെ കുറച്ചു കുട്ടികള്‍ക്കു മാത്രമേ പ്രവേശനം നല്‍കാറുള്ളു. ഐഎഫ്എസ് താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേക ക്ലാസുകളും നല്‍കുന്നുണ്ട്. ഇതുവഴി കൂടുതല്‍ കുട്ടികള്‍ക്ക് അതിലേക്കു താല്‍പര്യമുണ്ടാകുകയും അവര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് തിരിഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. 

കുറഞ്ഞ റാങ്കിലുള്ളവര്‍ ഐഎഫ്എസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. നിലവിലുള്ള ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍ മികച്ച കുട്ടികളെ തന്നെ വിദേശകാര്യ സര്‍വീസിലേക്കു തിരഞ്ഞെടുക്കേണ്ടത് രാജ്യതാല്‍പര്യത്തിന് അനിവാര്യമായ ഘടകമാണ്. ഐഎഫ്എസുകാര്‍ക്കുള്ള സൗകര്യങ്ങളും മികച്ച രീതിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഫസ്റ്റ് ക്ലാസ് താമസസൗകര്യം, വിദേശത്തെ ജീവിതച്ചെലവ് നേരിടാന്‍ പ്രത്യേക വിദേശ അലവന്‍സ്, എന്റര്‍റ്റെയിന്‍മെന്റ് അലവന്‍സ്, നൂറു ശതമാനം മെഡിക്കല്‍ കവര്‍ തുടങ്ങി പല സൗകര്യങ്ങളും ഐഎഫ്എസിനുണ്ടെന്നുള്ളതിനെക്കുറിച്ചു പല കുട്ടികളും അജ്ഞരാണ്. 

ഇതിനൊക്കെ അപ്പുറം സ്വന്തം രാജ്യത്തെ വിദേശത്തു പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് ഏറ്റവും അഭിമാനകരമായ വസ്തുത. നൂറുകോടിയിലധികം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയുന്നതിലപ്പുറം എന്തു ബഹുമതിയാണ് ലഭിക്കാനുള്ളത്? ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ജോലി ചെയ്യാനും വൈഹൗസും ക്രെംലിനും ഹോഫ്ബര്‍ഗും മറ്റ് ഇംപീരിയല്‍ പാലസുകളും കടന്നു വാഹനമോടിക്കാനും അവസരം നല്‍കുന്ന മറ്റേതു സര്‍വീസുണ്ട്. മറ്റുള്ളവര്‍ ഈ നഗരങ്ങളില്‍ കുറച്ചുദിവസം തങ്ങാന്‍ മാത്രം ഒരു ജീവിതകാലത്തെ സമ്പാദ്യമാണു ചെലവിടേണ്ടിവരുന്നത്. അതിനും പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജീവിതാനുഭവം വെല്ലുവിളി നിറഞ്ഞതെങ്കിലും ഏറെ സമ്പന്നമാണ്. 

ഇപ്പോള്‍ കേരളത്തിലെ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ക്കു നേരിടേണ്ടിവരുന്ന ദുരവസ്ഥയും ഐഎഫ്എസ് തിരഞ്ഞെടുക്കാന്‍ പുതിയ കുട്ടികള്‍ക്കു പ്രേരണയായിരിക്കാം. ഇത്തരം സര്‍വീസുകളില്‍ രാഷ്ട്രീയ ഇടപെടലുകളുടെ ആധിക്യമാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. അതേസമയം ഐഎഫ്എസില്‍ നയതന്ത്രജ്ഞരും മന്ത്രിമാരും തമ്മില്‍ സൂക്ഷിക്കുന്ന കൃത്യമായ അകലം അതിന്റെ വശ്യത വര്‍ധിപ്പിക്കുന്നു. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ആദ്യമായാണ് ഉയര്‍ന്ന റാങ്കുകളില്‍ എത്തിയ കുട്ടികള്‍ ആദ്യ ഓപ്ഷനായി ഐഎഫ്എസ് തിരഞ്ഞെടുത്തത്. ഐഎഫ്എസ് താല്‍പര്യങ്ങള്‍ക്കുണ്ടാകുന്ന പുനര്‍ജനിയാണിത്.  ഇതൊരു പുത്തന്‍ ട്രെന്‍ഡ് ആകുമെന്നും കൂടുതല്‍ കുട്ടികള്‍ ഐഎഫ്എസിലെത്തി നയതന്ത്ര മേഖലയിലെ ഉയര്‍ന്ന തസ്തികകളിലേക്ക് നിരവധി മലയാളികള്‍ എത്തിപ്പെടുമെന്നും നമുക്കു പ്രത്യാശിക്കാം. വിദേശമലയാളികള്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലുള്ളവര്‍ മലയാള പരിജ്ഞാനമുള്ളവരെ അംബാസഡര്‍മാരായി നിയമിക്കണമെന്ന് ആവശ്യമുയര്‍ത്താറുണ്ട്. എന്നാല്‍ അത്തരം ഓഫിസര്‍മാരുടെ ക്ഷാമം മൂലം പലപ്പോഴും അതിനു കഴിയാറില്ല. പുതിയ കുട്ടികള്‍ എത്തുന്നതോടെ ഈ പ്രശ്‌നം ഇല്ലാതാകും. അതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടുതല്‍ മലയാളി ഓഫീസര്‍മാരെ അയയ്ക്കാനും നമുക്കു സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.