Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്‌ കല്‍ഭൂഷണ്‍ ജാദവ് വിധി 

ടി.പി. ശ്രീനിവാസൻ
kalbhooshan-jadhav

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ നാവികരെ രക്ഷിച്ചെടുക്കാനായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നടത്തിയ ചരിത്രപരമായ പോരാട്ടം ഏതു പ്രവാസി ഇന്ത്യക്കാരനെയും അസൂയപ്പെടുത്തുന്നതായിരുന്നു. അവരുടെ മോചനത്തിനായി നയതന്ത്രതലത്തിലും അല്ലാതെയും സാധ്യമായ എല്ലാ അടവുകളും അവര്‍ പയറ്റി.

ഇറ്റാലിയന്‍ വിദേശകാര്യ സെക്രട്ടറി ആഴ്ചകളോളം കേരളത്തില്‍ തങ്ങിയാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഇടപെടലുകള്‍ ഏകോപിപ്പിച്ചത്. മത്സ്യബന്ധനത്തൊഴിലാളികളുമായും മതമേലധ്യക്ഷന്മാരുമായും സാമൂഹികപ്രവര്‍ത്തകരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതും അവര്‍ നേരിട്ടു തന്നെയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കിയതും നിയമ, രാഷ്ട്രീയ പോരാട്ടം ശക്തമാക്കിയതും അദ്ദേഹം തന്നെ. 

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പോലും വിള്ളല്‍ വീഴ്ത്തിയ ഇറ്റലി, ഈ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയിലും നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും ഇന്ത്യക്കെതിരേ പടപ്പുറപ്പാടു നടത്തി. സമുദ്രനിയമങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടാനും ഇറ്റലിക്കു കഴിഞ്ഞു.

നിയമപരമായ അന്തിമതീരുമാനം ഇപ്പോഴും യുഎന്‍ കോടതിയുടെ പരിഗണനയിലാണെങ്കിലും നാവികർ സുരക്ഷിതരായി ഇറ്റലിയിലുണ്ട്. കുറ്റങ്ങളൊന്നും ചാര്‍ജ് ചെയ്യാതെ നാവികരെ തടവിലാക്കിയത് മനുഷ്യാവകാശ ലംഘനമാണെന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വാദമാണ് വിഷയം തീര്‍പ്പാക്കാന്‍ അനുകൂലഘടകമായത്. 

ഒരു ഇന്ത്യന്‍ പൗരനു വിദേശരാജ്യത്തുനിന്ന് സമാനമായ ഭീഷണിയുണ്ടായാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ എന്തെങ്കിലും നീക്കം നടത്തുമോ എന്നാണ് ആ സമയത്തു ഡല്‍ഹിയില്‍ നടന്ന പ്രവാസിഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാര്‍ ആശ്ചര്യത്തോടെ ചോദിച്ചിരുന്നത്. ഇന്ത്യ അത്തരം കേസുകളെ വിദേശരാജ്യങ്ങളുടെ ദയയ്ക്കു വേണ്ടി വിടുമെന്ന നിഗമനത്തിലാണു മിക്കവരും എത്തിച്ചേര്‍ന്നത്. വിഷയം ഔദ്യോഗികമായി സമ്മേളനത്തില്‍ ഉന്നയിക്കപ്പെടാതിരുന്നതിനാല്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പു നല്‍കേണ്ടിയും വന്നില്ല. 

എന്നാല്‍ ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിന്റെ കേസ് കരുത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് ഇന്ത്യ കൈകാര്യം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ലരീതിയില്‍ അല്ലാതിരുന്നിട്ടുപോലും വിഷയം ശക്തമായി പാക്കിസ്ഥാനു മുന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ജാദവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സംശയലേശമെന്യേ പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുന്നതിലും ഇന്ത്യ വിജയിച്ചു. ജാദവ് ചാരനാണെന്ന ആരോപണം അസന്ദിഗ്ധമായി തള്ളിയ ഇന്ത്യ അദ്ദേഹം മുന്‍ ഇന്ത്യന്‍ നാവികനാണെന്നും ഇറാനില്‍ വ്യാപാരം നടത്തുകയാണെന്നുമുള്ള നിലപാടാണ് ആദ്യം മുതല്‍ സ്വീകരിച്ചത്. 

ജാദവിനെ ഇറാനില്‍നിന്നു പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി ബലൂചിസ്താനിലെത്തിച്ച് ചാരവൃത്തിക്കുറ്റം ചുമത്തി സൈനികവിചാരണയ്ക്കു വിധേയനാക്കി വധശിക്ഷ വിധിക്കുകയായിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു ജാദവുമായി ബന്ധപ്പെടാന്‍ അനുമതി നല്‍കാതിരുന്നതിലൂടെ പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചുവെന്നും ഇന്ത്യ ആരോപിച്ചു. ജാദവിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും ഇന്ത്യക്കു ലഭിച്ചിരുന്നില്ല. ഒരു ഇന്ത്യന്‍ പൗരനു ലഭിക്കേണ്ട അടിസ്ഥാനപരമായ മനുഷ്യാവകാശമാണ് ലംഘിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ വാദങ്ങളെല്ലാം തള്ളിയ പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും പാക് പ്രസിഡന്റിന്റെയും ദയയ്ക്ക് അപേക്ഷിക്കുകയാണ് ഏകപോംവഴിയെന്ന മറുപടിയാണു നല്‍കിയത്. 

ജാദവിനെ രക്ഷിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയപ്പോള്‍ സൈനിക നടപടിയുണ്ടാകുമെന്നാണു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ വധശിക്ഷ റദ്ദാക്കാനും കേസിന്റെ നിയമപരമായ യോഗ്യത വിലയിരുത്താനുമായി രാജ്യാന്തര കോടതിയെ സമീപിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

പാക്കിസ്ഥാനുമായുള്ള വിഷയങ്ങളൊന്നും രാജ്യാന്തര സംഘടനകളില്‍ ഉന്നയിക്കില്ലെന്ന നയത്തിനു വിരുദ്ധമായി ഇത്തരത്തില്‍ തീരുമാനമെടുത്തത് അപ്രതീക്ഷിതമായിരുന്നു. മുമ്പ് ഇന്ത്യയില്‍ കടന്നുകയറ്റിനു പാക്കിസ്ഥാന്‍ ശ്രമിച്ചപ്പോള്‍ അടിയന്തരപ്രശ്‌ന പരിഹാരത്തിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത് വിപരീതഫലമാണുണ്ടാക്കിയത്. അതേസമയം പാക്കിസ്ഥന്‍ ഉചിതമായ വേദിയില്‍ വിഷയം അതരിപ്പിക്കുകയാണു ചെയ്തത്. 

എന്തായാലും ജാദവ് വിഷയത്തില്‍ അനന്തമായി നീളാന്‍ സാധ്യതയുള്ള നിയമപോരാട്ടത്തിന് ഇറങ്ങിയതിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ പൗരന്റെ ജീവിതത്തിന് വലിയ മൂല്യം നല്‍കുന്നുണ്ടെന്നും അതിനായി ഏതറ്റംവരെയും പോകുമെന്നും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റു പ്രശ്‌നങ്ങളിലേക്കു ശ്രദ്ധപോകാതെ വളരെ കൃത്യമായ നാല് ആവശ്യങ്ങള്‍ മാത്രമാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചത്. 

1. ജാദവിന്റെ വധശിക്ഷ അടിയന്തരമായി റദ്ദാക്കുക. 

2. വിയന്ന കരാറിന്റെ 36-ാം വകുപ്പു പ്രകാരമുള്ള അധികാരങ്ങളെ വെല്ലുവിളിച്ചും 1966-ലെ പൗര, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച രാജ്യാന്തര കരാറിന്റെ 14-ാം വകുപ്പ് പരിഗണിക്കാതെയും പാക് സൈനികകോടതി പുറപ്പെടുവിച്ച ഉത്തരവ് രാജ്യാന്തര നിയമങ്ങളുടെയും വിയന്ന കരാറിന്റെയും ലംഘനമാണെന്നു പ്രഖ്യാപിക്കുക. 

3. സൈനികകോടതിയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍നിന്നു പാക്കിസ്ഥാനെ തടയുക. പാക് നിയമപ്രകാരം സൈനികകോടതിവിധി റദ്ദാക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കുക. 

4. സൈനിക കോടതി വിധി റദ്ദാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ലെങ്കില്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചുള്ള വിധി നിയമവിരുദ്ധമാണെന്നു രാജ്യാന്തര കോടതി തന്നെ പ്രഖ്യാപിക്കുക. വിയന്ന കരാറും മറ്റു രാജ്യാന്തര നിയമങ്ങളും ലംഘിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍നിന്നു പാക്കിസ്ഥാനെ വിലക്കി ഇന്ത്യന്‍ പൗരന്റെ മോചനത്തിനു നിര്‍ദേശം നല്‍കുക. 

വിഷയം തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് രാജ്യാന്തര കോടതി പ്രഖ്യാപിക്കുമോ എന്നതായിരുന്നു ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീഷണി. ഭാഗ്യവശാല്‍ അധികാരപരിധി അംഗീകരിച്ച രാജ്യാന്തരകോടി നമ്മുടെ ആദ്യ രണ്ട് ആവശ്യങ്ങളും കൂടി അംഗീകരിച്ചത് ഇന്ത്യക്കു സുപ്രധാന നിയമവിജയമായി. എന്നാല്‍ ഇതു താല്‍ക്കാലിക നടപടി മാത്രമാണ്. മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് കോടതി ഇനി വിശദമായി പരിഗണിക്കും. ആദ്യഭാഗത്തിന്റെ തന്നെ പുനര്‍വിചാരണ വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ കൂടി ഉന്നയിക്കപ്പെടാനും വിഷയം അനന്തമായി നീളാനും സാധ്യത തള്ളിക്കളയാനാവില്ല. 

ജാവദ് കേസില്‍ അന്തിമവിധി എന്തു തന്നെയായാലും വിഷയം രാജ്യാന്തരകോടതി ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടിയ സന്നദ്ധത പ്രവാസി ഇന്ത്യക്കാര്‍ക്കു ആശാവഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വ്യത്യസ്ത വിഷയങ്ങള്‍ വ്യത്യസ്തമായിട്ടാവാം പരിഗണിക്കപ്പെടുക. എന്നാല്‍ വിദേശസര്‍ക്കാരുകള്‍ക്കു വഴങ്ങിക്കൊടുക്കില്ല എന്ന ശക്തമായ നിലപാടുറപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്നതാണ് ഏറെ ശ്രദ്ധേയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.