Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വര്‍ഗത്തില്‍ നിശ്ചയിക്കപ്പെട്ട ചരിത്രം

ടി.പി. ശ്രീനിവാസന്‍
divya-s-iyer-sabrinadhan

ദിവ്യ അയ്യര്‍ ഐഎഎസിന്റെയും ശബരീനാഥ് എംഎല്‍എയുടെയും വിവാഹമണിയുടെ അപ്രതീക്ഷിത മുഴക്കം സംസ്ഥാനത്തിനു പുറത്തേക്കുവരെ എത്തിക്കഴിഞ്ഞു. ദമ്പതിമാരുടെ വ്യക്തിത്വത്തിനും കഴിവുകള്‍ക്കും അപ്പുറത്തേക്കുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധങ്ങള്‍ ഏറെ വിരളമായതിനാല്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ തൊട്ട് പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങള്‍ വരെയാണ് ഉന്നയിക്കപ്പെടുന്നത്. രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ബന്ധങ്ങള്‍ വിരലില്‍ എണ്ണാന്‍ മാത്രമാണുള്ളത്. ദിവ്യയും ശബരിയും വിവാഹിതരാകാന്‍ തീരുമാനിച്ചത് ചരിത്രമാണെങ്കിലും അതു തീര്‍ച്ചയായും സ്വര്‍ഗവിരചിതം തന്നെയാണ്.

മുമ്പ് ഒരു ഐഎഎസ് ഓഫിസര്‍ രാഷ്ട്രീയ പ്രവര്‍ത്തകനെ വിവാഹം കഴിച്ച സംഭവം ആന്ധ്രയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലാണെങ്കില്‍ മൂന്നു സംഭവങ്ങളെങ്കിലും എടുത്തു കാട്ടാനാവും. അംബാസഡറായിരുന്ന ഉദയ് ചന്ദ് സോണി 1961-ല്‍ അംബികാ സോണിയെ വിവാഹം കഴിച്ചു. അംബിക 1969-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും തുടർന്ന് എംപി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ എത്തുകയും ചെയ്തു. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ അംബാസഡറായ വിജയ് താക്കൂര്‍ സിങ് 1980-ല്‍ വിശ്വജിത് സിങിന്റെ ജീവിതസഖിയായി. 1982-ല്‍ സിങ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ വിവാഹം കഴിച്ചത് അംബാസഡറായിരുന്ന അന്തരിച്ച നീന സിബലിനെയാണ്. വിവാഹസമയത്തു പക്ഷെ സിബല്‍ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നില്ല. ഈ ബന്ധങ്ങളൊന്നും വലിയ തോതില്‍ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നില്ല. അവരവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളോ പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായതായും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

uday-ambika ഉദയ് ചന്ദ് സോണിയും അംബികാ സോണിയും

ഏതു വിഷയത്തേയും നാടകീയവും സ്‌തോഭജനകവുമായി അവതരിപ്പിക്കാനുള്ള മലയാളികളുടെ തികഞ്ഞ വ്യഗ്രതയാണ് ദിവ്യ-ശബരി ബന്ധത്തിലുള്ള അമിത താല്‍പര്യത്തിലും നിഴലിച്ചു കാണുന്നത്. ഒരു സബ് കലക്ടര്‍ക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാവ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ദിവ്യ-ശബരി വിവാഹവാര്‍ത്ത പുറത്തുവരുന്നത്. വിവാഹത്തിന് ആ മന്ത്രിയെ ഒരു കാരണവശാലും ക്ഷണിക്കരുത് എന്നാണ് ഇരുവര്‍ക്കും കിട്ടിയിരിക്കുന്ന ആദ്യ ഉപദേശം.

അസാധാരണമായ ബന്ധം എന്നതു കൊണ്ടു മാത്രമല്ല ഈ വാര്‍ത്ത ഇത്രയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. ദിവ്യയും ശബരിയും തങ്ങളുടെ പ്രവൃത്തി മണ്ഡലങ്ങളില്‍ കഴിവു തെളിയിക്കുകയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നവരുമാണ്. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ വിയോഗത്തെ തുടര്‍ന്നാണ് മകനായ ശബരി കോര്‍പ്പറേറ്റ് ഭൂമികയില്‍നിന്നു അതുവരെ അജ്ഞാതവും കടുപ്പമേറിയതുമായ തിരഞ്ഞെടുപ്പു കളത്തിലേക്കു കടന്നുവന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ശബരിയുടെ അധ്യാപികയായ അമ്മയോടാണു കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ മകനെ രംഗത്തിറക്കാനാണ് അമ്മ താല്‍പര്യപ്പെട്ടത്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വിജയകുമാറിനെ തുടക്കക്കാരനായ ശബരി വീഴ്ത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വലിയ നേട്ടമായി. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് ഉയര്‍ന്നു വന്ന നിരവധി അഴിമതി ആരോപണങ്ങളിലും താന്‍ നിരപരാധിയാണെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ശരിവയ്ക്കുന്നതായിരുന്നു അരുവിക്കരയിലെ ശബരിയുടെ വിജയം.

മിതഭാഷിയും സൗമ്യനുമായി എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തോടു പുലര്‍ത്തുന്ന പ്രതിബദ്ധത കൊണ്ട് ശബരി ഏറെ ശ്രദ്ധേയനാണ്. ശബരി പഠിച്ച ലയോള സ്‌കൂള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പൂര്‍വവിദ്യാര്‍ഥിയായി തിരിഞ്ഞെടുത്തിരിക്കുന്നതു ശബരിയെയാണ്. എഞ്ചിനീയറിങ്, എംബിഎ ബിരുദങ്ങളും ശബരിയെ മറ്റു രാഷ്ട്രീയക്കാരില്‍നിന്നു വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്. ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അവിവാഹിതനും മുപ്പത്തിനാലുകാരനായ ശബരിയായിരുന്നു.

ദിവ്യയാകട്ടെ തൊട്ടതെല്ലാം പൊന്നാക്കി സ്‌കൂള്‍ തലം മുതല്‍ തന്നെ മിന്നുന്ന താരമായിരുന്നു. എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്കു നേടിയിരുന്ന ദിവ്യ സംഗീതത്തിലും നൃത്തത്തിലും മികവു തെളിയിച്ച ശേഷമാണ് ഐഎഎസ് സ്വപ്‌നം കണ്ടുതുടങ്ങിയത്. വെല്ലൂരില്‍നിന്നു നേടിയ മെഡിക്കല്‍ ബിരുദവും ടാറ്റാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചതും സിവില്‍ സര്‍വീസ് യാത്രയിലെ നാഴികക്കല്ലുകളായി. ആദ്യമായി ഐഎഎസ് പരീക്ഷ എഴുതുന്നതിനു തൊട്ടുമുമ്പാണ് ഞാന്‍ ദിവ്യയെ കാണുന്നത്. ആദ്യ ചാന്‍സില്‍ തന്നെ ദിവ്യക്കു ഫസ്റ്റ് റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അത്തവണ നേരിടേണ്ടി വന്ന നിരാശയില്‍ നിന്നു ലക്ഷ്യത്തെക്കുറിച്ചുള്ള നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറ്റം നടത്താന്‍ ദിവ്യക്കു കഴിഞ്ഞു. രണ്ടാം വട്ടം കസ്റ്റംസില്‍ പ്രവേശിച്ച ദിവ്യ 2014-ല്‍ ഐഎഎസും കേരളാ കേഡറും എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു. അന്നു മുതല്‍ ഞാനും എന്റെ പത്‌നിയും ദിവ്യയെ ഞങ്ങളുടെ 'മാനസ പുത്രി'യായി സ്വീകരിച്ചുകഴിഞ്ഞു.

തികഞ്ഞ ആത്മസമര്‍പ്പണവും പ്രതിബദ്ധതയും ബഹുമുഖ പ്രാവീണ്യവും കൊണ്ട് സിവില്‍സര്‍വീസ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദിവ്യക്കായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ദിവ്യ പൗരാണികമായ പുരാവൃത്തവും നയതന്ത്രപ്രശ്‌നങ്ങളും സമന്വയിപ്പിച്ചു ഞാന്‍ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരം ഉള്‍പ്പെടെ വിവിധ പുസ്‌കതങ്ങള്‍ എഡിറ്റു ചെയ്തിട്ടുമുണ്ട്. രാജ്യാന്തര നയതന്ത്രത്തെ പുതുരൂപത്തില്‍ അവതരിപ്പിച്ച 'അപ്ലൈഡ് ഡിപ്ലോമസി ത്രൂ ദ് പ്രിസം ഓഫ് മിഥോളജി' എന്ന പുസ്തകം ചരിത്രത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയുടെ സിലബസ് വ്യാഖ്യാനിച്ചു കൊണ്ടു ദിവ്യ എഴുതി എന്‍എസ്എസ് അക്കാദമി പുറത്തിറക്കിയ 'പാത്ത് ഫൈന്‍ഡര്‍' എന്ന പുസ്തകം ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലറായി.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ദിവ്യ ഭരണപരവും നിയമപരവുമായ നൈപുണ്യം തെളിയിക്കുകയും നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. വെല്ലൂരിലെ പഠനകാലത്ത് ഉള്ളിലുടലെടുത്ത സഹാനുഭൂതിയും സേവനതല്‍പരതയും നിരവധി പാവങ്ങള്‍ക്കു സഹായകരമായി. ദിവ്യയുടെ വാക്ചാതുര്യവും സംഗീത പാണ്ഡിത്യവും ഏതു സദസിലും അവളെ പ്രിയങ്കരിയാക്കുന്ന ഘടകങ്ങളാണ്. പ്രശസ്ത അഭിനേതാക്കളായ മധുവിനും കെപിഎസി ലളിതയ്ക്കുമൊപ്പം ദിവ്യ വേഷമിട്ട ഒരു ഹ്രസ്വചിത്രം അടുത്തു തന്നെ റിലീസ് ചെയ്യും.

ദിവ്യയും ശബരിയും കണ്ടുമുട്ടി പരസ്പരം ഇഷ്ടപ്പെട്ടപ്പോള്‍ ചരിത്രം സ്വര്‍ഗത്തില്‍ രചിക്കപ്പെടുകയായിരുന്നു. ഞങ്ങളില്‍ പലരും അവര്‍ക്കു ധൈര്യം പകര്‍ന്നത് ഇതൊരു രാഷ്ട്രീയ ബന്ധം ആയതുകൊണ്ടല്ല. മറിച്ച് ഏറെ യാഥാസ്ഥിതികമായ നമ്മുടെ സമൂഹത്തില്‍ മരം ചുറ്റി പ്രണയിക്കാനോ തങ്ങള്‍ക്കായി കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ മാറ്റിവയ്ക്കാനോ ആവാതെ തിരിക്കിട്ടു പായുന്ന രണ്ട് ഇളമുറക്കാരുടെ സംഗമം എന്ന നിലയിലാണ്. വിവാഹിതരാകാനുള്ള അവരുടെ തീരുമാനം തികച്ചും മാനുഷികം മാത്രമാണ്. അല്ലാതെ അധികാരദാമ്പത്യം രൂപപ്പെടുത്താനുള്ള രാഷ്ട്രീയ കരുനീക്കമൊന്നുമല്ല. വ്യക്തിപരമായ തലങ്ങളില്‍ അവര്‍ അധികാരം കൈയാളുന്നുണ്ടെങ്കിലും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിച്ച് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ വിശുദ്ധി അവര്‍ക്കുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. ഹൃദയവികാരങ്ങളില്‍ അധിഷ്ഠിതമായ ബന്ധമാണ് ഇരുവരുടേതും.

രാഷ്ട്രീയക്കാരുമായുള്ള വിവാഹബന്ധത്തില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അകലം പാലിക്കണമെന്ന ഒരു അലിഖിത ധാരണ നിലവിലുണ്ടെന്ന കാഴ്ചപ്പാട് ചിലര്‍ പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു കീഴ്‌വഴക്കമുണ്ടെങ്കില്‍ അതു സ്വകാര്യ തീരുമാനങ്ങള്‍ എടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. അതേസമയം തന്നെ ഇരുവരും രാഷ്ട്രീയത്തെ കുടുംബജീവിതത്തില്‍നിന്ന് ഒഴിവാക്കി നിര്‍ത്തുന്നുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള നിതാന്ത ജാഗ്രത സമൂഹത്തിന്റെയും ഭരണകര്‍ത്തക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നതാണ് അവര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ദമ്പതിമാരായി ഒരുമിച്ചു ജീവിക്കുമ്പോഴും ഭരണനിര്‍വഹണവും നിയമനിര്‍മാണവും വേറിട്ടു തന്നെ നില്‍ക്കും. വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദങ്ങളും ആശംസകളും മുന്നോട്ടുള്ള ദാമ്പത്യത്തിനും സമൂഹനന്മയ്ക്കായുള്ള ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്കും കരുത്തു പകരുക തന്നെ ചെയ്യും. ദിവ്യയുടെ മാതാപിതാക്കളായ ശേഷയ്ക്കും ഭാഗ്യവതി അയ്യര്‍ക്കും ഏറെ മിടുക്കിയായ മറ്റൊരു മകള്‍ കൂടിയുണ്ട്, നിത്യ. ശബരി കൂടി കുടുംബത്തിലേക്ക് എത്തുന്നത് അവര്‍ക്ക് ഇരട്ട അനുഗ്രഹമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.