Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്റർനാഷനൽ ‘മാസ്റ്റർ ഷെഫ്’ ഫ്രം ചവറ–സുരേഷ് പിള്ള

SureshPillai-1

ഇരുപതിൽപ്പരം വർഷത്തിലേറെ കഴിഞ്ഞിരിക്കുന്നു, സുരേഷിന്റെ പാചകവിധികളും പാചകത്തിലെ താൽപര്യങ്ങളും തുടങ്ങിയിട്ട്. നിരവധി വിശിഷ്ടവ്യക്തികൾക്കയി ആഹാരം പാകം ചെയ്യാനുള്ള അവസരം ഇതിനുള്ളിൽ ലഭിച്ചിട്ടുണ്ട്. അത്തരത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നുമാത്രമായിരുന്നു ‘ഞങ്ങളുടെ കൊല്ലം റാവീസിലെത്തിയ വിശ്വവിഖ്യാത ക്രിക്കറ്റ് പ്രതിഭ ക്രിസ് ഗെയിലുംകുടുംബവും! അവർക്ക് ഇഷ്ടപ്പെട്ട കേരളത്തനിമകൾ പാകംചെയ്ത്, അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം സമയം ചിലവഴിക്കാനായത്” തന്റെ തൊഴിൽജീവിതത്തിലെ സുന്ദരനിമിഷങ്ങൾ’ എന്ന് സുരേഷ് പിള്ള ഉറപ്പിച്ചു പറയുന്നു. 

റാവീസിൽ അദ്ദേഹത്തിനായി ഒരുക്കിയ ഭക്ഷണത്തിൽ പ്രാതലൊഴികെ ഏറെക്കുറെ എല്ലാം കേരളീയ വിഭവങ്ങൾ തന്നെ ആയിരുന്നു എന്നതാണ് ഈ കണ്ടുമുട്ടലിന്റെ ഏറ്റവും മികച്ച അംഗീകാരം. കരിമീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചതും, കായൽ കൊഞ്ചു ചുട്ടതും, ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കബാബും, കറുത്ത കോഴിയുടെ കാൽ ഗ്രാമ്പു ഇട്ടു പുകച്ചതും, പോത്തിന്റെ നെഞ്ചടി കുരുമുളകും തേങ്ങാകൊത്തുമിട്ട് വരട്ടിയതും, നെയ്മീൻ പച്ചമഞ്ഞളിട്ട് കനലിൽ ചുട്ടതും,വെള്ള ആവോലിയുടെ മൊയ്‌ലിയുമാണ് അദ്ദേഹത്തിനും കുടുംബവും ഏറെ ഇഷ്ടത്തൊടെ കഴിച്ചത്. 

കൂടാതെ പഴുത്ത നാടൻ വരിക്കച്ചക്കയുടെ ചുളയും, മൂവാണ്ടൻ മാങ്ങയും, റാവീസിലെ ചെന്തെങ്ങിന്റെ കരിക്കിൻ വെള്ളവുമാണ് കായൽ യാത്രയിലുടനീളം അദ്ദേഹം ആസ്വദിച്ചു കഴിച്ചത്. ടെന്നിസ് താരം റോജർ ഫെഡറർ, ക്രിക്കറ്റ് താരം കുമാർ സംഗകാര എന്നിവരടക്കമുള്ള സ്പോർട്സ് സെലിബ്രിറ്റികളും സുരേഷിന്റെ കൈപ്പുണ്യം ആസ്വദിച്ചവരാണ്. ഇതിനൊപ്പം, സുരേഷിന്റെ വൈദക്ത്യം അനുഭവിച്ചവരാണ് അനൂപ് മേനോൻ,  മലയാളത്തിന്റെ നടനവൈഭവങ്ങൾ ആയ, മമ്മൂട്ടി, ശ്രീനിവാസൻ, സുരേഷ് ഗോപി, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ റാവീസിൽ എത്തിയ ചുരുക്കം ചില ‘സെലിബ്രറ്റികൾ’ മാത്രം.

‘മാസ്റ്റർ ഷെഫ്’

‘പാൻ ഫ്രൈഡ് ഹേക്ക് വിത്ത് ഗ്രീൻ മാംഗോ ആൻഡ് കോക്കനട്ട് സോസ്, കറി ലീവ്സ്, സ്പൈസ്ഡ് പൊട്ടറ്റോസ് വിത്ത് സാംഫയർ പച്ചടി ആൻഡ് കൊറിയൻഡർ ഓയിൽ’– കേൾക്കുമ്പോൾ അത്ഭുതം, എന്നാൽ ഇതെല്ലാം നമ്മുടെ അടുക്കളയിലുള്ളതൊക്കെ തന്നെ, മാങ്ങയിട്ട മീൻ കറി! ഇത് ചവറക്കാരൻ സുരേഷ് ശശിധരൻ പിള്ള ലോകപ്രശസ്ത പാചക പരിപാടിയായ ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനൽസിനായി ത/eറക്കിയ വിഭവം. ഇതാണ് സുരേഷ് ഈ രാജ്യാന്തര പാചക മത്സരവേദിയിലേക്കു അവതരിപ്പിച്ചത്. മാങ്ങയിട്ട അയലക്കറിയുടെ ചാർ വറ്റിച്ചെടുത്തു. അതിന്റെ കൂടെ ഉരുളക്കിഴങ്ങ് മസാലയുണ്ടാക്കി. ഹേക്ക് എന്ന ഇംഗ്ലണ്ടിൽ ലഭിക്കുന്ന മത്സ്യം ഫ്രൈ ചെയ്ത് അടുത്ത ലെയറാക്കി ചേർത്തു. ഇതിനൊപ്പമുള്ള കൂട്ടുകറിയായി സാംഫയർ എന്ന കടൽ സസ്യം കൊണ്ടു പച്ചടിയുമുണ്ടാക്കി, കൂടെ മല്ലിയില ചേർത്ത എണ്ണയും. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പാചക മത്സരത്തിലാണു തനി കേരളീയ ചേരുവകളുള്ള ഭക്ഷണവുമായി സുരേഷ് മത്സരിച്ചത്. 

SP-Thair-sadam-at--Raviz

ബിബിസി മാസ്റ്റർ ഷെഫ് പ്രഫഷനലിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത അപൂർവം ഇന്ത്യക്കാരിൽ ഒരാളായിരുന്നു സുരേഷ്. ലോകത്തിലെ പാചക പരിപാടികളിൽ ശ്രദ്ധേയമായതാണു ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനൽ. ഇതിൽ തിർഞ്ഞെടുക്കപ്പെടുക എന്നത് എളുപ്പമല്ല, മൂന്നു പാചകക്കുറിപ്പുകൾ നൽകണം, അവയുടെ വൈവിധ്യവും വിശിഷ്ടതയും കണക്കിലെടുത്താണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇങ്ങനെ തിരിഞ്ഞെടുത്തെ 48 പേരിൽ ഒരാളായിരുന്നു സുരേഷ് പിള്ള, കൂടാതെ അതിലെ ജേതാവും.

പാചകം പാഷൻ

ശശിധരൻ പിള്ളയുടെയും രാധമ്മയുടെയും മകനായ സുരേഷ് ശശിധരൻ പിള്ള പന്ത്രണ്ടു വർഷമായി ഇംഗ്ലണ്ടിൽ ആയിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് ലണ്ടൻ റസ്റ്ററന്റ് ശൃംഖലയിലെ ഹെഡ് ഷെഫായി പ്രവർത്തിച്ചിരുന്നു. ഭക്ഷണത്തോടുള്ള ഇഷ്ടവും, ഭക്ഷണം ഉണ്ടാക്കുന്നതിനോടുമുള്ള ഇഷ്ടവും എന്നതിനും പ്രചോദനം തന്റെ അമ്മ കാരണമായതെന്ന് സുരേഷ് തീർത്തു പറഞ്ഞു.

കേരളത്തിലേയും ബെംഗളൂരുവിലേയും വിവിധ ഹോട്ടലുകളിൽ ജോലിനോക്കിയ സുരേഷ് 12 വർഷം മുൻപാണ് വിദേശത്തേക്ക് പോകുന്നത്. ലണ്ടനിൽ ആദ്യമായി ഇന്ത്യൻ രുചി വിളമ്പിയ റസ്റ്ററന്റായ വീരസ്വാമി ഹോട്ടലിലേക്കാണു സുരേഷ് ആദ്യം എത്തിച്ചേർന്നത്.

നൂറു വർഷമെത്തുന്നു പെരുമയുള്ള ഈ ഭക്ഷണശാലയിൽ ആറു വർഷത്തോളം സുരേഷ് ജോലി നോക്കി. വിവിധ രാജ്യങ്ങളിലെ ഭക്ഷണ പരിചയിവും, പാചകവും ചെയ്തിട്ടുള്ള സുരേഷ്, കേരളഭക്ഷണത്തിന്റെ സ്വാദിന്റെ ഗുണഗണങ്ങൾ എത്ര വിവരിച്ചാലും തീരില്ല എന്ന്  വിശ്വസിക്കുന്നു. ആ സ്വാദ് ഒന്നു വേറെ തന്നെയാണെന്നു സുരേഷ് ഉറപ്പിച്ചു പറയുന്നു. ചെട്ടിനാട്, മലബാർ, കൂർഗ്, കൊങ്കൺ തുടങ്ങിയ ദക്ഷിണേന്ത്യൻ രുചികളിൽ വിദഗ്ധനായ സുരേഷ്, അഷ്ടമുടിക്കായലിന്റെ തീരത്തെ നാടും അവിടത്തെ ഭക്ഷണ വൈവിധ്യങ്ങളും അന്നും ഇന്നും ഇപ്പോഴും ഏറെ ഇഷ്ടമെന്നു പറയുന്നു.

Suresh-Pillai-15

കേരള സ്വാദ് സുരേഷിന്റെ ‘സിഗ്നേച്ചർ സ്റ്റൈൽ’

കേരളത്തിന്റെ സ്വന്തം സ്വാദും രുചി വൈവിദ്ധ്യങ്ങളും മറ്റും വിദേശീയരിൽ തനതായ ശൈലിയിൽ എത്തിക്കുന്നതിലാണു സുരേഷ് തന്റെ മുഴുവൻ ശ്രദ്ധ കേന്ദിരീകരിച്ചിരിക്കുന്നത്. നമ്മുടെ ‘ഗോഡ്സ് ഓൺ’ സുഗന്ധവ്യഞ്ജനങ്ങളും രുചിപ്രസരങ്ങളും ഇത്രയധികം ഉള്ള ഭക്ഷണം, മറ്റെവിടെയും ലഭിക്കില്ല എന്ന സുരേഷ് തന്റെ പാചകത്തിലൂടെ വെളിപ്പെടുത്തുന്നു. കേരള സ്വാദ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണു മാസ്റ്റർ ഷെഫിന്റെ റൗണ്ടിൽ കേരള മീൻ കറിയുടെ രുചിവൈവിധ്യം സുരേഷ് അവതരിപ്പിച്ചത്. വിദേശ രുചികളും വിദേശീയരും മാത്രം പങ്കെടുത്തിരുന്ന ഇത്തരം മത്സരങ്ങളിൽ, നമ്മുടേതായ തനതായ രുചികളിലൂടെ നമുക്കും പങ്കെടുക്കാൻ സാധിക്കും എന്നു തെളിയിക്കുകകൂടിയാണ് ഇതിലൂടെ സാധിച്ചത്. 

പലർക്കും പ്രചോദനം നൽകാൻ സാധിച്ചിട്ടുണ്ട് എന്ന് സുരേഷ് വിശ്വസിക്കുന്നു. നമ്മുടെ നാട്ടിലെ പൊതിച്ചോറ്, പൊടിയരിക്കഞ്ഞി, വിവിധ അച്ചാറുകൾ എന്നിവ സുരേഷ് ലണ്ടനിൽ ‘ഹിറ്റ്ലിസ്റ്റ്’ പട്ടികയിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു. കേരളപാചകത്തിനു കൂടുതൽ പ്രചാരം സമൂഹമാധ്യമങ്ങളിലുടെ നേടിക്കൊടുത്തു ഈ ചവറക്കാരൻ.

ആഹാരരവുമായുള്ള പരീക്ഷണങ്ങൾ, അനുഭവങ്ങൾ

ഒരു ഷെഫ് എന്നനിലയിൽ, പ്രധാന സംഭവങ്ങളുടെ കെട്ടഴിച്ചു നോക്കുംബോൾ സുരേഷ് കൊല്ലത്തെ തന്റെ ഗ്രാമത്തിൽ നിന്ന് ലണ്ടൻ വരെയുള്ള വഴികൾ ഓർത്തെടുക്കുന്നു. ബിബിസിയിൽ  സായിപ്പന്മാരുടെ രുചിമുകുളങ്ങളെ ഞെട്ടിച്ച വിഭവം നമ്മുടെ തേങ്ങാ അരച്ച, മാങ്ങായിട്ട മീൻ കറിയായിരുന്നു. എന്നാൽ അത് ഒരു  പാശ്ചാത്യലോകത്തിന്റേതായ ഒരു സ്റ്റൈലിൽ അവതരിപ്പിച്ചു എന്നുള്ളതാണ്. തേങ്ങാപ്പാലിൽ പച്ചമുളകും മഞൾപ്പൊടിയും ചേർത്ത് മാങ്ങയിട്ട് മീൻ വേവിച്ചു, അത് ഉരുളക്കിഴങ്ങ് വേവിച്ചു പൊടിച്ച് കരിവേപ്പില അരച്ചു ചേർത്ത ഒരു തട്ടുതീർത്ത് അതിനു മുകളിൽ വെച്ചു. കായത്തിന്റെ രുചി ചേർത്തുള്ള പച്ചടി ഉണ്ടാക്കി മീനിനു മുകളിൽ ഒരു സ്പൂൺ ഒഴിച്ചു. വട്ടത്തിൽ ഒഴിച്ച് തേങ്ങാപ്പാൽ ചാറിനു കോട്രാസ്റ്റ് തോന്നിക്കാൻ മല്ലിയിൽനിന്നരച്ചുണ്ടാക്കിയ എണ്ണ തുള്ളി തുള്ളിയായി ഒഴിച്ചു വെച്ചു. 

suresh-pillai

തന്റെ നാടിന്റെ രുചികളുടെ വേരുകളെ മൂല്യങ്ങളെ അതിന്റെ ഗുണങ്ങളെ ഉയർത്തിക്കാണിക്കുന്ന വിഭങ്ങൾ തയാറാക്കാനാണ് സുരേഷ് എന്നും ശ്രമിക്കാറുള്ളത്. കേരളത്തിന്റെ നൈപുണ്യങ്ങൾ അതിന്റെ എല്ലാ വൈദഗ്ദ്ധ്യത്തോടും അവതരിപ്പിക്കുകയാണ്, ജോലിചെയ്ത എല്ലാ റസ്റ്ററന്റുകളിലും ഹോട്ടലുകളും സൂക്ഷ്മബുദ്ധിയോടെ സുരേഷ് പാകംചെയ്തത്. വറത്തരച്ച കറികൾ, വെളുത്തുള്ളി  രുചിയുള്ള,ബീറ്റ്റൂട്ട് രുചിയുള്ള പാലപ്പം എന്നിങ്ങനെ  വ്യത്യസ്തമായ കേരളത്തിന്റെ രുചി നൈപുണ്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.