Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒരേ തൂവല്‍ പക്ഷികള്‍? പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി

ടി.പി. ശ്രീനിവാസൻ
trump

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയേറെ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന മറ്റു മൂന്നു വ്യക്തിത്വങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ജീവിതപശ്ചാത്തലത്തിലും പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിലും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളിലും ജീവിതചര്യകളിലും ഏറെ വിഭിന്നര്‍. ഒരാള്‍ വായില്‍ വെള്ളിക്കരണ്ടിയോടെ പിറന്നു വീണെങ്കില്‍ മറ്റു രണ്ടു പേര്‍ അതിസാധാരണ സാഹചര്യത്തില്‍ ജീവിതം തുടങ്ങിയവര്‍. ഉത്തരവാദിത്തങ്ങള്‍ വ്യത്യസ്തമാണെന്നതിനൊപ്പം മൂവരും അധികാരം പ്രയോഗിക്കുന്നതിലും ഏറ്റക്കുറച്ചിലുകള്‍ പ്രത്യക്ഷം. ജീവിതശൈലിയില്‍ പോലും സമാനതകള്‍ ചൂണ്ടിക്കാട്ടാനില്ല. വൈറ്റ് ഹൗസിന്റെ പ്രൗഢിയും പ്രതാപവും ലോകമെമ്പാടുമുള്ള ട്രംപ് ടവറുകളുടെ ആഡംബരത്തോടും ഗാംഭീര്യത്തോടും അത്ര ചേര്‍ന്നു പോകുന്നതല്ല. മോദിയാകട്ടെ പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം വസ്ത്രധാരണത്തിലും മറ്റും മൗലികമായൊരു ഫാഷന്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ചു. അതേസമയം ക്ലിഫ് ഹൗസിലെത്തിയിട്ടും പിണറായി വിജയന്റെ വേഷഭൂഷാദികളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. 

എന്നാല്‍, കടലിന്റെയും കരയുടെയും ദൂരങ്ങൾ കടന്നും, ഈ മൂന്നു പേര്‍ക്കുമിടയില്‍ സമാനതകളുടെ അതിലോലമായ നൂലിഴകള്‍ പടര്‍ന്നുകിടക്കുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഇവരാരും അധികാരക്കസേരകളില്‍ ഉണ്ടായിരുന്നില്ല. ട്രംപിനും മോദിക്കും തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ വലിയ വിജയസാധ്യതകളൊന്നും കല്‍പ്പിക്കപ്പെട്ടിരുന്നുമില്ല. പിണറായിക്കും കപ്പിനും ചുണ്ടിനുമിടയില്‍ പലവട്ടം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമ്പൂര്‍ണമായ രാഷ്ട്രീയ ആധിപത്യവും ഇവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും കേരളത്തിന്റെയും നന്മയും വളര്‍ച്ചയും ഇവരുടെ ഭരണചാതുരിയെ ആശ്രയിച്ചാണ്. മൂവരുടെയും ജയപരാജയങ്ങള്‍ 150 കോടിയോളം വരുന്ന ജനതയുടെ ഭാവിഭാഗധേയം നിര്‍ണയിക്കും. 

സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായി തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയതെങ്കിലും ഇവരിലാര്‍ക്കും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാരാണു രൂപീകരിച്ചതെന്ന് അവകാശപ്പെടാന്‍ കഴിയുമെന്നു തോന്നുന്നില്ല. പ്രതിയോഗികളില്‍ ആശങ്കയേറ്റുംവിധം അധികാരശൃംഗങ്ങളിലെത്താന്‍ പാകത്തില്‍ മൂവര്‍ക്കും മൃഗീയഭൂരിപക്ഷം ലഭിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ശേഷം, ഭൂരിപക്ഷത്തിന്റെ പരപ്പിനപ്പുറത്തേക്ക് നിര്‍വ്യാജമായ ജനാധിപത്യശൈലിയില്‍ ജനങ്ങളുടെ നേതാക്കളായി ഇവര്‍ രൂപാന്തരപ്പെടുമെന്ന പ്രത്യാശ നിലനിന്നിരുന്നു. എന്നാല്‍ മറുവശത്തു നില്‍ക്കുന്നവരുടെ പിന്തുണ ആര്‍ജിക്കാന്‍ കൂട്ടാക്കാതെ തിരഞ്ഞെടുപ്പിനു മുമ്പു പ്രഖ്യാപിച്ച അതേ നിലപാടുതറകളില്‍ തന്നെ ചുവടുറപ്പിച്ചു മുന്നോട്ടുനീങ്ങാന്‍ തന്നെയാണു മൂവരും തീരുമാനിച്ചത്. ജനാധിപത്യത്തിനപ്പുറം ആര്‍ജിതഭൂരിപക്ഷമാണ് അവര്‍ക്കു കരുത്താകുന്നതും അജൻഡ നിര്‍ണയിക്കുന്നതും. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ച്, പിൻഗാമികളാരെന്നുപോലും വ്യക്തമല്ലതാനും. 

അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും തുടര്‍ക്കഥയായതോടെ മുന്‍ഗാമികള്‍ക്കെതിരെ ജനമനസ്സുകളില്‍ രൂപപ്പെട്ട അതിതീവ്രമായ ഭരണവിരുദ്ധ വികാരതരംഗത്തിലാണ് മൂന്നുപേരും അധികാരത്തിലെത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്. മുന്നോട്ടുവച്ച വാഗ്ദാനങ്ങളോ മുന്‍കാല ചെയ്തികളോ ആത്മാര്‍ഥതയോ പോലും വലിയതോതില്‍ കണക്കിലെടുക്കാതെ വോട്ടര്‍മാര്‍ അവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഭൂതകാല ചെയ്തികളുടെ അസ്ഥികൂടങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോരുത്തരുടെയും ചില്ലലമാരകളില്‍ ഉണ്ടായിരുന്നുവെന്നതു നിസ്തര്‍ക്കമാണ്. നീതിയുക്തമല്ലാത്ത വ്യവസായ ഇടപാടുകളും സ്ത്രീകളെ അപമാനിക്കുന്ന തരം പ്രവൃത്തികളും ട്രംപിനെതിരേ ആരോപിക്കപ്പെട്ടിരുന്നു. മോദിയെ ചൂഴ്ന്നുനിന്നത് വര്‍ഗീയ വിദ്വേഷമാണെങ്കില്‍ അഴിമതിക്കേസില്‍ സംശയത്തിന്റെ നിഴലിലാണു പിണറായി വിജയന്‍. വോട്ടർമാർക്ക് ഇവർ മൂവരെയും സ്നേഹിച്ചുവെന്നതിനെക്കാൾ, 

ഇവരുടെ മുൻഗാമികളോടു സ്നേഹക്കുറവു കാട്ടി എന്നതാണു യാഥാർഥ്യം. ഇവരെ തിരഞ്ഞെടുത്തപ്പോള്‍ വോട്ടര്‍മാര്‍ ഇരുട്ടിലേക്കു നിറയൊഴിക്കുകയായിരുന്നു. ഹിലരി ക്ലിന്റന്റെ കാപട്യത്തെക്കാളും മന്‍മോഹന്‍ സിങ്ങിന്റെ കാര്യശേഷിക്കുറവിനെക്കാളും ഉമ്മന്‍ചാണ്ടിയുടെ അബദ്ധങ്ങളെക്കാളും മെച്ചമായിരിക്കും മറ്റെന്തും എന്നതായിരുന്നു അവസ്ഥ.

മൂന്നുപേരെയും വസ്തുതാപരമായി വിലയിരുത്താനുള്ള കാലയളവായിട്ടില്ല. മോദി മൂന്നുവര്‍ഷവും പിണറായി പതിനൊന്നു മാസവും ട്രംപ് നൂറു ദിവസത്തിലേറെയും മാത്രമാണു പിന്നിട്ടിരിക്കുന്നത്. എന്നാല്‍ മൂവരും ഏതു ദിശയിലേക്കാണു മുന്നേറുന്നതെന്നു വിലയിരുത്താന്‍ പാകത്തില്‍ ഇവരുടെ കരുത്തും ദൗര്‍ബല്യങ്ങളും ആവശ്യത്തിലേറെ വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഇവര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പിച്ചു തന്നെ വ്യക്തമാക്കാനുമാകും. 

ആഗോളതലത്തില്‍ ഉയരുന്ന ആശങ്കകള്‍ ഒട്ടും പരിഗണിക്കാതെ പ്രചാരണ സമയത്തെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഡോണള്‍ഡ് ട്രംപ്. തിരിഞ്ഞെടുക്കപ്പെട്ട ദിവസമൊഴികെ ഒരിക്കൽപോലും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് പെരുമാറിയിട്ടില്ല. ട്രംപിന്റെ നിയമനങ്ങളും എക്‌സിക്യൂട്ടീവ് ഉത്തരവുകളും ലോകരാജ്യങ്ങളുടെ ചങ്കിടിപ്പു വര്‍ധിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. എന്നാല്‍ മോദിയെക്കാളും പിണറായിയെക്കാളും വഴക്കം പ്രകടിപ്പിക്കാനും വ്യക്തിപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനും ട്രംപ് ശീലിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയുമായും റഷ്യയുമായും പരമ്പരാഗത ശൈലിയിലുള്ള ബന്ധം തുടരുമ്പോള്‍ത്തന്നെ, മുമ്പ് ആരോപിക്കപ്പെട്ടിരുന്നതു പോലെ ആഗോളവിഷയങ്ങളില്‍നിന്നു പിന്‍വാങ്ങുന്നതിന്റെ സൂചനകളൊന്നും ട്രംപ് പ്രകടിപ്പിക്കുന്നുമില്ല. തന്റെ അടുത്ത ബന്ധുക്കളെ വൈറ്റ്ഹൗസില്‍ സഹായികളായി നിയമിക്കുന്നതു സ്വജനപക്ഷപാതമായി ട്രംപ് പരിഗണിക്കുന്നതേയില്ല. എന്നാല്‍ മോദിക്കും പിണറായിക്കും ഈ ശൈലി അത്ര എളുപ്പം അനുകരിക്കാന്‍ കഴിയുന്നതല്ല. പ്രസിഡന്റ് പദത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന ധാരണയുണ്ടാക്കാന്‍ ട്രംപിന് കഴിയുന്നുണ്ട്. തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന തരത്തില്‍ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുന്ന കാര്യങ്ങളൊന്നും ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും കരുതാനാവില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനേയും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെയും വെല്ലുവിളിച്ചുകൊണ്ട് സിറിയന്‍ പ്രശ്‌നത്തില്‍ ട്രംപ് നടത്തിയ അതിശക്തമായ ഇടപെടല്‍ തത്വാധിഷ്ഠിതവും സ്വാഭാവികവുമായി വിലയിരുത്താം. 

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഗീയ കലാപത്തിന്റെ ചോരക്കറ മുഴുവനും സാങ്കല്‍പ്പികമായെങ്കിലും കഴുകിക്കളഞ്ഞുവെന്നു വിശ്വസിച്ചാലും ലേഡി മാക്ബത്ത് തന്റെ ദുര്‍വൃത്തികളെക്കുറിച്ചു വിലപിച്ചതുപോലെ ‘അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ പൂശിയാലും ആ കൈകളിലെ ചോരക്കറ മായ്ക്കാനാവില്ല’. ആഭ്യന്തര, വിദേശ നയങ്ങളില്‍ മുന്‍ഗണനാക്രമം രൂപീകരിച്ച് അതിനൊത്ത പരസ്യവാചകങ്ങളും നടപടികളുമായി ദൃഢനിശ്ചയത്തോടെയാണു മോദി മുന്നോട്ടുനീങ്ങുന്നത്. 'നല്ല ദിനം', 'എല്ലാവര്‍ക്കും വികസനം' തുടങ്ങിയ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നുവെന്നു വേണം കരുതാന്‍. മോദി മുന്നില്‍നിന്നു നയിക്കുന്നു എന്നതും തിരിച്ചടികളെ ഫലപ്രദമായി തരണം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. വിദേശനയത്തിന്റെ കാര്യത്തില്‍, മുന്‍ഗാമികളേക്കാളും മോദി രാജ്യത്തെ അമേരിക്കന്‍ ക്യാംപിനോട് അടുപ്പിച്ചുനിര്‍ത്തി. ചൈനയോടും പാകിസ്ഥാനോടും കൂടുതല്‍ കടുത്ത നിലപാടു സ്വീകരിക്കുകയും സമാധാനത്തെ കാണാമറയത്തു നിര്‍ത്തുകയും ചെയ്യുന്നു. രാജ്യത്ത് സദ്ഭരണവും സമൃദ്ധിയും കാഴ്ചവയ്ക്കപ്പെടുമെങ്കിലും മതനിരപേക്ഷതയും മതസൗഹാര്‍ദവും വാചാടോപം മാത്രമാകും. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനായാല്‍ മോദിയിലെ ഏകാധിപതി ഭാവിയില്‍ കൂടുതല്‍ കരുത്തനാകും. 

pinarayi-vijayan-3

ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പാര്‍ട്ടിയെ എല്ലാക്കാര്യത്തിലും ഒപ്പം കൊണ്ടുപോകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരേസമയം ആധിപത്യം നേടുന്ന മോദി മാതൃകയില്‍ പിണറായി ആകൃഷ്ടനായെന്നു വേണം കരുതാന്‍. പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന പ്രവണതയും അതില്‍ത്തന്നെ കടിച്ചു തൂങ്ങുന്ന നിലപാടും പിണറായിക്കു ദോഷം ചെയ്യും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വ്യക്തിപരമായ മുന്‍തൂക്കം നല്‍കുന്ന ശൈലി തിരുത്തി മുന്നോട്ടുപോകുന്നതാവും നല്ലത്. കരുത്തുറ്റ നിലപാടുകള്‍ കൊണ്ട് 'ഇരട്ടച്ചങ്കുള്ളയാള്‍' എന്ന പേര് പിണറായിക്കുണ്ട്. കരുണയും ദയയുമുള്ളയാള്‍ എന്നല്ല ഇതിനര്‍ഥം, ഒരു ഹൃദയം അലിഞ്ഞാലും മറുഹൃദയം പതറില്ല എന്നു തന്നെ. പിണറായിയുടെ പാതയിലെ മുള്‍ച്ചെടി കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോ എന്നു വിശേഷിപ്പിക്കപ്പെട്ട തൊണ്ണൂറ്റിമൂന്നുകാരന്‍ വി.എസ് അച്യുതാനന്ദനാണ്. ഫിഡലിനെപ്പോലെയല്ലാതെ വിഎസ് ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുകയും അവസരം കിട്ടുമ്പോഴെല്ലാം പിണറായിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിഎസ് ളള്ളപ്പോള്‍ പിണറായിയെ സമ്മര്‍ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടാകുമെന്നും തോന്നുന്നില്ല. 

ട്രംപും മോദിയും പിണറായിയും ഒരിക്കലും തങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുകയോ പരസ്പരം റോള്‍ മോഡലായി കരുതുകയോ ചെയ്യില്ല. ഒരുമിച്ചു പറക്കുന്ന ഒരേതൂവല്‍പ്പക്ഷികളല്ല അവര്‍. പക്ഷേ ചരിത്രമവരെ കണക്കാക്കുന്നത് സമാനമായ പ്രതീക്ഷകളും വെല്ലുവിളികളുമുള്ള നേതാക്കളായാണ്. അടിയുറച്ച ശുഭാപ്തിവിശ്വാസം കൈമുതലാക്കിയ വോട്ടര്‍മാര്‍, ഭൂതകാല ന്യൂനതകള്‍ മറന്ന് നീതി നടപ്പാക്കാനുള്ള അധികാരം അവര്‍ക്കു തുല്യം ചാര്‍ത്തിക്കൊടുത്തു. അധികാരമേറ്റ നിമിഷം മുതല്‍ ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നതിനാല്‍ ഇവരിലൊരാള്‍ക്കുപോലും രാഷ്ട്രീയ മധുവിധുവിനുള്ള അവസരം ലഭിച്ചിട്ടില്ല. മൂവരുടേയും പ്രവര്‍ത്തനശൈലി അത്രത്തോളം ജനപ്രിയമല്ലെങ്കിലും അവരുടെ വിജയത്തില്‍ തങ്ങള്‍ക്കു സുപ്രധാന പങ്കുണ്ടെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസം അവരെ ശുഭാപ്തിവിശ്വാസ്വികളാക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.